കീവ് : യുക്രെയിനിൽ വീണ്ടും ഒരു മാദ്ധ്യമ പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. അമേരിക്കൻ മാദ്ധ്യമമായ ഫോക്സ് ന്യൂസിലെ ക്യാമറാമാൻ പിയർ ഷാക്ഷെവ്സ്കി ( 55 ) ആണ് കൊല്ലപ്പെട്ടത്. ഫോക്സ് ന്യൂസ് കറസ്പോണ്ടന്റ് ബെഞ്ചമിൻ ഹാളുമൊത്ത് ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ ഷെല്ലാക്രമണം ഉണ്ടാവുകയായിരുന്നു. ഒലെക്സാണ്ട്ര കവ്ഷിനോവ എന്ന യുക്രെയിൻ മാദ്ധ്യമ പ്രവർത്തകയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.
കീവിന് പുറത്ത് ഹൊറെൻകയിൽ വച്ചായിരുന്നു ആക്രമണം നടന്നതെന്ന് ഫോക്സ് ന്യൂസ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ബെഞ്ചമിൻ ( 39 ) ആശുപത്രിയിൽ ചികിത്സയിലാണ്. 2015 മുതൽ ഫോക്സ് ന്യൂസിന് വേണ്ടി പ്രവർത്തിക്കുന്ന ബെഞ്ചമിന്റെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഇറാഖ്, അഫ്ഗാൻ, സിറിയ തുടങ്ങിയ യുദ്ധ മേഖലകളിൽ ചിത്രം പകർത്തി ശ്രദ്ധ നേടിയ ആളാണ് ഐറിഷ് പൗരനായ പിയർ ഷാക്ഷെവ്സ്കി. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിച്ചുവന്ന പിയർ ഫെബ്രുവരി മുതൽ യുക്രെയിനിൽ പ്രവർത്തിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് അമേരിക്കൻ ചലച്ചിത്രകാരനും മാദ്ധ്യമപ്രവർത്തകനുമായ ബ്രെന്റ് റെനോഡ് ( 51 ) കീവിലെ ഇർപിൻ നഗരത്തിൽ റഷ്യൻ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |