തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന് കർഷകർക്ക് കുടിശിക ഇനത്തിൽ 150 കോടി രൂപ കൂടി അനുവദിക്കണമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ ഉപ സമിതി യോഗം ശുപാർശ ചെയ്തു.ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇത് പരിഗണിക്കും.നേരത്തേ 100 കോടി രൂപ അനുവദിച്ചിരുന്നു.
500 കോടിയാണ് നെൽ കർഷകർക്കുള്ള കുടിശിക.
നെല്ല് സംഭരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകണമെന്നതാണ് മറ്റൊരു ശുപാർശ. കേന്ദ്രം സബ്‌സിഡി അനുവദിക്കുന്ന മുറയ്ക്ക് സഹകരണ സംഘങ്ങൾക്ക് പണം തിരികെ നൽകും. സഹകരണ സംഘങ്ങളുടെ പലിശ അടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കാനും അഞ്ചു മന്ത്രിമാർ ഉൾപ്പെട്ട യോഗത്തിൽ ധാരണയായി.
നെല്ല് സംഭരണത്തിനുള്ള സംസ്ഥാന പ്രോത്സാഹന ബോണസായ കിലോയ്ക്ക് 5.20 രൂപ വീതമുള്ള തുക കൃഷിയിറക്കുമ്പോൾ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ നൽകണമെന്ന വി.കെ. ബേബി കമ്മിറ്റി ശുപാർശയും ഉപസമിതി ചർച്ച ചെയ്തു. എന്നാൽ, കൃഷിയിറക്കുമ്പോൾ തന്നെ സംസ്ഥാന വിഹിതം നൽകണമെന്ന ശുപാർശ ഉപസമിതി അംഗീകരിച്ചില്ല. കർഷകർക്കുളള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനാകുമോയെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. നെല്ല് സംഭരണ രീതിയിൽ സമ്പൂർണ അഴിച്ചുപണി നിർദ്ദേശിക്കുന്ന വി.കെ ബേബി കമ്മിറ്റി റിപ്പോർട്ട് തത്ത്വത്തിൽ അംഗീകരിച്ചു.
നെല്ല് സംഭരണത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ധനസഹായവും പിന്തുണയും നേടുന്നതിനുള്ള സാധ്യത പരിശോധിച്ചു റിപ്പോർട്ട് നൽകാൻ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറെ ചുമതലപ്പെടുത്തി. നെല്ലു സംഭരണവുമായി ബന്ധപ്പെട്ടു പരാതി- പരിഹാര നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തും.
റിവോൾവിംഗ്
ഫണ്ട് വേണം
നെൽ കർഷകർക്ക് യഥാസമയം പണം ലഭ്യമാക്കാൻ വിവിധ ഏജൻസികളുടെ റിവോൾവിംഗ് ഫണ്ട് ലഭ്യമാക്കണമെന്നതാണ് ബേബി കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന ശുപാർശകളിലൊന്ന്. നെല്ല് സംഭരണത്തിന് സഹകരണ സംഘങ്ങൾക്ക് പുറമേ കർഷകരുടെ കമ്പനികൾ, അംഗീകൃത സ്വകാര്യ ഏജൻസികൾ, സംസ്ഥാനത്തിന് പുറത്തു നിന്നുള്ള മില്ലുകൾ എന്നിവയെയും സഹകരിപ്പിക്കണം.ഇതിന് തമിഴ്നാട്ടിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സംഭരണ രീതി മാതൃകയാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |