സുൽത്താൻ ബത്തേരി: പുള്ളിമാനിനെ വെടി വെച്ച് കൊന്ന ശേഷം വാഹനത്തിൽ കയറ്റികൊണ്ടുപോകുന്നതിനിടെ ഒരാൾ വനം വകുപ്പിന്റെ പിടിയിലായി. വാകേരി കുന്നേ പറമ്പിൽ പ്രദീപ് (56) നെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് വേട്ടയാടിയ പുള്ളിമാനിനെയും കൊണ്ട് ഗുഡ്സ് ഓട്ടോയിൽ പോകുന്നതിനിടെ മണ്ണുണ്ടിയിൽവെച്ച് പ്രദീപ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ചൂതുപാറ സ്വദേശി അരുൺ ഓടി രക്ഷപ്പെട്ടു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ചെതലത് റെയിഞ്ചിലെ മണ്ണുണ്ടി ഭാഗത്ത് നിന്നാണ് സംഘം പുള്ളിമാനിനെ വേട്ടയാടിയത്. വേട്ട സംഘത്തെപ്പറ്റിയുള്ള വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.വി സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.എസ് സത്യൻ, പി.എസ്. അജീഷ്, ജിതിൻ വിശ്വനാഥ്, സി. ഷൈനി, സീബ റോബർട്ട്, ഫോറസ്റ്റ് വാച്ചർമാരായ ബാലൻ, പി.ജെ. ജയേഷ്, രവി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മാനിനെ വേട്ടയാടി വനം വകുപ്പിന്റെ പിടിയിലായ പ്രദീപ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |