
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പ്രഥമദൃഷ്ട്യ ബലാത്സംഗത്തിന് തെളിവില്ലെന്ന് മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള കോടതി ഉത്തരവിൽ പറയുന്നു. പരാതിയിലും പിന്നീട് യുവതി നൽകിയ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ടെന്നും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു . എഫ്.ഐ.ആറിൽ പറയുന്നതല്ല മൊഴിയിലുള്ളത്. പരാതിക്ക് പിന്നിൽ സമ്മർദ്ദം ഉണ്ടെന്ന വാദം തള്ളാനാകില്ലെന്നും പരാതി നൽകുന്നത് വൈകിയതിനെ കുറിച്ചുള്ള വാദങ്ങൾ വ്യത്യസ്തമാണെന്നും ഉത്തരവിലുണ്ട്.
അതേസമയം പരാതി അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് ഉത്തരവിൽ പറയുന്നു. രാഹുലിനെ അറസ്റ്റ് ചെയ്താൽ 50000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും രണ്ടാഴ്ച കൂടുമ്പോഴുള്ള തിങ്കളാഴ്ചകളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.
ബെംഗളുരുവിൽ താമസിക്കുന്ന മലയാളി യുവതിയെ പീഡിപ്പിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉപാധികളും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അറസ്റ്റ് ചെയ്താൽ അന്ന് തന്നെ ജാമ്യം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
അതിനിടെ രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |