ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ മുറുകുമ്പോൾ പൊടിപാറും പോരാട്ടത്തിന് വേദിയാകുകയാണ് പാലക്കാട്. സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചതോടെ യുവപോരാളികൾ അണിനിരക്കുന്ന ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങുണർന്നു കഴിഞ്ഞു. കഴിഞ്ഞ രണ്ടുതവണയും സി.പി.എമ്മിനെ പിന്തള്ളി ബി.ജെ.പി രണ്ടാമതെത്തിയ മണ്ഡലം. 2021ൽ മെട്രോമാൻ ഇ. ശ്രീധരൻ ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന് പോലും തോന്നിച്ച വാശിയേറിയ പോരാട്ടത്തിനൊടുവിൽ നാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഷാഫി പറമ്പിൽ അവസാനം ജയിച്ചുകയറിയ പാലക്കാട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും ചാനൽ ചർച്ചകളിൽ പാർട്ടിയുടെ മുഖവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ സ്ഥാനാർത്ഥിയാക്കി യു.ഡി.എഫ് ആദ്യമേ കളംനിറഞ്ഞു. എന്നാൽ, കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ട് കെ.പി.സി.സി ഡിജിറ്റൽ വിംഗ് കൺവീനറായിരുന്ന പി.സരിൻ ഇടഞ്ഞു. രാഹുലിനും ഷാഫിക്കും സതീശനുമെതിരെ പൊട്ടിത്തെറിച്ചു. ഷാഫിയെ മാറ്റിയത് ബി.ജെ.പിക്ക് ജയിക്കാനായുള്ള ഡീൽ ആണെന്ന ആരോപണവുമായി രണ്ടാം റൗണ്ട് വെടിപൊട്ടിച്ചപ്പോഴേക്കും കെ.പി.സി.സി സരിനെ പുറത്താക്കി. പിന്നെ ഒട്ടും വൈകിയില്ല സരിൻ ചുവപ്പണിഞ്ഞ് ''സഖാവ് സരിനായി''. 24 മണിക്കൂർ പൂർത്തിയാകും മുമ്പ് ഇടത് സ്വതന്ത്രനായി രംഗപ്രവേശം ചെയ്യുകയും ചെയ്തു. ഷാഫിയെ രണ്ട് തവണ ജയിപ്പിച്ച ജനം ഇത്തവണ രാഹുലിന് കൈകൊടുക്കുമോ. അതോ സരിൻ യു.ഡി.എഫിനെ അട്ടിമറിക്കുമോ. അതോ രണ്ടാമതുള്ള ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ഇത്തവണ വിജയക്കൊടി പാറിക്കുമോ? എന്തായാലും പൊരിഞ്ഞ പോരാട്ടമാകും പാലക്കാട് സാക്ഷ്യം വഹിക്കുക.
മൂന്ന് മുന്നണികൾക്കും
അഭിമാനപോരാട്ടം
വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലം മൂന്ന് മുന്നണികൾക്കും അഭിമാനപ്രശ്നമാണ്. പരമാവധി വോട്ടമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കുന്ന രീതിയാണ് അവസാന മണിക്കൂറുകളിലും യു.ഡി.എഫ് - എൽ.ഡി.എഫ് - എൻ.ഡി.എ സ്ഥാനാർത്ഥികൾ പിന്തുടരുന്നത്.
സരിൻ ഇടത്തും വലത്തും ഒരുപോലെയുണ്ടാക്കിയ ഡാമേജ് മുതലെടുത്താണ് ബി.ജെ.പി അതിശക്തനായ എതിരാളിയെ അവതരിപ്പിക്കുന്നത്, സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ. ബി.ജെ.പി വലിയ പ്രതീക്ഷ വച്ചുപുലർത്തുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കൃഷ്ണകുമാർ പാർട്ടി ഇറക്കുന്ന തുറുപ്പ് ചീട്ടുതന്നെയന്ന് പറയാം. പാലക്കാട്ടെ ബി.ജെ.പിയുടെ വേരുകൾ ആഴത്തിൽ നട്ടുറപ്പിക്കുന്നതിനായി മെട്രോമാൻ ഇ.ശ്രീധരനെ പാലക്കാട് നിന്നും നിയമസഭയിലേക്ക് മത്സരിപ്പിച്ചത് സി.കൃഷ്ണകുമാറിന്റെ കൂടി ബുദ്ധിയായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കൃഷ്ണകുമാറായിരുന്നു രണ്ടാമത്. രണ്ടുതവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാംസ്ഥാനത്തെത്തി. ഒരു തവണ വി.എസ്. അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. ബി.ജെ.പി റണ്ണർ അപ്പായി നിലയുറപ്പിക്കുന്നതിൽ പ്രാദേശിക തലത്തിൽ കൃഷ്ണകുമാറിനുള്ള പിടിപാടുകൾ ഏറെ ഗുണം ചെയ്തിട്ടുണ്ട്.
മണ്ഡല പരിചയം
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കെടുക്കുകയാണെങ്കിൽ പാലക്കാടിന്റെ നഗരമേഖലയിൽ ബി.ജെ.പിക്കാണ് മുൻതൂക്കം. നിലവിൽ പാലക്കാട് നഗരസഭ ബി.ജെ.പിയുടെ കൈയിലാണ്. 52 സീറ്രിൽ 28 പേരും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയുടെ പ്രതിനിധികളാണ്.
ഗ്രാമപഞ്ചായത്തുകളിലേക്കെത്തിയാൽ തിരിച്ചാണ് കാര്യങ്ങൾ. ഇവിടെ മേൽക്കൈ എൽ.ഡി.എഫിനും യു.ഡി.എഫിനുമാണ്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ വോട്ട് വിഹിതം പരിശോധിക്കുകയാണെങ്കിൽ കുറച്ചുകൂടി വ്യക്തമായ ചിത്രം ലഭിക്കും.
പാലക്കാട് നഗരസഭ പരിശോധിക്കുകയാണെങ്കിൽ 34,143 വോട്ടുകളാണ് ബി.ജെ.പിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. യു.ഡി.എഫിന് 27,905 വോട്ടുകളും എൽ.ഡി.എഫിന് 16,445 വോട്ടുകളുമാണ് ലഭിച്ചത്. പഞ്ചായത്തുകളിലേക്ക് വന്നാൽ മാത്തൂരിലും കണ്ണാടിയിലും എൽ.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ചാണ്. രണ്ടിടത്തും ബി.ജെ.പിയുടെ വോട്ടുവിഹിതം താരതമ്യേനെ കുറവും. പിരായിരിയിലേക്ക് എത്തുമ്പോൾ മേൽക്കൈ യു.ഡി.എഫിനാണ്.
മണ്ഡലത്തിന്റെ ചരിത്രം
പാലക്കാടിനെ കോൺഗ്രസിന്റെ കുത്തക മണ്ഡലം എന്നുതന്നെ വിശേഷിപ്പിക്കാനാകും. മണ്ഡലരൂപീകരണത്തിനുശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളിൽ അഞ്ച് തവണമാത്രമാണ് സി.പി.എമ്മിന് വിജയിക്കാനായത്.
കെ.രാമകൃഷ്ണൻ (1952), ആർ.രാഘവമേനോൻ (1957, 1960), സി.എം.സുന്ദരം (1977, 1980, 1982, 1987, 1991), കെ.ശങ്കരനാരായണൻ (2001), ഷാഫി പറമ്പിൽ (2011, 2016, 2021) എന്നിവരാണ് മണ്ഡലത്തിൽ നിന്ന് ജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ.
എം.വി.വാസുവിലൂടെ 1965ലാണ് ആദ്യമായി സി.പി.എം മണ്ഡലത്തിൽ വിജയിക്കുന്നത്. ആർ.കൃഷ്ണൻ (1967, 1970), ടി.കെ.നൗഷാദ് (1996), കെ.കെ.ദിവാകരൻ (2001) എന്നിവരാണ് സി.പി.എമ്മിൽ നിന്ന് നിയമസഭയിലെത്തിയത്.
1982ൽ ഒ. രാജഗോപാലിനെ അവതരിപ്പിച്ചതോടെയാണ് ബി.ജെ.പിക്ക് മണ്ഡലത്തിൽ വോട്ടുറപ്പിക്കാനായത്. കേവലം 1.75 ശതമാനത്തിൽ നിന്നാണ് രാജഗോപാലെത്തിയപ്പോൾ, ബി.ജെ.പിയുടെ വോട്ടുവിഹിതം 14 ശതമാനം കടന്നത്. പിന്നീടൊരിക്കൽപ്പോലും ബി.ജെ.പിയുടെ വോട്ട് 10 ശതമാനത്തിന് താഴെ പോയിട്ടില്ല. അന്നത്തെ 14ൽ നിന്ന് 2021 നിയമസഭ തിരഞ്ഞെടുപ്പിൽ 35 ശതമാനത്തിലേക്ക് വോട്ട് വർദ്ധിപ്പിക്കാനും ബി.ജെ.പിക്ക് സാധിച്ചു.
അടിയൊഴുക്കുകൾ
വിധി നിർണയിക്കും
റോഡ് ഷോകളും കൺവെൻഷനുകളും കുടുംബയോഗങ്ങളുമായി കളം നിറയുന്ന മുന്നണികൾക്ക് തലവേദന സ്വന്തം പാളയത്തുനിന്നുള്ള അടിയൊഴുക്കുകളാണ്. വിമതശല്യം വോട്ടുകൾ കുറയാൻ ഇടയാകുമോ എന്നാണ് ആശങ്ക. ഷാഫി പറമ്പിലിന്റെ നോമിനിയായി രാഹുലിനെ കെട്ടിയിറക്കിയെന്ന പ്രതീതി പാർട്ടിക്കുള്ളിലും പ്രവർത്തകർക്കിടയിലുമുണ്ട്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഇതിനിടെ സരിന്റെ പാർടി മാറ്റവും തുടർന്ന് എ.കെ.ഷാനിബ് ഉൾപ്പെടെയുള്ളവരുടെ പുറത്തുപോകലും വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ തവണ ഇ.ശ്രീധരനുമായി 3859 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച കോൺഗ്രസിന് അടിയൊഴുക്കുകൾ ഉണ്ടായാൽ അത് പരാജയത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയുണ്ട്.
സരിനെ ഏറ്റെടുക്കുമോ
പ്രവർത്തകർ
കോൺഗ്രസ് വിട്ടുവന്ന സരിന് ഇടതുപക്ഷം യാതൊരു കൂടിയാലോചനകളുമില്ലാതെ സ്ഥാനാർത്ഥിയാക്കിയെന്ന ആക്ഷേപം സി.പി.എമ്മിന്റെ താഴെത്തട്ടിൽ ശക്തമാണ്. ഇന്നലെവരെ പാർട്ടിയെയും മുഖ്യമന്ത്രിയെയും പരസ്യമായും സമൂഹമാദ്ധ്യമങ്ങളിലും അടച്ചാക്ഷേപിച്ച വ്യക്തിയെ അംഗീകരിക്കാൻ ഇടതു സഹയാത്രികർക്ക് കഴിയുമോയെന്നും കാത്തിരുന്ന് കാണണം. നഗരസഭയിൽ ദുർബലരായ സി.പി.എം ഗ്രാമീണ മേഖലയിലെ വോട്ടുകളാണ് ലക്ഷ്യം വെക്കുന്നത്. ഇതിനിടെ വോട്ട് ഡീലും ക്രോസ് വോട്ടും സി.പി.എമ്മിന് വെട്ടിലാക്കുന്നുണ്ട്. ഇതിനൊപ്പമാണ് പാലക്കാട് ഏരിയ കമ്മിറ്റി അംഗത്തിന്റെ തുറന്നുപറച്ചിലും. ഇതോടെ പ്രതിരോധത്തിലാണ് സി.പി.എം. സരിന് പരമ്പരാഗത കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിയുമെന്ന് വിലയിരുത്തുന്നു. ഒപ്പം യുവാക്കളെയും ആകർഷിക്കാനാകുമെന്നും നേതൃത്വം കരുതുന്നു.
ഗ്രാമീണ മേഖലയിൽ
കരുത്തുകാട്ടാനാകുമോ ബി.ജെ.പിക്ക്
ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണയം വൈകാൻ കാരണം പാർട്ടിയിലെ ഭിന്നതയാണെന്ന വാദവും ഉയർന്നിരുന്നു. ജില്ലയിൽ കൃഷ്ണകുമാർ പക്ഷം - ശോഭാ സുരേന്ദ്രൻ പക്ഷവും തമ്മിലുണ്ടായിരുന്ന ഭിന്നത ആർ.എസ്.എസ് നേതൃത്വം ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. എന്നിരുന്നാലും അണികൾക്കിടയിൽ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിനെതിരെയുള്ള വികാരം തിരിച്ചടിയായേക്കും. പാലക്കാട്ടെ തിരഞ്ഞെടുപ്പുകളിൽ മറ്റൊരു സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ കഴിയാത്തതാണ് പ്രവർത്തകർക്കിടയിലെ അതൃപ്തിക്ക് കാരണം. മാസങ്ങൾക്ക് മുമ്പ് നഗരസഭ ചെയർപേഴ്സനെ മാറ്റിയതിൽ നഗരത്തിലെ പ്രബല സമുദായത്തിന് വലിയ എതിർപ്പുണ്ട്. ഇതും ഇത്തവണ വോട്ടെടുപ്പിൽ പ്രതിഫലിക്കാനിടയുണ്ട്. അതേസമയം, പാലാക്കാട്ടുകാരനെന്ന ആനുകൂല്യം കൃഷ്ണകുമാറിനുണ്ട്. മുൻനഗരസഭാ ഉപാദ്ധ്യക്ഷനും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി.കൃഷ്ണകുമാർ പാലക്കാട് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വോട്ടുവിഹിതം വർദ്ധിപ്പിച്ചിരുന്നു. ഗ്രാമീണ മേഖലയിൽ കടന്നുകയറാൻ സാധിച്ചാൽ വിജയം ഉറപ്പെന്ന് നേതൃത്വം വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |