കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലേക്ക് പ്രധാനമായും നാല് ചുരം പാതകളാണുള്ളത്. കാലവർഷം പടിവാതിൽക്കലെത്തിയതോടെ ഉരുൾ പൊട്ടൽ, ചുരം റോഡുകളിലെ ദുർഘട യാത്ര, ചുരം ബദൽ റോഡുകൾ എന്നീ ചർച്ചകൾക്കും പ്രാധാന്യമേറെയാണ്. എൻ.എച്ച് 716 കടന്നുപോകുന്ന താമരശ്ശേരി ചുരം, കുറ്റ്യാടി പക്രംതളം ചുരം, പേര്യ ചുരം റോഡ്, പാൽചുരം റോഡ് എന്നിവയാണ് ജില്ലയിലേക്കുള്ള നാല് പ്രവേശന കവാടങ്ങൾ. കാലവർഷത്തിന് ഇനി ദിവസങ്ങൾ മാത്രമെയുള്ളു. ചുരം റോഡുകളുടെ അവസ്ഥ അതിദയനീയവുമാണ്. പ്രധാന ചുരം പാതയായ താമരശ്ശേരി ചുരം റോഡിൽ ഗതാഗത തടസമാണ് സ്ഥിരം വില്ലൻ. വലിയ വാഹനങ്ങൾ മറിഞ്ഞും ബ്രേക്ക് ഡൗണായും മൂന്നും നാലും മണിക്കൂറുകളാണ് മിക്കപ്പോഴും തടസമുണ്ടാകുന്നത്. വയനാട്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗികളെയും കൊണ്ടുപോകുന്നതും ഈ ചുരം റോഡിലൂടെയാണ്. ഗതാഗത തടസം കാരണം ആംബുലൻസുകൾക്ക് കടന്നുപോകാൻ പോലുമാകാതെ, ചുരത്തിൽ ജീവൻ പൊലിയുന്നവരുടെ കണക്കുകളിലും വർദ്ധനയുണ്ട്. മിക്ക ദിവസവും ചുരം റോഡിൽ ഗതാഗത തടസം നേരിടുന്നതിനാൽ കുടിവെള്ളം പോലും ലഭിക്കാതെ മണിക്കൂറുകളോളം യാത്രക്കാരും കുടുങ്ങിക്കിടക്കാറുണ്ട്. പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാനും മറ്റു മാർഗങ്ങളില്ല. കാലവർഷം തുടങ്ങുന്നതോടെ ചുരം റോഡുകളിലൂടെ വയനാട്ടിലേക്കുള്ള യാത്ര അതികഠിനമായി മാറുമെന്നതിൽ സംശയം വേണ്ട.
ബദൽപാത
കടലാസിൽ തന്നെ
ചുരം റോഡുകൾക്ക് പ്രധാനപ്പെട്ട ഒരു ബദൽ പാതയാണ് പടിഞ്ഞാറെത്തറ-പൂഴിത്തോട് റോഡ് ചുരമില്ലാ പാത. ഈ പാതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ട് വർഷം മുപ്പതായെങ്കിലും ഇന്നും യാഥാർത്ഥ്യമായിട്ടില്ല. വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയെന്നതാണ് അവസ്ഥ. എഴുപത് ശതമാനം പണികൾ പൂർത്തിയായ നിർദ്ദിഷ്ട റോഡ് ബാണാസുര സാഗർ, പെരുവണ്ണാമുഴി, കക്കയം അണക്കെട്ടുകളുടെ സമീപത്ത് കൂടെയാണ് കടന്നുപോകേണ്ടത്. മനോഹരമായൊരു കാഴ്ച. ഈ റോഡ് കോഴിക്കോട് ബംഗളൂരു ഇടനഴികയായി മാറ്റാനും ചരക്ക് ഗതാഗതം വേഗത്തിലാക്കാനും സാധിക്കും. രാത്രികാല ഗതാഗത നിരോധനത്തിലൂടെ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഇതിലൂടെ മൈസൂർ-ബംഗളൂരു യാത്ര സുഖകരമാക്കാനും കഴിയും. കാർഷികമേഖലയുടെ തകർച്ചയിലൂടെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വയനാട്ടുകാരുടെ സമ്പദ്‌വ്യവസ്ഥക്ക് പുത്തൻ ഉണർവേകാനും ടൂറിസം വികസനത്തിലൂടെ ഒരുപാട് തൊഴിൽ സാദ്ധ്യമാക്കാനും കഴിയും. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ ടൺകണക്കിന് ഭാരവുമായി ചുരം വഴികടന്നുപോകുന്നു. വയനാട്ടിലെ ഏതാണ്ട് എല്ലാ ചുരങ്ങളുടെയും നിലനിൽപ്പ് തന്നെ ചോദ്യംചെയ്യപ്പെട്ട് തുടങ്ങി. ഈ ബദൽപ്പാതക്ക് അമിതമായ കയറ്റിറക്കങ്ങളോ, ഹെയർപിൻ വളവുകളോയില്ല. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലും, കുറഞ്ഞകാലം കൊണ്ടും പൂർത്തിയാക്കാൻ കഴിയും എന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം.1980 ൽ രൂപീകൃതമായ വയനാട് ജില്ലക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള കാര്യക്ഷമമല്ലാത്ത ചുരം റോഡുകളാണ് ഇന്നും ജനത്തിന് ആശ്രയം. ശരവേഗത്തിൽ വരുമെന്ന് കരുതിയ തുരങ്കപ്പാതക്കും പാര വീണിരിക്കുന്നു. പ്രകൃതി സ്നേഹികൾ തുരങ്കപ്പാതക്ക് അങ്ങനെ പച്ചക്കൊടി കാട്ടുമെന്ന് കരുതുകയും വേണ്ട. വയനാട്ടിലേക്കുളള തുരങ്കപ്പാതയെന്ന സ്വപ്നം യാഥാർത്ഥ്യമാകുമോ എന്നും കണ്ടറിയണം.
ചുരമില്ലാ ബദൽപ്പാതക്ക്
സംഭവിച്ചത‌്
1995ൽ വനംവകുപ്പിന്റെതായ ഒരു തെറ്റായ റിപ്പോർട്ടിൽ നിർമ്മാണം നിലച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് പൂഴിത്തോട് പടിഞ്ഞാറത്തറ ജനകീയ കർമ്മസമിതി എന്ന പേരിൽ രജിസ്റ്റർ ചെയ്ത സമര സംഘടന കഴിഞ്ഞ 880 ദിവസമായി സമരരംഗത്ത് സജീവമാണ്. പ്രതിഷേധ തീപ്പന്തങ്ങൾ, മെഴുക് തിരിജ്വാലകൾ, മൊബൈൽ ഫ്ളാഷ് ലൈറ്റുകൾ എന്നിവ ഉയർത്തിപ്പിടിച്ച് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ആളുകൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാവുണർത്തൽ സമരം നടത്തിയതാണ് ഒടുവിലത്തെ സമരമുറ.
മുന്നൂറുകോടിയിൽ താഴെ ഫണ്ട് കൊണ്ട് കോഴിക്കോട് വയനാട് ബംഗളൂരു ദേശീയപാതയോളം പ്രസക്തിയുള്ള ലളിതമായ നിർദ്ദിഷ്ട പാത നിർമ്മിക്കാമെന്നാണ് കണ്ടെത്തൽ. എന്നാൽ ഇക്കാര്യത്തിൽ അധികാരികൾ അർഹിക്കുന്ന പ്രാധാന്യം നൽകുന്നില്ലെന്നാണ് ആക്ഷേപം. ഒന്നോ രണ്ടോ വർഷങ്ങൾക്കൊണ്ട് നാടിന് സമർപ്പിക്കാൻ പറ്റുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ റോഡിന് ഭരണ രാഷ്ട്രീയ ഉദ്യോഗസ്ഥ ഇടങ്ങളിൽ നിന്നും അവഗണനയാണ് മിക്കപ്പോഴും ഉണ്ടാകുന്നത്. കുറെപ്പേർ കുറെ കാലങ്ങളായി വെറുതെ വെയിൽ കൊള്ളുകയാണോ എന്നാണ് സംശയം. 27.225 കിലോ മീറ്ററാണ് മൊത്തം പാതയുടെ നീളം. അതിൽ ഏഴേകാൽ കിലോ മീറ്റർ മാത്രമെ വനമുള്ളു. വയനാട് ജില്ലയിലെ സർവെ ജോലികൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ മൂന്ന് കിലോ മീറ്റർ ദൂരത്തെ സർവേ ജോലിയാണ് ഇനി പൂർത്തിയാക്കാനുള്ളത്. അവിടെയാണ് തടസം.
പടിഞ്ഞാറെത്തറ-പൂഴിത്തോട്
നാൾ വഴികൾ
1979 മുതൽ ബദൽ റോഡ് ചർച്ചകൾ, സർവേകൾ.
1991 ൽ പടിഞ്ഞാറെത്തറ പൂഴിത്തോട് റോഡ് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തുന്നു.
1992 ഓഗസ്റ്റ് 3ന് പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിൽ പ്രവൃത്തനങ്ങൾക്കു തുടക്കം.
1993 ഫെബ്രുവരി വടകര ഡിവിഷൻ ഓഫീസിന് തുടക്കം
1993 ഓഗസ്റ്റ് 14ന് മുഖ്യമന്ത്രി കെ. കരുണാകരന്റെ ചേമ്പറിൽ വനം വകുപ്പിന്റെ തടസങ്ങൾ നീക്കാൻ തീരുമാനം.
1994 ജനുവരിയിൽ ഭരണാനുമതി
1994 സെപ്തംബർ പടിഞ്ഞാറത്തറയിൽ മുഖ്യമന്ത്രി കെ. കരുണാകരൻ തറക്കല്ലിട്ടു.
ആദ്യ കണക്കനുസരിച്ച് നഷ്ടമാകുന്ന വനഭൂമി 20.995 ഹെക്ടർ
2005 ഈ റോഡ് സംസ്ഥാന പാത 54 ആയി പ്രഖ്യാപിച്ചു. പാതയുടെ വീതി 12 മീറ്റർ. വനത്തിലെ വീതി 15 മീറ്റർ
2009 രാത്രികാല യാത്രാനിരോധനം വന്നപ്പോൾ ഈ റോഡ് ഈ പാത ദേശീയ പാത 33 നു ആയി പുതിയ നയരേഖ.
1/10/2013 ഈ റോഡ് പ്രാവർത്തികമാക്കാൻ കർണാടക ഹൈക്കോടതി നിർദേശം.
വടകര ചുരം റോഡ് ഡിവിഷനിലെ അസി. എൻജിനീയറും, പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥരും നടത്തിയ ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ട് 21521/c2/93/F& WLD തടസവാദങ്ങൾ ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |