മഹാഗുരു ശിവപ്രതിഷ്ഠയിലൂടെ ലോകത്തോട് സമത്വസാരം വിളിച്ചുപറഞ്ഞ അരുവിപ്പുറത്ത്, 136-ാം പ്രതിഷ്ഠാ വാർഷികത്തിനും മഹാശിവരാത്രി ആഘോഷങ്ങൾക്കും ഇന്ന് തുടക്കം.
136 വർഷം മുമ്പാണ് ശ്രീനാരായണ ഗുരുദേവൻ അസ്വതന്ത്രരായ മനുഷ്യർക്കുവേണ്ടി സ്വാതന്ത്ര്യത്തിന്റെ ആധാരശില പാകിയത്. അനന്ത വിഹായസ്സിലേക്കു പറന്നുയരാൻ അനന്തതയുടെ പ്രതീകമായി ശിവലിംഗ പ്രതിഷ്ഠ നിർവഹിച്ചു. അനന്തരം, വളരെ ശാന്തമായി മനുഷ്യരാശിയോട് ഉദ്ഘോഷിച്ചു: ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.
ഭൗതികമായും ആത്മീയമായും മനുഷ്യൻ എപ്പോഴും അസ്വതന്ത്രനാണ്. കാരണം, പലപ്പോഴും അവന്റെ ബുദ്ധിയും മനസ്സും നിയന്ത്രിക്കാൻ മറ്റൊരാൾ വേണമെന്ന ചിന്ത, അന്ധകാരത്തിന്റെ അഗാധ ഗർത്തത്തിലേക്ക് തന്നെ നയിക്കുന്നത് തിരിച്ചറിയാൻ പറ്റാത്ത വിധം സാഹചര്യങ്ങൾ അയാളെ കുരുക്കുന്നു! അങ്ങനെയൊരു കുരുക്കാണ് നിങ്ങൾക്കു സംഭവിച്ചിരിക്കുന്നതെന്ന് വിളിച്ചുപറയുകയും, കഷ്ടം ദീനംപിടിച്ചു മധുരയതു കുടിച്ചും കിടക്കുന്ന ലോകർക്ക് ഗുരു അതിനൊരു പരിഹാരം കാട്ടിത്തരികയും ചെയ്തത് അരുവിപ്പുറം എന്ന പുണ്യ ധാമത്തിലാണ്. പക്ഷേ ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും മനുഷ്യൻ ഈ കുരുക്കിൽ നിന്ന് കരകയറിയില്ലെന്നു മാത്രമല്ല. കുരുക്ക് പുതിയ രൂപത്തിൽ മുറുകുകയും ചെയ്യുന്നു!
വെറുമൊരു പ്രതിഷ്ഠയായിട്ടല്ല അരുവിപ്പുറം ശിവപ്രതിഷ്ഠയെ കാണേണേണ്ടത്. മറിച്ച്, സ്വത്വബോധത്തിന്റെ പ്രതീകമായി വേണം അതിനെ കാണാൻ. ഗുരുവിനെപ്പോലെ ശാന്തമായും ശക്തമായും സൂക്ഷ്മമായും മനുഷ്യരുടെ അസമത്വത്തെയും അന്ധവിശ്വാസങ്ങളെയും വിമർശിക്കുകയും അതിന് പരിഹാരം ശാസ്ത്രീയമായി കാണിച്ചുതരികയും ചെയ്ത ഒരു പുണ്യാത്മാവിനെ നമുക്ക് കാണാൻ ബുദ്ധിമുട്ടാണ്. പലരും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മഹിത തത്വങ്ങളെ പറയുകയുണ്ടായിട്ടുണ്ട്. പക്ഷേ പറഞ്ഞവർ അത് സ്വജീവിതത്തിൽ പ്രാവർത്തികമാക്കിയിട്ടില്ല എന്ന് മുൻവിധികളില്ലാതെ ചിന്തിച്ചാൽ മനസ്സിലാകും.
സമത്വമെന്ന
ആശയം
ശാസ്ത്രം ഇത്രമാത്രം പുരോഗമിച്ചിട്ടും സമത്വം സൃഷ്ടിക്കുവാൻ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല? ശാസ്ത്രത്തിന്റെ കുഴപ്പമാണോ? അതോ മനുഷ്യന്റെ കുഴപ്പമാണോ? സമത്വം എന്ന ആശയത്തെ സമഗ്രമായാണോ നാം കാണുന്നത്? സാമ്പത്തിക സമത്വം എന്നും അപ്രാപ്യമായി നിൽക്കുകയാണ്. കോടീശ്വരന്മാർ കോടികൾ സമ്പാദിച്ച് രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോകുന്നു. ഇവിടുത്തെ പാവങ്ങൾ എന്നും പാവങ്ങളായി തുടരുന്നു.
വിദ്യാഭ്യാസ സമത്വവും സംസാരത്തിൽ മാത്രം. വിദ്യാഭ്യാസരംഗം വലിയ കച്ചവടമായി മാറിയിരിക്കുന്നു, ശരിയായി പഠിക്കാത്തവനെയും പഠിച്ചുവെന്ന് ധരിപ്പിച്ച് സമത്വം ഉണ്ടാക്കുവാൻ ശ്രമിക്കുന്ന ഒരു കൂട്ടർ. പഠിപ്പില്ലാത്തവന് എന്ത് സമത്വമാണ് ഭാവന ചെയ്യുവാനും പ്രാവർത്തികമാക്കുവാനും സാധിക്കുന്നത്?
സമത്വം എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി മുന്നോട്ടുപോകുക ഏറെ പ്രയാസം. സമത്വമെന്ന ആശയം വളരെ മനോഹരവും ഹൃദ്യവുമാണ്. പ്രായോഗികമാക്കാൻ വളരെ ബുദ്ധിമുട്ടുള്ളതും! സമത്വമില്ലെങ്കിൽ എവിടെയാണ് സ്വാതന്ത്ര്യം? ജാതി, മത, ലിംഗ, വർണ, വർഗ, രാഷ്ട്രീയ ഇസങ്ങളുടെ നീരാളിപ്പിടിത്തമാണ് സത്യത്തിൽ നടക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ ആക്രമിക്കുന്ന വൈകൃത മനോഭാവമാണ് എവിടെയും കാണുന്നത്. അതേസമയം, പുരോഗമന ചിന്തകരെന്ന് പൊങ്ങച്ചം പറഞ്ഞ് സമയം കളയുന്നവരല്ലേ നമ്മിൽ ഭൂരിഭാഗം പേരും? ആരെയും അംഗീകരിക്കാത്തവരും അനുസരിക്കാത്തവരുമായ നമ്മൾ പുറംരാജ്യങ്ങളിൽ പോയാൽ അനുസരണയുള്ളവരായി ജീവിക്കുന്നു!
അവിദ്യയുടെ
അന്ധകാരം
വിദ്യയും അവിദ്യയുമുണ്ട്. അവിദ്യയിലാണ് മനുഷ്യർക്കിടയിൽ സംഘർഷങ്ങൾ ഉണ്ടാകുന്നതും ഉണ്ടാക്കുന്നതും. അണികൾക്ക് വിദ്യയുണ്ടാകുവാൻ നേതാക്കൾ ഒരിക്കലും താത്പര്യര്യപ്പെടില്ല. അജ്ഞത നിലനിറുത്തേണ്ടത് അവരുടെ ആവശ്യമാണ്. മതകലഹങ്ങളുണ്ടാകുന്നത് മതത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതിനാലാണ്. മറ്റു മതങ്ങളെക്കുറിച്ചും അതിന്റെ സത്തയെക്കുറിച്ചും പഠിക്കുന്നതിനും വായിക്കുന്നതിനുമുള്ള അവസരം നേതാക്കന്മാർ അണികൾക്ക് കൊടുക്കില്ലെന്നു മാത്രമല്ല, മതവിദ്വേഷം കുത്തിവയ്ക്കുകയും ചെയ്യും.
ശ്രീനാരായണ ഗുരുദേവൻ നൂറു വർഷം മുൻപ്, 1924-ലാണ് ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനം വിളിച്ചു കൂട്ടിയത് (ഏഷ്യയിൽ ആദ്യത്തേതും ലോകത്ത് രണ്ടാമത്തേതും). സർവമത സമ്മേളനപ്പന്തലിന്റെ പ്രവേശന കവാടത്തിൽ ഗുരു എഴുതിവയ്പിച്ചു: " വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് !" അറിവുകൊണ്ട് മാത്രമേ അറിവില്ലായ്മയെ മറികടക്കാൻ സാധിക്കൂവെന്ന് ഗുരുവിന് അറിയാമായിരുന്നു. പക്ഷേ, ഇന്നും ശരിയായ അറിവ് പകർന്നു കൊടുക്കുവാൻ സ്വാർത്ഥമതികൾ സമ്മതിക്കുന്നില്ല!
മനസ്സിലേക്ക്
ഇറങ്ങിയ ഗുരു
ഉദാത്തമായ ജ്ഞാനത്തിന്റെ തലത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാത്ത സാധാരണ ജനങ്ങൾക്കു വേണ്ടി അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്നാണ് ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തുന്നത്. ഇവിടെ മന:ശാസ്ത്രപരമായി ഗുരുദേവൻ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി കണ്ടുപഠിക്കണം. അദ്വൈതത്തിന്റെ ഉന്നത ശൃംഗങ്ങളിൽ വിഹരിക്കുന്ന ഗുരുദേവൻ എന്തിന് ഈ ശിവപ്രതിഷ്ഠ നടത്തി? ജനങ്ങൾക്ക് അറിവ് പകർന്നു നൽകിയാൽ പോരേ? ശരിയാണ്, പക്ഷേ ഓരോ വ്യക്തിയുടെയും സംസ്കാരവും മാനസിക തലവും ബുദ്ധിയുടെ തലവും മനസ്സിലാക്കിയാൽ ഈ ചോദ്യം നാം ചോദിക്കില്ല. തന്റെയും മറ്റുള്ളവരുടെയും മാനസികതലം മനസ്സിലാക്കിക്കഴിയുമ്പോൾ നമുക്ക് ആരെയും കുറ്റപ്പെടുത്തുവാനാവില്ല.
താൻ മാത്രം കേമനെന്നും എല്ലാം മനസ്സിലാക്കിയവനെന്നുമുള്ള തോന്നൽ അവനെ മായാലോകത്ത് എത്തിക്കുന്നു. അതുകൊണ്ട് നമുക്ക് സ്വാതന്ത്ര്യം വേണമെങ്കിൽ ശരിയായി സ്വതന്ത്രനായവനിൽ അഭയം പ്രാപിക്കണം. പ്രണവം ഉണർന്ന് പിറപ്പൊഴിഞ്ഞു വാണവന്റെ വാണിയിൽ ശ്രദ്ധയുള്ളവരാകണം. അങ്ങനെ നമ്മൾ സ്വതന്ത്രരാകുമ്പോഴാണ് സാഹോദര്യം ഉദിക്കുന്നത്. ഒരമ്മയുടെ ഉദരത്തിൽ പിറന്നതുകൊണ്ടോ ഒരു മതത്തിൽ വിശ്വസിക്കുന്നതു കൊണ്ടോ ഇല്ലാത്ത ജാതിയിൽ അഭിമാനിക്കുന്നതുകൊണ്ടോ ഇഷ്ടപ്പെട്ട രാഷ്ട്രീയ ആശയത്തിൽ അന്ധമായി വിശ്വസിക്കുന്നതുകൊണ്ടോ സാഹോദര്യം പുലർത്താൻ സാധിക്കില്ല. സോദരത്വേന ഏവരും വാഴുന്ന ഒരു മാതൃകാ സ്ഥാനത്തെ നിർമ്മിക്കുന്നതിനാണ് ഗുരുദേവൻ ആയുസ്സും വപുസ്സും ആത്മതപസ്സും മാനവരാശിക്കായി ബലിയർപ്പിച്ചത്.
1888- ലെ കുംഭ ശിവരാത്രിയിൽ, ബ്രാഹ്മ മുഹൂർത്തത്തിൽ നെയ്യാറിലെ ശങ്കരൻകുഴിയിൽ നിന്ന് മുങ്ങിയെടുത്ത, ഉത്തമ ലക്ഷണത്തോടുകൂടിയ അനന്തതയുടെ പ്രതീകമായ, മംഗള സ്വരൂപനായ ശിവനെ പ്രതിഷ്ഠിച്ച് ഗുരു നമ്മെ അനുഗ്രഹിച്ചു. വരുന്ന ശിവരാത്രി നാളിൽ, പത്തു ദിവസത്തെ വ്രതമെടുത്ത് ഏവരും, പ്രത്യേകിച്ച് ഗുരുവിശ്വാസികൾ മൂലസ്ഥാനമായ അരുവിപ്പുറത്ത് എത്തണം. പത്തു നാൾ നീണ്ടുനിൽക്കുന്ന വിജ്ഞാനപ്രദങ്ങളായ സമ്മേളനങ്ങളും, മനനം കൊണ്ട് ത്രാണനം ചെയ്യുന്ന ഹോമ മന്ത്ര ജപവും, 1008 കുടം ജലം ശങ്കരൻകുഴിയിൽ നിന്നു കോരിയെടുത്ത് ഓം നമശിവായ മന്ത്രം ജപിച്ച് ബ്രാഹ്മ മുഹൂർത്തത്തിൽ നടത്തുന്ന അഭിഷേകവും മറ്റും ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ശിവരാത്രി പ്രതിഷ്ഠാ വാർഷികം അരുവിപ്പുറത്ത് നിശ്ചയിച്ചിരിക്കുന്നത്. ഏവരെയും ഈ പുണ്യ സ്ഥലത്തേക്ക് സ്വാഗതം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |