ജോഹന്നസ്ബർഗ് : ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള പാനിയങ്ങളിൽ ഒന്നാണ് ചായ. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ചായ കിട്ടും. മാത്രമല്ല, ചായ തയാറാക്കാനും വളരെ എളുപ്പമാണ്. ഇപ്പോഴിതാ ചായയുടെ പേരിൽ വ്യത്യസ്തമായ ഒരു റെക്കാഡ് സ്ഥാപിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക സ്വദേശിനിയായ ഇൻഗർ വാലന്റൈൻ.
ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കപ്പ് ചായ തയാറാക്കിയതിന്റെ പേരിലാണ് ഇൻഗർ ഗിന്നസ് ബുക്കിൽ ഇടംനേടിയിരിക്കുന്നത്. 249 കപ്പ് റോയ്ബോസ് ചായയാണ് ഇൻഗർ തയാറാക്കിയത്. ദക്ഷിണാഫ്രിക്കയിൽ സുലഭമായ ആസ്പലാതസ് ലിനേരിയസ് ഔഷദസസ്യത്തിന്റെ ഇലകൾ കൊണ്ടാണ് ഈ ചായ തയാറാക്കുന്നത്. റോയ്ബോസ് ഒറിജിനൽ, വാനില, സ്ട്രോബെറി എന്നിങ്ങനെ മൂന്ന് ഫ്ലേവറുകളിലാണ് ചായ തയാറാക്കിയത്.
ഓരോ ചായപാത്രത്തിലും നാല് വീതം ടീ ബാഗുകൾ വച്ചാണ് ഇൻഗർ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം കപ്പ് ചായ തയാറാക്കിയത്. നാല് കപ്പ് ചായ ഉൾക്കൊള്ളുന്നതായിരുന്നു ഒരു ചായപാത്രം. റോയ്ബോസ് ചായ ആയി പരിഗണിക്കണമെങ്കിൽ ടീ ബാഗുകൾ കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും കുതിർന്നിരിക്കണം.
ഇതിനിടെ ചായ പാഴാകാൻ പാടില്ലെന്ന് ഗിന്നസ് അധികൃതരുടെ നിബന്ധനയുമുണ്ടായിരുന്നു. പ്രദേശവാസികൾ ഉൾപ്പെടെയുള്ളവരായിരുന്നു ചായ കുടിച്ച് പരിശോധിച്ചത്. ഏകദേശം ഒരു മിനിറ്റിൽ നാല് കപ്പെന്ന നിരക്കിലാണ് ഇൻഗർ ചായ തയാറാക്കിയത്. ഇൻഗർ തയാറാക്കിയതിൽ മതിയായ അളവില്ലാതിരുന്നതിനാൽ ഒരു കപ്പ് ചായ വിധികർത്താക്കൾ അസാധുവാക്കി.
ടൂറിസം പ്രമോഷന്റെ ഭാഗമായും 2018ലെ കാട്ടുതീയിൽ നശിച്ച തന്റെ ഗ്രാമമായ വുപെർതാലിന്റെ തിരിച്ചുവരവ് ആഘോഷിക്കാനുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് ഇൻഗർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |