കുഴൽപ്പണത്തിന്റെ പേരിൽ കോൺഗ്രസിനെ 'പെട്ടിയിലാക്കാനുള്ള" സഖാക്കളുടെ നീക്കം ഏതാണ്ട് പൊളിഞ്ഞു. സത്യമായിട്ടും അത് കുഴൽപ്പണം ആയിരുന്നില്ലെന്ന് കോൺഗ്രസുകാർ ആണയിടുന്നു. തുണിയും ടച്ചിംഗ്സുമായിരുന്നു. നോട്ടുകെട്ടുകൾ കണ്ട കാലംകഴിഞ്ഞു. പത്തുകൊല്ലത്തിലേറെയായി ഒന്നും തടയുന്നില്ല. കേരളത്തിൽ വരുമ്പോൾ രാഹുൽജിയും പെങ്ങൾജിയും തട്ടുകടയിൽ നിന്ന് ഉണ്ടമ്പൊരിയും കട്ടനുമാണ് കഴിക്കുന്നത്. ഉത്തരേന്ത്യയിലാണെങ്കിൽ അവർ ട്രാക്ടറിലാണ് യാത്ര. കേരളത്തിൽ ഓട്ടോയിൽ യാത്രചെയ്യണമെന്നാണ് ആഗ്രഹമെങ്കിലും സ്നേഹമുള്ള ലീഗുകാർ സമ്മതിക്കാറില്ല. അവർ മുന്തിയ കാറുകളുമായി വരുമ്പോൾ കയറാതിരിക്കാനാവില്ല.
പത്തുവർഷത്തിൽ കൂടുതൽ അധികാരത്തിൽനിന്ന് മാറിനിൽക്കുന്നതിനാൽ വലിയ കഷ്ടത്തിലാണ് കാര്യങ്ങൾ. ഡൽഹിയിലെ യോഗങ്ങളിൽ പോലും കബാബും കുൽഫിയും ഒഴിവാക്കിയിട്ട് നാളുകളായി. അങ്ങനെയുള്ള പാവങ്ങൾ പാലക്കാട്ട് തിരഞ്ഞെടുപ്പ് ചെലവിനായി ട്രോളിബാഗിൽ കോടികളുടെ കള്ളപ്പണം എത്തിച്ചെന്നു പറഞ്ഞാൽ ആരുവിശ്വസിക്കാനാണ്. രാമലക്ഷ്മണന്മാരായ ബി.ജെ.പിയും സി.പി.എമ്മും ചേർന്നുള്ള നാടകമാണിത്. പരസ്പരം ആക്രമിക്കുന്നതായി ഭാവിക്കുകയും ചൊറിഞ്ഞുകൊടുത്ത് സുഖിപ്പിക്കുകയും ചെയ്യുന്ന രക്തബന്ധമാണ് അവർ തമ്മിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് സുധാകര ഗുരുക്കൾ പറയുന്നത് ചുമ്മാതല്ല. കെ. സുരേന്ദ്രനെ രക്ഷിക്കാൻ സംഘികളേക്കാൾ ആവേശമാണ് സഖാക്കൾക്കെങ്കിൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ കേന്ദ്രത്തിലെ പ്രധാനസംഘികളാണ് രംഗത്തുള്ളത്. വിജയൻജി എന്നേ വിളിക്കൂ. അതാണ് ഇരിപ്പുവശം. അടിയും ഇടിയും കൊള്ളുകയും ആക്ഷേപങ്ങൾ കേൾക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയിലാണ് പാവം കോൺഗ്രസുകാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ നടത്തിയ നവകേരളയാത്ര തടയാൻ ശ്രമിച്ച് പൊലീസിന്റെയും ഗൺമാന്റെയും സ്നേഹപ്രകടനങ്ങൾ ഏറ്റുവാങ്ങിയ യൂത്തന്മാർ ഇപ്പോഴും ഉഴിച്ചിലിലാണ്. ചികിത്സാതുക സഖാക്കളിൽനിന്ന് വാങ്ങിത്തരാമെന്നും, കിട്ടിയില്ലെങ്കിൽ പാർട്ടി ഫണ്ടിൽനിന്ന് തരാമെന്നു പറഞ്ഞവരെയൊന്നും കാണാനില്ല.
സത്യത്തിൽ, പാലക്കാട്ടെ പെട്ടിയിൽ പിറ്റേന്ന് ഇടാനുള്ള ഒരു ജോഡി ഖദർ വസ്ത്രങ്ങളും അകമ്പടി വേഷങ്ങളുമാണ് ഉണ്ടായിരുന്നത്. സ്യൂട്ട്‌കേസിൽ വച്ചാൽ ചുളിഞ്ഞുപോകാൻ സാദ്ധ്യതയുള്ളതുകൊണ്ടാണ് വലിയ ട്രോളിബാഗിലാക്കിയത്. കനമുള്ള എന്തോ ആയിരുന്നു അതിലെന്നും അതുകൊണ്ടാണ് ഉരുട്ടിക്കൊണ്ടുപോയതെന്നുമാണ് സഖാക്കളുടെയും സംഘികളുടെയും സംയുക്താരോപണം. ട്രോളിബാഗ് ഉന്തിക്കൊണ്ടല്ലാതെ തലയിൽവച്ചുകൊണ്ട് പോകാനാവുമോ. ബിരിയാണിച്ചെമ്പും കൈതോല പായയും ചുമക്കുന്നതുപോലെ എളുപ്പമല്ല ഇത്.
പഴയ ഐക്യമുന്നണി
വീണ്ടും സജീവം
സംഘികളും സഖാക്കളുമാണ് യഥാർത്ഥ ഐക്യമുന്നണിയെന്ന് കോൺഗ്രസുകാർ പറഞ്ഞപ്പോൾ ലീഗുകാർ പോലും വിശ്വസിച്ചിരുന്നില്ല. ഇപ്പോൾ അവർക്കും കാര്യങ്ങൾ പിടികിട്ടി. അടിയന്തരാവസ്ഥക്കാലം മുതലുള്ള ഇരിപ്പുവശമാണത്. ജനാധിപത്യത്തെ താങ്ങിനിറുത്താൻ ഇന്ദിരാജി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ അന്നത്തെ ജനസംഘത്തോടൊപ്പം ചേർന്ന് കുത്സിതപ്രവർത്തനങ്ങൾ നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാർ. ജയിലിൽ അവർ വലിയ ചങ്ങാതിമാരായിരുന്നു. അവസരം കിട്ടിയപ്പോൾ സംയുക്തമായി നമുക്കിട്ട് പണിയുകയാണ്. കേരളത്തിലെ പല തിരഞ്ഞെടുപ്പുകളിലും പരസ്പരം സഹായിച്ചു. ഒടുവിൽ, ഇന്ത്യ മുന്നണിയെ തകർക്കാനും ശ്രമിച്ചു.
പത്തുവർഷത്തിലേറെയായി വരുമാനമൊന്നും ഇല്ലാതിരുന്നിട്ടും കോൺഗ്രസ് നേതാക്കൾ ക്ഷമയോടെ പിടിച്ചുനിൽക്കുന്നത് ഗാന്ധിയൻ ചിന്തകൾ സിരകളിലോടുന്നതുകൊണ്ടാണ്. ഖദറും ചർക്കയുമെല്ലാം സംഘികൾ സ്വന്തമാക്കി. ഗാന്ധിജിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. കൊടുക്കില്ല നമ്മൾ. ഓരോന്ന് ഓർക്കുമ്പോൾ സങ്കടം വരുന്നു. കരഞ്ഞുകരഞ്ഞ് കണ്ണീർ വരാതായി.
പാലക്കാട്ടെ ഹോട്ടലിലെത്തിയ ട്രോളി ബാഗിൽ എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന പ്രതീക്ഷ സഖാക്കൾ കൈവിട്ടിട്ടില്ല. എന്നാൽ ഇതിന്റെ പേരിൽ, കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ ഉസ്മാന്റെയും മുറികളിൽ പാതിരാ റെയ്ഡ് നടത്തി ബാഗുകൾ പരിശോധിച്ചത് എന്തിനെന്ന ഖദറുകാരുടെ ചോദ്യം ന്യായമാണ്. ബിന്ദുവിന്റെ ബാഗ് പരിശോധിച്ചത് പുരുഷ പൊലീസുകാരാണെന്നാണ് ആരോപണം. എന്തിന്റെ പേരിലായാലും വനിതകളുടെ ബാഗ് പുരുഷന്മാർ പരിശോധിക്കുന്നത് ശരിയല്ല.
പെട്ടിയിൽ ഇനിയും കടിച്ചുതൂങ്ങാതെ മറ്റുകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സി.പി.എം സംസ്ഥാന സമിതിയംഗം എൻ.എൻ. കൃഷ്ണദാസിന്റെ നിലപാടെങ്കിലും പാർട്ടി സെക്രട്ടറി ഗോവിന്ദൻമാഷിന് യോജിപ്പില്ല. 'ദിവ്യ"മായ ഷോക്കേറ്റ പാർട്ടിക്ക് നീല ട്രോളിയെ അങ്ങനെയങ്ങ് കൈവിടാനാവുമോ!
കാശാണ് കാര്യം
കോൺഗ്രസിനുള്ളിൽ നിന്നുതന്നെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാലക്കാട്ടെ ഹോട്ടലുകളിൽ റെയ്ഡ് നടത്തിയതെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. പി. സരിൻ പറയുന്നു. കോൺഗ്രസുകാരുടെ സകല കളികളും തനിക്കറിയാമെന്നും കൂടുതലൊന്നും വെളിപ്പെടുത്താൻ നിർബന്ധിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ തോനെ കാശിറക്കണമെന്നത് നാട്ടുനടപ്പാണ്. കുഴലിൽനിന്നായാലും പെട്ടിയിൽനിന്നായാലും കാശാണ് കാര്യം. മൈക്ക് അനൗൺസ്‌മെന്റിനും പോസ്റ്റർ അടിക്കാനും കാശെത്രവേണം. പ്രകടനം നടത്തണമെങ്കിൽ ആളൊന്നുക്ക് അരക്കുപ്പി അരിഷ്ടവും ബിരിയാണിയും ചുരുങ്ങിയത് 500 രൂപയും വേണം. അരിഷ്ടത്തിന്റെ ക്വാട്ട കൂട്ടിയാൽ ആളുകൂടും. ഇതിനെല്ലാം കോടികൾ ചെലവുവരും. നാട്ടിലെ ദിവ്യന്മാർ ആളുംതരവും നോക്കിയാണ് സംഭാവന ചെയ്യുന്നത്. അക്കൗണ്ടിലിട്ടാൽ പണിപാളുമെന്നതിനാൽ കെട്ടുകളായി നേരിട്ടുവാങ്ങണം. കെട്ടുകൾ കൂടുമ്പോൾ റിസ്‌ക്കും കൂടും. ഈ വെല്ലുവിളി നേരിടാൻ പാർട്ടികൾ ഐക്യത്തോടെ നിൽക്കുകയാണ് വേണ്ടത്. അതുചെയ്യാതെ പരസ്പരം പാരവയ്ക്കുന്നതു ശരിയല്ല. ഭരണത്തിലിരിക്കുന്നവർക്ക് കൂടുതൽ കിട്ടിയെന്നിരിക്കും. അതിൽ അസൂയപ്പെടരുത്.
ഭരണത്തിലിരിക്കുന്നവർക്ക് ചാകരയാണെങ്കിൽ മറ്റുള്ളവർ കിട്ടുന്നതും വാങ്ങി സ്ഥലംവിടണം. അതാണ് നാട്ടുനടപ്പ്.
മതനിരപേക്ഷതയുടെ
വിജയം
വിപ്ലവപ്പാർട്ടിയെ ഫാസിസ്റ്റ് പാർട്ടിയാക്കുന്നതിൽ പാതിയെങ്കിലും വിജയിച്ചെന്ന സന്തോഷത്തിലാണ് കോൺഗ്രസ്. അതുകൊണ്ട്, മതേതര പാർട്ടിയായ മുസ്ലിം ലീഗിനെ കൂടെ നിറുത്താനായി. മാണിസാറിന്റെ പാർട്ടിയുമായി മോൻ തിരികെയെത്തണമെന്നാണ് ആഗ്രഹമെങ്കിലും ഉടനെയെങ്ങും പറ്റുമെന്നു തോന്നുന്നില്ല. ജോസ്മോൻ ഇടയ്‌ക്കൊരു ആലോചന നടത്തിയെങ്കിലും അടുപ്പക്കാർ തടഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ലീഗുകാരുടെ കീഴാളനായി തുടരുന്നതിലും നല്ലത് ഇതാണ്. നല്ല ഓഫറുകൾ വരുമ്പോൾ ആലോചിക്കാമല്ലോ. മാണിസാർ വളരെ നല്ല മഹാനായിരുന്നെന്ന് പ്രതിപക്ഷ നേതാവ് സതീശൻജിയും കെ.പി.സി.സി പ്രസിഡന്റ് സുധാകരൻജിയും ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും ജോസ് മോൻ കൊത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |