ആലപ്പുഴ: സംസ്ഥാനത്ത് നെൽവില വിതരണം വീണ്ടും മുടങ്ങി. കനറാ,എസ്.ബി.ഐ ബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യത്തിന് സപ്ളൈകോ മുഖാന്തരം സർക്കാർ നൽകാനുള്ള പണം നൽകാത്തതാണ് കാരണം.
ഫെബ്രുവരിയിലാണ് രണ്ടാം വിളയുടെ വിളവെടുപ്പ് ആരംഭിച്ചത്. മേയ് അവസാനത്തോടെ വിളവെടുപ്പ് പൂർത്തിയാകുകയും മുഴുവൻ നെല്ലും സപ്ളൈകോ സംഭരിക്കുകയും ചെയ്തെങ്കിലും പകുതി കർഷകർക്കുപോലും വില ലഭിച്ചിട്ടില്ല.
ഏറ്റവുമൊടുവിൽ കനറാ ബാങ്കിന് 90 കോടി സർക്കാർ അനുവദിച്ചെങ്കിലും ഇതിൽ എട്ടുകോടി പലിശയിനത്തിൽ വരവുവച്ചിരിക്കുകയാണ്. ശേഷിക്കുന്ന 82 കോടിയാണ് വിതരണംചെയ്യാനുള്ളത്. കനറാ ബാങ്കിന് സപ്ളൈകോ കൈമാറിയിട്ടുള്ള പേമെന്റ് ലിസ്റ്റിലെ മുഴുവൻ കർഷകർക്കും വിതരണം ചെയ്യാൻ ഈ തുക മതിയാകില്ല. എസ്.ബി.ഐ നേരത്തെ വിതരണം ചെയ്ത തുക സപ്ളൈകോയെ അറിയിച്ചിട്ടുണ്ട് . പരിശോധിച്ചശേഷമേ പുതിയ തുക എസ്.ബി.ഐക്ക് കൈമാറൂ.
കുട്ടനാട്ടിലുൾപ്പെടെ അടുത്ത കൃഷിയുടെ വിത ആരംഭിച്ചിരിക്കെ കർഷകർ കടുത്ത സാമ്പത്തികപ്രയാസത്തിലാണ്.
സ്വന്തമായി ഭൂമി ഉള്ളവരും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരുമുൾപ്പെടെ ലോണെടുത്തും പലിശയ്ക്ക് കടംവാങ്ങിയുമാണ് കൃഷി ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായ വൃശ്ചിക വേലിയേറ്റവും ഉഷ്ണ തരംഗവും വൻ വിളനഷ്ടത്തിനിടയാക്കിയ സീസണായിരുന്നു കടന്നുപോയത്. കൃഷിനഷ്ടത്തിന് പുറമേ നെല്ലിന്റെ വില കൂടി വൈകുമ്പോൾ കടംവാങ്ങിയ പണത്തിന്റെ പലിശയും പെരുകും.
രണ്ടാം വിളയിൽ സംഭരിച്ചത്
1,644 കോടിയുടെ നെല്ല്
(തുക കോടിയിൽ)
സംഭരിച്ച നെല്ല് .....................5.80 ലക്ഷം ടൺ
നെല്ലിന്റെ വില.......................1,644
കൊടുത്തത്..........................932.19
കൊടുക്കാനുള്ളത് ................712.79
കുട്ടനാട്ടിൽ
കൊടുക്കാനുള്ളത്................. 174.05
പാലക്കാട്
കൊടുക്കാനുള്ളത്................. 263.87
കർഷകർ....................................2,06,877
പുഞ്ചകൃഷിയുടെ പണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ വിതപോലും ആരംഭിക്കാനാകാതെ കർഷകർ ആകെ ദുരിതത്തിലാണ്. നെൽകർഷകരോടുള്ള സർക്കാരുകളുടെ അവഗണനയാണ് ഇതിന് കാരണം. ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും.
-നെൽകർഷക സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |