വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പണിതുനൽകാമെന്ന് പറഞ്ഞ മൂന്ന് വീടുകൾ എവിടെ എന്ന് ചോദിച്ചവർക്ക് മറുപടിയുമായി അഖിൽ മാരാർ. ഫേസ്‌ബുക്ക് വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
'മന്ദബുദ്ധികളായ അന്തംകമ്മികൾക്ക് യാതൊരു വിവരവും ഇല്ലാത്തതുകൊണ്ട് അവരുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ല എന്നാണ് കരുതിയത്. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസമായി ഫേസ്‌ബുക്ക് വീഡിയോകളിലും പോസ്റ്റുകളിലുമായി ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. അഖിൽ മാരാർ വയനാട്ടിൽ വച്ചുകൊടുക്കാമെന്ന് പറഞ്ഞ മൂന്ന് വീടുകൾ എവിടെ എന്നാണ് അവർ ചോദിക്കുന്നത്. നികുതിപ്പണത്തിന് പുറമെ ദുരന്തം വന്ന സമയത്ത് അതിനെ വിറ്റ് കാശാക്കുക എന്ന ലക്ഷ്യത്തോടെ ഒരു മുഖ്യമന്ത്രി പിരിവ് നടത്തി അക്കൗണ്ടിലേയ്ക്ക് എത്തിച്ച 5000 കോടി രൂപ ക്രമരഹിതമായി വിനിയോഗിച്ചു എന്ന് വന്നപ്പോഴാണ് ഞാൻ പ്രതിഷേധിച്ചത്. കേരളത്തിലെ എല്ലാ ജനങ്ങളും ഈ ദുരന്തന്റെ ഭരണം കാരണം നശിച്ച് നാറാണക്കല്ലെടുത്ത് കിടക്കുകയാണ്.
അന്ന് ഞാൻ പറഞ്ഞു, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കൊടുക്കുന്നില്ല, പകരം വീടുവച്ച് കൊടുക്കാമെന്ന്. ഒരു വീട് വച്ചുകൊടുക്കാം, അതല്ല കൊല്ലത്തേയ്ക്ക് വരികയാണെങ്കിൽ മൂന്ന് വീടുവച്ച് കൊടുക്കാം എന്നും പറഞ്ഞു. എന്റെ സുഹൃത്ത് 30 സെന്റ് ഇതിനുവേണ്ടി തരാമെന്ന് പറഞ്ഞിരുന്നു. ഞാൻ വയനാട്ടിൽ പോയി ആക്ഷൻ കൗൺസിലിനോട് സംസാരിക്കുകയും അർഹതപ്പെട്ട ആർക്കെങ്കിലും സർക്കാരിന്റെ വീട് കിട്ടാതെ വന്നാൽ ഉറപ്പായും ഞാൻ വീട് വച്ചുകൊടുക്കാമെന്ന് പറയുകയും ചെയ്തു. ഇതൊന്നും അറിയാതെ ആണ് അന്തംകമ്മികൾ ചോദ്യവും കൊണ്ട് വരുന്നത്.
സ്വന്തം കാശിൽ വച്ചുകൊടുക്കാമെന്ന് പറഞ്ഞ വീട് വച്ചുകൊടുത്തില്ലെങ്കിൽ നിനക്കൊക്കെ എന്നെ എന്തുചെയ്യാൻ പറ്റും. കേസ് കൊടുക്കാനോ കോടതിയിൽ പോകാനോ പറ്റുമോ? ഒരു കോപ്പും പറ്റില്ല. പക്ഷേ നാട്ടുകാരുടെ കയ്യിൽ നിന്ന് പിരിച്ചത് പുട്ടടിച്ചാൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ കോടതി കയറ്റും. 100 വീട് വച്ചുകൊടുക്കാമെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂരിനോട് നീയൊക്കെ എന്താണ് ചോദിക്കാത്തത്. സർക്കാരിന്റെ കയ്യിൽ കോടിക്കണക്കിന് രൂപയിരിക്കെ അവിടെച്ചെന്ന് വീട് വച്ചുകൊടുക്കാൻ എനിക്കെന്താ ഭ്രാന്താണോ?'- എന്നാണ് അഖിൽ മാരാർ വീഡിയോയിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |