
ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയമായ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസിൽ നടക്കുന്നത് സമാനതകളില്ലാത്ത അറ്റകുറ്റപ്പണി. ചരിത്രത്തിൽ ആദ്യമായാണ് പവർഹൗസ് പൂർണമായും ഒരു മാസത്തേക്ക് ഷട്ട്ഡൗൺ ചെയ്യുന്നത്. ഓരോ ജനറേറ്ററുകൾ ഓരോ മാസവും എന്ന നിലയിൽ എല്ലാ വർഷവും ജൂൺ മുതൽ ഡിസംബർ വരെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾ നടത്താറുള്ളതാണ്. അതിനാൽ വൈദ്യുതോത്പാദനം പൂർണ്ണമായും നിറുത്തേണ്ടി വരാറില്ല. മുമ്പ് 2019 ഡിസംബർ ഏഴു മുതൽ 17 വരെ ഒന്നാം നമ്പർ ജനറേറ്ററിലെ വാൽവ് മാറ്റുന്നതിനായി 10 ദിവസത്തേയ്ക്ക് പ്രവർത്തനം പൂർണ്ണമായും നിറുത്തിയിരുന്നു. അഞ്ച്, ആറ് നമ്പർ ജനറേറ്ററുകളിലെ മുകളിലെ സീലുകളിലെ തകരാറും മെയിൻ ഇൻടേയ്ക്ക് വാൽവിലെ (എം.ഐ.വി) ചോർച്ചയും പരിഹരിക്കുന്നതിനാണ് വൈദ്യുതോത്പാദനം പൂർണമായി നിറുത്തേണ്ടി വന്നത്. ചോർച്ച പരിഹരിക്കാതിരുന്നാൽ ഉയർന്ന മർദ്ദത്തിലുള്ള ജലം ഭൂഗർഭ നിലയത്തിലേക്ക് ഒഴുകി ദുരന്തമുണ്ടാകാനും സാദ്ധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് ഡിസംബർ 10 വരെ പവർഹൗസ് ഷട്ട്ഡൗൺ ചെയ്തത്. സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഇല്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെ.എസ്.ഇ.ബി നടപടി സ്വീകരിച്ചിട്ടുണ്ട്.
ആദ്യം തകരാറുള്ള ആറാം നമ്പർ ജനറേറ്ററിലാണ് അറ്റകുറ്റപണി നടക്കുന്നത്. പെൻസ്റ്റോക്കിലും പ്രഷർ ടണലിലുമുള്ള വെള്ളം മുഴുവൻ ഒഴുക്കിക്കളഞ്ഞ ശേഷം പരിശോധന നടത്തി. 7.01 മീറ്റർ വ്യാസമുള്ള ഈ പ്രധാന ടണലും അണക്കെട്ടിൽ നിന്നുള്ള ഷട്ടർ സംവിധാനവും ഡാം സേഫ്ടി വിഭാഗം വിശദമായി പരിശോധിച്ചു. പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ടണലിന്റെ സുരക്ഷാ നില വിലയിരുത്തി. ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകളെടുത്താണ് പരിശോധന വിജയകരമായി പൂർത്തിയാക്കിയത്.
പവർഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലത്തിന്റെ വിതരണം നിലയ്ക്കുന്നതോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കുറഞ്ഞ് ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമാകാനും സാദ്ധ്യതയുണ്ട്. ഇത് മറികടക്കാൻ ജലവിഭവ വകുപ്പും നടപടികൾ സ്വീകരിക്കുന്നുണ്ട്.
പുറത്തുകടക്കാൻ
തുരങ്കം മാത്രം
പൂർണമായും മല തുരന്ന് അതിനകത്ത് വൈദ്യുതി നിലയം പ്രവർത്തിക്കുന്ന ഏഷ്യയിലെ തന്നെ ഏക നിർമ്മാണമാണ് മൂലമറ്റം പവർഹൗസ്. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകൾ ഒരുമിച്ചാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ചെറുതോണിയ്ക്ക് സമീപത്തെ കുറവൻ, കുറത്തി മലകളെ സംയോജിപ്പിച്ച് പെരിയാറിന് കുറുകെയും ഇതിന്റെ പോഷക നദിയായ ചെറുതോണിയാറിന് കുറുകെ ചെറുതോണിയിലും അണകെട്ടി സംഭരിക്കുന്ന ജലം കുളമാവിൽ എത്തിക്കും. കമാന ആകൃതിയിലുള്ള ഇടുക്കിയും ഷട്ടറുള്ള ചെറുതോണി അണക്കെട്ടും അടുത്തടുത്താണെങ്കിലും കുളമാവ് ഡാം ഇവിടെ നിന്ന് 22.5 കിലോ മീറ്റർ അകലെയാണ്. കുളമാവ് ഡാമിൽ നിന്നാണ് ബട്ടർഫ്ളൈ വാൽവ് വഴി നാടുകാണി മലനിരകൾക്ക് താഴെയിരിക്കുന്ന മൂലമറ്റത്തെ ഭൂഗർഭ നിലയത്തിൽ വെള്ളമെത്തുന്നത്. കുളമാവിൽ നിന്ന് 1.5 കിലോ മീറ്റർ ദൂരം ചെറിയ ചെരുവിലും ശേഷം 953 മീറ്റർ ദൂരം കുത്തനെയും പാറ തുരന്നാണ് വെള്ളം പവർഹൗസിൽ എത്തിക്കുന്നത്. മൂലമറ്റം പവർ ഹൗസിലേക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനുമുള്ള ഏകമാർഗം 1,966 അടി നീളമുള്ള തുരങ്കമാണ്. എന്തെങ്കിലും സംഭവിച്ചാൽ പുറത്തുകടക്കുക ഏറെ ദുഷ്‌കരമാണ്. 2,500 അടി ഉയരമുള്ള നാടുകാണി മലയുടെ ചുവട്ടിൽ 463 അടി നീളവും 65 അടി വീതിയും 115 അടി ഉയരവുമാണ് ഇടുക്കി ഭൂഗർഭ വൈദ്യുത നിലയത്തിനുള്ളത്. സമുദ്രനിരപ്പിന് 200 അടി ഉയരത്തിലാണ് പവർ ഹൗസിന്റെ തറനിരപ്പ്. വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളം മലങ്കര അണക്കെട്ടിൽ സംഭരിച്ച് മലങ്കരയിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
ആറ് ജനറേറ്റർ, ആകെ 780 മെഗാവാട്ട് ശേഷി
130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് നിലയത്തിലുള്ളത്. 780 മെഗാവാട്ടാണ് പൂർണ്ണ ഉത്പാദന ശേഷി. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ആദ്യദിനം ഒന്നാം നമ്പർ ജനറേറ്റർ പ്രവർത്തിപ്പിച്ചു. തുടർന്ന് ജൂൺ ഏഴിന് രണ്ടാം നമ്പർ ജനറേറ്ററിന്റെയും ഡിസംബർ 24ന് മൂന്നാം നമ്പർ ജനറേറ്ററിന്റെയും പ്രവർത്തനം ആരംഭിച്ചു. 1985 നവംബർ നാലിന് നാലാം നമ്പർ ജനറേറ്ററും 1986 മാർച്ച് 22ന് അഞ്ചാം നമ്പർ ജനറേറ്ററും സെപ്തംബർ ഒമ്പതിന് ആറാം നമ്പർ ജനറേറ്ററും നിർമ്മാണം പൂർത്തിയാക്കി. 220 കോടിയോളമാണ് അന്ന് പദ്ധതിക്കായി ചെലവാക്കിയത്. ഇത്തരമൊരു പദ്ധതി ഇപ്പോൾ പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് 3000 കോടിയെങ്കിലും വേണ്ടി വരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |