ഭോപ്പാൽ: അടിച്ചുഫിറ്റായി തുണിയുടുക്കാതെ സ്കൂളിനുമുന്നിൽ കിടന്ന അദ്ധ്യാപകനെ സസ്പെൻഡുചെയ്തു. മദ്ധ്യപ്രദേശിൽ മൗഗഞ്ചിലെ സർക്കാർ യുപി സ്കൂൾ അദ്ധ്യാപകനായ അഞ്ജനി കുമാർ സാകേതിനെയാണ് അധികൃതർ അന്വേഷണത്തിനൊടുവിൽ സസ്പെൻഡുചെയ്തത്. ബോധമില്ലാതെ സ്കൂൾ പരിസരത്ത് കിടക്കുന്ന അഞ്ജനി കുമാറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട ജില്ലാകളക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഈ ആഴ്ച ആദ്യമാണ് അഞ്ജനി കുമാർ ക്ലാസുകൾ നടന്നുകൊണ്ടിരിക്കെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ സ്കൂളിലെത്തിയത്. അല്പം കഴിഞ്ഞതോടെ ഗ്രൗണ്ടിൽ ഒരിടത്ത് ബോധമില്ലാതെ വീഴുകയും ചെയ്തു. ഇതിനിടെ അയാളുടെ ഉടുമുണ്ട് അഴിഞ്ഞുപോയി. അടിവസ്ത്രം മാത്രം ധരിച്ച് ലക്കില്ലാതെ കിടക്കുന്ന ദൃശ്യങ്ങൾ ആരോപകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടു. ഇതാണ് വൈറലായത്.
ഇയാൾ ആദ്യമായല്ല മദ്യപിച്ച് സ്കൂളിലെത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. രക്ഷിതാക്കളും നാട്ടുകാരും പലതവണ താക്കീതുനൽകിയെങ്കിലും ഇയാൾ അതുതുടർന്നു. ഇത്തരത്തിൽ ലക്കില്ലാതെ വരുന്ന ഒരാൾ കുട്ടികളെ എങ്ങനെ നല്ലകാര്യങ്ങൾ പഠിപ്പിക്കുമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. ഇയാളെ പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |