ന്യൂഡൽഹി: ഇന്ന് രാവിലെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. രാവിലെ 9.04ന് ഉണ്ടായ ഭൂചലനം ഏതാനും സെക്കൻഡുകൾ മാത്രമാണ് നീണ്ടുനിന്നത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രഭവ കേന്ദ്രമായ ഹരിയാനയിലെ ജജ്ജറിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഡൽഹിയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ജജ്ജർ സ്ഥിതി ചെയ്യുന്നത്.
നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം ഉണ്ടായതോടെ ഡൽഹിയിലെ വിവിധ കെട്ടിടങ്ങളിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയായിരുന്നു. ഭൂചലനത്തിൽ എവിടെയും കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനകം തന്നെ സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഭൂചലനം ഉണ്ടായതിനുപിന്നാലെ തന്നെ ദേശീയ ദുരന്ത നിവാരണ സേന പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ കാരണങ്ങൾ കൊണ്ട് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഇതിനുമുൻപും ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാദ്ധ്യത കൂടുതലുളള സീസ്മിക് സോൺ നാലിലാണ്. 1720 മുതൽ റിക്ടർ സ്‌കെയിലിൽ 5.5ന് മുകളിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |