ക്രിക്കറ്റ് ഗ്രൗണ്ടിൽ നിറയുന്ന സിക്സും ഫോറും റൺസും വിക്കറ്റും ക്യാച്ചുമൊക്കെ നമ്മൾ കണ്ടുമറക്കുമ്പോൾ ഒരിക്കലും മറക്കാത്ത ചരിത്രമായി അതിനെ രേഖപ്പെടുത്തുകയാണ് എസ്.എൻ സുധീർ അലി. കളിക്കാരനായി തുടങ്ങി കളിക്കണക്കുകളുടെ കാര്യത്തിൽ അഗ്രഗണ്യനായി മാറിയ, സൗഹൃദ വലയങ്ങളിലെ 'അലി ഭായ്" ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിലെ ഏക ഔദ്യോഗിക സ്റ്റാറ്റിസ്റ്റീഷ്യനാണ്.
അടിമുടി ക്രിക്കറ്റാണ് സുധീർ അലിയുടെ ജീവിതം. ക്ളബ് , കോളേജ് ,യൂണിവേഴ്സിറ്റി, സോണൽ, സ്റ്റേറ്റ് തലങ്ങളിൽ വിക്കറ്റ് കീപ്പർ ബാറ്ററായിരുന്നു. പിന്നീട് സ്കോറിംഗിലേക്കു തിരിഞ്ഞു. പേപ്പറിൽ എഴുതിക്കൂട്ടുന്ന സ്കോർ ബോർഡിൽ തുടങ്ങി ഡിജിറ്റൽ ഡാറ്റാ അനാലിസിസിലേക്കുവരെ എത്തിനിൽക്കുന്ന സ്കോറിംഗിൽ ഗതിവേഗവും കൃത്യതയുംകൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട്, അലിഭായ്. വെബ്സൈറ്റിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ലൈവ് സ്കോർ ബോർഡ് നൽകിയതിന് ചുക്കാൻപിടിച്ചയാൾ. കേരളത്തിന്റെയും ഇന്ത്യയുടെയും ഏത് ക്രിക്കറ്റ് മത്സരങ്ങളുടെയും കളിക്കണക്കുകൾ അലി ഡിജിറ്റൽ രേഖയാക്കി മാറ്റിയത് ക്രിക്ഇ ൻഫോ, ക്രിക്കറ്റ് ആർക്കൈവ്, ഡാറ്റ ഫോർ സ്പോർട്സ്, തുടങ്ങിയ ക്രിക്കറ്റ് വെബ്സൈറ്റുകളിൽ ജോലി ചെയ്തിരുന്നപ്പോഴാണ്.
ഇന്ത്യയിൽ ഒരിക്കലെങ്കിലും ഫസ്റ്റ്ക്ളാസ് മത്സരം കളിച്ചിട്ടുള്ളവരുടെ വിവരങ്ങളും റെക്കാഡുകളും സുധീർ അലിയുടെ വിരൽത്തുമ്പിലുണ്ട്; പതിനായിരത്തിലധികം വരുന്ന അപൂർവ ഫോട്ടോകളും! താൻ ശേഖരിച്ച രേഖകൾ പിൻതലമുറകൾക്കായി' 'കേരള ക്രിക്കറ്റ് : ദ കൾട്ട് ആൻഡ് സാഗ" എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും ആധികാരിക രേഖയും ഇതുതന്നെ. കേരള ക്രിക്കറ്റ് അസോസിയേഷനാണ് പ്രസാധകർ.
ഗ്രൗണ്ടും കണക്കും കമ്പ്യൂട്ടറും മാത്രമായി ഒതുങ്ങിക്കൂടാതിരുന്ന അലിഭായ്, ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹിത്വത്തിലും സജീവമായിരുന്നു.അതിലൊക്കെയുപരി കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമായി മാറിയ സഞ്ജു സാംസൺ എന്ന കളിക്കാരനെ കേരള ക്രിക്കറ്റിലേക്ക് കൈപിടിച്ചെത്തിക്കാനുള്ള നിയോഗം സുധീർ അലിക്കായിരുന്നു. സഞ്ജുവിനെപ്പോലെ നിരവധി കളിക്കാർക്ക് വഴികാട്ടിയായ സുധീർ അലി സ്വന്തം മകൻ ആസിഫ് അലിയേയും ക്രിക്കറ്റിലേക്ക് കൂട്ടി.
കോളേജ് ഗ്രൗണ്ടിലെ
മടൽ ബാറ്റുകൾ
തിരുവനന്തപുരം എം.ജി കോളേജിനടുത്തായിരുന്നു വീട്. അതുകൊണ്ടു മാത്രമാണ് ക്രിക്കറ്റിലേക്ക് വരാനായതെന്ന് സുധീർ അലി പറയുന്നു. രാവിലെയും വൈകിട്ടും കൂട്ടുകാരുമൊത്ത് തെങ്ങിൻ മടൽ വെട്ടി ബാറ്റാക്കി കളിച്ച് തുടക്കം. പ്രീഡിഗ്രിക്ക് പഠിക്കാനെത്തിയപ്പോൾ ക്രിക്കറ്റ് ടീം സെലക്ഷനെത്തി. അന്ന് എം.ജി കോളേജ് ടീമിന്റെ ക്യാപ്ടൻ പിന്നീട് കേരള രഞ്ജി ടീമിന്റെ നായകനും ഇപ്പോൾ അന്താരാഷ്ട്ര അമ്പയറുമായ കെ.എൻ അനന്തപത്മനാഭൻ. ആദ്യവർഷം സെലക്ഷൻ കിട്ടിയില്ല. സുധീർ അലി കോളേജ് ടീമിലേക്ക് എത്തിയപ്പോൾ അനന്തപത്മനാഭൻ ഡിഗ്രി കഴിഞ്ഞിരുന്നു. പിന്നീട് ജേക്കബ്സ് ട്രോഫിയിൽ ഇരുവരും സൗത്ത്സോൺ കേരള ടീമിനുവേണ്ടി ഒരുമിച്ചു കളിച്ചു.
ഡിഗ്രി പഠനകാലം മുഴുവൻ ക്രിക്കറ്റിനു പിന്നാലെയായിരുന്നു. ക്ളാസിൽ കയറാത്തതിന് അന്നത്തെ ഡിപ്പാർട്ട്മെന്റ് ഹെഡ് 'നീ ജീവിതകാലം മുഴുവൻ ഇങ്ങനെ കളിച്ചുനടക്കുകയേയുളളൂ" എന്ന് പരസ്യമായി വഴക്കുപറഞ്ഞിട്ടുണ്ട്. പിന്നീട് കോളേജ് റീയൂണിയനിൽ സാറിനെ ഇക്കാര്യം ഓർമ്മിപ്പിക്കുമ്പോൾ സുധീർ അലി ഇന്ത്യയിലെ ഒന്നാം നമ്പർ ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യനായി മാറിയിരുന്നു. അന്ന് സന്തോഷംകൊണ്ട് ഗുരു നന്ദികേശന്റെയും ശിഷ്യന്റെയും കണ്ണുകൾ നിറഞ്ഞു.
അമ്മാവന്റെ ആദ്യ ബാറ്റ്
ക്രിക്കറ്റ് കളിച്ചുനടക്കുന്നതിനോട് വീട്ടിൽ വലിയ എതിർപ്പുകളൊന്നുമില്ലായിരുന്നെങ്കിലും പിന്തുണച്ചത് അന്ന് ഗൾഫിലായിരുന്ന അമ്മാവൻ അബ്ദുൽ മജീദാണ്. മരുമകന് ആദ്യമായൊരു നല്ല ബാറ്റുവാങ്ങാൻ മജീദ് 500 രൂപ അയച്ചുകൊടുത്തു. ഗൾഫിൽ നിന്ന് വരുമ്പോൾ ട്രാക്ക് പാന്റുകൾ കൊണ്ടുവന്നു. ഇത് കൂട്ടുകാർക്കു കൊടുത്ത് പകരം ഷൂ വാങ്ങി കളിച്ചിരുന്ന കാലം. കളിച്ചുകീറുന്ന ഷൂ തയ്ച്ചുപിടിപ്പിക്കാൻ വലിയ സൂചിയും അന്നത്തെ മിക്ക കളിക്കാരുടെയും കൈയിലുണ്ടായിരുന്നു.
കേശവദാസപുരത്തെ അന്നത്തെ ചെറുപ്പക്കാരുടെ ആവേശമായ കേശവഷെയറിലാണ് ആദ്യം കളി തുടങ്ങിയത്. കോളേജിൽ പഠിക്കുമ്പോൾ പത്രവാർത്ത കണ്ട് ജില്ലാ ടീം സെലക്ഷന് യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ടിൽ പോയി. വി.ആർ രാജനായിരുന്നു സെലക്ഷന്റെ ചുമതല. അദ്ദേഹത്തിനെ കണ്ട് ക്രിക്കറ്റിനോടുള്ള താത്പര്യം പറഞ്ഞു. 'ശരി, നോക്കാം; ഇപ്പോൾ പൊയ്ക്കോളൂ" എന്നായിരുന്നു മറുപടി. നിരാശനായി മടങ്ങി.
അവിടെവച്ച് കണ്ട എ.വി രാജേഷ് എന്ന കളിക്കാരൻ ഫോൺ നമ്പർ ചോദിച്ചു. അയലത്തെ വീട്ടിലെ നമ്പർ നൽകി മടങ്ങി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഒരു ഫോൺ. മറ്റേയറ്റത്ത് വി.ആർ രാജൻ. എസ്.ബി.ഐ ടീമിൽ ഗസ്റ്റായി കളിക്കാൻ വരാൻ നിർദ്ദേശം. രാജേഷിൽ നിന്നാണ് നമ്പർ ലഭിച്ചത്. കേട്ടപാതി സമ്മതംമൂളി. അങ്ങനെ എസ്.ബി.ഐയുടെ കളിക്കാരനായി. തുടർന്ന് സീറോസ് ക്ളബിൽ എത്തിച്ചതും രാജനാണ്. പിന്നീട് ഇന്നുവരെ കരിയറിൽ പിന്തുണയുമായി വി.ആർ രാജൻ ഒപ്പമുണ്ട്.
മൈതാനത്തെ കണക്കുകൾ
ഡിഗ്രി കഴിഞ്ഞ് നിൽക്കുമ്പോൾ ക്രിക്കറ്റ് കളിക്കുന്നതിനെപ്പറ്റിയല്ലാതെ മറ്റൊരു ജോലിയെക്കുറിച്ചും ചിന്തിച്ചില്ല. വി.ആർ രാജനാണ് സ്കോറിംഗ് നോക്കിക്കൂടേ എന്നു ചോദിച്ചത്. അന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്തുണ്ടായിരുന്ന പ്രൊഫ. എ.എസ്. ബാലകൃഷ്ണൻ, കെ. പ്രദീപ്,എ.സി.എം അബ്ദുള്ള, വി.ജി. രഘുനാഥ്, എസ്.കെ. നായർ തുടങ്ങിയവർ നൽകിയ പിന്തുണയും നിർണായകമായി. അങ്ങനെ ബാറ്റും ബാളും മാറ്റിവച്ച് പേനയും പേപ്പറുമെടുത്തു. ഈസി ജോലിയല്ലേ എന്നായിരുന്നു ആദ്യം ചിന്ത. പക്ഷേ കളിക്കാരെക്കാൾ കൂടുതൽ ഏകാഗ്രത സ്കോറർക്കു വേണമെന്ന് പതിയെ മനസിലായി.
ക്രിക്കറ്റ് ഒരു ആവേശമായി മനസിലുള്ളതിനാൽ ഓരോ പന്തും ശ്രദ്ധിച്ച് സ്കോർ ബുക്കുകൾ തയ്യാറാക്കിത്തുടങ്ങി. ബി.സി.സി.ഐയുടെ സ്കോറർ പരീക്ഷ മൂന്നാം റാങ്കോടെ പാസായപ്പോൾ ദേശീയ മത്സരങ്ങളുടെ സ്കോററായി. ഹൈദരാബാദുകാരനായ ബ്ളെസിംഗ്ടൺ തോമസുമായുള്ള പരിചയം ലീനിയർ സ്കോറിംഗ് സിസ്റ്റത്തിൽ മിടുക്കനാക്കി. അലിഭായ് അച്ചടി വൃത്തിയിൽ തയ്യാറാക്കുന്ന സ്കോർ കാർഡുകൾ കളിക്കാരും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും ശ്രദ്ധിച്ചുതുടങ്ങി. സ്കോർകാർഡിന്റെ പരമ്പരാഗത രീതിവിട്ട് ഓരോപന്തും ഏത് ഫീൽഡിംഗ് പൊസിഷനിലൂടെയാണ് ബാറ്റർ നേടുന്നതെന്ന് ഗ്രാഫിക്കൽ രീതിയിൽ മനസിലാക്കാനാവുന്ന കാർഡുകൾ തയ്യാറാക്കിതുടങ്ങി. പേപ്പറിൽ അലി തയ്യാറാക്കിയ ആ കാർഡുകളുടെ ആധുനിക രൂപമാണ് ടി.വി ലൈവിൽ ഇന്ന് കാണുന്ന ഗ്രാഫിക് കാർഡുകൾ.
അലിയുടെ മികവ് കണ്ടറിഞ്ഞാണ് പ്രശസ്ത ക്രിക്കറ്റ് വെബ്സൈറ്റ് ആയ 'ക്രിക്ഇൻഫോ" ജോലി നൽകിയത്. 1999-ൽ ശ്രീലങ്കയിൽ നടന്ന അണ്ടർ 19 ലോകകപ്പ് മത്സരം വെബ്സൈറ്റിൽ ലൈവായി സ്കോർ ബോർഡ് ചെയ്തു നൽകിയപ്പോൾ അതൊരു അത്ഭുതമായിരുന്നു. പഴയകാല മത്സരങ്ങളുടെയൊക്കെ സ്കോർ കാർഡുകൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്തു. പല സ്കോർ കാർഡുകളിലും കണക്കുകൾ ടാലിയാകാതെ വന്നപ്പോൾ ലൈബ്രറികളിൽനിന്ന് അന്നത്തെ പത്രങ്ങളിൽ നൽകിയിരുന്ന സ്കോർ ബോർഡുകൾ പരിശോധിച്ച് വെരിഫൈ ചെയ്യേണ്ടിവന്നു.
ഒരു റൺ എവിടെപ്പോയെന്നു കണ്ടെത്താൻ മണിക്കൂറുകൾ ചെലവിട്ടിട്ടുണ്ട്. ഈ പഠനമാണ് ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യനാക്കി മാറ്റിയത്. സ്കോറിംഗിൽ സ്വയം ഒതുങ്ങാതെ കേരളത്തിൽ എല്ലാ ജില്ളകളിലും സ്കോറർമാർക്ക് പരിശീലനം നൽകുകയും, സ്കോറർ പാനൽ ഉണ്ടാക്കുകയും ചെയ്തു. കേരളത്തിൽ ഇപ്പോഴുള്ള ബി.സി.സി.ഐ സ്കോറർമാർ എല്ലാവരും അലിയുടെ ശിഷ്യന്മാരാണ്.
കുടുംബത്തിന്റെ പിന്തുണ
ക്രിക്കറ്റിനോടുള്ള സുധീർ അലിയുടെ പാഷൻ കണ്ടറിഞ്ഞ് ഒപ്പം നിന്ന ഭാര്യ അയിഷയാണ് കരിയറിൽ ശ്രദ്ധിക്കാൻ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത്. ചെറുപ്പംതൊട്ടേ പിതാവിനൊപ്പം ഗ്രൗണ്ടിൽ പോയിരുന്ന മകൻ ആസിഫ് അലി ക്രിക്കറ്ററായി മാറിയത് സ്വാഭാവികം. മാർ ഇവാനിയോസ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ആസിഫ് മാസ്റ്റേഴ്സ് ക്ളബിലാണ് കളിക്കുന്നത്. കേരളത്തിനായി അണ്ടർ 16, 19, 23 ടീമുകളിലും കേരളാ യൂണിവേഴ്സിറ്റി ടീമിലും നാഷണൽ സ്കൂൾസ് കേരള ടീമിലും കെ.സി.എൽ ആദ്യ സീസണിൽ ആലപ്പി റിപ്പിൾസ് ടീമിലും കളിച്ചു. മകൾ അലീന അലി ബംഗളൂരുവിൽ ഐസീ ബിസിനസ് സ്കൂളിൽ ബി.ബി.എ ഏവിയേഷൻ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.
സഞ്ജുവിനെ ചേർത്തു
പിടിച്ച കൈകൾ
2006- ലാണ് സുധീർ അലിയെത്തേടി ഒരു ഫോൺകാൾ വരുന്നത്. വിഴിഞ്ഞം സ്വദേശിയും ഡൽഹി പൊലീസിൽ ഉദ്യോഗസ്ഥനുമായിരുന്ന സാംസൺ വിശ്വനാഥിന്റേതായിരുന്നു വിളി. തന്റെ രണ്ടു മക്കളും നന്നായി ക്രിക്കറ്റ് കളിക്കുമെന്നും അവർക്ക് കേരളത്തിൽ പരിശീലനം നടത്താനും ജില്ലാതലത്തിൽ കളിക്കാനും സഹായിക്കാമോ എന്നായിരുന്നു ചോദ്യം. നോക്കാമെന്നു പറഞ്ഞ് ഫോൺ വച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സാംസണും ഭാര്യ ലിജിയുടെ സഹോദരൻ ആന്റണിയും രണ്ടു കുട്ടികൾക്കൊപ്പം എത്തിയപ്പോഴാണ് ഫോൺകാളിന്റെ കാര്യം ഓർക്കുന്നത്.
അന്ന്, കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ കണ്ടപ്പോൾത്തന്നെ അവരുടെ കഴിവ് അലിക്ക് മനസിലായി. പിറ്റേന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ അലി ഈ കുട്ടികളെയുംകൊണ്ട് പരിശീലകൻ ബിജു ജോർജിന് അരികിലെത്തി. അവിടെ തുടങ്ങുന്നു, സഞ്ജു സാംസൺ എന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ഉദയം.
ബിജു ജോർജിന്റെ പരിശീലനക്കളരിയിൽ മികവുകാട്ടിയ സഞ്ജുവിനെയും സലിയേയും ഏത് ജില്ലാ ടീമിൽ കളിപ്പിക്കുമെന്നായി പിന്നീടുള്ള ആലോചന. പല ജില്ലാ ഭാരവാഹികളെയും വിളിച്ചുനോക്കി. തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിലെല്ലാം സെലക്ഷൻ കഴിഞ്ഞിരുന്നു.
അങ്ങനെയിരിക്കെ, വയനാട് ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹിയായിരുന്ന നാസിർ മച്ചാന്റെ ഫോൺ വരുന്നു. വയനാട് ആദ്യ കളിയിൽ തോറ്റിരിക്കുകയാണ്. 'അലി അന്നു പറഞ്ഞ പയ്യൻ കൊള്ളാമോ" എന്നു ചോദിച്ചു. അപ്പോൾത്തന്നെ 'അടിപൊളി" യെന്ന് പറഞ്ഞു. 'എന്നാൽ വിട്ടോളൂ" എന്ന് മച്ചാൻ. കോച്ച് ബിജു ജോർജിന്റെ പിന്തുണയോടെ വയനാട് ടീമിലെത്തിയ സലി സാംസൺ ആദ്യ മത്സരത്തിൽ വയനാടിനായി മലപ്പുറത്തിനെതിരെ സെഞ്ച്വറിയും നേടി. ഇളയവൻ സഞ്ജു പിന്നാലെ തിരുവനന്തപുരം ജില്ലാ ടീമിലെത്തി. രഞ്ജി താരം എൻ.നിയാസിന് വഴിതുറന്നും അലിഭായ് തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |