അസുഖം മാറാൻ നൽകുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ പോലും ഗൂഗിളിൽ തപ്പിയെടുക്കുന്ന കേരളീയ സമൂഹത്തിലാണ് ലഹരി പദാർത്ഥങ്ങളെക്കുറിച്ചും അമിത മദ്യാസക്തിയെക്കുറിച്ചും ബോധവത്കരണ പൂരങ്ങൾ നടത്തുന്നത്! വേണമെങ്കിൽ ഒരു സ്റ്റഡി ക്ലാസ് നൽകാനുള്ള വിവരം പലർക്കുമുണ്ടാകും. എന്നിട്ടും നമ്മൾ ജനപങ്കാളിത്തത്തോടെ ലഹരിക്കെതിരെ കോട്ട ഉണ്ടാക്കും, കൂട്ടയോട്ടം നടത്തും, പ്രതിജ്ഞയെടുക്കും.... ഇതൊക്കെ വേണം. എന്നാൽ ഇതിൽ മാത്രം ഒതുങ്ങരുത്. ലഹരി പദാർത്ഥങ്ങളുടെ അപകടങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടല്ല ലഹരി വ്യാപനം ഇത്രമേൽ വർദ്ധിക്കുന്നത്. അറിവുകൊണ്ടുള്ള ചെറുത്തുനില്പിനെ ദുർബലപ്പെടുത്തും വിധത്തിലുള്ള പ്രലോഭനങ്ങളും പ്രചാരണങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇതൊക്കെ ഇടയ്ക്കൊക്കെ ഉപയോഗിക്കാമെന്നും ഇത് പുതുകാലഘട്ടത്തിലെ 'നോർമൽ ശീലങ്ങളാ"ണെന്നുമുള്ള ചിന്തകൾ കൗമാര, യുവത്വങ്ങൾക്കിടയിൽ പടർത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചങ്ങാതിയുടെ ജന്മദിന പാർട്ടിയുടെ തിമിർപ്പുകൾക്കിടയിൽ ഊർജ്ജം പകരാനായി ആരെങ്കിലും ലഹരിപ്പൊടി വച്ചുനീട്ടിയാൽ ഒന്ന് പരീക്ഷിച്ചേക്കാമെന്ന വിചാരമുള്ളവരോട് കൈ പൊക്കാൻ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത ഒരു ക്ലാസിൽ ആവശ്യപ്പെട്ടു. കൈ പൊക്കാൻ കുട്ടികളുണ്ടായി! 'പാർട്ടിയിലല്ലേ, രസമല്ലേ, ഒരിക്കലല്ലേ..." എന്നൊക്കെയായിരുന്നു വിശദീകരണം. ഇത്തരമൊരു കാഴ്ചപ്പാടിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. വെബ്സീരീസുകളും ചില സിനിമകളുമൊക്കെ ഇത്തരം അപകടകരമായ സന്ദേശങ്ങൾ നൽകുന്നുമുണ്ട്.
സമപ്രായക്കാർ
ഇടപെടണം
കൂട്ടായ്മകളിലെ ഉല്ലാസത്തിനായുള്ള ലഹരി പദാർത്ഥ പ്രയോഗത്തിലെ ആപൽസാദ്ധ്യത തിരിച്ചറിയുന്ന സമപ്രായക്കാരുടെ ഇടപെടലുകളിലൂടെ മാത്രമേ പാർട്ടി സംസ്‌കാരത്തിൽ വിന്യസിക്കപ്പെടുന്ന ലഹരിശീലത്തെ നേരിടാൻ പറ്റൂ. കൗമാര, യുവത്വങ്ങളുടെ പങ്കാളിത്തമുണ്ടെങ്കിലേ ആ പ്രായക്കാരുടെ മനസിലേക്ക് എത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാകൂ. നേരത്തെയുള്ള തിരിച്ചറിയലും പിന്തിരിപ്പിക്കലുമൊക്കെ സമപ്രായക്കാരിലൂടെ നടപ്പിലാക്കാൻ സാധിച്ചേക്കും. ലഹരി പദാർത്ഥങ്ങളിലേക്കു വീഴിക്കുന്ന സമ പ്രായക്കാരുടെ സമ്മർദ്ദത്തെ ലഹരി മുക്തിയെന്ന ഗുണപരമായ ദിശയിൽ ഉപയോഗിക്കാനുള്ള ശ്രമം- സ്വാധീനമുള്ള യുവജന സംഘടനകൾ ഉണ്ടായിട്ടുപോലും അതിനായുള്ള പ്രവർത്തനം അവരുടെ ഇടയിൽപ്പോലും വേണ്ട വിധത്തിൽ ഉണ്ടാവുന്നില്ല.
ലഹരിപദാർത്ഥ വിരുദ്ധ പ്രവർത്തനങ്ങൾ ബോധവത്കരണങ്ങളിലും, ലഭ്യത കുറയ്ക്കുവാനുള്ള റെയ്ഡുകളിലും, ഡി അഡിക്ഷനിലും കേന്ദ്രികരിച്ചാണ് നടക്കുന്നത്. ഇതെത്ര കേട്ടിട്ടുള്ളതാണെന്ന മട്ടിലാണ് പതിവു ശൈലിയിലുള്ള ബോധവത്കരണങ്ങളോടുള്ള പ്രതികരണം. ഓർമ്മയിൽ അപായ സൂചനയുടെ റെഡ് സിഗ്നലായി നിലനിൽക്കാനുള്ള സ്വാധീനം ബോധവത്കരണങ്ങൾക്കുണ്ടോയെന്ന് വിശകലനം ചെയ്യേണ്ടതുന്നുണ്ട്. പുതുസങ്കേതങ്ങൾ തേടേണ്ടി വരും. പഴയ മട്ടിൽ പോയിട്ടു കാര്യമില്ല. എൻ.ഡി.പി.എസ് നിയമങ്ങളുടെ പഴുത് ഉപയോഗിച്ച്, പിടിക്കപ്പെടുന്നവരിൽ പലരും തലയൂരുകയും വീണ്ടും കച്ചവടത്തിന് ഇറങ്ങുകയും ചെയ്യുന്നുവെന്നാണ് ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ സങ്കടം.
ലഹരി ചികിത്സയ്ക്ക്
പ്രോട്ടോക്കോൾ
സാഹസികങ്ങളായ പിടിത്തങ്ങൾക്ക് ഇത്തരം ആന്റി ക്ലൈമാക്സുകൾ ഉണ്ടെന്ന് ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം പരിശോധിച്ചാൽ മനസിലാകും. അവിടെയും തിരുത്തലുകൾ വേണ്ടി വരും. ലഹരി പദാർത്ഥ വിമുക്തിക്കായി നടത്തപ്പെടുന്ന കേന്ദ്രങ്ങൾക്ക് ശാസ്ത്രീയമായ ഓഡിറ്റ് വേണം. അവിടത്തെ ചികിത്സകൾക്ക് പ്രോട്ടോക്കോളും വേണം. ഇതിനൊക്കെയുള്ള കേന്ദ്രീകൃത സംവിധാനമില്ല. കേരളത്തിൽ അഡിക്ഷൻ ചികിത്സയ്ക്കും, ഡീഅഡിക്ഷൻ കേന്ദ്രങ്ങളുടെ ശാസ്ത്രീയ മേൽനോട്ടത്തിനുമായി ഒരു മികച്ച സെന്റർ ഉണ്ടാകണം. മൂന്നോ നാലോ ആഴ്ചകൾ പാർപ്പിച്ച ശേഷം പുറത്തു വരുന്നവരിൽ വീണ്ടും ലഹരി ഉപയോഗത്തിലേക്ക് പോകാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. ഈ പുനർ പതനം എന്തുകൊണ്ടെന്ന് പരിശോധിച്ച് പഴുതുകൾ അടയ്ക്കുന്നതും (Relapse prevention) ചികിത്സയുടെ ഭാഗമാണ്.
അത്തരം പ്രവർത്തനങ്ങൾ പലയിടത്തുമില്ല. അടിമപ്പെട്ടയാൾ ഒരു വർഷമെങ്കിലും ഫോളോഅപ്പിൽ തുടരണം. നിലവിലുള്ള ഡീഅഡിക്ഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ക്ലിനിക്കൽ ഓഡിറ്റിന് വിധേയമാക്കണം. പോരായ്മകൾ പരിഹരിക്കണം. വൈദ്യശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും സാമൂഹിക ശാസ്ത്രത്തിന്റെയും തത്വങ്ങൾ സമന്വയിപ്പിച്ച് ലഹരിപദാർത്ഥ വിരുദ്ധ പ്രവർത്തനങ്ങൾ നവീകരിക്കേണ്ടതുണ്ട്. തദ്ദേശ ഭരണ സംവിധാനങ്ങളുമായുള്ള കൂട്ടായ്മകളിലൂടെ വാർഡുകളിലേക്കു പോലും ഇടപെടലുകൾ എത്തേണ്ടതുണ്ട്.
ഒരു ഓളം പോലെയോ വഴിപാട് പോലെയോ ഈ സങ്കീർണമായ തിന്മയെ നേരിടാൻ കഴിയില്ല. അതിന് സുസ്ഥിരമായ പ്രവർത്തനം വേണം. ഫലപ്രാപ്തിയെക്കുറിച്ച് നിശ്ചിത കാലയളവിൽ പരിശോധന വേണം. ലഭിക്കുന്ന ഉൾക്കാഴ്ചകൾക്ക് അനുസരിച്ച് പരിഷ്‌കരിക്കണം. ഇല്ലെങ്കിൽ കേരളം ലഹരി ഉപയോഗക്കാരുടെ സ്വന്തം നാടായി മാറും. അപായ സൂചനകൾ ധാരാളമുണ്ട്; പേടിക്കുക.
(സീനിയർ സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |