
കൊച്ചി: സംസ്ഥാനത്ത് ആറു വർഷത്തിനിടെ ചരിഞ്ഞത് 744 കാട്ടാനകൾ. ഇവയിൽ 10.4 ശതമാനം മനുഷ്യ- വന്യമൃഗസംഘർഷത്തിലും. 2024- 25ലാണ് ഏറ്റവുമധികം മരണം- 150. കാട്ടാനകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈബെഞ്ചിൽ വനംവകുപ്പ് നൽകിയ പഠനറിപ്പോർട്ടിലാണ് വിവരങ്ങൾ.
2019 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയാണ് വനംവകുപ്പ് പഠനം നടത്തിയത്. ഇക്കാലയളവിൽ പ്രതിവർഷം ശരാശരി 124 ആനകൾ ചരിഞ്ഞു. കേരളത്തിൽ 2,000നും 2,785നുമിടയിൽ കാട്ടാനകളുണ്ട്. 4.45% മുതൽ 6.2% വരെയാണ് ശരാശരി വാർഷിക മരണനിരക്ക്. ചരിയുന്നതിലേറെയും ഒരുവയസിൽ താഴെയുള്ള ആനക്കുട്ടികളാണെന്നും പഠനത്തിൽ വ്യക്താക്കുന്നു.
ജനുവരി, മേയ് മാസങ്ങൾക്കിടെയാണ് ഏറ്റവുമധികം മരണങ്ങൾ. ഭക്ഷ്യവസ്‌തുക്കളുടെയും കുടിവെള്ളത്തിന്റെ ക്ഷാമമാണ് ഇതിന് പ്രധാനകാരണം. 89.6% സ്വാഭാവിക മരണങ്ങളിൽ 12.10% രോഗങ്ങൾ മൂലമാണ്. കടുവ ഉൾപ്പെടെ വന്യമൃഗങ്ങളുടെ ആക്രമണത്താലും മരണങ്ങളുണ്ടായി.
ഒഴിവാക്കാമായിരുന്നു, 77 മരണം
പഠനകാലയളവിൽ മനുഷ്യ- വന്യമൃഗ സംഘർഷത്തിൽ 77 ആനകൾ ചരിഞ്ഞു. ഇതിൽ 5.51% വൈദ്യുതാഘാതമേറ്റും 1.08% ട്രെയിൻ ഉൾപ്പെടെ വാഹനങ്ങൾ ഇടിച്ചുമാണ്. സ്‌ഫോടകവസ്‌തുക്കൾമൂലം 1.08%, വേട്ടയാടൽമൂലം 0.54% ശതമാനം എന്നിങ്ങനെയും മരണമുണ്ടായി. കാട്ടാനകളുടെ എണ്ണം ഭദ്രമാണെങ്കിലും വൈദ്യുതാഘാതം, വാഹനമിടിക്കൽ തുടങ്ങിയവ വഴിയുള്ള മരണങ്ങൾ ഒഴിവാക്കാൻ കഴിയുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കർശനനടപടികളും തീറ്റയുൾപ്പെടെ അടിസ്ഥാനസൗകര്യങ്ങളും രോഗപ്രതിരോധ നടപടികളും സ്വീകരിച്ചാൽ കാട്ടാനകളുടെ മരണനിരക്ക് കുറയ്‌ക്കാൻ കഴിയുമെന്നും വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |