കൊളംബോ : ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സ സെപ്തംബർ ആദ്യവാരം ശ്രീലങ്കയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് സൂചന. ഇക്കഴിഞ്ഞ ബുധനാഴ്ച ഗോതബയ തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലവിൽ തായ്ലൻഡിലുള്ള ഗോതബയ സെപ്തംബർ 2നോ 3നോ തിരിച്ചെത്തുമെന്നാണ് ശ്രീലങ്കൻ മാദ്ധ്യമങ്ങൾ നൽകുന്ന വിവരം.
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്ക വിട്ട് മാലിദ്വീപ് വഴി ജൂലായ് 14ന് സിംഗപ്പൂരിലെത്തിയ ഗോതബയ വിസ കാലാവധി തീർന്നതോടെ ഓഗസ്റ്റ് 11ന് തായ്ലൻഡിലെത്തിയിരുന്നു. ഗോതബയയ്ക്ക് 90 ദിവസം വരെ തായ്ലൻഡിൽ തുടരാമെങ്കിലും സുരക്ഷാകാരണങ്ങൾ മുൻനിറുത്തി ബാങ്കോക്കിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ തന്നെ തുടരണമെന്ന് തായ് പൊലീസ് നിർദ്ദേശിച്ചിരുന്നു.
യു.എസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായും ഗോതബയ ശ്രമങ്ങൾ തുടരുന്നുണ്ട്. അദ്ദേഹത്തെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന ആവശ്യപ്പെട്ടത് പ്രകാരം പ്രസിഡന്റ് റെനിൽ വിക്രമസിംഗെ ഗോതബയയുമായി ബന്ധപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |