
ഏത് മേഖലയിലായാലും സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ ആരാണ് ആഗ്രഹിക്കാത്തത്? പ്രത്യേകിച്ച് പൊലീസ് ഡിപ്പാർട്ടുമെന്റിൽ. ആരുടെയെങ്കിലും കൈയോ കാലോ പിടിച്ച് സർവീസിന്റെ അവസാന കാലഘട്ടത്തിൽ എങ്ങനെയെങ്കിലും സ്വന്തം നാട്ടിലോ ജില്ലയിലോ ജോലി ചെയ്യാൻ ഏവരും കൊതിക്കും. എന്നാൽ മാനന്തവാടിയിൽ ജനിച്ച് ഇവിടുത്തെ മുക്കും മൂലയും അറിയാവുന്ന ആരെ കണ്ടാലും പേരെടുത്ത് വിളിക്കാൻ മാത്രം പരിചയമുള്ള, ഇപ്പോൾ പൊലീസ് വകുപ്പിൽ ട്രാഫിക് എസ്.ഐയായി പ്രവർത്തിക്കുന്നയാൾ കാണിച്ച് കൂട്ടുന്ന പ്രവർത്തി ഒരു പ്രദേശത്തെ മുഴുവൻ നാട്ടുകാരുടെയും രാഷ്ട്രീയ സാമൂഹ്യപ്രവർത്തകരെയും മൊത്തത്തിൽ ചൊടിപ്പിച്ചിട്ടുണ്ട്. ഭരിക്കുന്ന പാർട്ടിയുടെ പരസ്യമായ വിമർശനത്തിനു പോലും ഇടയായിട്ടുണ്ട്. മാനന്തവാടി ട്രാഫിക് എസ്.ഐ സേവനത്തിന്റെ അവസാന കാലഘട്ടത്തിൽ ഭരത്ചന്ദ്രൻ ഐ.പി.എസ് ചമയാൻ ശ്രമിക്കുന്നു എന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനം. എന്നാൽ മാനന്തവാടി ട്രാഫിക് എസ്.ഐക്ക് അതൊന്നും പ്രശ്നമല്ല. എന്തോ മനസിൽ ഉറപ്പിച്ചുകൊണ്ടുള്ള നീക്കം എന്ന രീതിയിലാണ് കഴിഞ്ഞ കുറെ ആഴ്ചകളായുള്ള പ്രവർത്തന രീതികൾ . പക്ഷെ അത് ജനിച്ച് വളർന്ന മണ്ണിലെ ജനങ്ങളെ ഒന്നാകെ വെറുപ്പിച്ച് കൊണ്ടു വേണോ എന്നാണ് ചോദിക്കാനുള്ളത്.
ഇത് സേവനം
തന്നെയാണോ?
മാനന്തവാടി നഗരത്തിലേക്ക് വാഹനവുമായി എത്തുന്നവർ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും. വാഹനം എവിടെ പാർക്ക് ചെയ്താലും എട്ടിന്റെ പണി കിട്ടും. ഇവിടെയുള്ള ട്രാഫിക് എസ്.ഐയും സംഘവും സദാസമയവും നിരത്തിലുണ്ട്. മൊബൈൽ ഫോണിൽ വാഹനത്തിന്റെ ഫോട്ടോ പകർത്തി പിഴ ഈടാക്കി, സർക്കാർ ഖജനാവിൽ പരമാവധി തുക എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് സ്വന്തക്കാരെന്നോ ബന്ധുക്കാരെന്നോ വ്യത്യാസമില്ല. നിയമം ലംഘിച്ചാലും ഇല്ലെങ്കിലും പിന്നീടൊരു അവസരം തരാതെ വാഹനങ്ങളുടെ ഫോട്ടോ പകർത്തി പിഴ ചുമത്തും. നഗരത്തിൽ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ക്യാമറയിൽ കുടുങ്ങാത്തവർ ഇനി ആരാണ് ഉള്ളതെന്ന് മാത്രം ചോദിച്ചാൽ മതി. പൊലീസ് സ്റ്റേഷനിൽ നിന്ന് തുടങ്ങുന്ന യാത്രയിൽ വഴിയുടെ ഇരുഭാഗങ്ങളിലുമായി പാർക്ക് ചെയ്യുന്ന മുഴുവൻ വാഹനങ്ങളുടെയും ചിത്രങ്ങൾ പകർത്തുകയാണ് മുഖ്യ ജോലി. വാഹന ഉടമയുടെ ഫോണിലേക്ക് നിമിഷങ്ങൾക്കകം തന്നെ മെസേജ് എത്തും. സഹപ്രവർത്തകന്റെ മകന്റെ വാഹനത്തിന് പോലും ഈയിടെ കിട്ടി ഇദ്ദേഹത്തിന്റെ വക ഇണ്ടാസ്. ഡ്രൈവർ ഇരിക്കുന്ന വാഹനങ്ങൾക്കും പിഴ ചുമത്താൻ ഇദ്ദേഹം മറന്നില്ല. റോഡരുകിൽ, നിശ്ചിതസ്ഥലത്ത് വാഹനം നിറുത്തി ഒന്ന് മരുന്ന് വാങ്ങാൻ പോയവരെപ്പോലും വെറുതെ വിട്ടില്ല. മൊബൈൽ ഫോണിൽ ഫോട്ടോ പകർത്തി പിഴ ചുമത്താൻ മോട്ടോർ വാഹന വകുപ്പ് നിയമം അനുവദിക്കുന്നില്ലെന്നത് മറ്റൊരു കാര്യം. നഗരത്തിലെ വ്യാപാരികളും പൊതുജനങ്ങളും ടാക്സി ഡ്രൈവർമാരും ഒന്നിൽ കൂടുതൽ തവണ ഇരകളായിട്ടുണ്ട്. എന്തിനേറെ വി.ഐ.പികളും. കോട്ട തികയ്ക്കാൻ വേണ്ടി പൊലീസ് വാഹനത്തിൽ റോന്ത് ചുറ്റുന്ന ഏമാന്റെ പേരിൽ പൊതുസമൂഹം ഒന്നാകെ ഉണർന്നെണീറ്റിട്ടുണ്ട്. പ്രതിദിനം മുപ്പതിനായിരം മുതൽ അമ്പതിനായിരം വരെ ഫൈൻ ഇനത്തിൽ വരുമാനമുണ്ടാക്കുന്ന ഒരുതരം കളക്ഷൻ ഏജന്റുമാരായി മാനന്തവാടിയിലെ ട്രാഫിക് പൊലീസ് മാറിയിട്ടുണ്ട്.
ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ഇടാത്തതിനോ,മൂന്നുപേരെ കയറ്റിയതിനോ, സീറ്റ് ബെൽറ്റ് ധരിക്കാത്തനോ അമിത വേഗതയോ അടക്കം എല്ലാം നിയമലംഘനം തന്നെ. അതിനൊക്കെ നിയമാനുസൃതമായ പിഴയും ഈടാക്കാം. എന്നാൽ അഞ്ചുമിനിറ്റ് കടയുടെ സൈഡിൽ നിറുത്തി എന്തെങ്കിലും അത്യാവശ്യ സാധനം വാങ്ങാൻ ഇറങ്ങിയാൽ ഓടിയെത്തി ഫൈനടിക്കുന്ന രീതി വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. നഗരത്തിലെ തന്നെ ഒരു ജ്വല്ലറിയുടെ പാർക്കിംഗ് ഏരിയയിൽ കാർ നിറുത്തിയിട്ട മാനന്തവാടിയിലെ ഒരു വനിതാ അഭിഭാഷകയുടെ വാഹനത്തിന് പോലും ഈ ഉദ്യോഗസ്ഥൻ ഫൈൻ ഇട്ടതിനെതിരെ അഭിഭാഷക ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. അഭിഭാഷകയ്ക്ക് ഉദ്യോഗസ്ഥൻ ഫേസ്ബുക്കിൽ തന്നെ സ്വന്തം പേര് വച്ച് മറുപടിയും കൊടുത്തു.'വക്കീലെ തോന്നുംപോലെ വാഹനം പാർക്ക് ചെയ്താൽ ഫൈൻ കിട്ടും. തെറ്റ് ചെയ്തില്ലെങ്കിൽ പരാതി കൊടുക്ക്. അതല്ലേ ചെയ്യേണ്ടത്.' ഇതായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. 'ഇതൊരു വെല്ലുവിളിയാണല്ലോ ഓഫീസറെ. കേസ് കൊടുക്കാൻ മടിയോ പേടിയോ ഇല്ലെന്ന് അറിയാമല്ലോ' എന്ന മറുപടി വനിതാ അഭിഭാഷകയും ഫേസ്ബുക്കിലൂടെ തിരികെ നൽകി. ഇങ്ങനെയൊക്കെ പെരുമാറാൻ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന് കഴിയുമോ? അറിയാഞ്ഞിട്ട് ചോദിക്കുകയാണ്.
നടപടി ആവശ്യവുമായി
സംഘടനകൾ
എന്തായാലും നഗരത്തെ നിയന്ത്രിക്കുന്ന ഈ ഉദ്യോഗസഥന്റെ നേതൃത്വത്തിലുള്ളവർ ജനങ്ങളുമായി അത നല്ല മൈത്രിയിലല്ല. ജനമൈത്രി എന്നതൊന്നും ഇവിടെയില്ല. ട്രാഫിക് പൊലീസിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ഇപ്പോൾ ഇദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം വാക്കേറ്റവുമുണ്ടായി. ട്രാഫിക് എസ്.ഐയുടെ പേരിൽ നടപടി ആവശ്യപ്പെട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിൽ പരാതി നൽകിയിട്ടുണ്ട്. ട്രാഫിക് എസ്.ഐ.യെ മാറ്റാത്ത പക്ഷം സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച ബ്രാഞ്ച് സെക്രട്ടറിയെ നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതും മാനന്തവാടിയിൽ ചർച്ചയായിട്ടുണ്ട്. പ്രൊബേഷനിലുള്ള എസ്.ഐ മോശമായി പെരുമാറിയെന്ന് കാണിച്ച് മാനന്തവാടി നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ മാനന്തവാടി ഡി.വൈ.എസ്.പിക്ക് കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. ട്രാഫിക് എസ്.ഐയുമായി ഉണ്ടായ വാക്കേറ്റം അത് രമ്യതയിലെത്തിപ്പിച്ച ശേഷം വഴിയരുകിൽ നിന്ന തന്നെ പ്രൊബേഷനിലുള്ള എസ്.ഐ അസഭ്യം പറഞ്ഞുവെന്നാണ് വിപിൻ വേണുഗോപാൽ പറയുന്നത്. എന്തായാലും സി.പി.എമ്മിന്റെ കണ്ണിലെ കരടായി മാനന്തവാടി ട്രാഫിക്ക് എസ്.ഐ മാറിയിട്ടുണ്ട്.
വാഹനങ്ങൾ അനുദിനം വർദ്ധിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോഴും അതനുസരിച്ച് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ല. വാഹനങ്ങളെ പാർക്ക് ചെയ്യാൻ അനുവദിക്കാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളുടെ കച്ചവടത്തെ പോലും സാരമായി ബാധിക്കുന്നുണ്ട്. നിസാര കാര്യങ്ങൾക്ക് പോലും മത്സരബുദ്ധിയോടെ പൊലീസ് പെറ്റി അടിക്കുന്നത് കൊണ്ട് നഗരത്തിൽ വാഹനവുമായി കടക്കാൻ ഏവരും മടിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |