അനുഭവയോഗം എന്നത് ഒരു വല്ലാത്ത സംഗതിയാണ്. സർവവിധ ഭാഗ്യവും അടുത്തുവന്നിട്ട് വഴിമാറിപ്പോയാൽ അനുഭവയോഗം ഇല്ലെന്നല്ലാതെ എന്തുപറയാൻ! പരദേവതകളെ വേണ്ടവിധം 'മൈൻഡ്" ചെയ്യാതെ എത്രവലിയ സത്കർമം നടത്തിയാലും അനുഭവയോഗം ലഭിക്കില്ലെന്നാണ് ജ്യോതിഷമേഖലയുമായി ബന്ധമുള്ളവരുടെ വിദഗ്ദ്ധാഭിപ്രായം. മാത്രമല്ല, ദൃഷ്ടിദോഷം, കണ്ണേറ്, അസൂയ, പ്രാക്ക് തുടങ്ങിയവയും അനുഭവയോഗത്തെ തടയുമത്രെ.
പാവം പയ്യൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യം ഓർത്തപ്പോഴാണ് ഇക്കാര്യങ്ങൾ ചിന്തയിലേക്ക് വന്നത്. ഇത്തിരി തന്ത്ര, കുതന്ത്രങ്ങളിലൂടെയാണെങ്കിലും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി കിട്ടി, തൊട്ടുപിന്നാലെ പാലക്കാട് അസംബ്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം കിട്ടി, ഇടതുപക്ഷത്തിന്റെ ബുദ്ധിമോശം കൊണ്ടോ, ബി.ജെ.പിയിലെ തൊഴുത്തിൽ കുത്തുകൊണ്ടോ, അതോ അപ്പോഴത്തെ രാഹുലിന്റെ നക്ഷത്രബലം കൊണ്ടോ നല്ല നിലയിൽ ജയിച്ച് എം.എൽ.എയുമായി. പറഞ്ഞിട്ടെന്താ കഥ. ഒന്നും അനുഭവിക്കാൻ യോഗമില്ലാതെ പോയി. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കും പോലെ പ്രസിഡന്റ് ആക്കിയവർ തന്നെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ പദവിയിൽ നിന്ന് രാജിവയ്പ്പിച്ചു. കാറിന്റെ മുന്നിൽ ബോർഡ് വയ്ക്കാമെന്നല്ലാതെ എം.എൽ.എ എന്ന പേരും പറഞ്ഞ് നിയമസഭയിലേക്ക് പോയിട്ട് ഒരു കാര്യവുമില്ലാതായി. പാലക്കാട് മണ്ഡലത്തിലേക്ക് ചെന്നാൽ മുട്ടുതല്ലിയൊടിക്കുമെന്ന മട്ടിലാണ് എസ്.എഫ്.ഐക്കാരുടെ നിലപാട്. ചെറുപ്രായത്തിലേ മുട്ടു മാറ്റിവയ്ക്കുന്നതിനേക്കാൾ പാലക്കാട് യാത്ര ഒഴിവാക്കുന്നത് ബുദ്ധിയെന്ന് കരുതി വീട്ടിലിരിക്കുകയാണ് രാഹുൽ.
ചാനൽചർച്ചകളിലെ വാക് ചാതുരി കണ്ട് ദൃഷ്ടിദോഷം പിണഞ്ഞതാണോ, അതിശയപ്പെടുത്തുംവിധം സ്ഥാനമാനങ്ങൾ കണ്ട് സഹപ്രവർത്തകരുടെ കണ്ണേറ് പറ്റിയതാണോ, പാലക്കാട്ടെ ബി.ജെ.പിക്കാരുടെ അസൂയയാണോ, അതോ ഗോവിന്ദൻ മാഷിന്റെ പാർട്ടിക്കാർ തലയിൽ കൈവച്ച് പ്രാകിയതാണോ... അനുഭവയോഗം എങ്ങനെ നഷ്ടമായെന്നതാണ് ചിന്തിക്കേണ്ട വിഷയം. 'രണ്ട് നാളു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും"... എന്നാണല്ലോ മഹത്തായ വരികൾ.
കെ.എസ്.യുവിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യധാരയിലേക്ക് എത്തുന്നത്, രണ്ട് പതിറ്റാണ്ട് മുമ്പ്. അസാധാരണ വേഗത്തിലായിരുന്നു പിന്നീടുള്ള പടികയറ്രം. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് എത്തപ്പെടാൻ സ്വീകരിച്ച തന്ത്രങ്ങൾ ചില അപവാദങ്ങളിലേക്ക് വലിച്ചിട്ടെങ്കിലും രാഷ്ട്രീയ ഡിബേറ്റുകളിൽ വാഗ് വിലാസം കൊണ്ട് എതിരാളികളെ മലർത്തിയടിച്ച് അപവാദക്കറകൾ മായ്ച്ച് ഏവരുടെയും കണ്ണിലുണ്ണിയായി. ഉണ്ണിയുടെ ലീലാവിലാസങ്ങൾ പിന്നീടല്ലേ ലോകം കണ്ടറിഞ്ഞത്.
പത്തനംതിട്ട അടൂർ സ്വദേശിയായ രാഹുൽ, 2006 ലാണ് കെ.എസ്.യുവിൽ പ്രാഥമികാംഗത്വം നേടുന്നത്. മണ്ഡലം, നിയോജക മണ്ഡലം ഭാരവാഹിത്വങ്ങൾ കടന്ന് 2011ൽ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. പത്തനംതിട്ട കാതോലിക്കേറ്ര് കോളേജിൽ നിന്ന് ബിരുദം കഴിഞ്ഞ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദാനന്തര ബിരുദത്തിന് എത്തിയതോടെ എൻ.എസ്.യു ദേശീയ സെക്രട്ടറി പദത്തിലുമെത്തി. 2020ൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.പി.സി.സി അംഗവുമായി. തുടക്കം മുതൽ കോൺഗ്രസിലെ എ വിഭാഗത്തോട് ചേർന്നു നിൽക്കുക വഴി, അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ ഗുഡ്ബുക്കിൽ ഇടം നേടാനും കഴിഞ്ഞു. പെട്ടിതാങ്ങി, കോളിനോസ് ഇങ്ങനെയൊക്കെയുള്ള വിശേഷണങ്ങൾ രാഹുലിന്റെ അസാന്നിദ്ധ്യത്തിൽ പറഞ്ഞവർ തന്നെ കൺമുന്നിലെത്തുമ്പോൾ ചക്കരേ, പൊന്നേ എന്ന് വിളിച്ച് സന്തോഷിപ്പിക്കുന്നതും പതിവായി.
ഷാഫി പറമ്പിൽ എ വിഭാഗത്തിലെ യുവശക്തിയുടെ വ്യക്താവായി മാറിയപ്പോൾ, നിഴലായി രാഹുലും കൂടി. അതിന് മുമ്പ് കൈവച്ചു നടന്ന ചില ചുമലുകൾ അദ്ദേഹത്തിന് അപരിചിതമായത് സ്വാഭാവികം. ഷാഫി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി ഒഴിഞ്ഞപ്പോൾ 2023ൽ തിരഞ്ഞെടുപ്പിലൂടെയാണ് രാഹുൽ പ്രസിഡന്റാവുന്നത്. തിരിച്ചറിയൽ കാർഡിൽ കൃത്രിമം കാട്ടിയെന്നതടക്കമുള്ള ആക്ഷേപങ്ങൾ കത്തിക്കയറിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. കെ.എസ്.യുവിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരിക്കുന്ന വ്യക്തി പിന്നീട് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് വരികയെന്ന മാമൂൽ സൗകര്യപൂർവം മറികടക്കുമ്പോൾ ചിലരുടെ കണ്ണീർതുള്ളികളും വീണിരുന്നുവെന്നത് രാഷ്ട്രീയത്തിലെ പതിവ് കാര്യം. ഒന്നു ചീഞ്ഞെങ്കിലല്ലെ മറ്റൊന്നിന് വളമാവൂ എന്ന ചൊല്ല് പ്രസക്തം.
ചാനൽ ചർച്ചകളാണ് രാഹുൽമാങ്കൂട്ടത്തിൽ എന്ന യുവനേതാവിന്റെ സ്വാധീനം യുവജന ഹൃദയങ്ങളിലേക്ക് പടർത്തിയത്. യുക്തിഭദ്രമായും ചടുലതയോടെയും അതേസമയം വിനയാന്വിതനായും എതിരാളികളുടെ ആക്ഷേപശരങ്ങളെ അതേ വേഗത്തിൽ മടക്കിയ ഇയാൾ കോൺഗ്രസ് യുവത്വത്തിന്റെ പ്രതീകമായി. ലോക്സഭയിലേക്ക് ഷാഫി പറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, പാലക്കാട് മണ്ഡലത്തിൽ വീണ്ടും അദ്ദേഹത്തിന്റെ പകരക്കാരൻ വേഷം പകർന്നാടാൻ രാഹുൽ നിയോഗിക്കപ്പെട്ടു. അവിടെയും ചില തഴയപ്പെടലുകളുടെ രോദനമുണ്ടായിരുന്നു. ഭാവിയിലെ പ്രതീക്ഷ എന്ന മട്ടിൽ മുതിർന്ന പല നേതാക്കളും അകമഴിഞ്ഞ് നൽകിയ പിന്തുണ കൂടിയായപ്പോൾ തിളക്കത്തോടെ നിയമസഭയിലെത്താനും കഴിഞ്ഞു.
കോൺഗ്രസ് നേതാക്കൾ ഖദറണിഞ്ഞെത്തണമെന്ന പഴഞ്ചൻ ശൈലിയിൽ നിന്ന് മാറി, ഗാന്ധി ശിഷ്യർക്കും ജീൻസും ടീഷർട്ടും ധരിച്ച് റെയ്ബാൻ ഗ്ളാസും ചൂടി പൊതുജന മദ്ധ്യത്തിൽ സാംബനൃത്തമാവാമെന്ന്, തിരഞ്ഞെടുപ്പ് വിജയാഘോഷ വേളയിൽ രാഹുൽ ഉൾപ്പെട്ട യുവകേസരികൾ ജനത്തെ ബോദ്ധ്യപ്പെടുത്തി. യുവജനത ഖദറിൽ നിന്നകലുന്നു എന്നും മറ്റും അജയ് തറയിൽ വിലാപകാവ്യമെഴുതിയാൽ ആരു വായിക്കാൻ. പാലക്കാടിന് പിന്നാലെ നിലമ്പൂരിൽ കൂടി വിജയഗാഥ ആവർത്തിച്ചതോടെ, യുവചേതനയുടെ നൃത്തവും ആട്ടവും ഇനിയങ്ങോട്ട് കോൺഗ്രസിന്റെ ജൈത്രയാത്രയ്ക്ക് ബാൻഡ് മേളമാവുമെന്ന് പാവം വി.ഡി. സതീശൻ പണ്ഡിറ്റും വിശ്വസിച്ചുപോയി.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ യുവതുർക്കികളുടെ വിളയാട്ടവും അതുവഴി യു.ഡി.എഫിന് കിട്ടുന്ന ഭരണവും സതീശനുൾപ്പെടെ പലരും സ്വപ്നം കണ്ടു. ചെന്നിത്തലയുടെ സ്വപ്നത്തിൽ മുഖ്യമന്ത്രി കസേരയുടെ ദൃശം കൂടി കടന്നുവന്നത്, തികച്ചും യാദൃശ്ചികം മാത്രം. പക്ഷെ പറഞ്ഞിട്ടെന്തുകാര്യം, ഒരു സുന്ദരിക്കോതയുടെ ഒറ്റ വെളിപ്പെടുത്തലിൽ തീർന്നില്ലേ കാര്യങ്ങൾ. അതു കൊണ്ട് അവസാനിക്കുമെന്ന് കരുതിയെങ്കിലും മാലപ്പടക്കം പോലല്ലേ പിന്നീട് ആക്ഷേപങ്ങൾ വരുന്നത്. പുറത്തു പറയാവുന്നതും പറയാൻ പറ്റാത്തതുമായ വെളിപ്പെടുത്തലുകൾ വന്നു. ഇതിലൊന്നും 'ഒരു റിഗ്രറ്റുമില്ലെന്ന' ജോർജ്സാർ ശൈലിയിൽ രാഹുലും ആദ്യമൊക്കെ പിടിച്ചു നിന്നുനോക്കി. പക്ഷെ കാര്യങ്ങൾ കൈവിട്ടു പോയി, അനുഭവയോഗമില്ലാതെ പോയി.
ഇതുകൂടി കേൾക്കണേ
ഭാഗ്യം അടുത്തുവന്നിട്ട് വഴിമാറിപ്പോകുന്നവർക്ക് അനുഭവയോഗം ലഭിക്കാൻ വെള്ളിയാഴ്ച വ്രതവും ഭുവനേശ്വരി മന്ത്രജപവും ഉത്തമമായ പരിഹാരമെന്നാണ് ജ്യോതിഷ മേഖലയിലുള്ളവരുടെ ഉപദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |