
കേരളത്തിൽ എയിംസ് വരും എന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപനം ഇല്ലാതായതോടെ കേരളത്തിലെ ഇടത്, വലത് രാഷ്ട്രീയ കക്ഷികൾ ഒന്നടങ്കം സുരേഷ്ഗോപിക്കും കേന്ദ്ര സർക്കാരിനും എതിരെ 'എയിംസ് എവിടെ ? " എന്ന് ചോദിച്ച് പ്രചരണ കോലാഹലങ്ങൾക്കാണ് വഴിവച്ചത്. എയിംസിന് സ്ഥലം എവിടെ എന്ന് ചോദിച്ചായിരുന്നു ബി.ജെ.പി അതിനെ നേരിട്ടത്. എന്നാൽ എയിംസ് വിവാദത്തിനിടെ, കൊല്ലത്ത് വരാൻ എല്ലാ സാദ്ധ്യതയും തെളിഞ്ഞ ഇ.എസ്.ഐ കോർപ്പറേഷൻ മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം ഇല്ലാതായെന്നതാണിപ്പോൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. എയിംസ് കേരളത്തിന് നൽകാത്ത കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച സി.പി.എമ്മും സംസ്ഥാന സർക്കാരും ഇ.എസ്.ഐ മെഡിക്കൽ കോളേജ് വിഷയത്തിൽ ആകെ വെട്ടിലായിരിക്കുകയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിനെച്ചൊല്ലി കൊല്ലത്ത് എൽ.ഡി.എഫിനെതിരെ പ്രചരണം നടത്താൻ സർവ്വസന്നാഹങ്ങളും യു.ഡി.എഫ് ഒരുക്കിക്കഴിഞ്ഞു. പ്രതിരോധിക്കാൻ എൽ.ഡി.എഫിന് നന്നേ ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് വിഷയത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നത്. ഇ.എസ്.ഐ കോർപ്പറേഷൻ 9 സംസ്ഥാനങ്ങളിലായി അനുവദിച്ച 10 മെഡിക്കൽ കോളേജുകളിൽ ഒരെണ്ണം കൊല്ലത്തായിരുന്നു. കൊല്ലം ആശ്രാമത്തെ ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയെ മെഡിക്കൽ കോളേജാക്കി മാറ്റാൻ സംസ്ഥാന സർക്കാർ നൽകേണ്ട 'എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് " നൽകാതെ തട്ടിക്കളിച്ചതാണ് വിവാദമായിരിക്കുന്നത്. മെഡിക്കൽ കോളേജിന്റെ അനിവാര്യത വ്യക്തമാക്കി ദേശീയ മെഡിക്കൽ കമ്മിഷന് സമർപ്പിക്കുന്ന അപേക്ഷയാണ് എസ്സൻഷ്യാലിറ്രി സർട്ടിഫിക്കറ്റ്. അത് നൽകാതെ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന മെഡിക്കൽ കോളേജ് ബോധപൂർവം ഇല്ലാതാക്കിയെന്ന ആരോപണമാണുയരുന്നത്. കേന്ദ്രം അനുവദിച്ച 10 മെഡിക്കൽ കോളേജുകളിൽ 9 ഇടത്തും എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയപ്പോൾ കേരളം മാത്രം അത് നൽകാതിരുന്നതാണ് കാര്യത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നത്. ഭൂമിയും കെട്ടിടവും അടക്കം മെഡിക്കൽ കോളേജ് തുടങ്ങാൻ സൗകര്യമുള്ള കൊല്ലത്ത് അനുമതി ലഭിച്ചിരുന്നെങ്കിൽ കശുഅണ്ടി തൊഴിലാളികളുടേതടക്കം ഇ.എസ്.ഐ ഗുണഭോക്താക്കളുടെ മക്കൾക്ക് കുറഞ്ഞ ഫീസിൽ എം.ബി.ബി.എസ് പഠനത്തിന് വഴിയൊരുങ്ങുമായിരുന്നു. ഇതോടെ 2026- 27 അദ്ധ്യയന വർഷം എം.ബി.ബി.എസ് പ്രവേശനം ആരംഭിക്കാനുള്ള ഇ.എസ്.ഐ കോർപ്പറേഷന്റെ തീരുമാനം നടപ്പാക്കാൻ കഴിയില്ലെന്നുറപ്പായി. ഇനി അടുത്ത അദ്ധ്യയന വർഷം മുതൽ നടപടിക്രമങ്ങൾ ആദ്യം മുതലേ തുടങ്ങേണ്ടി വരും. കേരളത്തിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ലഭിക്കാത്തതിനെച്ചൊല്ലി പരാതി പ്രവാഹം നടത്തുന്ന സംസ്ഥാന ആരോഗ്യ വകുപ്പ് 600 കോടി ചിലവിൽ കൊല്ലത്ത് മെഡിക്കൽ കോളേജ് വരുന്നതിന് തടസ്സം നിന്നതിനു പിന്നിലെ കാരണങ്ങളിലും ദുരൂഹതയുണ്ട്. പാരിപ്പള്ളിയിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കം കൊല്ലം ജില്ലയിൽ നിലവിൽ മൂന്ന് മെഡിക്കൽ കോളേജുകളുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി ഇ.എസ്.ഐ കോർപ്പറേഷന്റെ മെഡിക്കൽ കോളേജ് കൂടി കൊല്ലത്തിന് ലഭിച്ചിരുന്നെങ്കിൽ 4 മെഡിക്കൽ കോളേജുകളുള്ള ജില്ല എന്ന ബഹുമതിക്ക് പുറമെ പാവപ്പെട്ട തൊഴിലാളികൾക്കും അവരുടെ മക്കൾക്കും ഏറെ പ്രയോജനം ലഭിക്കുമായിരുന്നു.
സർക്കാരിന്റെ മൗനം ദുരൂഹം
കൊല്ലം നഗരത്തിൽ ആശ്രാമത്ത് നിലവിലുള്ള ഇ.എസ്.ഐ മോഡൽ ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ കോളേജായി മാറിയാൽ 50 വിദ്യാർത്ഥികൾക്ക് വരുന്ന അദ്ധ്യയന വർഷം മെഡിക്കൽ പ്രവേശനം നൽകാനായിരുന്നു ഇ.എസ്.ഐ കോർപ്പറേഷൻ തീരുമാനം. ആദ്യ വിജ്ഞാപനം അനുസരിച്ച് നാഷണൽ മെഡിക്കൽ കമ്മിഷനിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ജനുവരി 28 ആയിരുന്നു. ഇതിനായി ജനുവരി 9 ന് ഇ.എസ്.ഐ കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകി. എന്നാൽ കോളേജിന്റെ പ്രവർത്തനം തുടങ്ങുന്ന അവസാന ഘട്ടത്തിൽ ആവശ്യമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുറവ് നികത്തി വീണ്ടും അപേക്ഷിക്കാനായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ കോളേജ് പ്രവർത്തനം ആരംഭിക്കും മുൻപ് എല്ലാ കുറവുകളും നികത്താമെന്ന് ഇ.എസ്.ഐ ഡയറക്ടർ ജനറൽ നേരിട്ട് രേഖാമൂലം ഉറപ്പ് നൽകിയെങ്കിലും അവസാന നിമിഷം വരെയും എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയില്ല. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര തൊഴിൽ മന്ത്രി നേരിട്ടും ഇടപെട്ടിട്ടും ഫലമുണ്ടായില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 3 വരെ നീട്ടിയ ശേഷം എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി വീണ ജോർജ്, തൊഴിൽ മന്ത്രി വി.ശിവൻകുട്ടി എന്നിവരെ നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടും ദുരൂഹമായ മൗനമായിരുന്നു ഇവർക്കെല്ലാം. ഫെബ്രുവരി 3 ന് വൈകിട്ട് വരെ ഫയൽ കൈവശം വച്ച ആരോഗ്യമന്ത്രി ഭൂമി, കെട്ടിടം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് നൽകാൻ ഇ.എസ്.ഐ കോർപ്പറേഷന് രാത്രി കത്ത് നൽകുകയായിരുന്നു. അപ്പോഴേക്കും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു.
നിരാകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി
കൊല്ലത്തെ ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളേജാക്കാനുള്ള കോർപ്പറേഷന്റെ ആവശ്യം സംസ്ഥാന സർക്കാർ നിരാകരിച്ചിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് പറയുന്നത്. എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. എന്നാൽ നാഷണൽ മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡം അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ന്യൂനതകൾ പരിശോധിച്ച് തിരുത്തി റിപ്പോർട്ട് നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്. കെട്ടിടം, ഓഫീസ്, ലാബുകൾ, ക്ളിനിക്കൽ മെറ്റീരിയൽ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ എസ്സൻഷ്യാലിറ്രി സർട്ടിഫിക്കറ്റ് നൽകാൻ പാടുള്ളുവെന്നാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശം. ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കാമെന്ന് ഉറപ്പ് നൽകിയാൽ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞെങ്കിലും ഇനി ഈ അദ്ധ്യയന വർഷം മെഡിക്കൽ കോളേജ് തുടങ്ങാനുള്ള സമയപരിധി കഴിഞ്ഞു. എന്നാൽ ഈ അദ്ധ്യയന വർഷം 50 എം.ബി.ബി.എസ് സീറ്റിലേക്ക് പ്രവേശനം നടത്താനുള്ള ഇ.എസ്.ഐ കോർപ്പറേഷൻ തീരുമാനം സംസ്ഥാന സർക്കാർ അട്ടിമറിച്ചതാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. 600 കോടിയോളം രൂപ പൂർണമായും കേന്ദ്രസഹായം ലഭിക്കുന്ന വൻകിട പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം ഈ വർഷം നഷ്ടമാകുന്നത്. മുഖ്യമന്ത്രിയെയും തൊഴിൽ, ആരോഗ്യ മന്ത്രിമാരെയും താൻ നേരിട്ട് കണ്ട് അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. സംസ്ഥാന സർക്കാരിന്റെ നിലപാട് തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് എയിംസ് നൽകാത്ത കേന്ദ്രസർക്കാരിനെ രക്ഷിക്കാനാണ് എൻ.കെ പ്രേമചന്ദ്രൻ എം.പി ശ്രമിക്കുന്നതെന്ന് സി.പി.എം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. എയിംസിനായി മുറവിളി കൂട്ടുന്ന കേരള സർക്കാർ, കൊല്ലത്ത് അനുവദിച്ച ഇ.എസ്.ഐ മെഡിക്കൽ കോളേജും വയനാട്ടിലും കാസർകോട്ടും അനുവദിച്ച മെഡിക്കൽ കോളേജുകളും എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ലെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ ചോദിച്ചു. കേന്ദ്ര പദ്ധതികളോട് കേരളം സഹകരിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.
എയിംസുമില്ല, മെഡി. കോളേജുമില്ല
ചുരുക്കത്തിൽ ഈ വർഷം കേരളത്തിന് എയിംസുമില്ല, ഇ.എസ്.ഐ മെഡിക്കൽ കോളേജുമില്ലെന്നതാണ് അവസ്ഥ. എയിംസിന് കേന്ദ്രം അനുമതി നൽകിയില്ലെങ്കിലും കൊല്ലത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് തുടങ്ങാൻ തത്വത്തിൽ ലഭിച്ച അനുമതി സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ നിലപാട് മൂലം നഷ്ടപ്പെടുത്തിയെന്ന ആരോപണമാണുയരുന്നത്. അതിനു പിന്നിൽ സി.പി.എമ്മിന്റെ സങ്കുചിതമായ രാഷ്ട്രീയമെന്നാണ് എതിർപക്ഷം ആരോപിക്കുന്നത്. അതെന്താണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ആരും പരസ്യമായി പറയാൻ തയ്യാറാകുന്നില്ലെന്നിടത്താണ് രാഷ്ട്രീയ അടിയൊഴുക്കുകളുടെ അന്തർധാര. മറ്റു നിരവധി പ്രശ്നങ്ങൾക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇതൊക്കെ വിഷയമാകമെന്നുറപ്പാണ്. ഇ.എസ്.ഐ മെഡിക്കൽ കോളേജ് നഷ്ടപ്പെടുത്തിയതിനെതിരെ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധ പ്രകടനങ്ങളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |