അമരാവതിയിൽ 'രാജധാനി"യുടെ നിർമ്മാണം ചന്ദ്രബാബു നായിഡു പുനരാരംഭിച്ചു. കഴിഞ്ഞ മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ ജനത്തിനു മുന്നിലേക്ക് നായിഡു വച്ച പ്രധാന വാഗ്ദാനം ഇതായിരുന്നു: 'അമരാവതിയിൽ തലസ്ഥാനം യാഥാർത്ഥ്യമാക്കും." ആന്ധ്രാപ്രദേശിന്റെ വികസനത്തിലെ ഒരു ചരിത്ര നിമിഷം അടയാളപ്പെടുത്തിക്കൊണ്ടാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി അമരാവതിയിലെത്തിയത്. ആകെ 58,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു. അതിൽ 49,000 കോടി രൂപയും തലസ്ഥാന വികസനത്തിനു വേണ്ടി മാത്രം! നിയമസഭ, സെക്രട്ടേറിയറ്റ്, ഹൈക്കോടതി, ജുഡിഷ്യൽ റസിഡൻഷ്യൽ ക്വാർട്ടേഴ്സ് എന്നിവ ഉൾപ്പെടെ 74 പദ്ധതികൾ അടങ്ങുന്നതാണ് തലസ്ഥാന നഗര വികസനം.
ആന്ധ്ര വിഭജനത്തിനു ശേഷം 2014-ൽ അധികാരത്തിലെത്തിയ ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നപദ്ധതിയായിരുന്നു 50,000 ഏക്കറിലെ 'അമരാവതി"തലസ്ഥാന നഗരി. എന്നാൽ 2019-ൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോൺഗ്രസ് അധികാരത്തിലെത്തിയതോടെ അമരാവതി വികസനം ക്ലോസ് ചെയ്തു. പകരം മൂന്നു തലസ്ഥാനം എന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. അമരാവതിയെ ജഗൻ കൈവിട്ടപ്പോൾ ത്രിശങ്കുവിലായ പ്രദേശത്തെ കർഷകരും ഇപ്പോൾ ഹാപ്പി! അവർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നായിഡു സർക്കാർ പാലിച്ചുവരുന്നു.
തലസ്ഥാന നിർമ്മാണത്തിനായി 29 വില്ലേജുകളിൽനിന്നുള്ള 29,000-ത്തിലേറെ കർഷകരുടെ ഭൂമി ഏറ്റെടുക്കാനാണ് 2016-ൽ നായിഡു മുഖ്യമന്ത്രിയായിരിക്കെ സർക്കാർ വിജ്ഞാപനമിറക്കിയത്. 34,000 ഏക്കർ സ്ഥലം കർഷകർ വിട്ടുനൽകി. ഏറ്റെടുക്കൽ നടപടികൾ പാതിവഴിയിലായപ്പോൾ ഭരണം മാറി. ഏറ്റെടുക്കൽ വിജ്ഞാപനം പലതും ജഗൻ സർക്കാർ റദ്ദാക്കി. ഇതിനെതിരെയുള്ള കർഷക സമരം കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ തുടർന്നു. കൃഷ്ണ നദീതടത്തിലെ പാടങ്ങളായിരുന്നു കർഷകർ വിട്ടുനൽകിയ ഭൂമിയിൽ ഭൂരിഭാഗവും. ഭൂമി ഏറ്റെടുക്കലിൽ ടി.ഡി.പി സർക്കാർ വൻ അഴിമതി നടത്തിയെന്നായിരുന്നു ജഗന്റെ ആരോപണം.
അമരാവതിയെന്ന് വെറുതെ പറഞ്ഞാൽ ആന്ധ്രക്കാർ ഏത് അമരാവതി എന്നു ചോദിക്കും. രാജധാനിയെന്നു പറയണം. അതിന് ചരിത്രപരമായ കാരണം കൂടിയുണ്ട്. പുരാതന ശതവാഹന രാജവംശത്തിന്റെ സമ്പന്ന തലസ്ഥാനമായിരുന്നു അമരാവതി. ബുദ്ധമത പൈതൃകത്തിന് പേരുകേട്ട സ്ഥലം കൂടിയായിരുന്നു വിജയവാഡയ്ക്കും ഗുണ്ടൂരിനും ഇടയ്ക്കുള്ള പ്രദേശം. മൂന്നു വർഷത്തിനകം അമരാവതിയെ പുതിയ ഗ്രീൻഫീൽഡ് തലസ്ഥാനമായി നിർമ്മിക്കുമെന്നാണ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആത്മവിശ്വാസത്തോടെ പറഞ്ഞത്.
രാജധാനിക്കായി
ജനവിധി
ഒരു വർഷം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അമരാവതിയിൽ പോയപ്പോൾ കണ്ട ദൃശ്യങ്ങൾ മനസിലുണ്ട്. പാടത്തിനു നടുവിലൂടെ ചെറിയ റോഡ്. എതിരെ ഒരു കാർ വന്നാൽപ്പോലും കടന്നു പോകാനാവില്ല. അതു വഴിവേണം വിജയവാഡയിൽ നിന്ന് അമരാവതിയിലേക്കു പോകാൻ. വിജയനഗരത്തിലെ മുഴുവൻ പേരുടെയും ദാഹമകറ്റുന്ന പ്രകാശം ഡാമിനു മുകളിലൂടെയായിരുന്നു യാത്ര. പിന്നെ കുറച്ചു ദൂരം റോഡില്ല! കുറ്റിക്കാട്ടിലൂടെ പോകണം. ചെന്നുകയറിയത് ഒരു നാലുവരിപ്പാതയുടെ അറ്റത്ത്. അവിടംവരെ നിർമ്മിച്ചശേഷം ഉപേക്ഷിച്ച നിലയിൽ കിടക്കുകയായിരുന്നു ആ നാലുവരിപ്പാത.
കുറച്ചുദൂരം മുന്നോട്ടെത്തിയപ്പോഴാണ് 'രാജധാനി" കണ്ടത്. നിയമസഭാ മന്ദിരവും സെക്രട്ടേറിയറ്റും ഒറ്റവളപ്പിൽ. ഒട്ടും ആകർഷണീയമല്ലാത്ത കെട്ടിടങ്ങൾ. അകത്താരുമില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു: 'തിരഞ്ഞെടുപ്പ് കഴിയണം, അമരവതി രാജധാനി ജീവിക്കുമോ മരിക്കുമോ എന്നറിയാൻ..." തെലുങ്കു ദേശം പാർട്ടി ഒരിക്കൽക്കൂടി എൻ.ഡി.എയിൽ എത്തി. പവൻ കല്യാണിന്റെ ജനസേന പാർട്ടിയുടെ കരുത്ത് കൂടിയായപ്പോൾ ജഗൻ മോഹൻ റെഡിയെ ഈസിയായി തോല്പിക്കാൻ നായിഡുവിനായി. ആ ജനവിധി രാജധാനിയുടെ പുനർജന്മത്തിനു വേണ്ടി കൂടിയുള്ളതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |