കൊച്ചി തുറമുഖ മേഖലയിലെ വല്ലാർപാടത്ത് കൊട്ടിഘോഷിച്ച് കണ്ടെയ്നൽ ടെർമിനൽ സ്ഥാപിച്ചത് 2011ലാണ്. ദുബായ് പോർട്ട് വേൾഡ് എന്ന ബഹുരാഷ്ട്ര കമ്പനിയാണ് 30 വർഷത്തേക്ക് ടെർമിനൽ കൈകാര്യം ചെയ്യുന്നത്. എന്നാൽ 14 വർഷം പിന്നിടുമ്പോഴും സ്ഥാപിത ശേഷിയിലേക്കെത്താൻ വല്ലാർപാടത്തിന് കഴിഞ്ഞിട്ടില്ല. പ്രതിവർഷം 10 ലക്ഷം യൂണിറ്റാണ് ലക്ഷ്യമെങ്കിൽ 2024-25ൽ കൈവരിച്ചത് 8.34 ലക്ഷം യൂണിറ്റാണ്. വിപുലമായ സൗകര്യങ്ങളോടെ തുറക്കുന്ന വിഴിഞ്ഞം തുറമുഖം കൊച്ചിയുടെ ബിസിനസിനെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്.
കപ്പൽച്ചാലിന്റെ ആഴക്കുറവാണ് വല്ലാർപാടത്തിന്റെ പ്രധാന ന്യൂനത. 14.5 മീറ്ററാണ് നിലവിലെ ആഴം. അതിനാൽ മദർ ഷിപ്പുകളെന്നറിയപ്പെടുന്ന വലിയ കപ്പലുകൾക്ക് കൊച്ചി തുറമുഖത്ത് അടുക്കാനാകാത്ത സ്ഥിതിയാണ്. പുറംകടലിൽ ഇവ നങ്കൂരമിടുമ്പോൾ ചെറിയ കപ്പലുകൾ ഉപയോഗിച്ചാണ് കൊച്ചിയിൽ ചരക്ക് കയറ്റിറക്കം.
വിഴിഞ്ഞത്ത് കപ്പൽച്ചാലിന് 20 മീറ്റർ ആഴമുണ്ട്. അതിനാൽ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിൽ ഒന്നായ 'എം.എസ്.സി. തുർക്കി' വരെ വിഴിഞ്ഞത്തെ ബെർത്തിൽ അടുപ്പിക്കാനായിരുന്നു.
ഈ സാഹചര്യത്തിൽ രാജ്യാന്തര ചരക്കു നീക്കത്തിൽ വിഴിഞ്ഞവുമായി മത്സരിച്ചു നിൽക്കാൻ കൊച്ചിക്ക് കഴിയില്ല. എങ്കിലും കപ്പൽ ചാലിന്റെ ആഴം പരമാവധി വർദ്ധിപ്പിച്ചും മറ്റ് സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയും കൊച്ചി തുറമുഖത്തിന് വിഴിഞ്ഞത്തിനൊപ്പം വളരാനാകും.
കപ്പൽച്ചാൽ ആഴം വേണം
വലിയ ചരക്കു കപ്പലുകൾ 15,000, 20,000 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) ശേഷിയുള്ളതാണ്. ഇവ അടുപ്പിക്കണമെങ്കിൽ കപ്പൽച്ചാലിന് 16-18 മീറ്റർ ആഴം വേണം. വല്ലാർപാടത്ത് കപ്പൽച്ചാലിന്റെ ആഴം 16 മീറ്ററാക്കാനാണ് കൊച്ചി തുറമുഖ അതോറിട്ടിയുടെ തീരുമാനം. ബിസിനസ് കൂട്ടാമെന്ന് ഡി.പി. വേൾഡ് ഉറപ്പുനൽകുന്ന പക്ഷം അടുത്തവർഷം പണി പൂർത്തിയാക്കും. ഒപ്പം ബെർത്തിന്റെ നീളം 600 ൽ നിന്ന് 900 മീറ്ററാക്കുകയും വേണം. രണ്ടുവർഷം ഫ്രീസറിൽ വച്ചിരുന്ന പദ്ധതിക്ക് ഇപ്പോൾ എസ്റ്റിമേറ്റ് ഇരട്ടിയായി വർദ്ധിച്ച് 900 കോടി രൂപയായിട്ടുണ്ട്. ഇത് തുറമുഖ അതോറിറ്റി വഹിക്കണം. കപ്പൽച്ചാൽ ആഴം കൂട്ടുന്നതോടെ കണ്ടെയ്നർ നീക്കത്തിൽ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.
വിഴിഞ്ഞം പൂർണതോതിലാകുമ്പോൾ രാജ്യാന്തര ചരക്ക് കയറ്റുമതിക്കും ഇറക്കുമതിക്കും കൊച്ചിയിലെ ഷിപ്പിംഗ് കമ്പനികളും ചിലപ്പോൾ ഒരു പരിധിവരെ വിഴിഞ്ഞത്തെ ആശ്രയിച്ചേക്കാം. ഈ സാഹചര്യത്തിൽ കോസ്റ്രൽ കാർഗോ എന്നറിയപ്പെടുന്ന ആഭ്യന്തര ചരക്കുനീക്കത്തിൽ കൊച്ചി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. മലബാർ, മംഗലാപുരം, തമിഴ്നാട് മേഖലകളിലേക്ക് കൊച്ചിയിൽ നിന്ന് ഇപ്പോൾത്തന്നെ മികച്ച കാർഗോ നീക്കമുണ്ട്.
ക്രൂസ്, ബങ്കറിംഗ് സാദ്ധ്യതകൾ
ആഢംബര വിനോദ സഞ്ചാര നൗകകളെ സ്വീകരിക്കാനുള്ള അത്യാധുനിക ക്രൂസ് ടെർമിനൽ കൊച്ചിയിലുണ്ട്. നൂറുകണക്കിന് സഞ്ചാരികളെ ഉൾക്കൊള്ളുന്ന ബഹുനില വിദേശ കപ്പലുകളടക്കം കൊച്ചിയിൽ എത്തിച്ചേരുന്നുണ്ട്. ക്രൂസ് ടൂറിസം വിപുലപ്പെടുത്തുകയാണ് കൊച്ചി തുറമുഖത്തിന് വരുമാനം ഉയർത്താനുള്ള നമ്പർ വൺ മാർഗം. ഇത് മുന്നിൽക്കണ്ട് സംസ്ഥാന സർക്കാരും ക്രൂസ് ടെർമിനലിന് വികസന ഫണ്ട് അനുവദിക്കുന്നുണ്ട്.
പാസഞ്ചർ ലോഞ്ച് മോടി പിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ടൂറിസം വകുപ്പ് ഈയിടെ 32,50,000 രൂപയുടെ ഭരണാനുമതി നൽകി. സോഫകൾ, ടീപ്പോയ്, മാഗസിൻ സ്റ്റാൻഡുകൾ പ്ലാന്റർ ബോക്സുകൾ, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള കലാസൃഷ്ടികൾ, ഹാംഗിംഗ് ലൈറ്റ്, കോഫി മേക്കർ, വൈഫൈ, എൽ.ഇ.ഡി ടിവി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളാണ് പാസഞ്ചർ ലോഞ്ചിൽ ഒരുക്കുക.
കൊച്ചി തുറമുഖത്തോടനുബന്ധിച്ചുള്ള ബങ്കറിംഗ് ടെർമിനലിനും വികസന സാദ്ധ്യതയുണ്ട്. കപ്പലുകൾക്ക് ഇന്ധനവും കുടിവെള്ളവും നിറയ്ക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ നിന്ന് പ്രധാനമായും നൽകുന്നത്. കൂടാതെ കപ്പൽ റിപ്പയറിംഗ് സംവിധാനം, സ്റ്റോറുകൾ, ക്രൂ ഇന്റർചേഞ്ച് സൗകര്യം തുടങ്ങിയവയുമുണ്ട്. കേരളതീരത്ത് കപ്പൽ ഗതാഗതം വർദ്ധിക്കുന്നതോടെ ബങ്കറിംഗ് ടെർമിനലിനും കൂടുതൽ വികസനവും വരുമാനമുണ്ടാകും.
കൊച്ചി തുറമുഖം താരിഫ് പുനഃപരിശോധിക്കുകയും കൂടുതൽ ഫീഡർ കപ്പലുകളെ ആകർഷിക്കുകയും വേണം.
വലിയ ഭൂമി ലഭ്യതയും കൊച്ചിയുടെ നേട്ടമാണ്. 2177ഏക്കർ സ്ഥലമാണ് തുറമുഖ അതോറിറ്റിക്ക് കീഴിലുള്ളത്. കൂടുതൽ നിക്ഷേപകരെ ഉൾക്കൊള്ളുന്നതിനായി ഭൂമി പാട്ട നയം ഭേദഗതി ചെയ്യണമെന്നും വ്യവസായ ലോകം അഭിപ്രായപ്പെടുന്നു. കൊച്ചി തുറമുഖ അതോറിറ്റി കേന്ദ്രസർക്കാരിന് കീഴിലും വിഴിഞ്ഞം സംസ്ഥാന സർക്കാരിന് കീഴിലുമാണ്. മത്സരിച്ച് കിതയ്ക്കുന്നതിന് പകരം രണ്ട് അഭിമാന പദ്ധതികളും പരസ്പര പൂരകമായി പ്രവർത്തിച്ചാൽ നാടിന്റെ അഭിവൃദ്ധിക്ക് മുതൽക്കൂട്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |