
ലോകനിലവാരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാത 66 ലെ ആറു വരിപ്പാതയിലൂടെ സുഖകരമായ യാത്രാനുഭവം സ്വപ്നം കണ്ടത് ഭീതി സ്വപ്നമായി മാറുമോ എന്ന ആശങ്ക ഉയരുന്നു. കൊല്ലം കൊട്ടിയത്തിനു സമീപം മൈലക്കാട് 9.4 മീറ്റർ ഉയരത്തിൽ നിർമ്മാണം നടന്ന പാതയുടെ ഒരുഭാഗം കഴിഞ്ഞ ദിവസം തകർന്നത് ദേശീയപാത നിർമ്മാണത്തിനിടെ സംഭവിച്ച അപകട പരമ്പരയിലെ അവസാനത്തേതാണ്. കരാറുകാരുടെ പിഴവാണ് റോഡ് തകരാൻ കാരണമെന്ന് ദേശീയപാത അതോറിറ്റി കുറ്റസമ്മതം നടത്തിയെങ്കിലും സമാനമായ അപകടങ്ങൾ ഇനിയും ആവർത്തിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ല. കരാർ ഏറ്റെടുത്ത കമ്പനിയെയും കൺസൾട്ടൻസിയെയും ഒരുമാസത്തേക്ക് കരാറുകളിൽ നിന്ന് വിലക്കുന്ന നടപടി മാത്രമാണുണ്ടായത്. കഴിഞ്ഞ മേയ് 19 ന് മലപ്പുറം ജില്ലയിലെ കൂരിയാടുണ്ടായ അപകടത്തിന് സമാനമായതാണ് കൊട്ടിയം മൈലക്കാട് ഡിസംബർ 5 നുണ്ടായത്. കൂരിയാടും വയലിന് കുറുകെ മണ്ണിട്ടുയർത്തി നിർമ്മിച്ച പാത തകർന്നതിനെ തുടർന്ന് വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. മൈലക്കാടും വയൽ പ്രദേശത്തെ മണ്ണിന്റെ ഘടനയെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്താതെ 9.4 മീറ്റർ ഉയരത്തിൽ മണ്ണിട്ടുയർത്തിയപ്പോൾ അമിതമായ ഭാരം താങ്ങാനാകാതെ അടിത്തറ തകർന്ന് താഴേക്ക് ഇരുത്തുകയായിരുന്നു. സമാനമായ അപകടം കൂരിയാടുണ്ടായപ്പോൾ ദേശീയപാത അതോറിറ്റി നിയോഗിച്ച നാലംഗ വിദഗ്ധ സംഘം ദേശീയപാത നിർമ്മാണം നടക്കുന്ന മറ്റിടങ്ങളിലും പരിശോധന നടത്തിയിരുന്നു. അന്ന് സംഘം മൈലക്കാടും പരിശോധന നടത്തി അപകട സൂചന നൽകിയിരുന്നെങ്കിലും നിർമ്മാണ കമ്പനി അതവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മൈലക്കാട് നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ ആറുവരിപ്പാതയിൽ മണ്ണിടിഞ്ഞു താഴ്ന്ന് വൻ ഗർത്തം രൂപപ്പെട്ടതിന്റെ സമ്മർദ്ദത്തിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവീസ് റോഡ് പപ്പടം പോലെ പൊടിഞ്ഞ് തകരുകയായിരുന്നു. 36 കുട്ടികൾ കയറിയ സ്കൂൾബസും മൂന്ന് കാറുകളും വിള്ളലിൽ കുടുങ്ങിയെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് ആർക്കും അപകടം പറ്റാതിരുന്നത്. 30 അടിയോളം ഉയരത്തിൽ നിർമ്മിച്ച പാത 100 മീറ്ററോളം നീളത്തിൽ തകർന്നു. സർവീസ് റോഡിനു പുറമെ തൊട്ടടുത്ത പുരയിടങ്ങളും വിണ്ടു കീറി. റോഡ് തകർന്നതോടെ കൊല്ലം -തിരുവനന്തപുരം റൂട്ടിലെ വാഹനഗതാഗതം മൂന്ന് ദിവസത്തോളം തടസ്സപ്പെട്ടതും ജനങ്ങളെ വലച്ചു. കൊല്ലത്തുനിന്ന് ആറ്റിങ്ങൽ, തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങി പോകേണ്ടി വന്നു.
മണ്ണ് പരിശോധനയിൽ വ്യക്തമാകും
വയൽ, ചതുപ്പ്, തോടുകൾ എന്നിവയുള്ള പ്രദേശങ്ങളിൽ റോഡ് നിർമ്മാണത്തിനു മുമ്പായി മണ്ണിന്റെ ശാസ്ത്രീയ പരിശോധന നടത്താറുണ്ട്. ഇത്തരം പ്രദേശങ്ങളിൽ ചെളിയുടെ തോത് ഉയർന്നാൽ ഉയരത്തിൽ മണ്ണിട്ടുയർത്തി റോഡ് നിർമ്മിക്കുന്നത് അപകടത്തിലേക്ക് നയിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതനുസരിച്ചുള്ള റോഡ് നിർമ്മാണത്തിനാകും കൺസൾട്ടൻസി കമ്പനികൾ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുക. മൈലക്കാടും മണ്ണ് പരിശോധന യഥാവിധി നടത്തിയിട്ടുണ്ടോ എന്ന സംശയമാണിപ്പോൾ ഉയരുന്നത്. അപകടം ഉണ്ടായ സാഹചര്യത്തിൽ ഉയരത്തിൽ മണ്ണിട്ട് റോഡ് നിർമ്മിക്കാതെ കോൺക്രീറ്റ് തൂണുകളിൽ നിർമ്മിക്കുന്ന ഉയരപ്പാത (വയഡക്ട്) കൊട്ടിയം മൈലക്കാടും നിർമ്മിക്കാനുള്ള സാദ്ധ്യതയേറി. മലപ്പുറം കൂരിയാടും ഇത്തരത്തിൽ റോഡ് തകർന്ന ശേഷമാണ് തൂണുകളിൽ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. മൈലക്കാട് ഭാഗത്ത് ഇത്തരത്തിൽ റോഡ് നിർമ്മിക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. മണ്ണിട്ടുയർത്തി നിർമ്മിക്കുന്ന റോഡിനെക്കാൾ അഞ്ചോ ആറോ ഇരട്ടി ചിലവേറും തൂണുകളിൽ പാത നിർമ്മിക്കാൻ. അമിതചിലവ് ലാഭിക്കാനാണ് കരാറുകാർ മണ്ണിട്ടുയർത്തി റോഡ് നിർമ്മിക്കുന്നത്. മലപ്പുറം കൂരിയാട് വയഡക്ട് മേൽപ്പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയാകാൻ നാലുമാസമെങ്കിലും വേണ്ടിവരും.
ഭൂപ്രകൃതിയും കാലാവസ്ഥയും പ്രതികൂലമാകുമോ ?
കേരളത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവയ്ക്ക് അനുസൃതമായ നിർമ്മാണ രീതിയല്ല സ്വീകരിച്ചതെന്നും ഇതുസംബന്ധിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടില്ലെന്നുമുള്ള ആക്ഷേപമാണിപ്പോൾ ഉയരുന്നത്. കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത വൻ ദുരന്തം ക്ഷണിച്ചുവരുത്താനുള്ള സാദ്ധ്യതയുണ്ടെന്ന് കൂരിയാട് അപകടത്തിനു പിന്നാലെ ദേശീയപാത അതോറിറ്റി നിയമിച്ച നാലംഗ വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയും ഭൂപ്രകൃതിയും മനസിലാക്കാതെ തയ്യാറാക്കിയ രൂപരേഖ പ്രകാരം നടക്കുന്ന നിർമ്മാണ ഫലമായി ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, റോഡ് ഒലിച്ചുപോകൽ ഉൾപ്പെടെ നാശനഷ്ടങ്ങൾ ഉണ്ടാകാമെന്നും സമിതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സമിതി കഴിഞ്ഞ ആഗസ്റ്റ് ആദ്യവാരം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അതനുസരിച്ച് നിർമ്മാണ രീതിയിൽ മാറ്റം വരുത്താൻ അധികൃതർ തയ്യാറായില്ലെന്നതിന്റെ ദുരന്തമാണ് കൊട്ടിയം മൈലക്കാടുണ്ടായത്.
റോഡ് തകർന്നപ്പോൾ കയ്യൊഴിഞ്ഞ് സംസ്ഥാനം
ദേശീയപാത 66 വികസനം കേരളത്തിന്റെ അഭിമാന പദ്ധതിയെന്നും സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും അടിയ്ക്കടി പറഞ്ഞുകൊണ്ടിരുന്ന സംസ്ഥാന സർക്കാർ റോഡ് തകർന്നതോടെ നിലപാടിൽ നിന്ന് യു ടേണടിച്ചു. കേന്ദ്ര പദ്ധതിയായ റോഡ് തകർന്നതിന്റെ പൂർണ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്ക് മാത്രമെന്ന് പറഞ്ഞാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മറ്റു മന്ത്രിമാരും കൈകഴുകിയത്. മലപ്പുറം കൂരിയാട് റോഡ് തകർന്ന ശേഷം റോഡ് നിർമ്മാണ പുരോഗതി സംബന്ധിച്ച് എല്ലാമാസവും റിവ്യു മീറ്റിംഗ് നടത്തുന്നുണ്ടെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് അടുത്തിടെ പറഞ്ഞിരുന്നത്. വിവിധ വകുപ്പുകൾ ഏകീകരിച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് അവലോകനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിൽ ഏറെ മുന്നിലുള്ളതാണ് ദേശീയപാത 66, ആറു വരിപ്പാത നിർമ്മാണം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണ വിഷയവും ഇതായിരുന്നു. കേന്ദ്ര പദ്ധതിയാണെങ്കിലും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും അടിയ്ക്കടി ദേശീയപാത നിർമ്മാണം നടക്കുന്നിടത്ത് പോയി സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമായിരുന്നു. അങ്ങനെയുള്ള റോഡ് മലപ്പുറം അടക്കമുള്ള വടക്കൻ ജില്ലകളിൽ പലയിടത്തും തകർന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ദേശീയപാത നിർമ്മാണത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനും ദേശീയപാത അതോറിറ്റിക്കും ആണെന്നാണ്. കന്യാകുമാരി മുതൽ മുംബയ് പൻവേൽ വരെ നീളുന്ന പാത കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല കാരോട് വരെയുള്ള 644 കിലോമീറ്രർ ദൂരമാണ് കേരളത്തിലൂടെ കടന്നു പോകുന്നത് . ഈ 644 കിലോമീറ്റർ 22 റീച്ചുകളാക്കി വിഭജിച്ചാണ് വിവിധ നിർമ്മാണ കമ്പനികൾക്ക് നൽകി വികസനം നടപ്പാക്കുന്നത്. 2026 മേയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി നിർമ്മാണം പൂർത്തിയാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടാൻ ഇടതുമുന്നണി ലക്ഷ്യമിടുന്നതും ഈ പദ്ധതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |