ജീവിതദുഃഖങ്ങളെല്ലാം മറന്ന് സ്‌നേഹത്തിലും സന്തോഷത്തിലും ഐക്യത്തിലും നമ്മുടെയെല്ലാം മനസുകൾ ഒന്നായിത്തീരുന്ന പ്രിയപ്പെട്ട ആഘോഷമാണ് തിരുവോണം. കേരളീയ സംസ്‌ക്കാരത്തിന്റെ മുഖമുദ്രയാണ് ഓണം. മണ്ണിന്റെ മണമുള്ള ഒരു കാർഷകോത്സവം മാത്രമല്ല അത്. ഓണസദ്യ, ഓണപ്പൂക്കളം, ഓണത്തപ്പൻ, ഓണക്കളികൾ, ഓണപ്പാട്ടുകൾ, ഓണക്കോടി, ഓണപ്പരിപാടികൾ, ഓണം ജലമേളകൾ ഇങ്ങനെ ഓണസംസ്‌ക്കാരം പടർന്ന് പന്തലിച്ച് പൂത്തലഞ്ഞു നിൽക്കുന്നു.
ഓണം ഒത്തുചേരലിന്റെയും ഓർമ്മപുതുക്കലിന്റെയും പങ്കുവെയ്ക്കലിന്റെയും കാലമാണ്. ഒപ്പം ശാശ്വത മൂല്യങ്ങളുടെ സന്ദേശവും ഓണം കൊണ്ടുവരുന്നു. മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഈശ്വരനും ഒത്തുചേരുന്ന ഭൗതികമായ സമൃദ്ധിയും ധാർമ്മിക മൂല്യങ്ങളും ഭക്തിയുമെല്ലാം സംഗമിക്കുന്ന ഒരാഘോഷമാണ് ഓണം. ഒരു സുവർണ്ണ ഭൂതകാലത്തിന്റെ ഓർമ്മപുതുക്കലും, വർത്തമാന കാലത്തിലെ ആഹ്ളാദവും ഭാവിയെക്കുറിച്ചുള്ള മോഹനസങ്കല്പവും അതിൽ സമ്മേളിക്കുന്നു. കുടുംബാംഗങ്ങൾ ഒത്തുചേരുകയും യുവാക്കൾ കളികളിൽ മുഴുകുകയും വ്യാപാരമേളകൾ അരങ്ങുതകർക്കുകയും ചെയ്യുന്ന അവസരം. കായലും പാടങ്ങളും, മലകളും നദികളും, പൂക്കളും പക്ഷികളും, സ്ത്രീകളും കുട്ടികളും, യുവാക്കളും വൃദ്ധരും എല്ലാവരും ഒരു പോലെ ഓണത്തിന്റെ ഉത്സവത്തിമർപ്പിൽ പങ്കാളികളാണ്.
മഹാബലിയെയും മഹാവിഷ്ണുവിനെയും മറന്നൊരു ഓണസങ്കല്പം നമുക്കില്ല. സമത്വ സുന്ദരവും ഐശ്വര്യ പൂർണ്ണവുമായ ഒരു നാടിനെക്കുറിച്ചുള്ള സങ്കല്പം മഹാബലിയുടെ ഭരണമാണ് നമുക്ക് സമ്മാനിച്ചത്. ഒരു ജീവിത പ്രതിസന്ധിയെ മഹാബലി തരണം ചെയ്ത കഥയാണ് ഓണത്തിന്റെ ഐതിഹ്യം. എല്ലാ മനുഷ്യരും ജീവിതത്തിൽ ഒരവസരത്തിൽ അല്ലെങ്കിൽ മറ്റൊരവസരത്തിൽ അതിഗംഭീരമായ ഒരു പ്രതിസന്ധിയെ മുഖാമുഖം കാണേണ്ടിവരും. അത് ചിലപ്പോൾ ഏറ്റവും പ്രിയപ്പെട്ടവരുടെ മരണമാകാം, ജീവിതത്തിന്റെ അവലംബമായ സ്വത്തുക്കൾ നഷ്ടപ്പെട്ടു പോകുന്നതാകാം, വലിയൊരു പരാജയമാകാം, വലിയൊരപകടമാകാം, മാരകമായ രോഗം ബാധയാകാം, ഏറ്റവും വിശ്വാസം അർപ്പിച്ചവർ വഞ്ചിച്ചതാകാം, ഏറ്റവും പ്രിയപ്പെട്ടവർ ഉപേക്ഷിച്ചതാകാം, അങ്ങനെ പലതുമാകാം.
അത്തരം ഒരു പ്രതിസന്ധിയെയാണ് മഹാബലിയും നേരിട്ടത്. സ്വന്തം കഴിവിലും ശക്തിയിലും അന്നേവരെ വച്ച് പുലർത്തിയ അഭിമാനം അബന്ധമാണെന്ന് മഹാബലി ഒരു ഘട്ടത്തിൽ തിരിച്ചറിഞ്ഞു. ജീവിതത്തിന്റെ അടിസ്ഥാന സത്യങ്ങളെക്കുറിച്ച് ബോധവാനായി. അത് അദ്ദേഹത്തെ വിനയവും ഭക്തിയും സമർപ്പണവും ഉള്ളവനാക്കി മാറ്റി. വാസ്തവത്തിൽ ഓരോ പ്രതിസന്ധിയും കടന്നുവരുന്നത് നമ്മെ ആന്തരികമായി കൂടുതൽ കരുത്തരാക്കാൻ വേണ്ടിയാണ്. അത് തിരിച്ചറിഞ്ഞാൽ നമുക്ക് ജീവിതത്തോട് എപ്പോഴും നന്ദിയുണ്ടാവും. നമ്മുടെ ഉള്ളിൽ ഇപ്പോൾ വാമനരൂപത്തിലിരിക്കുന്ന ഈശ്വരൻ വളർന്ന് വലുതായി നമ്മളെ അനുഭൂതിയിലാമഗ്നമാക്കണം അതാണ് ആത്യന്തിക ലക്ഷ്യം.
ഓണം സന്തോഷിക്കാനുള്ള അവസരമാണ്. എല്ലാവരും സന്തോഷത്തെയാണ് തേടുന്നത്. നമുക്ക് സന്തോഷം ഉണ്ടാകണമെങ്കിൽ നമ്മുടെ മനസും ചുറ്റുമുള്ള പ്രകൃതിയും ഒരുപോലെ നമുക്ക് അനുകൂലമാവണം. ചുറ്റുമുള്ള പ്രകൃതി നമുക്ക് അനുകൂലമാകാനുള്ള വഴി മറ്റുള്ളവർക്ക് ഉപകാരപ്രദമായ കർമ്മങ്ങൾ ചെയ്യുക എന്നതാണ്. സകല ജീവജാലങ്ങളോടും കാരുണ്യം പുലർത്തുക എന്നതാണ്. അധർമ്മ മാർഗത്തെ വെടിഞ്ഞ് ധർമ്മമാർഗത്തെ പുണരുക എന്നതാണ്. ഓണം അതിനു പ്രചോദനമാകട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |