പുറമേ ശാന്തമായ പുഴ പോലെയാണ് പത്തനംതിട്ടയിലെ വോട്ടർമാരുടെ മനസ്. അടിയൊഴുക്കുകളും ചുഴികളും പുറത്തറിയില്ല. കരുതിവച്ചിരിക്കുന്നത് എന്താണെന്ന് ഊഹം പറയുക പ്രയാസം. പാർലമെന്റിലേക്ക് നാലാമങ്കത്തിനാണ് മണ്ഡലമൊരുങ്ങുന്നത്. തുടർച്ചയായി മൂന്നു തവണയും യു.ഡി.എഫിനെ തുണച്ചു. ഭൂരിപക്ഷം കുറഞ്ഞു വന്നത് മുന്നണിക്കുള്ള താക്കീതായി കണക്കാക്കാം. നിയമസഭാ മണ്ഡലങ്ങൾ ഏഴും ചുവന്നു നിൽക്കുന്നത് ഇടതിനോടും മമതയുണ്ടെന്ന സൂചന നൽകുന്നു. മലനാട്ടിലെ മണ്ണിൽ എൻ.ഡി.എയുടെ വേരുകളും പടർന്നിട്ടുണ്ട്.
സ്ഥാനാർത്ഥികളെ ചുറ്റിപ്പറ്റി ചൂടുപിടിച്ച വിവാദങ്ങൾ പോരാട്ടത്തിന് മൂർച്ച കൂട്ടിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയും എൻ.ഡി.എ സ്ഥാനാർത്ഥിയായ മകൻ അനിൽ ആന്റണിയും കൊമ്പുകോർത്തത് രാഷ്ട്രീയ കൗതുകമായി. മകൻ തോൽക്കണമെന്ന് ആഗ്രഹിക്കുന്ന അച്ഛനോട് സഹതാപം പ്രകടിപ്പിച്ചിരിക്കുകയാണ് അനിൽ. കാലഹരണപ്പെട്ട നേതാക്കൾ കുരച്ചുകൊണ്ടിരിക്കുമെന്ന് അച്ഛനെതിരെ മകൻ തുറന്നടിച്ചു. കരുണാകരനെയും ആന്റണിയെയും ഉമ്മൻചാണ്ടിയെയും കുതികാൽ വെട്ടിയ ചതിയനായ പി.ജെ കുര്യനാണ് പ്രായമായ തന്റെ പിതാവിനെക്കൊണ്ട് പത്രസമ്മേളനം നടത്തിച്ചതെന്നും അനിൽ കടത്തിപ്പറഞ്ഞു.
അനിലിനെതിരെ ദല്ലാൾ നന്ദകുമാറിന്റെ കൈക്കൂലി ആരോപണം പുതിയ വിവാദമായി. യു.പി.എ സർക്കാരിന്റെ കാലത്ത് സുഹൃത്തിനെ സി.ബി.ഐ സ്റ്റാന്റിംഗ് കോൺസലായി നിയമിക്കാൻ താൻ 25 ലക്ഷം രൂപ വാങ്ങിയെന്ന നന്ദകുമാറിന്റെ ആരോപണത്തിനു പിന്നിൽ ആന്റോ ആന്റണിയും കോൺഗ്രസുമാണെന്ന് അനിൽ. ജഡ്ജിമാരെ സ്ഥലം മാറ്റുന്നതടക്കമുള്ള പല ആവശ്യങ്ങൾക്കായി നന്ദകുമാർ തന്നെ സമീപിച്ചെന്നും പരിചയപ്പെടുത്തിയത് പി.ജെ കുര്യനാണെന്നുമാണ് അനിലിന്റെ പ്രത്യാക്രമണം.
പത്തനംതിട്ടക്കാർക്ക് താെഴിലും വിജ്ഞാനവും വാഗ്ദാനം ചെയ്ത് കളത്തിലിറങ്ങിയ തോമസ് ഐസക്കിനെ കുരുക്കിട്ടു പിടിക്കാൻ നടക്കുന്ന ഇ.ഡിക്കെതിരായ ഹൈക്കോടതി വിധി എൽ.ഡി.എഫിന് താത്കാലിക ആശ്വാസമായി.
രാഷ്ട്രീയ കോലാഹലങ്ങളിൽ പത്തനംതിട്ടയിലെ വോട്ടർമാരുടെ മനസ് ആടിയുലയുന്നത് ഏതു ദിശയിലേക്കെന്ന് പ്രവചിക്കുക അസാദ്ധ്യം.
മുമ്പേ പറന്ന്
ഐസക്ക്
സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പേ തോമസ് ഐസക്ക് മണ്ഡലത്തെ പഠിച്ചു. കർഷകർ, പ്രവാസികൾ, യുവാക്കൾ, വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുമായി കൂടിക്കാഴ്ച. പുതിയ കൃഷിരീതികളും തൊഴിൽ സംസ്കാരവുമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. തിരുവല്ലയിൽ നടത്തിയ മൈഗ്രേഷൻ കോൺക്ളേവിന്റെ തുടർച്ചയായി വിജ്ഞാന പത്തനംതിട്ട എന്ന പേരിൽ അരലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിന് സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിച്ചു.
മണ്ഡലപര്യടനത്തിൽ സ്ഥാനാർത്ഥിക്കു സമ്മാനമായി ഒരു പുസ്തകം; അല്ലെങ്കിൽ കുറച്ച് വസ്ത്രങ്ങൾ മതി. പുസ്തകം ലൈബ്രറികൾക്കും വസ്ത്രങ്ങൾ അഗതി മന്ദിരങ്ങൾക്കും കൈമാറും. പതിനഞ്ചു വർഷം എം.പിയായിരുന്ന ആന്റാേ ആന്റണി ഹൈമാസ്റ്റ് വിളക്കും കാത്തിരിപ്പ് കേന്ദ്രവും സ്ഥാപിച്ചതല്ലാതെ നാടിനു വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ആക്ഷേപം.
തടുത്തും
തൊടുത്തും
ഹൈമാസ്റ്റും കാത്തിരിപ്പു കേന്ദ്രങ്ങളും മാത്രമല്ല ദേശീയപാത വികസനം, കേന്ദ്രീയ വിദ്യായലങ്ങളുടെ നിർമ്മാണം, റബർ കർഷകർക്കു വേണ്ടി പാർലമന്റിൽ ഇടപെട്ടത് തുടങ്ങിയവ വിശദീകരിച്ച് എതിർ പ്രചാരണങ്ങളെ ചെറുക്കുന്നു. പത്തനംതിട്ടയിൽ പുതിയ തൊഴിൽ വാഗ്ദാനങ്ങളുമായി എത്തിയ ഐസക്ക് ധനമന്ത്രിയും എം.എൽ.എയും ആയിരുന്നപ്പോൾ ആലപ്പുഴക്കാർക്ക് എന്തു ചെയ്തുവെന്ന് യു.ഡി.എഫ് ചോദിക്കുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്ത് കേന്ദ്രത്തിനു മുന്നിൽ ഭിക്ഷ യാചിക്കുന്ന സ്ഥിതിയിലേക്ക് എത്തിയതിന്റെ കാരണക്കാരൻ ഐസക്ക് ആണെന്ന ആരോപണമാണ് യു.ഡി.എഫിന്റെ പോർമുന. പ്രചാരണത്തിന്റെ പേരിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ നേതാക്കൾ തമ്മിലടിച്ചതും യു.ഡി.എഫ് ആയുധമാക്കുന്നു.
വ്യത്യസ്തനായി
അനിൽ
സംസ്ഥാനത്ത് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിൽ തുടക്കം കുറിച്ചത് പ്രവർത്തകർക്ക് ആവേശമായി. വീടുകൾ സന്ദർശിച്ച് മോദി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളെക്കുറിച്ച് വോട്ടർമാരുമായി ആശയ വിനിമയം നടത്തുന്നു. കേന്ദ്രസർക്കാർ പദ്ധതികളുടെ പത്തനംതിട്ടയിലെ ഗുണഭോക്താക്കളുടെ എണ്ണം ചൂണ്ടിക്കാട്ടുന്നു. എതിർ സ്ഥാനാർത്ഥികളിൽ ആരെ ജയിപ്പിച്ചാലും ഡൽഹിയിൽ 'ഇന്ത്യ' മുന്നണിയുടെ ഭാഗമാകുമെന്ന് ഓർമിപ്പിക്കുന്നു. മണ്ഡലത്തിൽ കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ മത്സരിച്ചപ്പോഴുണ്ടായിരുന്ന വൈകാരിക അന്തരീക്ഷം ഇപ്പോഴില്ലെന്നതും എൻ.ഡി.എ തിരിച്ചറിയുന്നുണ്ട്.
വന്യമൃഗവും
റബറും
പെരുനാട് പഞ്ചായത്തിലെ തുലാപ്പള്ളിയിൽ കർഷകനായ ബിജു മാത്യു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് പ്രതിപക്ഷത്തിന് ആയുധമായി. കുടുംബത്തിനു ലഭിച്ച 10 ലക്ഷം രൂപയുടെ ധനസഹായത്തിന്റെ പേരിലും വിവാദമുണ്ടായി. തുക നൽകിയത് സംസ്ഥാന സർക്കാരാണെന്ന് എൽ.ഡി.എഫ് പ്രചരിപ്പിക്കുന്നു. കേന്ദ്ര പദ്ധതിയിലുള്ള സഹായം സംസ്ഥാന സർക്കാർ പ്രതിനിധി നൽകിയെന്നു മാത്രമേയുള്ളൂവെന്ന് ആന്റോ ആന്റണി. വന്യമൃഗ ശല്യം തടയാനുളള കേന്ദ്രപദ്ധതികൾ സംസ്ഥാനം നടപ്പാക്കിയില്ലെന്ന് എൻ.ഡി.എ കുറ്റപ്പെടുത്തുന്നു.
റബർ കർഷകരിലാണ് മുന്നണികളുടെ മറ്റൊരു കണ്ണ്. റബറിന് കിലോയ്ക്ക് 200നു മുകളിൽ വില കിട്ടിയത് യു.പി.എ സർക്കാർ കാലത്താണെന്ന് യു.ഡി.എഫ്. താങ്ങുവില ഉയർത്തി കർഷകരെ സംരക്ഷിക്കുന്നത് തങ്ങളാണെെന്ന് എൽ.ഡി.എഫ്. മോദി സർക്കാർ റബറിന്റെ ഇറക്കുമതി നികുതി ഉയർത്തിയതോടെ കർഷകർക്ക് വില കൂട്ടിക്കിട്ടിയെന്ന് എൻ.ഡി.എ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്കു ലഭിച്ചത് 44,243 വോട്ടുകളുടെ ഭൂരിപക്ഷമാണ്. അതു മറികടന്ന് ചെങ്കൊടി ഉയർത്താമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. ക്രിസ്ത്യൻ സമുദായങ്ങൾ നിർണായക സ്വാധീനം ചെലുത്തുന്ന മണ്ഡലത്തിൽ മുന്നണിക്കു പുറത്തുനിന്ന് വോട്ടുകൾ സമാഹരിക്കാനാണ് എൽ.ഡി.എഫിന്റെ കഠിന ശ്രമം.
കഴിഞ്ഞ തവണ ഇടഞ്ഞുനിന്ന കോൺഗ്രസ് നേതാക്കളും ഭിന്നിച്ചു പോയ സഭാ വോട്ടുകളും ഇത്തവണ ഒപ്പമുണ്ടെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. മോദി സർക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താൾ ഒപ്പം നിൽക്കുകയും ജയിച്ചാൽ കേന്ദ്രമന്ത്രി എന്ന വാഗ്ദാനം വോട്ടർമാരിൽ ചലനമുണ്ടാക്കുകയും ചെയ്താൽ വിജയിക്കാമെന്നാണ് എൻ.ഡി.എയുടെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |