ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്.ടി.എ) ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെയും സാന്നിദ്ധ്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും ബ്രിട്ടീഷ് ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്സുമാണ് കരാർ ഒപ്പു വച്ചത്. മോദിയും സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമായിരുന്നു കരാറിൽ ഒപ്പു വച്ചത്. എഫ്.ടി.എയെ ചരിത്രപരമായ കരാർ എന്ന് സ്റ്റാർമർ എക്സിൽ വിശേഷിപ്പിച്ചു, യു.കെയിൽ തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും സൃഷ്ടിക്കുന്നതിന് കരാർ ആക്കം കൂട്ടുമെന്ന് സ്റ്റാർമർ പറഞ്ഞു.
കരാറിലൂടെ യു.കെയിലേക്കുള്ള തുണിത്തരം, പാദരക്ഷകൾ, ഓട്ടോഘടകങ്ങൾ, രത്നം, ആഭരണങ്ങൾ, ഫർണിച്ചർ, സ്‌പോർട്‌സ് ഉത്പന്നം, രാസവസ്തുക്കൾ, യന്ത്രങ്ങൾ തുടങ്ങി 99 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ ഇല്ലാതാകും. നിലവിൽ ഇവയ്‌ക്ക് നാല് മുതൽ 16 ശതമാനം വരെയാണ് തീരുവ. ഇന്ത്യയിലേക്കുള്ള 90 ശതമാനം ബ്രിട്ടീഷ് ഉത്പന്നങ്ങൾക്കും തീരുവയുണ്ടാകില്ല. 2030നുള്ളിൽ ഉഭയകക്ഷി വ്യാപാരം നിലവിലെ 6000 കോടി യു.എസ് ഡോളറിൽ നിന്ന് ഇരട്ടിയാക്കും.
സ്കോച്ച് വിസ്‌കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ആകും. 10 വർഷത്തിനുള്ളിൽ ഇത് 40 ശതമാനവുമാകും. ആസ്റ്റൺ മാർട്ടിൻ, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങി ബ്രിട്ടീഷ് ആഡംബര കാറുകൾക്കുള്ള തീരുവ 100 ശതമാനത്തിൽ നിന്ന് 10 ആകും. സൗന്ദര്യവർദ്ധക വസ്തുക്കൾ, സാൽമൺ, ചോക്ലേറ്റുകൾ, ബിസ്‌ക്കറ്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള യു.കെ ഉത്പന്നങ്ങളുടെയും തീരുവ കുറയും.
മോദിയും കെയർ സ്റ്റാർമറുമായുള്ള ഉഭയകക്ഷി ചർച്ചയിൽ വ്യാപാരം, പ്രതിരോധം, കാലാവസ്ഥ, നവീകരണം, വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടറുകൾ സാങ്കേതികവിദ്യകളിലെ സഹകരണവും ചർച്ചയാകും. ചാൾസ് മൂന്നാമൻ രാജാവിനെയും മോദി കാണും. തുടർന്ന് മോദി നാളെ മാലദ്വീപിലേക്ക് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |