കീവ് : ഡോൺബാസ് മേഖലയ്ക്കൊപ്പം തെക്കൻ യുക്രെയിൻ പിടിച്ചെടുക്കാനും തങ്ങൾക്ക് ലക്ഷ്യമുണ്ടെന്ന് റഷ്യൻ സൈനിക ജനറൽ. യുക്രെയിന്റെ അയൽ രാജ്യമായ മോൾഡോവയിലെ റഷ്യൻ അനുകൂല വിമത പ്രദേശമായ ട്രാൻസ്നിട്രിയയുമായി ബന്ധം സ്ഥാപിക്കാനാണിതെന്നാണ് റഷ്യയുടെ സെൻട്രൽ മിലിട്ടറി ഡിസട്രിക്റ്റ് ഡെപ്യൂട്ടി കമാൻഡറായ റസ്റ്റം മിനകേവ് പറയുന്നത്.
ഡോൺബാസ് പിടിച്ചെടുത്താൽ 2014ൽ തങ്ങൾ പിടിച്ചെടുത്ത ക്രൈമിയയിലേക്ക് ഒരു കര ഇടനാഴി സൃഷ്ടിക്കാനാകും. അതുപോലെ തെക്കൻ യുക്രെയിൻ പിടിച്ചെടുക്കുന്നതിലൂടെ ട്രാൻസ്നിട്രിയയുമായി റഷ്യയ്ക്ക് കര ഇടനാഴി സൃഷ്ടിക്കാനാകുമെന്നും കിഴക്കൻ യുക്രെയിനിലേത് പോലെ ട്രാൻസ്നിട്രിയയിലും റഷ്യൻ ഭാഷ സംസാരിക്കുന്നവരെ അടിച്ചമർത്തുന്നുണ്ടെന്നും മിനകേവ് പറഞ്ഞു.
നിലവിൽ ഏകദേശം 1,500 റഷ്യൻ സൈനികരാണ് ട്രാൻസ്നിട്രിയയിൽ തമ്പടിച്ചിട്ടുള്ളത്. യുക്രെയിനിലേക്ക് ഇവിടെ നിന്ന് റഷ്യ പുതിയ ആക്രമണങ്ങൾ നടത്തിയേക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. യുക്രെയിനിലെ തുറമുഖ നഗരമായ ഒഡേസയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് മോൾഡോവയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ട്രാൻസ്നിട്രിയ.
തെക്കൻ യുക്രെയിനെ ലക്ഷ്യമിടുന്ന റഷ്യയുടെ നീക്കം ' സാമ്രാജിത്വം " ആണെന്ന് യുക്രെയിൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. മരിയുപോളിനെ ' സ്വതന്ത്രമാക്കി"യെന്ന റഷ്യയുടെ അവകാശവാദത്തിന് പിന്നാലെയാണ് ജനറൽ മിനകേവിന്റെ പ്രസ്താവന.
കീവിൽ കൊല്ലപ്പെട്ട 1,084 സിവിലിയൻമാരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ തുടരുന്ന യുക്രെയിൻ സൈനികർ കീഴടങ്ങിയെന്ന് അറിയിച്ചാൽ ആ നിമിഷം വെടിനിറുത്തുമെന്നും പ്ലാന്റിനുള്ളിലെ സാധാരണക്കാരെ ഒഴിപ്പിക്കുമെന്ന് റഷ്യ
അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ ഏകദേശം 1,000 സിവിലിയൻമാർ അഭയം തേടിയുണ്ടെന്നാണ് വിവരം. മരിയുപോൾ പിടിച്ചടക്കിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്ലാന്റ് അടയ്ക്കണമെന്നും ആരെയും പുറത്തുകടക്കാൻ അനുവദിക്കരുതെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു
മരിയുപോളിൽ കുടുങ്ങിക്കിടക്കുന്ന ഒരു ലക്ഷത്തോളം സാധാരണക്കാരുടെ ജീവൻ ഇനി പുട്ടിന്റെ കൈയ്യിലാണെന്ന് മേയർ വാഡിം ബൊയ്ചെൻകോ
ഇതുവരെ 21,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയിൻ
റഷ്യൻ കപ്പലുകൾക്ക് അമേരിക്കൻ തുറമുഖങ്ങളിൽ വിലക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |