എല്ലാ വർഷവും ഏപ്രിൽ 22ന് ആചരിക്കുന്ന ലോക ഭൗമ ദിനം പരിസ്ഥിതി സംരക്ഷണത്തിന്റെ പിന്തുണ വിളിച്ചോതുന്നതാണ്. കാലാവസ്ഥാ വ്യതിയാനവും മറ്റ് പ്രകൃതി ദുരന്തങ്ങളും ആഗോളതാപനവും മൂലം അപകടകരമായ സാഹചര്യത്തിലൂടെയാണ് ഇന്ന് നാം കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തിന്റെ പ്രാധാന്യവും ഏറെയാണ്. പരിസ്ഥിതിയെ സംബന്ധിച്ച് അവബോധം നൽകുന്നതിനൊപ്പം ഭൂമിയെ സംരക്ഷിക്കാനുള്ള ഊർജ്ജം നൽകുക കൂടിയാണ് ഈ ദിനം ലക്ഷ്യംവയ്ക്കുന്നത്. കൂടാതെ, ഭൂമി അതിലോലമായതാണെന്നും അതിനെ നിലനിറുത്താൻ ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നും ഈ ദിനം ഓർമ്മിപ്പിക്കുന്നു. മനുഷ്യന്റെ വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതിയിൽ ചെലുത്തുന്ന സ്വാധീനത്തെ സംബന്ധിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. നമ്മുടെ പ്രവർത്തനങ്ങൾ എങ്ങനെ പരിസ്ഥിതിയെ ബാധിക്കുമെന്നും ഭാവി തലമുറയ്ക്കായി ഈ ഗ്രഹത്തെ ആരോഗ്യകരമായി നിലനിറുത്താൻ സഹായിക്കുന്നതിന് നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ഭൗമദിനത്തിന്റെ പ്രസക്തി
1970 ഏപ്രിൽ 22നാണ് ആദ്യമായി ഭൗമ ദിനം അമേരിക്കയിൽ ആചരിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി യുണൈറ്റഡ് സ്റ്റേറ്റ് സെനറ്റർ ഗെയ്‌ലോർഡ് നെൽസൺ ആണ് അന്ന് പരിപാടി സംഘടിപ്പിച്ചത്. ഏകദേശം 20 ദശലക്ഷം ആളുകൾ ആദ്യത്തെ ഭൗമ ദിനത്തിൽ പങ്കെടുത്തു. അതിനുശേഷം, ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകൾ ആഘോഷിക്കുന്ന ഒരു ആഗോള പരിപാടിയായി പിന്നീട് ഭൗമ ദിനം മാറി.
ഭൂമിയിൽ പച്ചപ്പ് നിലനിറുത്തേണ്ടത് അനിവാര്യമാണ്. ഓരോ വികസനവും ഭൂമിയെ സംരക്ഷിച്ച് കൊണ്ടാവണം. ചുട്ടുപൊള്ളുന്ന വേനലിലാണ് ഇത്തവണ ഭൗമ ദിനം കടന്നെത്തിയിട്ടുള്ളത്. മാനവരാശി ഒരേ മനസോടെ പ്രകൃതിയ്ക്ക് മുമ്പിൽ വിനയപ്പെടേണ്ട കാലമാണിന്ന്. ഇന്നത്തെ കാലത്ത് പ്രകൃതി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പൊതുഇടങ്ങളിലും മറ്റും കുന്നുകൂടുന്ന മാലിന്യങ്ങൾ. ഈ പ്രവണത നമ്മുടെ ആരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇത് അവസാനിപ്പിക്കേണ്ടത് പ്രധാനമാണ്. പോയ തലമുറ നമുക്ക് കൈമാറിയ ഈ ഭൂമിയും വിഭവങ്ങളും പാഴാക്കാതെ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്.
സ്വീഡനിലെ 16 വയസുള്ള ഗ്രെറ്റ എന്ന പെൺകുട്ടി 2018 ആഗസ്റ്റിലെ സ്വീഡിഷ് തിരഞ്ഞെടുപ്പുകാലത്ത് ഒരു പ്രതിഷേധത്തിന് തുടക്കമിട്ടത് നാം മറക്കാനിടയില്ല. ലോകത്തിനെ മാറ്റിമറിക്കുന്ന കാലാവസ്ഥാ മാറ്റത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനി സ്‌കൂളിൽ പോകില്ലെന്നായിരുന്നു ഗ്രെറ്റയുടെ പ്രഖ്യാപനം. ഇത് ഫ്രൈഡേസ് ഡെമൺസ്‌ട്രേഷൻ എന്ന പേരിൽ രാജ്യമാകെ പടർന്നു. ഇത്തരം ജനകീയ മുന്നേറ്റങ്ങൾ നമ്മുടെ പരിസര പ്രദേശങ്ങളിലും നടക്കുന്നുണ്ടെങ്കിലും അധികൃതർ പരിസ്ഥിതിയുടെ പ്രധാന്യം ഇപ്പോഴും വേണ്ടത്ര മനസിലാക്കിയിട്ടില്ല. മനുഷ്യന്റെ പ്രവൃത്തികൾ തന്നെയാണ് പരിസ്ഥിതിയെ നാശത്തിലേക്ക് നയിക്കുന്നത്. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യന് ഭൂമിയെ സംരക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം.
പ്രകൃതിയോട് ഇണങ്ങാം
നമ്മൾ ഓരോരുത്തരുടേതുമാണ് പ്രകൃതിയെന്നും അതിനെ സംരക്ഷിക്കാൻ സ്വയം മുന്നോട്ട് വരണമെന്നും ചിന്തിക്കുന്നിടത്താണ് വിജയത്തിന്റെ തുടക്കം. പ്രകൃതി മലിനമാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതിലൊന്നാണ് കംപോസ്റ്റ് കുഴികളുടെ നിർമ്മാണം. മാലിന്യ നിർമ്മാർജനം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. നമ്മൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ വളമായി മാറുന്നതിലൂടെ അത് മണ്ണിനെ സമ്പുഷ്ടമാക്കുന്നു. വളക്കൂറുള്ള മണ്ണ് നല്ല ഫലം തരുകയും ചെയ്യും. പച്ചക്കറി മാലിന്യങ്ങൾ മാത്രമല്ല. കാപ്പിക്കുരു, ടീ ബാഗുകൾ, മുട്ടത്തോടുകൾ തുടങ്ങിയവയെല്ലാം കമ്പോസ്റ്റിൽ നിക്ഷേപിക്കാം. ഇതുവഴി മാലിന്യം കുറച്ച് മണ്ണിനെ ഫലഭൂയിഷ്ടമാക്കി ഭൂമിയെ സംരക്ഷിക്കാം. മറ്റൊന്നാണ് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പൂർണ്ണമായി ഉപേക്ഷിക്കുക എന്നത്. സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വസ്തുക്കൾ കഴിവതും ഒഴിവാക്കുക. പായ്ക്കറ്റിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങണമെന്ന് നിർബന്ധമാണെങ്കിൽ അത് റീ സൈക്കിൾ ചെയ്യാവുന്നതാണെന്ന് ഉറപ്പാക്കുക. ഉപയോഗശേഷം അത് മണ്ണിൽ വലിച്ചെറിയാതിരിക്കുക.
ഉപയോഗ ശൂന്യമായ മൊബൈൽ ഫോണുകൾ പുനരുപയോഗിക്കുക. പുതിയ മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ പഴയത് വലിച്ചെറിഞ്ഞ് കളയാതെ ഏതെങ്കിലും റീ സൈക്കിളിംഗ് കമ്പനിക്ക് നൽകുക. ഇ വേസ്റ്റുകൾ പേടിപ്പെടുത്തുന്ന തരത്തിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിനൊരു പരിഹാരമാവാൻ ഈ തീരുമാനം സഹായിക്കും.
ഫ്രിഡ്ജിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കുക. ഫ്രിഡ്ജിന്റെ പുറകിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. മലിന ജലം കെട്ടിനിൽക്കുന്നത് കോയിലുകൾ കേടാക്കാൻ ഇടയാക്കുകയും ഊർജ്ജത്തിന്റെ ഉപയോഗം 30 ഇരട്ടിയായി വർദ്ധിപ്പിക്കുകയും ചെയ്യും. പുനരുപയോഗിക്കാവുന്ന സാധനങ്ങൾ ശേഖരിച്ച് അവ റീ സൈക്കിളിംഗ് കേന്ദ്രങ്ങൾക്ക് നൽകുക. പേപ്പർ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ, പഴയ തുണികൾ എന്നിങ്ങനെ റീ സൈക്കിൾ ചെയ്യാൻ സാധിക്കുന്നതെല്ലാം വീട്ടിൽ നിന്നും പരിസരത്ത് നിന്നും ശേഖരിച്ച് ഇത്തരം സ്ഥാപനങ്ങൾക്ക് നൽകുക.
ഭൂമിയുടെ അവകാശികളാണ് ഓരോ ജീവജാലങ്ങളും. എല്ലാവർക്കും ജീവിക്കാനുതകുന്ന വിധത്തിൽ മനോഹരമായി ഭൂമിയെ സംരക്ഷിക്കാൻ ഓരോരുത്തർക്കും ബാദ്ധ്യതയുണ്ടെന്നും എങ്കിൽ മാത്രമേ നമ്മുടെ കർത്തവ്യം സാക്ഷാത്ക്കരിക്കൂ എന്നുമുള്ള ഉറച്ച ബോദ്ധ്യം ഓരോരുത്തരും ആർജിച്ചെടുക്കണം. പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഭൂമിയുടെ മാറ്റത്തിനായി പ്രവർത്തിക്കാനുമുള്ള മികച്ച അവസരമായി ഈ ഭൗമ ദിനത്തെ നമുക്ക് കാണാം.
ഭൂമിയെ മുറിവേൽപ്പിക്കാതെ നമുക്ക് ഈ ഭൗമ ദിനത്തിലും ഇനി വരുന്ന നാളുകളിലും മുന്നോട്ട് പോകാം. ചെറിയ മാറ്റങ്ങളിലൂടെ പോലും പരിസ്ഥിതിയ്ക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്ക് സാധിക്കും. വാർത്തെടുക്കാം നല്ല ഭൂമിയെ... മുന്നേറാം ഒറ്റക്കെട്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |