SignIn
Kerala Kaumudi Online
Friday, 22 August 2025 11.50 AM IST

സിനിമയ്ക്ക് ഒരു നയം വരുമ്പോൾ

Increase Font Size Decrease Font Size Print Page
cinema

അരക്ഷിതാവസ്ഥയും അസമത്വവും നിലനിന്നിരുന്ന മലയാള സിനിമാരംഗത്ത് മാറ്റത്തിന്റെ കാലൊച്ചകൾ കേട്ടുതുടങ്ങി. ചൂഷണവും വിവേചനവും അവസാനിപ്പിക്കാനുള്ള നയരൂപീകരണത്തിനും നിയമനിർമ്മാണത്തിനും സർക്കാർ ഒരുങ്ങുകയാണ്. താരസംഘടനയുടെ സാരഥ്യത്തിൽ വനിതകളെത്തിയതും വിപ്ലവമായി. സമ്പൂർണമായ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കാനാകില്ല. എങ്കിലും വലിയ പരിവർത്തനം ഉറപ്പാണ്.

ന്ത്യൻ സിനിമയെ സംഘടിത ശക്തികളാണ് നയിക്കുന്നത്. മലയാള സിനിമയിലും സ്വാധീന ശക്തിയുള്ള വ്യക്തികളും അവരുടെ ഉപജാപകരും പ്രാമാണിത്വം നേടി. അവർ പവർ ഗ്രൂപ്പുകൾ എന്ന പേരിൽ കുപ്രസിദ്ധരായി. ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതോടെ ശക്തികേന്ദ്രങ്ങൾ ഒന്നു കുലുങ്ങി. സത്യം പറയാൻ ചിലരെങ്കിലും ധൈര്യം കാട്ടി. മാറ്റത്തിന്റെ കാലൊച്ചകൾ മുഴങ്ങി. പൊലീസ് കേസുകൾ വന്നു, ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. നയരൂപീകരണത്തിനും നിയമനിർമ്മാണത്തിനും സർക്കാർ തയാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി വിപുലമായ സിനിമാ കോൺക്ലേവ് നടത്തി. പുരുഷാധിപത്യ സംഘടനയായിരുന്ന 'അമ്മ'യ്ക്ക് സ്ത്രീകൾ നയിക്കുന്ന ഭരണസമിതി വന്നു. നിർമ്മാതാക്കളുടെ സംഘടനയിലും സ്ത്രീകൾക്കായി ശബ്ദമുയർന്നു.

ശുഭകരമായ ശുപാർശകൾ

സിനിമാ കോൺക്ലേവിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചലച്ചിത്ര അക്കാഡമിയുടെ അടക്കം വൈബ് സൈറ്റിൽ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ പൊതുജനത്തിനും അടുത്തയാഴ്ച വരെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം. ഇതുകൂടി കണക്കിലെടുത്ത് കരട് നയം തയാറാക്കുകയാണ് അടുത്തപടി. സെന്റർ ഫോർ പോളിസി ആൻഡ് റിസർച്ചിന്റെ പഠനങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്.

സിനിമാ സെറ്റുകളിൽ പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരിക, കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കോൺക്ലേവിൽ പ്രധാനമായും ചർച്ച ചെയ്തത് അവസരങ്ങൾ തേടുന്ന പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണതയാണ് കാസ്റ്റിംഗ് കൗച്ച്. ഇത് ചെയ്യുന്നവർക്കെതിരേ സീറോ ടോളറൻസ് നിലപാട് വേണമെന്നതാണ് ഒരു ആവശ്യം. ഈ ചൂഷണം തടയുന്നതിന് ചലച്ചിത്ര സംഘടനകളും മുൻകൈയെടുക്കണം. കുറ്റക്കാരെ പുറത്താക്കുകയും ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും വേണം. കേന്ദ്രീകൃത ഓഡിഷൻ പ്രോട്ടോകോളുകൾ, പ്രൊഫഷണൽ കാസ്റ്റിംഗ് ഡയറക്ടർമാരുടെ സാന്നിദ്ധ്യം, ഒഡിഷനുകളിൽ സിനിമയുടെ ഭാഗമല്ലാത്ത രണ്ടു വ്യക്തികളുടെ സാന്നിദ്ധ്യം തുടങ്ങിയ നിർദ്ദേശങ്ങളുണ്ട്. സുരക്ഷിതമായ വിസിൽ ബ്ലോവർ സംവിധാനം, കാസ്റ്റിംഗ് ചൂഷണം റിപ്പോർട്ട് ചെയ്യാനുള്ള സ്വതന്ത്രവും രഹസ്യവുമായ സംവിധാനമൊരുക്കൽ, പുതിയ ആളുകളെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുമായി ബന്ധിപ്പിക്കുന്ന ഔപചാരിക മെന്റർഷിപ്പ് പ്രോഗ്രാമുകൾ തുടങ്ങിയ കാര്യങ്ങളും നയരൂപീകരണത്തിനുള്ള ചർച്ചാ കുറിപ്പിലുണ്ട്.

സിനിമാരംഗത്തുള്ള സ്ത്രീകൾക്കും ലിംഗ ന്യൂനപക്ഷങ്ങൾക്കും പ്രത്യേക വെല്ലുവിളികൾ നേരിടേണ്ടി വരുന്നതായി കോൺക്ലേവിൽ വിലയിരുത്തലുണ്ടായി. ഇത് പരിഹരിക്കപ്പെടണമെങ്കിൽ

എല്ലാ പ്രധാന ചലച്ചിത്ര സംഘടനകളും അംഗീകരിക്കുന്ന ഒരു ഏകീകൃത പെരുമാറ്റച്ചട്ടം ഉണ്ടാകണം. താരങ്ങൾ മുതൽ ദിവസവേതനക്കാർ വരെ എല്ലാവർക്കും ഈ ചട്ടങ്ങൾ ബാധകമാകണമെന്നതാണ് മറ്റൊരു ആവശ്യം. പ്രൊഡക്ഷനുകളിൽ സെക്യൂരിറ്റി ഓഫീസർമാരെ നിയമിക്കുന്നത് സാദ്ധ്യമാണോ എന്ന് പരിശോധിക്കണം. ലിംഗാടിസ്ഥാനത്തിൽ വേർതിരിച്ച ശുചിമുറികൾ, സുരക്ഷിതമായ താമസ സൗകര്യങ്ങൾ, പ്രത്യേകം വിശ്രമിക്കാനുള്ള സ്ഥലങ്ങൾ എന്നിവയടക്കമാണ് പ്രാഥമിക ശുപാർശകൾ.

മുമ്പേ നടന്ന രാജ്യങ്ങൾ

സിനിമയിൽ സുരക്ഷയും സമത്വവും ലക്ഷ്യമിട്ടുള്ള ഇത്തരം ഒരു നയരൂപീകരണം ഇന്ത്യയിൽ ആദ്യമാണ്. എന്നാൽ മറ്റു ചില രാജ്യങ്ങൾ സമാനമായ വിഷയത്തിൽ ഫലപ്രദമായ നടപടികളെടുത്തിട്ടുണ്ട്. ഡബ്ല്യു.സി.സി ഇതേക്കുറിച്ച് പഠനവും നടത്തിയിട്ടുണ്ട്. വനിതകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും തുടച്ചുമാറ്റുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭ 1979ൽ മാർഗനിർദ്ദേശം (UN CEDAW) പുറത്തിറക്കിയിരുന്നു. എല്ലാ അംഗരാജ്യങ്ങൾക്കും ബാധകമായ ഈ കൺവൻഷന്റെ ചുവടുപിടിച്ചാണ് ഹോങ്കോംഗും ജപ്പാനും വിവേചനം തടയാൻ നടപടിയെടുത്തത്. നിയമസഭാ സമിതിയുടെ ശുപാർശ പ്രകാരം, ഹോങ്കോംഗ് 1998ൽ സിനിമാ മേഖലയ്ക്കായി നിയമപരമായ അധികാരങ്ങളുള്ള തുല്യാവസര കമ്മിഷൻ രൂപീകരിച്ചു. ജപ്പാൻ തൊഴിൽ മേഖലയ്ക്കാകെ ബാധകമായ ലിംഗസമത്വ നിയമം കൊണ്ടുവന്നു.
ദക്ഷിണ കൊറിയയിൽ വനിതാ ആർട്ടിസ്റ്റ് അസോസിയേഷന്റെ സഹകരണത്തോടെ സിനിമയിലെ ലൈംഗികാതിക്രമവും വിവേചനവും സംബന്ധിച്ച് സർവേ നടത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ 2018ൽ സിനിമാരംഗത്തുള്ളവർ നയിക്കുന്ന 'സെന്റർ ഫോർ ജെൻഡർ ഇക്വാളിറ്റി ഇൻ കൊറിയൻ ഫിലിം ( ഡ്യൂൺ ഡ്യൂൺ)' സ്ഥാപിതമായി. പരാതികൾ റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമുള്ള വേദിയാണിത്.

ബ്രിട്ടനിൽ യൂണിവേഴ്‌സിറ്റി ഒഫ് യോർക്കിന്റെ 'സേഫ് ടു സ്പീക്ക് അപ് ' റിപ്പോർട്ട് പ്രകാരം 'ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഇൻഡിപ്പെൻഡന്റ് സ്റ്റാൻഡാർഡ്‌സ് അതോറിറ്റി' രൂപീകരിച്ചു. ആസ്‌ത്രേലിയയിൽ സർക്കാർ ഏജൻസിയായ സ്‌ക്രീൻ ആസ്‌ത്രേലിയ നടത്തിയ ജെൻഡർ മാറ്റേഴ്‌സ് എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ 2015ൽ അഞ്ചിന പദ്ധതി നടപ്പാക്കി. വിനോദ വ്യവസായത്തിൽ സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിനായി മൂന്നുവർഷക്കാലയളവിൽ 50 ലക്ഷം ഡോളറാണ് നീക്കിവച്ചത്.

കേരളത്തിലെ സിനിമാനയത്തിന്റെ കരട് മൂന്നുമാസത്തിനകം തയാറാക്കുമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. തുടർന്ന് അന്തിമനയം വി‌ജ്ഞാപനം ചെയ്യും. പിന്നാലെ നിയമസഭയിൽ പുതിയ നിയമ നിർമ്മാണവുമുണ്ടാകും. സ്ത്രീ സമൂഹത്തിനുള്ളിലെ ഉച്ചനീചത്വങ്ങൾ കൂടി പരിഗണിച്ചുവേണം നിയമ നി‌ർമ്മാണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുമുണ്ട്.

മറ്റു രംഗങ്ങളിലെന്നതുപോലെ സിനിമയിലും സമ്പൂർണ സമത്വം പ്രതീക്ഷിക്കുക വയ്യ. അതിന് മനോഭാവത്തിനറെ മാറ്റം കൂടി വേണ്ടിവരും. എങ്കിലും നിയമത്തിന്റെ ചട്ടക്കൂട് വരുന്നതോടെ പരിവർത്തനം സുനിശ്ചിതമാണ്.

TAGS: CINEMA, CONCLEVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.