'അങ്കണവാടിയിൽ ബിർണാണിയും ചിക്കൻ പൊരിച്ചതും" വേണമെന്ന കുഞ്ഞുശങ്കുവിന്റെ ആവശ്യം പരിഗണിച്ച് മുട്ട ബിരിയാണി നൽകാമെന്ന് സർക്കാർ തീരുമാനിച്ചു. കുഞ്ഞുകുട്ടികളുടെ ഭക്ഷണ മെനു പരിഷ്കരിച്ചപ്പോൾ അൽപ്പം മുതിർന്നവരുടെ കാര്യവും പരിഗണിക്കേണ്ടെ? ആഴ്ചയിലൊരു ദിവസം പോഷകങ്ങൾ അടങ്ങിയ അരികൊണ്ട് വെജിറ്റബിൾ ഫ്രൈഡ് റൈസ് തയാറാക്കി നൽകാൻ മന്ത്രി നിർദ്ദേശിച്ചു. വെജിറ്റബിൾ ബിരിയാണി, ലെമൺ റൈസ്, കാരറ്റ്, ചെറുധാന്യ പായസം തുടങ്ങിയവയും പട്ടികയിലുണ്ട്. ആഴ്ചയിലൊരിക്കലുള്ള പാലും മുട്ടയും നൽകുന്നത് തുടരണം. മെനു പരിഷ്കരിച്ചപ്പോൾ കൂനിൻമേൽ കുരുപോലെ പ്രഥമാദ്ധ്യപകർക്ക് കടബാദ്ധ്യത ഇരട്ടിയാവുകയാണ്. പരിഷ്കരിച്ച മെനു പ്രകാരം ഭക്ഷണം പാകം ചെയ്തു നൽകണമെന്ന് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല. ഉടനെ ഇറങ്ങിയേക്കും. സ്കൂൾ തുറന്ന് ഒരു മാസം പൂർത്തിയായി. കുട്ടികളുടെ തലയെടുപ്പും പൂർത്തിയായി. മെനു സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി വരുന്നു. പട്ടിക ഉടനെയെത്തുമെന്നാണ് കരുതുന്നത്.
പരിഷ്കരിച്ച സ്കൂൾ ഉച്ചഭക്ഷണ മെനു കടബാദ്ധ്യത കൂട്ടുമെന്ന് പ്രഥമാദ്ധ്യാപകർക്ക് ഇപ്പോഴുള്ള ആശങ്ക. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച ഉച്ചഭക്ഷണ മെനുവിൽ ബിരിയാണിയും ഫ്രൈഡ് റൈസുമൊക്കെയുണ്ട്. എന്നാൽ, പുതിയ മെനുവിന്റെ ചെലവിനുള്ള സർക്കാർ വിഹിതം വർദ്ധിപ്പിച്ചില്ല. പ്രഥമാദ്ധ്യാപകർ കൈയിൽ നിന്ന് ചെലവാക്കിയാണ് മുൻ വർഷങ്ങളിൽ ഉച്ചഭക്ഷണം മുടങ്ങാതെ കൊണ്ടുപോയത്. മൂന്നും നാലും മാസങ്ങൾ കൂടുമ്പോഴായിരുന്നു സർക്കാർ പണം അനുവദിച്ചിരുന്നത്. സർക്കാർ വിഹിതം വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനാൽ അദ്ധ്യാപക സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചാണ് നാമമാത്രമായ വർദ്ധന നേടിയത്. പ്രൈമറി ക്ളാസുകളിൽ കുട്ടി ഒന്നിന് ആറ് രൂപ പതിനെട്ടു പൈസയായിരുന്നത് അറുപത് പൈസ വർദ്ധിപ്പിച്ച് ആറുരൂപ എഴുപത്തിയെട്ടു പൈസയാക്കി. യു.പി, ഹൈസ്‌കൂൾ ക്ലാസുകളിൽ പത്ത് രൂപ പതിനേഴ് പൈസയുമാണ് ലഭിക്കുന്നത്. മുട്ടയ്ക്ക് ആറു രൂപയും പാൽ ലിറ്ററിന് അൻപത്തിരണ്ട് രൂപയും വച്ച് ആഴ്ചതോറും കണക്കാക്കി നൽകുന്നു. പൊതു വിപണിയിൽ മുട്ടയ്ക്ക് എട്ട് രൂപയും പാൽ ലിറ്ററിന് അറുപത് രൂപയുമാണ്.
അദ്ധ്യാപകരുടെ
കടബാദ്ധ്യതയേറും
ഈ വർഷം മെനു മാറ്റിയത് തങ്ങളെ കൂടുതൽ കടബാദ്ധ്യതയിലേക്ക് തള്ളിവിടുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. പി.ടി.എയുടെയും പൊതുജന പങ്കാളിത്തത്തോടെയും പദ്ധതി നടപ്പാക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.
ഉച്ചഭക്ഷണത്തുകയിൽ അറുപത് ശതമാനം കേന്ദ്ര വിഹിതവും നാൽപ്പത് ശതമാനം സംസ്ഥാനത്തിന്റേതുമാണ്. മെനു പരിഷ്‌കരണത്തിലൂടെ പ്രഥമാദ്ധ്യാപകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നേരത്തെ പ്രധാന അദ്ധ്യാപകർക്ക് അഡ്വാൻസായി നൽകിയിരുന്ന തുക പിന്നീട് ചെലവ് എഴുതി നൽകുമ്പോൾ നൽകിയാൽ മതിയെന്നായി. ഇത് മാസങ്ങൾ കഴിഞ്ഞു ലഭിക്കുന്ന രീതിയിലേക്ക് മാറി. ഫണ്ട് വൈകി ലഭിക്കുന്നതാണ് പ്രഥമാദ്ധ്യാപകരെ കട ബാദ്ധ്യതയിലേക്ക് തള്ളിവിടുന്നത്. കൈയിൽ നിന്ന് ചെലവാക്കിയ തുക തിരിച്ചു നൽകാതിരുന്ന സർക്കാരിനെതിരെ സമരം ചെയ്യേണ്ടി വന്ന ഗതികേടാണ് പ്രഥമാദ്ധ്യാപകർ നേരിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അദ്ധ്യാപകരെ സഹായിക്കാൻ ആരുമില്ലാതായി. ചില സ്കൂളുകളിൽ പി.ടി.എകളുടെ സഹായം ഉണ്ടായിരുന്നതുകൊണ്ട് അദ്ധ്യാപകർ പിടിച്ചുനിന്നു. ഈ വർഷം മുതൽ പുതിയ മെനു നടപ്പാക്കിയാൽ അദ്ധ്യാപകരുടെ സ്ഥിതി എന്തായിരിക്കുമെന്ന് കണ്ടറിയണം.
പാചക തൊഴിലാളികളും
പ്രതിസന്ധിയിൽ
പരിഷ്കരിച്ച മെനു പ്രഥമാദ്ധ്യാപകരെ മാത്രമല്ല ബാധിക്കുന്നത്. പാചക തൊഴിലാളികളെയും പുതിയ പരിഷ്കരണം ബാധിക്കും. വെജിറ്റബിൾ ബിരിയാണിയും ലെമൺ റൈസും ചെറുധാന്യ പായസവും പാചകം ചെയ്യാൻ നിലവിലെ സ്കൂൾ പാചക തൊഴിലാളിക്ക് കഴിയുകയില്ലെന്നാണ് ഈ രംഗത്തെ സംഘടനകൾ പറയുന്നത്. സ്കൂൾ പാചക തൊഴിലാളികളിൽ പലരും അറുപത് വയസ് തികഞ്ഞവും സ്ത്രീകളുമാണ്. പുതിയ മെനു അനുസരിച്ച് പാചകം ചെയ്യാൻ ഇവരിൽ എല്ലാവർക്കും അറിയണമെന്നില്ല. അതിനാൽ പുതിയ ആളുകളെ നിയമിക്കേണ്ടി വരും. ഒരു പാചക തൊഴിലാളിക്ക് അറുനൂറ് രൂപയാണ് പ്രതിഫലമായി നൽകുന്നത്. പുതിയ പാചക തൊഴിലാളികൾ ഈ വേതനത്തിന് ജോലി ചെയ്യാൻ തയ്യാറായേക്കില്ല. ഈ രംഗത്തും വേതന വർദ്ധനവിനായി സമരം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. അഞ്ഞൂറിന് മുകളിൽ കുട്ടികൾ ഉള്ള സ്കൂളിൽ പാചക തൊഴിലാളിക്ക് ഒരു സഹായിയെക്കൂടി നിയമിക്കാമെന്നാണ് വ്യവസ്ഥ. കുറഞ്ഞ വേതനത്തിന് ഇക്കാലത്ത് ആരും ജോലി ചെയ്യുന്നില്ല. നിലവിലെ പാചക തൊഴിലാളികൾക്ക് വേതനം കൃത്യസമയത്ത് ലഭിക്കുന്നില്ല. അവരും സമര രംഗത്തിറങ്ങിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നാണ് ഉച്ചഭക്ഷണത്തിന്റെ ചെലവും പാചക തൊഴിലാളികളുടെ വേതനവും അനുവദിക്കുന്നത്. കുട്ടികൾക്കുള്ള ഭക്ഷണം മുടങ്ങേണ്ടെന്നു കരുതിയാണ് പ്രഥമാദ്ധ്യാപകരും പാചകതൊഴിലാളികളും പദ്ധതിയുമായി സഹകരിക്കുന്നത്.
സ്കൂൾ ഉച്ചഭക്ഷണം മുടക്കം കൂടാതെ നടത്തേണ്ടത് സർക്കാരിന്റെയും സ്കൂൾ അധികൃതരുടെയും ഉത്തരവാദിത്വമാണ്. ഉച്ചഭക്ഷണ ഫണ്ട് കൃത്യമായി അദ്ധ്യാപകർക്ക് ലഭിച്ചെങ്കിൽ മാത്രമേ അതു മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. കയ്യിൽ നിന്ന് കാശ് മുടക്കി എല്ലാ മാസവും ഉച്ചഭക്ഷണ ചെലവ് കൈകാര്യം ചെയ്യാൻ അദ്ധ്യാപകർക്ക് കഴിയില്ല. മുൻ വർഷങ്ങളിൽ അദ്ധ്യാപകർ കാശ് മുടക്കി അതു നടത്തിക്കൊണ്ടു പോയെന്നു കരുതി എല്ലാ വർഷവും അങ്ങനെ പറ്റില്ലെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. സ്കൂൾ പാചക തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും യഥാസമയം പരിഹരിച്ചുപോയില്ലെങ്കിൽ പാചകപ്പുരയിൽ അടുപ്പ് പുകയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |