കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ വലിയ സ്വത്തുക്കളുടെയും സമ്പാദ്യങ്ങളുടെയും കേന്ദ്രങ്ങളാണ്. തെക്ക് പത്മനാഭ സ്വാമിക്ഷേത്രം, മദ്ധ്യകേരളത്തിൽ ശബരിമല, വടക്ക് ഗുരുവായൂർ എന്നിവയാണ് ഇവയിൽ പ്രധാന മൂന്ന് ക്ഷേത്രങ്ങൾ. കലവറകളിലും സ്ട്രോംഗ് റൂമുകളിലും ഇരിക്കുന്ന സ്വത്തുക്കൾ കോടാനുകോടി വിലമതിക്കുന്നതാണ്. ഇനിയും കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താത്തതുമുണ്ട്. ഇവിടങ്ങളിലൊക്കെ ഭരണം നടത്തുന്നത് ട്രസ്റ്റുകളും ബോർഡുകളുമാണ്. ക്ഷേത്ര സമ്പാദ്യത്തിൽ കണ്ണുവച്ച് കപട ഭക്തൻമാരായി ഭരണസമിതികളിൽ കടന്നുകൂടുകയും ഭരണ കേന്ദ്രങ്ങളിൽ സ്വാധീനമുണ്ടാക്കി എല്ലാവരെയും ചൊൽപ്പടിയിൽ നിറുത്തുകയും ചെയ്യുന്ന ചില അമ്പലക്കള്ളൻമാരുടെ എണ്ണവുമ ഇന്ന് കൂടിവരികകയാണ്. ഏറ്റവും അവസാനം ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണവും താങ്ങുപീഠങ്ങളും കവർന്ന അമ്പലക്കള്ളന്മാരെപ്പറ്റിയാണ് വാർത്തകൾ പുറത്തുവന്നത്. അതീവ സുരക്ഷാ സംവിധാനമുള്ള ശബരിമലയിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. നാൽപ്പതുവർഷം ഗ്യാരണ്ടിയിൽ സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങളിൽ ഇരുപത് വർഷമായപ്പോഴേക്കും മങ്ങലേറ്റുവെന്ന് പറഞ്ഞ് അറ്റകുറ്റപ്പണി നടത്താൻ ദേവസ്വം ബോർഡ് ഏൽപ്പിച്ചത് ദുരൂഹമായ ഇടപടകൾ നടത്തുന്നയാളെന്ന് ആക്ഷേപം കേൾക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെയാണ്. ഇയാൾ ആരെന്ന് അന്വേഷിക്കുന്നവർ കേൾക്കുന്നത് ഇടനിലക്കാരൻ, സ്പോൺസർ, വ്യവസായി എന്നൊക്കെയാണ്. ബംഗളൂരുവിൽ താമസിക്കുന്ന പോറ്റി ശബരിമലയിലെ കാര്യങ്ങൾ തീരുമാനിക്കുന്നയാൾ എന്ന നിലയിലേക്ക് വളർന്നത് ദേവസ്വം ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണെന്നത് വ്യക്തം.
മാന്വൽ ലംഘിച്ചതിന്
മറുപടി വേണം
ശബരിമല സന്നിധാനത്ത് കീഴ്ശാന്തിയുടെ സഹായിയായി ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണൻ പോറ്റി ക്ഷേത്ര മാന്വലിന് വിരുദ്ധമായി ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളി ഇളക്കിയെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോകണമെങ്കിൽ ദേവസ്വം ബോർഡിലെ ഉന്നതരുടെ സമ്മതമില്ലാതെ നടക്കില്ല. അവരുടെ അനുവാദമില്ലാതെ പാളികൾ ഇളക്കാനുമാകില്ല. ക്ഷേത്ര മുതലുകൾക്ക് അറ്റകുറ്റപ്പണി നടത്തേണ്ടത് ക്ഷേത്ര പരിസരത്തു വച്ചു തന്നെയാകണമെന്ന മാന്വലാണ് ഇവിടെ ലംഘിക്കപ്പെട്ടത്. കോടികൾ വിലമതിക്കുന്ന സ്വർണപ്പാളി തിരികയെത്തിച്ചപ്പോൾ തൂക്കം കുറഞ്ഞത് എങ്ങനെയെന്ന് കണ്ടുപിടിക്കാൻ അന്വേഷണം പ്രഖ്യപിച്ചിരിക്കുകയാണ് ഹൈക്കോടതി. 1998ൽ വിജയ് മല്യ ശബരിമല ശ്രീകോവിലിന് സ്വർണം പൊതിഞ്ഞപ്പോൾ ദ്വാരപാലക ശിൽപ്പങ്ങളിലും സ്വർണം പൊതിഞ്ഞിരുന്നു. നാൽപ്പത് വർഷ ഗ്യാരണ്ടിയിൽ പൂശിയ സ്വർണത്തിന് മങ്ങലേറ്റുവെന്ന് കണ്ടുപിടിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. ഏതെങ്കിലും സാങ്കേതിക വിദഗ്ദ്ധർ സ്വർണപ്പാളികൾ പരിശോധിച്ചിരുന്നതായി രേഖകളില്ല. ദേവസ്വം ബോർഡ് ഇന്നുവരെ അക്കാര്യത്തെപ്പറ്റി മിണ്ടിയിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ സ്വാധീനമുറപ്പിച്ചത് 2018-ലാണ്. കീഴ്ശാന്തിയുടെ സഹായിയായി എത്തിയ ഇയാളുടെ വാക്കുകൾ ദേവസ്വം ബോർഡിന് തന്ത്രിമാരുടെ അന്തിമ തീർപ്പും അനുജ്ഞയും പോലെയായിരുന്നു.
ബംഗളൂരുവിൽ താമസമാക്കിയ ഇയാൾ ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് പതിന്മടങ്ങ് പലിശയ്ക്ക് കൊടുത്തിരിന്ന ആളാണെന്നും വിവരങ്ങളുണ്ട്. ശബരിമല ക്ഷേത്രത്തിൽ വലിയ ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ച് കർണാടകയിലെ ധനികരായ ഭക്തരെ ദർശനത്തിനും വഴിപാടുകൾ നടത്താനും സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉണ്ണികൃഷ്ണൻ പോറ്റി പണിപ്പിരിവ് നടത്തിയെന്നും ആരോപണമുണ്ട്. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തരെയാണ് തന്ത്രത്തിൽ വീഴ്ത്തിയത്. ശബരിമലയിൽ വിലകൂടിയ വഴിപാടുകളും അന്നദാനവും നടത്താനുള്ള ഇടനിലക്കാരനായതോടെ സ്പോൺസർ എന്നും അറിയപ്പെട്ടു തുടങ്ങി. ഏറ്റവും ഒടുവിൽ, ദ്വാരപാലകരുടെ ശിൽപ്പങ്ങളിൽ സ്വർണം പൂശാനുള്ള നടപടികൾക്ക് പണപ്പിരിവ് നടത്തിയെന്നാണ് അറിയുന്നത്.
ബോർഡിന്റെ
മുഖത്തും കറയുണ്ട്
ഒരു കാര്യം വ്യക്തമാണ്. ഉണ്ണികൃഷ്ണൻ പോറ്റി ഒറ്റയ്ക്കല്ല. ശബരിമലയിലെ സ്വർണം കവർന്നെടുത്ത വൻ ലോബിയിലെ ഒരു ചെറുകണ്ണി മാത്രമാകും അയാൾ. ദേവസ്വം ബോർഡിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച മെയിൽ ഹൈക്കോടതി പരിശോധിച്ചപ്പോഴാണ് സ്വർണം കാണാനില്ലെന്ന് അറിഞ്ഞത്. അബദ്ധത്തിൽ കടന്നുകൂടിയ തെറ്റെന്ന് പറഞ്ഞ് തടിതപ്പാൻ പോറ്റിക്ക് കഴിയാതിരുന്നത് ശബരിമലയുടെ കാര്യത്തിൽ ഹൈക്കോടതി കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നതുകൊണ്ടാണ്.
മാദ്ധ്യമങ്ങൾ തന്നെ ക്രൂശിക്കുകയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് മാദ്ധ്യമങ്ങളോട് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് കണ്ട ആത്മവിശ്വാസവും കരുത്തും സ്വർണപ്പാളി മോഷണത്തിന് പിന്നിൽ അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതിലെ വില്ലൻമാർ മറഞ്ഞിരിക്കുന്നുണ്ടാകും. വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ, ശബരിമല അയ്യപ്പൻ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു നാൾ ഇവരെയൊക്കെ പിടിച്ചുകെട്ടും. അങ്ങനെ ഒരു പിടി പിടിച്ചതാകാം. സംഭവത്തിൽ ദേവസ്വം വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറയുന്നു. അതു സമ്മതിച്ചു നൽകാൻ ഭക്തർക്കു കഴിയില്ല. ദ്വാരപാലക ശിൽപ്പം പുറത്തുകൊണ്ടുപോകാൻ പാടില്ലെന്നിരിക്കെ, അഴിച്ചെടുത്ത് മലയിറങ്ങിപ്പോയത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. കൊണ്ടുപോയതിന്റെ മഹസർ തയ്യാറാക്കിയെന്നു പറഞ്ഞാൽ മാന്വൽ ലംഘിച്ചതിന് മറുപടിയാവില്ല.
ശിൽപ്പങ്ങളിലെ സ്വർണത്തിന്റെ തൂക്കം കുറഞ്ഞത് ഇപ്പോഴത്തെ പ്രസിഡന്റിന്റെ കാലത്തല്ലെന്ന് പറഞ്ഞത് ശരിയാണ്. 2019-ൽ സ്വർണം ഇളക്കിയപ്പോഴണ് തൂക്കം കുറഞ്ഞത്. അപ്പോൾ പ്രസിഡന്റായിരുന്നത് എ. പത്മകുമാറാണ്. തന്റെ കാലത്ത് ഒരു തരി സ്വർണം പോലും പോയിട്ടില്ലെന്നും അദ്ദേഹം വാദിക്കുന്നു. വാദവും മറുവാദവും അങ്ങനെ മുറുകുമ്പോൾ സത്യം എന്ന് പുറത്തുവരുമെന്ന ചോദ്യവും ആകാംക്ഷയും ഭക്തജനങ്ങൾക്കു മാത്രമല്ല, ഭക്തരല്ലാത്തവർക്കുമുണ്ട്. ദേവസ്വം വിജിലൻസിൽ പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. അന്വേഷണം അട്ടിമറിക്കാനുള്ള സാദ്ധ്യത തള്ളാനാവില്ല. സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജൻസിക്ക് എത്രയും പെട്ടന്ന് അന്വേഷണം കൈമാറാൻ ഹൈക്കോടതി കനിവ് കാട്ടണം. ക്ഷേത്രങ്ങളുടെ ഭരണം യഥാർത്ഥ വിശ്വാസികളെ ഏൽപ്പിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ഇനിയും വൈകിയാൽ അമ്പലക്കള്ളന്മാരും കപടഭക്തരും തടിച്ചുകൊഴുത്തുകൊണ്ടേയിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |