SignIn
Kerala Kaumudi Online
Tuesday, 26 August 2025 8.58 AM IST

ഓണത്തിന് പ്രതീക്ഷയോടെ ടൂറിസം മേഖല

Increase Font Size Decrease Font Size Print Page
kampalathara-dam

പാലക്കാടൻ ഗ്രാമങ്ങളുടെ സൗന്ദര്യവും പാരമ്പര്യവും ആസ്വദിക്കാനും അറിയാനും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളുടെ ഒഴുക്കാണിപ്പോൾ. ഓണം സീസണെ വരവേൽക്കാനായി പാലക്കാട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. പുത്തനുണർവുമായി വിനോദസഞ്ചാര കേന്ദ്രങ്ങൾ കൺതുറക്കുമ്പോൾ ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുക മലമ്പുഴയിലേക്കാവും. ഡാം, റോക്ക് ഗാർഡൻ, സ്നേക്ക് പാർക്ക്, അക്വേറിയം, റോപ്പ് വേ എന്നിവ മലമ്പുഴയിലെ കാഴ്ചകളുടെ പറുദീസയാണ്. ഇതിന് പുറമേ ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, വാടിക ഗാർഡൻ, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളും സജീവമാണ്.

കേരളത്തിന്റെ വൃന്ദാവനമായ മലമ്പുഴയിൽ ഒളിപ്പിച്ചുവച്ച വിസ്മയമാണ് 'സാഡിൽ ഡാം'. വിനോദ സഞ്ചാരികൾക്ക് ഉദ്യാനനഗരിയുടെ ആസ്വാദത്തിനപ്പുറം കാനനഭംഗിയും അണക്കെട്ടിന്റെ തനതായ വശ്യസൗന്ദര്യവും ആസ്വദിക്കാൻ കഴിയുന്നതാണ് ഉദ്യാനത്തിനകത്തെ സാഡിൽ ഡാമും ഗവർണർ സ്ട്രീറ്റും. മലമ്പുഴ അണക്കെട്ടിൽ നിന്നും തുടങ്ങി ഏകദേശം അഞ്ചുകിലോമീറ്ററോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നതാണ് സാഡിൽഡാം. ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ള വലുതും ചെറുതുമായ നിരവധി തുരുത്തുകളും ഉദയാസ്തമയ സൂര്യന്റെ നയന മനോഹര കാഴ്ചകൾക്കപ്പുറം കാട്ടാനകളുടെ വിഹാരകേന്ദ്രമായ കാടിന്റെ ദൃശ്യചാരുതയും ഇപ്പോൾ സാഡിൽഡാമിന്റെ അണക്കെട്ടിൽ നിന്നും സന്ദർശകർക്ക് ആസ്വദിക്കാനാവും.

നിലവിൽ ഗവർണർ സ്ട്രീറ്റ് പരിസ്ഥിതി സൗഹാർദ്ദമേഖലയാണ്. പ്രകൃതിക്ക് കോട്ടം തട്ടാത്ത തരത്തിലുള്ള നിരവധി ശില്പങ്ങളും സന്ദർശകരുടെ ആസ്വാദനത്തിനായി മുളകൊണ്ട് നിർമ്മിച്ചിട്ടുള്ള ഇരിപ്പിടങ്ങളും ഗവർണർ സ്ട്രീറ്റിൽ തയ്യാറാക്കിയിട്ടുണ്ട്. നാല് ഹൈമാസ്റ്റ് വിളക്കുകൾ ഉൾപ്പെടെ ഗവർണർ സ്ട്രീറ്റ് മുതൽ സാഡിൽ ഡാം വരെയുള്ള പ്രദേശം വൈദ്യുതാലങ്കാര വിളക്കുകളാൽ അലങ്കരിച്ചിട്ടുള്ളതിനാൽ സന്ധ്യ മയങ്ങുന്നതോടെ ആസ്വാദനഭംഗിയുമേറും. അണക്കെട്ടെന്നതിലുപരി സാഡിൽഡാം നൂറിലധികം വിവിധയിനം പക്ഷികളുടെയും ദേശാടനക്കിളികളുടെയും സങ്കേതം കൂടിയാണെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ ഛണ്ഡിഗഢിലും മലമ്പുഴയിലും മാത്രമാണ് ശിലാ ഉദ്യാനമുള്ളത്. അറുപതിലെത്തി നിൽക്കുന്ന കേരളത്തിലെ ഉദ്യാന റാണിയുടെ ആസ്വാദക വൃന്ദത്തിനായി നിരവധി പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞു. ഇതിലൂടെ വരുമാന വർദ്ധന മാത്രമല്ല കേരളത്തിന്റെ ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രം കൂടിയായ മലമ്പുഴ കേരളത്തിലെ തന്നെ മികച്ച ടൂറിസം കേന്ദ്രമായി മാറിയിരിക്കുകയാണ്.


വേണം ട്രക്കിംഗ് ട്രാക്കുകൾ

മേഘങ്ങൾ തൊട്ടുരുമ്മി നിൽക്കുന്ന പ്രകൃതിരമണീയമായ മലനിരകളും മൊട്ടക്കുന്നുകളും കാണുന്നവർക്ക് അതിന്റെ ഉച്ചിയിൽ കയറാൻ ആഗ്രഹമുണ്ടാകും. പക്ഷേ, ജില്ലയിൽ ഇത്തരത്തിൽ സാഹസിക ട്രക്കിംഗിനുള്ള അവസരം പരിമിതമാണ്. വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിംഗ് നടത്താൻ കഴിയുന്ന ധോണി, മീൻവല്ലം, അനങ്ങൻ മല എന്നീ മൂന്ന് കേന്ദ്രങ്ങൾ മാത്രമാണ് ജില്ലയിലുള്ളത്. ധോണിയിൽ നാലുകിലോമീറ്ററും മീൻവല്ലത്ത് രണ്ടുകിലോമീറ്ററും ആണ് ട്രക്കിംഗ്. അനങ്ങൻ മലയിൽ മലകയറ്റം മാത്രമാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഗൈഡിന്റെ സഹായത്തോടെ നടത്താനാവുന്നത്. നെല്ലിയാമ്പതിയിലെ മിന്നാംപാറ, പറമ്പിക്കുളം, സൈലന്റ് വാലി എന്നിവിടങ്ങളിൽ ഉൾവനങ്ങളിലേക്ക് വനംവകുപ്പിന്റെ അനുമതിയോടെ ജീപ്പ് സഫാരിയും നടത്തുന്നുണ്ട്.

കാടിന്റെ അഴക് അനുഭവിക്കാൻ പറമ്പിക്കുളം

പച്ചപ്പിന്റെ മേലാപ്പിനുകീഴിൽ കാടിന്റെ ഹൃദയതാളം തൊട്ടറിയിക്കുന്ന കുളിർമയാണ് പറമ്പിക്കുളം. പാലക്കാട് പട്ടണത്തിൽനിന്നും 76 കിലോമീറ്റർ ദൂരെ തമിഴ്നാട് അതിർത്തിയോടുചേർന്ന പശ്ചിമഘട്ട മലനിരകളുടെ ഈ മടിത്തട്ടിന് 285 ചതുരശ്ര കി.മീ. ആണ് വിസ്തൃതി. കടുവ സങ്കേതംകൂടി ഉൾപ്പെടുന്ന ഇവിടം അപൂർവമായ വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ്.

തമിഴ്നാട്ടിലെ ആനമല കടുവസങ്കേതവുമായി അതിർത്തിപങ്കിടുന്ന വനമേഖലയുടെ എല്ലാഭാഗത്തും യാത്രയ്ക്കിടെ വന്യമൃഗങ്ങളുടെ നിറസാന്നിദ്ധ്യമുണ്ട്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെയുള്ളതാണ് വനംവകുപ്പിന്റെ പരിപാലനരീതി. 2013ൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫൗണ്ടേഷനാണ് മേൽനോട്ടച്ചുമതല. ദിനംപ്രതി ആയിരം സഞ്ചാരികൾവരെ പറമ്പിക്കുളത്തേക്ക് എത്തുന്നുണ്ടെന്ന് പറമ്പിക്കുളം കടുവസങ്കേതത്തിന്റെ ചുമതലവഹിക്കുന്ന വനം ഡെപ്യൂട്ടി ഡയറക്ടർ അജയ്‌ഘോഷ് പറയുന്നു.

കന്നിമാര തേക്കും വുഡ് ഹൗസും

തൂണക്കടവിൽ വനത്തിനകത്ത് നിർമിച്ചിട്ടുള്ള വുഡ് ഹൗസിലെ താമസത്തിനടക്കം മുൻകൂട്ടി ബുക്കുചെയ്യാവുന്നതാണ്. ഏകദേശം 360 വർഷത്തോളം പഴക്കമുള്ള 'കന്നിമാര' തേക്കാണ് മറ്റൊരു പ്രധാന കാഴ്ച. 6.57 മീറ്റർ വണ്ണവും 48.5 മീറ്റർ നീളവുമുണ്ട് ഈ തേക്കിന്. ജലസംഭരണിയിലെ ചങ്ങാടയാത്രയ്ക്കും അവസരമുണ്ട്. വനംവകുപ്പിന്റെ തൂണക്കടവ്, ആനപ്പാടി എന്നിവിടങ്ങളിലെ റസ്റ്റ്ഹൗസുകളിലും താമസസൗകര്യം ലഭ്യമാവും.

ട്രക്കിംഗിന് പാക്കേജുകളും

സന്ദർശനത്തിനെത്തുന്നവർക്ക് ആവശ്യാനുസരണം വ്യത്യസ്ത പാക്കേജുകളൊരുക്കിയാണ് വിനോദസഞ്ചാരം. രാവിലെ ഒൻപതുമുതൽ അഞ്ചുവരെയാണ് ട്രക്കിംഗ് സമയം. 45 കിലോമീറ്റർ ജംഗിൾ സഫാരിക്ക് 400 രൂപയാണ് നിരക്ക്. ട്രക്കിംഗും പക്ഷി നീരീക്ഷണവും ജങ്കിൾ സഫാരിയും അടങ്ങുന്ന ഇക്കോ ടൂറിസം പാക്കേജിൽ 10പേരടങ്ങുന്ന ടീമിന് 9,700 രൂപയാണ് നിരക്ക്. അഞ്ചുപേരടങ്ങുന്ന ടീമിനായി എലിഫന്റ് സോംഗ് ട്രക്കിംഗ് (1,500 രൂപ), ബിയർപാത്ത് ട്രക്കിംഗ് (1,500 രൂപ), കടുവ പഗ്മാർക്ക് ട്രക്കിംഗ് (3,600 രൂപ) എന്നീ പാക്കേജുകളുമുണ്ട്. അണക്കെട്ടിലൂടെ അരമണിക്കൂർ ദൈർഘ്യമുള്ള മുളച്ചങ്ങാട യാത്രയ്ക്ക് അഞ്ചുപേർക്ക് 500 രൂപയാണ് നിരക്ക്.

രാത്രി താമസംകൂടി ഉൾപ്പെടുന്ന ഇക്കോടൂറിസം പാക്കേജുകളിൽ പെരുവാരി ദ്വീപ് നെസ്റ്റ് (അഞ്ചുപേർക്ക് 6,900 രൂപ), വീട്ടിക്കുന്ന് ഐലൻഡ് (അഞ്ചുപേർക്ക് 9,900 രൂപ), ടെന്റഡ് നിച്ചി (രണ്ടുപേർക്ക് 6,900 രൂപ), ടിംബർ നൂക്ക് (രണ്ടുപേർക്ക് 14,900 രൂപ), ഹണി കോമ്പ് (രണ്ടുപേർക്ക് 5,900 രൂപ), ബജറ്റ് പാക്കേജായ ടെന്റഡ് റൂസ്റ്റ് (രണ്ടുപേർക്ക് 2,000 രൂപ) എന്നിവയും ഒരുക്കിയിട്ടുണ്ട്.

മലമ്പുഴയിൽ 75.87 കോടിയുടെ പദ്ധതി

വിനോദസഞ്ചാര ഭൂപടത്തിൽ മലമ്പുഴയ്ക്ക് ഇനി പുതിയ മുഖം. മൈസൂർ വൃന്ദാവൻ ഗാർഡന്റെ മാതൃകയിൽ മലമ്പുഴ ഉദ്യാനവും പരിസരവും നവീകരിക്കുന്നതിനുള്ള 75.87 കോടിയുടെ ബൃഹദ് പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മലമ്പുഴയെ പ്രധാന ടൂറിസം കേന്ദ്രമായി ഉയർത്താനുള്ള പ്രവൃത്തികൾ നടത്തുന്നത്. ജലസേചന വകുപ്പിന്റെ സഹകരണത്തോടെയാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇരു വകുപ്പുകളും ധാരണയിലെത്തുകയും കരാറിൽ ഏർപ്പെടുകയും ചെയ്തതോടെ പ്രവൃത്തികൾക്ക് ഔദ്യോഗികമായി തുടക്കമായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസംഘമാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്.
മലമ്പുഴയുടെ പ്രകൃതിഭംഗിക്ക് കോട്ടം തട്ടാതെ, സന്ദർശകർക്ക് കൂടുതൽ ആധുനികവും ആകർഷകവുമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതിയ തീം പാർക്കുകൾ, മറ്റ് വിനോദകേന്ദ്രങ്ങൾ എന്നിവയും സ്ഥാപിക്കും. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ അനുഭവം നൽകും. കൂടാതെ ഓർക്കിഡ് പുഷ്പങ്ങൾക്കായി പ്രത്യേക ഓർക്കിഡ് പാർക്ക് ഒരുങ്ങും.
നിലവിലുള്ള ഉദ്യാനത്തിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട്, പൂന്തോട്ടത്തിന് നടുവിലൂടെ വിശാലമായ നടപ്പാതകളും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും സ്ഥാപിക്കും. പ്രാദേശിക കാർഷിക പൈതൃകത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു പ്രത്യേക മാമ്പഴത്തോട്ടം ഒരുക്കും. അതോടൊപ്പം, പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള വേദികളും നിർമ്മിക്കും. ഭിന്നശേഷിക്കാർക്ക് ഉദ്യാനത്തിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേക വഴികളും റാമ്പുകളും നിർമ്മിക്കും. പരിസ്ഥിതി സൗഹൃദപരമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട്, മലമ്പുഴയെ കൂടുതൽ വൃത്തിയുള്ളതും സുസ്ഥിരവുമായ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും. അടുത്തവർഷം മാർച്ച് 31ന് മുമ്പ് പദ്ധതി പൂർത്തീകരിക്കും.

TAGS: PALAKKAD, TURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.