ന്യൂയോർക്ക് : ഉഗ്രവിഷമുള്ള റാറ്റിൽ സ്നേക്കിന്റെ കടിയേറ്റ് വടക്കേ അമേരിക്കയിലെ പ്രസിദ്ധനായ പാമ്പ് ഗവേഷകന് ദാരുണാന്ത്യം. റാറ്റിൽ സ്നേക്ക് വിദഗ്ദ്ധൻ വില്യം എച്ച്. മാർട്ടിൻ ആണ് മരിച്ചത്. 80 വയസായിരുന്നു.
വെസ്റ്റ് വിർജീനിയയിലെ ഹെർപെഴ്സ് ഫെറിയിൽ തന്റെ ഫാമിൽ വളർത്തിയിരുന്ന ടിംബർ ഇനത്തിലെ റാറ്റിൽ സ്നേക്കാണ് മാർട്ടിനെ കടിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ റെനീ മാർട്ടിൻ പറഞ്ഞു. ഓഗസ്റ്റ് 3നായിരുന്നു സംഭവം. പ്രായം കൂടിയിട്ടും ഉൾപ്രദേശങ്ങളിലെയും വിദൂര മേഖലകളിലേയും പർവതങ്ങളടക്കമുള്ള ഭാഗങ്ങളിൽ സഞ്ചരിച്ച് പാമ്പുകളെ നിരീക്ഷിക്കുകയും അവയുടെ എണ്ണം കണക്കാക്കുകയും ചെയ്തിരുന്നു മാർട്ടിൻ.
ടിംബർ റാറ്റിൽ സ്നേക്കുകളെ കണ്ടെത്തുക വളരെ പ്രയാസമേറിയ ഒന്നാണ്. യു.എസിൽ ടിംബർ റാറ്റിൽ സ്നേക്കുകളുടെ സ്വഭാവം അറിവുള്ളവരിൽ മുൻനിരയിൽ മാർട്ടിനുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഈ പാമ്പുകളെ പറ്റി മാർട്ടിൻ പഠനം ആരംഭിച്ചിരുന്നു. പരമാവധി മനുഷ്യരുടെ കൺവെട്ടത്ത് പോലും എത്താത്തവയാണ് ഇവ. അതിനാൽ ഇവയുടെ കടിയേൽക്കുന്നതും അപൂർവമാണ്. ഇതിന് മുമ്പും മാർട്ടിന് പാമ്പുകടിയേറ്റിട്ടുണ്ട്.
യു.എസിൽ കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ റാറ്റിൽ സ്നേക്കുകളുള്ളത്. ഏകദേശം മുപ്പതിലേറെ സ്പീഷിസിലുള്ള റാറ്റിൽ സ്നേക്കുകളെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. റാറ്റിൽ സ്നേക്ക് അതിന്റെ വാലിന്റെ അറ്റം ചലിപ്പിക്കുമ്പോൾ ഒരു പ്രത്യേക ശബ്ദം ഉണ്ടാകുന്നു. ഇവയ്ക്ക് ഇങ്ങനെയൊരു പേര് ലഭിക്കാൻ കാരണമതാണ്.
അപായ സൂചന ലഭിക്കുമ്പോൾ ഇവ വാൽ ചലിപ്പിച്ച് ഇങ്ങനെ ശബ്ദമുണ്ടാക്കാറുണ്ട്. എലികൾ മുതൽ പക്ഷികളെ വരെ അകത്താക്കുന്ന റാറ്റിൽ സ്നേക്കുകൾക്ക് ഉഗ്രവിഷമുണ്ട്. അണലികളുടെ കുടുംബത്തിൽപ്പെടുന്ന റാറ്റിൽ സ്നേക്കിന്റെ കടിയേറ്റാൽ ശരീരം തളർന്ന് ചലനശേഷി നഷ്ടമാവുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു.
കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ മരണം സംഭവിക്കാം. ആറടിയോളം വരെ റാറ്റിൽ സ്നേക്കുകൾ നീളംവയ്ക്കാറുണ്ട്. റാറ്റിൽ സ്നേക്കുകളുടെ കൂട്ടത്തിൽ വെസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽ സ്നേക്ക്, ഡയമണ്ട് ബ്ലാക്ക് റാറ്റിൽ സ്നേക്ക്, ടൈഗർ റാറ്റിൽ സ്നേക്ക് തുടങ്ങിയവയ്ക്ക് വീര്യമേറിയ വിഷമാണ്. തങ്ങൾക്ക് ഭീഷണിയുണ്ടായാൽ മാത്രമേ ഇവ മനുഷ്യനെ കടിക്കുകയുള്ളു. റാറ്റിൽ സ്നേക്ക് കടിയേറ്റ് പ്രതിവർഷം ഏകദേശം 5 പേർ മാത്രമാണ് യു.എസിൽ മരിക്കുന്നതെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |