SignIn
Kerala Kaumudi Online
Saturday, 26 July 2025 4.29 PM IST

നെല്ല് സംഭരണത്തിലെ പതിരുകൾ

Increase Font Size Decrease Font Size Print Page
as

കേരളത്തിലെ കർഷകരിൽ നിന്ന് കേന്ദ്രസർക്കാർ നേരിട്ട് നെല്ല് സംഭരിക്കാൻ നടപടി സ്വീകരിക്കുമെന്ന വാർത്തയുമായി ബന്ധപ്പെട്ട് ഉയർന്നുവരാനിടയുള്ള തെറ്റിദ്ധാരണകൾ ദുരീകരിക്കുകയും വസ്തുതകൾ ജനങ്ങൾ അറിയുകയും ചെയ്യേണ്ടതുണ്ട്. മാദ്ധ്യമവാർത്തകൾ പ്രകാരം എൻ.സി.സി.എഫ് (നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ) മുഖേന പാലക്കാട്, തൃശൂർ ജില്ലകളിലെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിനായി ഫെഡറേഷൻ സമ്മതപത്രം വാങ്ങിയിട്ടുണ്ട്. സപ്ലൈകോ നോഡൽ ഏജൻസിയായി, വർഷങ്ങളായി സംസ്ഥാനത്ത് നടന്നുവരുന്ന നെല്ല് സംഭരണത്തിൽ നിന്ന് വ്യത്യസ്തമായി കച്ചവട താത്പര്യത്തോടെയാണ് എൻ.സി.സി.എഫ് നീങ്ങുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. സപ്ലൈകോ മുഖേനയുള്ള നെല്ല് സംഭരണമാകട്ടെ, കർഷകരെ സഹായിച്ചുകൊണ്ട് പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുവാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ്.

കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയുള്ള വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലും നെല്ല് സംഭരിക്കുന്നത്. അതനുസരിച്ച് കർഷകർക്ക് നൽകേണ്ട താങ്ങുവില നിശ്ചയിക്കുന്നതും നൽകേണ്ടതും കേന്ദ്ര സർക്കാരാണ്. കഴിഞ്ഞ സംഭരണവർഷം വരെ കിലോ ഗ്രാമിന് 23 രൂപയാണ് കേന്ദ്രം നൽകിയ താങ്ങുവില. കേരളത്തിലെ കർഷകരെ സംബന്ധിച്ച് ഇത് അപര്യാപ്തമാണ്. ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങെങ്കിലും താങ്ങുവില നൽകണമെന്നും,​ ഇതിനായി സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾ കൊണ്ടുവരണമെന്നും രാജ്യ വ്യാപകമായി കർഷക സംഘടനകൾ ആവശ്യപ്പെടുന്നു. ഈ നിലപാടിനോടാണ് കേരള സർക്കാരിന് യോജിപ്പ്. വിവിധ സംസ്ഥാനങ്ങളിലെ ഉത്പാദനച്ചെലവിലെ ഘടകങ്ങൾ പരിഗണിച്ച് സംസ്ഥാനാടിസ്ഥാനത്തിൽ വ്യത്യസ്ത താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡമായ എഫ്.എ.ക്യു (ഫെയർ ആവറേജ് ക്വാളിറ്റി) പ്രകാരം കേരളത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് പൂർണമായും സംഭരണ യോഗ്യമല്ല. കർഷകരുടെ കുറ്റമല്ല; മറിച്ച് ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ കാരണങ്ങളുടെ ഫലമാണ് ഇത്. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള ഔട്ട്‌ടേൺ റേഷ്യോ ആയ 68 ശതമാനം കേരളത്തിൽ പ്രായോഗികമല്ലെന്ന നിലപാട് സ്വീകരിച്ചാണ് മില്ലുകാർ കർഷകരിൽ നിന്ന് കിഴിവ് ആവശ്യപ്പെടുന്നത്. ഇതിനെ മറികടന്ന് കർഷകരെ സഹായിക്കുന്നതിനായി ഇത് 64.5 ശതമാനമായി കുറയ്ക്കാൻ അനുവദിക്കണമെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

നിലവിൽത്തന്നെ നെല്ലിന്റേത് കുത്തക സംഭരണമല്ല. പൊതുവിപണിയിൽ നെല്ല് വിൽക്കുന്നതിനോ സ്വകാര്യ കമ്പനികൾക്ക് അത് സംസ്‌കരിച്ച് അരിയാക്കി വിപണനം നടത്തുന്നതിനോ നിയമപരമായ തടസമില്ല. പല സ്വകാര്യ കമ്പനികളും അങ്ങനെ ചെയ്യുന്നുമുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് നെല്ലെടുക്കുകയും,​ അരിയാക്കി കൂടിയ വിലയ്ക്ക് വിറ്റഴിക്കുകയുമാണല്ലോ വിപണിയുടെ സ്വാഭാവിക രീതി. ഇതിന്റെ ഗുണം കർഷകനല്ല. ഇടനിലക്കാരനാണ്. ഈ ദു:സ്ഥിതിയ്ക്ക് അറുതി വരുത്തുന്നതിനാണ് ഒരു അടിസ്ഥാന വില നൽകിക്കൊണ്ട് കർഷകന്റെ ഉത്പന്നം സംഭരിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

സ്വകാര്യ കമ്പനികൾ സംഭരിച്ചാലും എൻ.സി.സി.എഫ് സംഭരിച്ചാലും മാർക്കറ്റിൽ ലാഭമെടുത്ത് വിറ്റഴിക്കാൻ കഴിയുന്ന ഗുണമേന്മയുള്ള നെല്ല് അവർക്കു വേണ്ടുന്ന അളവിലും സൗകര്യത്തിലും മാത്രമേ കർഷകരിൽ നിന്ന് സ്വീകരിക്കുകയുള്ളൂ. അത് സർക്കാർ പദ്ധതിയല്ല. കേരളത്തിൽ കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സപ്ലൈകോ സംഭരിക്കുന്നു. അത് വിപണിയിൽ വിറ്റ് ലാഭമുണ്ടാക്കാനല്ല, റേഷൻകടവഴി ഗുണഭോക്താക്കൾക്ക് സൗജന്യമായോ ന്യായവിലയ്‌ക്കോ നൽകാനാണ്. അതിന്റെ വിൽപന വിലയിൽ നിന്ന് കർഷകർക്ക് കൊടുക്കാനുള്ള സംഭരണവില ഒരിക്കലും ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ സർക്കാർ താങ്ങുവില നൽകേണ്ടിവരുന്നു.

കേന്ദ്ര സർക്കാരിന്റെ താങ്ങുവില അപര്യാപ്തമായതുകൊണ്ടാണ് സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് അതിനോട് ചേർത്തുനല്കുന്നത്. ഒട്ടനവധി പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് കേരളം നെല്ല് സംഭരണപ്രക്രിയ ഓരോ വർഷവും വിജയകരമായി പൂർത്തിയാക്കിവരുന്നത്. ഇവയിൽ മിക്കതും കേന്ദ്രസർക്കാരിന്റെ നിലപാടുകൾമൂലം സൃഷ്ടിക്കപ്പെടുന്നതാണ്. ഈ വസ്തുത മറച്ചുവച്ചും സംസ്ഥാന സർക്കാരിനെ താറടിക്കുന്നതിനുമുള്ള ശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. കർഷകനെന്ന് അവകാശപ്പെടുന്ന ഒരു സിനിമാ നടൻ അസത്യങ്ങളും അർത്ഥസത്യങ്ങളും നിറച്ച് ഒരു പ്രമുഖ മാദ്ധ്യമത്തിൽ ഒരു കുറിപ്പെഴുതുകയുണ്ടായി. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ പകുതിയോളം നെൽകർഷകർ കൃഷി ഉപേക്ഷിച്ചുപോയി എന്ന് അദ്ദേഹം ആരോപിക്കുന്നു.

2023-24, 2024-25 വർഷങ്ങളിൽ നെല്ല് സംഭരണപ്രക്രിയയിൽ പങ്കാളികളായ കർഷകരുടെ എണ്ണം യഥാക്രമം 1,98,755, 2,06,426 എന്നിങ്ങനെയാണ്. 2017-18ൽ 1,40,270 ആയിരുന്നതിൽ നിന്ന് വർദ്ധിച്ചാണ് ഈ പങ്കാളിത്തത്തിലേക്ക് എത്തിയത്. കർഷകരെക്കൊണ്ട് പി.ആർ.എസ് വായ്പ എടുപ്പിക്കുന്നത് അന്യായമാണെന്നാണ് മറ്റൊരു കണ്ടെത്തൽ. സംഭരിച്ച നെല്ല് സംസ്‌കരിച്ച് അരിയാക്കി റേഷൻകടകൾ വഴി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതിനു ശേഷമേ താങ്ങുവിലയുടെ ക്ലെയിം കേന്ദ്രസർക്കാർ സ്വീകരിക്കുകയുള്ളൂ. ആറു മുതൽ എട്ടുമാസം വരെ വരുന്ന ഈ കാലതാമസം ഒഴിവാക്കാനാണ് പി.ആർ.എസ് വായ്പാ പദ്ധതി കൊണ്ടുവന്നത്.

പലിശനിരക്ക് നിശ്ചയിക്കുന്നതിലും കരാർ വ്യവസ്ഥകൾ നിശ്ചയിക്കുന്നതിലും വായ്പയ്ക്കായി സമീപിക്കുന്നവരോടുള്ള സമീപനത്തിന്റെ കാര്യത്തിലുമെല്ലാം ദേശസാൽകൃത ബാങ്കുകളുടെ സമീപനം കർഷകാനുകൂലമല്ലെന്ന് പരക്കെ വിമർശനമുണ്ട്. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാനുള്ള ഒരു സഹായവും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. യഥാസമയം പണം അനുവദിക്കാനോ,​ ന്യായമായി എം.എസ്.പി വർദ്ധിപ്പിക്കാനോ,​ ഒ.ടി.ആറിൽ മാറ്റം വരുത്താനോ തയ്യാറാകാത്ത കേന്ദ്ര സർക്കാർ അതിന്റെ ഒരു ഏജൻസിയെക്കൊണ്ട് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ വളരെ ചെറിയൊരു അംശം മാത്രം വാണിജ്യാവശ്യത്തിനായി സംഭരിക്കുന്നത് വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതിയുടെ ചട്ടക്കൂടിനെ ദുർബലപ്പെടുത്താനേ സഹായിക്കൂ.

TAGS: PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.