SignIn
Kerala Kaumudi Online
Friday, 07 November 2025 9.48 PM IST

ഉല്ലാസയാത്രകൾ അന്ത്യയാത്രയാകുമ്പോൾ

Increase Font Size Decrease Font Size Print Page
payyambalam

സ്വപ്നങ്ങളും പ്രതീക്ഷകളുമായി കണ്ണൂരിലെത്തിയ എട്ട് സുഹൃത്തുക്കളുടെ ഉല്ലാസയാത്ര ദുരന്തത്തിൽ കുടുങ്ങിയ കഥയാണ് പയ്യാമ്പലം കണ്ണീരോടെ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയുണ്ടായ സംഭവം വെറുമൊരപകടമല്ല അത് വിനോദസഞ്ചാര മേഖലയിൽ മറഞ്ഞിരിക്കുന്ന അനാസ്ഥയുടെ കഥകൂടിയാണ്. ബംഗളൂരുവിലെ അൽ അമീൻ ഫാർമസി കോളജിലെ ഫാംഡി വിദ്യാർത്ഥികളായ എ. മുഹമ്മദ് അഫ്രോസ് (25), അഫ്നാൻ അഹമ്മദ് (26), മുഹമ്മദ് റഹാനുദ്ദീൻ (26) എന്നിവരാണ് കടലിൽ മുങ്ങി മരിച്ചത്. അഞ്ചുവർഷത്തെ പഠനം പൂർത്തിയാക്കി ഇന്റേൺഷിപ്പിലേക്ക് കടന്ന ആഹ്ലാദത്തിലാണ് സംഘം കണ്ണൂരിലേക്കെത്തിയത്. പഠനത്തിന്റെ ക്ഷീണം മാറ്റാനും ചരിത്രത്തിന്റെയും പ്രകൃതിയുടെയും സൗന്ദര്യം അനുഭവിക്കാനുമായിരുന്നു യാത്ര. എന്നാൽ മൂന്ന് സുഹൃത്തുക്കൾ മടങ്ങിയത് ചേതനയറ്റ ശരീരമായി. ശനിയാഴ്ച രാത്രി പള്ളിയാംമൂല തീരത്തെ റിസോർട്ടിലെത്തിയ യുവാക്കൾ റിസോർട്ട് ജീവനക്കാരോട് കടലിൽ കുളിക്കുന്നത് സുരക്ഷിതമാണോ എന്നു ചോദിച്ചിരുന്നു. 'ഇത് കടൽച്ചുഴികൾ നിറഞ്ഞ പ്രദേശമാണ്, വളരെ ജാഗ്രത വേണം' എന്ന മുന്നറിയിപ്പ് അവർക്ക് നൽകുകയും ചെയ്തിരുന്നു.

ദുരന്തത്തിന്റെ നിമിഷങ്ങൾ

മുന്നറിയിപ്പ് ബോർഡ് തീരത്ത് ഉണ്ടായിരുന്നെങ്കിലും കടലിന്റെ അപകടകരമായ കരുത്ത് മനസിലാക്കാത്ത യുവാക്കൾ ഞായറാഴ്ച രാവിലെ 11.30ന് കടലിൽ ഇറങ്ങി. അഞ്ചുപേർ തീരത്തോട് ചേർന്ന് കളിച്ചുനടന്നു. മൂന്നുപേർ അല്പം ആഴത്തിലേക്കു പോയി. പെട്ടെന്നാണ് അഞ്ചുപേർ മനസിലാക്കിയത് സുഹൃത്തുക്കൾ അപകടത്തിലാണെന്ന്. രക്ഷിക്കാൻ ഇറങ്ങാൻ തയ്യാറെടുക്കുമ്പോഴേക്കും മൂന്നുപേരും മുങ്ങിത്താഴ്ന്നു. തിരമാലയൊഴുക്ക് (റിപ് കറന്റ്സ്) എന്ന പ്രകൃതിയുടെ അദൃശ്യ കരങ്ങൾ അവരെ ആഴക്കടലിലേക്ക് വലിച്ചിഴച്ചിരുന്നു. ആഴം കുറഞ്ഞ ഭാഗത്തുനിന്ന് ആഴക്കടലിലേക്ക് ശക്തമായി ഒഴുകുന്ന ഈ കടൽപ്രവാഹം ആളുകളെ നിമിഷങ്ങൾകൊണ്ട് ദുരന്തത്തിലേക്ക് തള്ളിവിടുന്നു. സംഭവം നടന്ന് 15 മിനിറ്റ് കഴിഞ്ഞാണ് ലൈഫ്ഗാർഡ് എത്തിയത്. ലൈഫ്ഗാർഡും കോസ്റ്റൽ ഗാർഡും ചേർന്ന് രണ്ടുപേരെ കരയിലേക്ക് കയറ്റി. പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നാമനെ അന്വേഷിച്ച് മത്സ്യത്തൊഴിലാളികൾ വലവിരിച്ചു. അരമണിക്കൂറിനുള്ളിൽ വലയിൽ കുടുങ്ങിയ മൃതദേഹവും കരയിലെത്തി.

അവഗണിക്കപ്പെടുന്ന

മുന്നറിയിപ്പുകൾ

പല ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ അവ കണക്കിലെടുക്കാറില്ല. പ്രത്യേകിച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ. ലൈഫ് ഗാർഡുമാർ ഇല്ലാത്ത ഇടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പുകൾ അവഗണിച്ച് കടലിലിറങ്ങുകയാണ് പതിവ്.

നാലു കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന പയ്യാമ്പലം പള്ളിയാംമൂല തീരപ്രദേശത്ത് വെറും നാല് ലൈഫ്ഗാർഡുമാർ മാത്രമാണുള്ളത്. രാത്രി കാലങ്ങളിൽ രണ്ടുപേർ, പകൽ രണ്ടുപേർ എന്ന ഷിഫ്റ്റ് സമ്പ്രദായത്തിൽ. ഓരോ 200 മീറ്റർ പരിധിക്കുള്ളിലും രണ്ട് ലൈഫ്ഗാർഡുകൾ വേണമെന്നാണ് വ്യവസ്ഥ. അഞ്ച് കിലോമീറ്ററുള്ള മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ അഞ്ച് ലൈഫ്ഗാർഡുകൾ മാത്രമാണുള്ളത്. ധർമ്മടം, എട്ടിക്കുളം, ചൂട്ടാട്, വയപ്ര ബീച്ചുകളിൽ വേണ്ടത്ര ലൈഫ്ഗാർഡുകളില്ല. ഏഴര, കിഴുന്ന, തോട്ടട ബീച്ചുകളിൽ ലൈഫ്ഗാർഡുമാരില്ല. ജില്ലയാകെ 11 ലൈഫ്ഗാർഡുമാർ മാത്രം!

അപകടത്തെത്തുടർന്ന് വിദ്യാർത്ഥികൾക്കായി തിരച്ചിൽ നടക്കുമ്പോൾപോലും മറ്റൊരു കുടുംബം കടലിൽ കുളിക്കുന്നുണ്ടായിരുന്നു. നാട്ടുകാർ നിർബന്ധിച്ച് കരയിലേക്ക് കയറ്റിയെന്നത് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

ആവർത്തിക്കപ്പെടുന്ന ദുരന്തം

കഴിഞ്ഞ ജൂലായ് 11ന് പയ്യാമ്പലത്ത് ഇതരസംസ്ഥാനക്കാരൻ തിരയിൽപ്പെട്ട് മരിച്ചിരുന്നു. 2011-ൽ പത്തംഗസംഘത്തിലെ മൂന്നുപേർ മരണത്തിന് കീഴടങ്ങി. 2024 ജനുവരി ഏഴിന് കള്ളക്കടപ്പുറത്ത് യുവാവ് മുങ്ങിമരിച്ചു. ജൂൺ രണ്ടിന് മീൻകുന്നിൽ രണ്ട് യുവാക്കൾ കടലിൽപ്പെട്ടു. എന്നിട്ടും പാഠം പഠിക്കാൻ അധികൃതരും ഇവിടെ എത്തുന്ന സഞ്ചാരികളും തയ്യാറാകുന്നില്ല.

മറ്റ് രാജ്യങ്ങളിലേതു പോലെ കടലിൽ ഇറങ്ങിക്കുളിക്കാവുന്ന ഒരു ബീച്ചും ജില്ലയിലില്ല, 'പയ്യാമ്പലത്തെ ലൈഫ്ഗാർഡ് ചാൾസൺ ഏഴിമല വ്യക്തമാക്കുന്നു. 'മൂന്ന് മിനിറ്റിലധികം മുങ്ങിയാൽ ജീവൻ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്.'
നവംബർ പകുതി മുതൽ മാർച്ച് വരെയുള്ള കാലത്ത് മാമ്രേ 15 മീറ്റർ ആഴം കുറഞ്ഞ പ്രദേശം ലഭ്യമാവൂ എന്നതും ശ്രദ്ധേയമാണ്.

പരിഹാരമാർഗങ്ങൾ
 ലൈഫ്ഗാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുക.
 അവധിദിവസങ്ങളിലും രാത്രികാലങ്ങളിലും പൊലീസ് പട്രോളിംഗ് ശക്തമാക്കുക.
 കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക.
 റിസോർട്ടുകളിലും പൊതുസ്ഥലങ്ങളും അപകടസാദ്ധ്യതയെക്കുറിച്ച് തുടർച്ചയായി മുന്നറിയിപ്പ് നൽകണം.
 അഞ്ചുവയസ്സുമുതൽ കുട്ടികൾക്ക് ശാസ്ത്രീയമായ നീന്തൽ പരിശീലനം നൽകണം.
 റിസോർട്ടുകളുടെ അടുത്തുള്ള കടൽപ്രദേശങ്ങളിൽ സുരക്ഷ ഒരുക്കണം.


കടലെടുത്തത് സ്വപ്നങ്ങൾ

കടൽ സൗന്ദര്യത്തിന്റെ ഉറവിടമാണ്. എന്നാൽ അതിനു ദുരന്തത്തിന്റെ കരുത്തുമുണ്ട്. അപകടത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അനാസ്ഥയും ദുരന്തം വിളിച്ചുവരുത്തും. വൈദ്യശാസ്‌ത്ര മേഖലയിൽ സേവനമനുഷ്ഠിക്കാൻ തയാറായി നിൽക്കുന്ന മൂന്ന് യുവാക്കളുടെ ജീവനാണ് പയ്യാമ്പലം തീരത്ത് നഷ്ടപ്പെട്ടത്. വാവിട്ടു കരയുന്ന അഞ്ച് സുഹൃത്തുക്കളുടെ കണ്ണുനീർ കണ്ടുനിന്നവരുടെയും കണ്ണ് നനച്ചു. വിനോദസഞ്ചാര മേഖലയിലെത്തുന്ന സഞ്ചാരികൾ പ്രോത്സാഹിപ്പിക്കുമ്പോൾ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അധികൃതരുടെ കടമയാണ്. ഇത്തരം അനാസ്ഥ തുടർന്നാൽ ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കുമെന്ന യാഥാർഥ്യം മറക്കരുത്.

TAGS: PAYYABALAM, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.