SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.19 AM IST

'അമേരിക്കയിലേക്ക് താമസം മാറി, ഞാൻ ഭാഗ്യവതിയാണെന്ന് കരുതി'; പക്ഷേ നടന്നത് മറ്റൊന്നാണെന്ന് നടി ലെന

lenaa

സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ 'പെരിമെനോപോസ്' എന്ന ശാരീരികഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ലെന. 'വുമണസെൻസ്' എന്ന് വിശേഷിപ്പിച്ച ഈ അവസ്ഥയിലൂടെ 35നും 55നും ഇടയിൽ പ്രായമുള്ള ഓരോ സ്ത്രീയും കടന്നുപോകുന്നുവെന്നും ഇത് രണ്ടാം കൗമാരമാണെന്നും നടി വ്യക്തമാക്കി. അമൃത വിശ്വവിദ്യാപീഠത്തിൽ നടന്ന ടെഡെക്സ് ടോക്കിലായിരുന്നു ഇക്കാര്യം ലെന പറഞ്ഞത്.

'1999ലായിരുന്നു അത്. എനിക്കന്ന് 18 വയസായിരുന്നു പ്രായം. 12-ാം ക്ലാസിൽ പഠിക്കുന്നു. ഒരു ദിവസം ഞാൻ സ്കൂളിൽ നിന്ന് വീട്ടിൽ വന്നപ്പോൾ എന്റെ അമ്മ ഡെെനിംഗ് ടേബിളിൽ വളരെ തളർന്ന്, അസ്വസ്ഥയായി ഇരിക്കുന്നത് കണ്ടു. എന്താണ് കുഴപ്പമെന്ന് എനിക്ക് മനസിലായില്ല. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാൻ എന്റെ മുറിയിലേക്ക് പോയി. പിന്നീട് ഓരോ ദിവസം കഴിയുന്തോറും അമ്മ മാറുന്നത് ഞാൻ ശ്രദ്ധിച്ചു.

എന്തിനും ഏതിനും ഉത്സാഹിച്ചിരുന്ന അമ്മ ഒന്നിനോടും താൽപര്യമില്ലാത്തതായി മാറി. കൂടാതെ പെട്ടെന്ന് ദേഷ്യം വരുകയും എപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്തു. വർഷങ്ങൾ കടന്നുപോയപ്പോൾ എനിക്ക് അമ്മയോട് ഒരൽപം വെറുപ്പ് തോന്നിത്തുടങ്ങി. എങ്കിലും ഒരാളുടെ വ്യക്തിത്വം ഇത്ര പെട്ടെന്ന് എങ്ങനെ മാറുമെന്ന് എന്നെ കുഴപ്പിച്ചു. ഈ ആശയക്കുഴപ്പമാണ് പന്ത്രണ്ടാം ക്ലാസിന് ശേഷം സെെക്കോളജി ബിരുദ പഠനത്തിന് ചേരാൻ എന്നെ പ്രേരിപ്പിച്ചത്. സെെക്കോളജിയിൽ ലോകത്തിലെ എല്ലാ ഉത്തരങ്ങളും ഉണ്ടാവുമെന്ന് ഞാൻ കരുതി. പക്ഷേ ഉത്തരങ്ങൾ കിട്ടുന്നതിന് പകരം ഞാൻ എന്റെ മുഴുവൻ ഊർജ്ജവും പഠനത്തിനായി ചെലവഴിച്ചു. പതുക്കെ എന്റെ പ്രശ്നങ്ങളെക്കുറിച്ച് മറന്നു. പരീക്ഷകളും സിനിമയിലെ അഭിനയവുമൊക്കെയായി മാറി.

ഇനി നമുക്ക് 2024ലേക്ക് വരാം. എനിക്ക് 43 വയസായി. ഒരു നല്ല മനുഷ്യനുമായി എന്റെ വിവാഹം കഴിഞ്ഞു. എന്റെ സിനിമാ ജീവിതം ഉപേക്ഷിച്ച് ഞാൻ ഒരു വർഷത്തേക്ക് അമേരിക്കയിലേക്ക് താമസം മാറി. എല്ലാം ഗംഭീരമാകുമെന്ന് കരുതി. മറ്റുള്ളവരും പറഞ്ഞു 'നീ ഭാഗ്യവതിയാണല്ലോ' എന്ന്. പക്ഷേ ഉള്ളിൽ ഞാൻ അനുഭവിച്ചിരുന്നത് ആശയക്കുഴപ്പവും ഓർമ്മക്കുറവും തലച്ചോറിലെ മരവിപ്പും ഉറക്കമില്ലായ്മയും ആയിരുന്നു. എനിക്ക് ഉത്കണ്ഠയും വിഷാദവും ആശയക്കുഴപ്പവും തോന്നിയിരുന്നു. ഞാൻ വളരെയധികം പ്രകോപിതയായിരുന്നു. 18 വയസ് മുതൽ അമ്മയുടെ പ്രശ്നങ്ങൾക്ക് പിന്നിലെ രഹസ്യം കണ്ടെത്താൻ ഞാൻ ഗവേഷണം നടത്തുകയായിരുന്നുവെങ്കിലും എന്റെ ജീവിതകാലം മുഴുവൻ ഞാൻ അഴിച്ചെടുക്കാൻ ശ്രമിച്ച അതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നുപോകുന്നതെന്ന് എനിക്ക് അന്ന് തോന്നിയില്ല.

ഒടുവിൽ ഒരുദിവസം ഇന്റർനെറ്റിലെ ഒരു പോഡ്കാസ്റ്റ് കണ്ടപ്പോൾ ഡോക്ടർ ഒരു വാക്കിനെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടു. അത് ദൃശ്യങ്ങൾക്ക് അപ്പുറമാണ്. നിങ്ങൾക്ക് അത് നേരിട്ട് കാണാൻ കഴിയില്ലെങ്കിലും അനുഭവിക്കാൻ സാധിക്കും. 35നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിൽ സംഭവിക്കുന്ന ആ വാക്കാണ് 'പെരിമെനോപോസ്' ആ വാക്ക് കേട്ട നിമിഷം ഞാൻ പറഞ്ഞു. ഓ ഇതാണ് എന്റെ ജീവിതകാലം മുഴുവൻ എന്നെ പിടികൊടുക്കാതെ ഓട്ടിച്ച ആ ഉത്തരം. നേരിട്ട് അനുഭവിക്കുമ്പോൾ മാത്രമാണ് ഇതൊരു വലിയ മാറ്റമാണെന്ന് എനിക്ക് മനസിലായത്'- ലെന പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESS LENAA, LENAA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY