SignIn
Kerala Kaumudi Online
Saturday, 17 August 2024 8.32 AM IST

രാജധാനിപ്പോര്; ആന്ധ്രാ മോഡൽ!

fv

 അമരാവതിയുടെ ഭാവി,​ ഇലക്ഷൻ ഫലം തീരുമാനിക്കും

വിജയവാഡയിൽ നിന്ന് അമരാവതിയിലേക്ക് ഓട്ടം വിളിച്ചപ്പോൾ ഓട്ടോക്കാരൻ വരപ്രസാദിന്റെ ചോദ്യം,​ 'അമരാവതി രാജധാനിയിലേക്കാണോ" എന്നായിരുന്നു! അതെ എന്നു കേട്ടപ്പോൾ വരപ്രസാദിന് ചെറിയൊരു മടി. 'തിരിഗി രാവടാനിക്ക് ഇവരു ഉണ്ടരു,​ ഘാലി ഗാനെ റാവൽസി ഒസ്തുന്തി" (തിരിച്ചുവരാൻ ആരുമുണ്ടാവില്ല, കാലിയോട്ടം വരണം!)

'തിരിച്ചു നമ്മൾ തന്നെ വന്നോളാ"മെന്നു പറഞ്ഞപ്പോൾ വണ്ടി സ്റ്റാർട്ട്. പാടത്തിനു നടുവിലൂടെ ചെറിയൊരു റോഡ്. എതിരെ ഒരു കാർ വന്നാൽപ്പോലും കടന്നു പോകാനാവില്ല. വിജയനഗരത്തിലെ മുഴുവൻ പേരുടെയും ദാഹമകറ്റുന്ന പ്രകാശം ഡാമിനു മുകളിലൂടെ ഓട്ടോറിക്ഷ മുന്നോട്ട്. പെട്ടെന്ന് വണ്ടി ഇടത്തേക്ക്. അവിടെ റോഡില്ല, കുറ്റിക്കാട്ടിലൂടെ മുന്നോട്ട്. ചെന്നു കയറിയത് ഒരു നാലുവരിപ്പാതയുടെ അറ്റത്ത്. അവിടെ വരെ നിർമ്മിച്ചിട്ട് ഉപേക്ഷിച്ച നിലയിൽ കിടക്കുകയാണ് ആ നാലുവരിപ്പാത.

റോഡിന്റെ വശങ്ങളിൽ വച്ചുപിടിപ്പിച്ചിരുന്ന പൂച്ചെടികൾ കരിഞ്ഞും വാടിയും കിടക്കുന്നു. കുറച്ചു മുന്നോട്ടെത്തിയപ്പോഴേക്കും 'രാജധാനി" എത്തി. നിയമസഭാ മന്ദിരവും സെക്രട്ടേറിയറ്റും ഒറ്റ വളപ്പിൽ. ഒട്ടും ആകർഷണീയമല്ലാത്ത കെട്ടിടങ്ങൾ. അകത്താരുമില്ല; പുറത്തുനിന്ന് ഫോട്ടോ എടുക്കാമെന്ന് സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

'തിരഞ്ഞെടുപ്പു കഴിഞ്ഞ് തലസ്ഥാനം ഇവിടെത്തന്നെ ആയിരിക്കുമോ?" സർക്കാർ ജീവനക്കാരാണ്- ഇതിനൊന്നും മറുപടി പറയാൻ പാടില്ലെന്ന് പൊലീസ് ഓഫീസറുടെ മറുപടി. സെക്രട്ടേറിയറ്റ് ഉൾപ്പെടെ വിശാഖപട്ടണത്തേക്കു മാറ്റാനാണ് വൈഎസ്.ആർ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനം വിഭജിച്ചപ്പോൾ അമരാവതിയിൽ പുതിയ തലസ്ഥാനം നിർമ്മിക്കുമെന്നത് ടി.ഡി.പി സർക്കാരിന്റെ പ്രഖ്യാപനമായിരുന്നു.

ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അമരാവതിയിൽ സെക്രട്ടേറിയറ്റിന്റെയും നിയമസഭാ മന്ദിരത്തിന്റെയും നിർമ്മാണം ആരംഭിച്ചു. വ്യവസായ, ഐ.ടി സ്ഥാപനങ്ങൾ ഉൾപ്പെടെ കൊണ്ടുവരാനും പുത്തൻ നഗരം നിർമ്മിക്കാനുമായിരുന്നു പദ്ധതി. നായിഡു മാറി ജഗൻ മോഹൻ റെഡ്ഡി വന്നതോടെ അമരാവതിയുടെ കഷ്ടകാലം തുടങ്ങി. നഗര നിർമ്മാണം പാതിവഴിയിൽ നിലച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തലസ്ഥാനം വിശാഖപട്ടണം ആക്കുമെന്ന് ജഗൻ പ്രഖ്യാപിച്ചു. ഇതിനെതിരെ ഹൈക്കോടതിയിൽ കേസെത്തി. പിന്നെ, നിയമസഭാ മന്ദിരം മാത്രം അമരവതിയിൽ നിലനിറുത്തി, ബാക്കി വിശാഖപട്ടണത്തേക്കു മാറ്റാനായി തീരുമാനം. കഴിഞ്ഞ ജനുവരി 21ന് ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനമായി അമരാവതിയും,​ എക്സിക്യുട്ടീവ് (ഭരണനിർവഹണം) തലസ്ഥാനമായി വിശാഖപട്ടണവും,​ ജുഡിഷ്യൽ (നീതിന്യായ) തലസ്ഥാനമായി കർണൂലും നിശ്ചയിച്ചുകൊണ്ടുള്ള ബിൽ നിയമസഭ പാസാക്കിയിരുന്നു.

2014-ൽ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോൾ ആന്ധ്രയുടെ പുതിയ തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കാൻ കൊണ്ടുവന്ന നിയമം റദ്ദാക്കാനുള്ള ബില്ലും അവതരിപ്പിച്ചു.

നായിഡു

കളി മാറ്റി

തലസ്ഥാന നഗരം സംബന്ധിച്ച തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകേണ്ടതുണ്ട്. പക്ഷെ, ഇതുവരെ അതു സംഭവിച്ചിട്ടില്ല. ജഗൻ മോഹൻ റെഡ്ഡി,​ ഭരണത്തിന്റെ തുടക്കത്തിൽ മോദി അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ തലസ്ഥാനം മാറ്റുന്നതിനുള്ള ബില്ലുമായി ജഗൻ മുന്നോട്ടു പോകുന്നതിനിടയിലാണ് ചന്ദ്രബാബു നായിഡു ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി ആന്ധ്രയിൽ സഖ്യമുണ്ടാക്കിയത്. അതോടെ ജഗന്റെ കരുനീക്കങ്ങൾ പൊളിഞ്ഞു.

ഇനി തിരഞ്ഞടുപ്പു കഴിയണം,​ തലസ്ഥാനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകാൻ. 2014-ൽ അധികാരത്തിലെത്തിയ ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നപദ്ധതിയായിരുന്നു 50,000 ഏക്കർ സ്ഥലത്തെ അമരാവതി തലസ്ഥാന നഗരി. നിലവിൽ തലസ്ഥാനം ഏതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആന്ധ്രാ വിഭജനത്തിലുണ്ടാക്കിയ ധാരണപ്രകാരം പത്തു വർഷത്തേക്ക് ഹൈദരാബാദ് ഇരുസംസ്ഥാനങ്ങളുടെയും തലസ്ഥാനമായി തുടരും. ഈ കാലപരിധി ജൂണിൽ അവസാനിക്കും.

ദുരിതത്തിലായത്

പാവം ക‌ർഷകർ

തലസ്ഥാന നിർമ്മാണത്തിനായി 29 വില്ലേജുകളിൽനിന്നുള്ള 29,000-ത്തിലേറെ കർഷകരുടെ ഭൂമി ഏറ്റെടുക്കാനാണ് മുൻ സർക്കാർ വിജ്ഞാപനമിറക്കിയത്. 34,000 ഏക്കർ സ്ഥലം കർഷകർ തലസ്ഥാന നഗരിക്കായി വിട്ടുനൽകി. ഏറ്റെടുക്കൽ നടപടികളും പാതിവഴിയിലാണ്. മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ പലതും ജഗൻ സർക്കാർ റദ്ദാക്കി. ഇതിനെതിരെയുള്ള കർഷക സമരം 1590 ദിവസം പിന്നിട്ടു. തിരഞ്ഞെടുപ്പായതിനാൽ സമരത്തിന് നിയന്ത്രണമുണ്ട്.

കൃഷ്ണ നദീതടത്തിലെ പാടങ്ങളാണ് കർഷകർ വിട്ടുനൽകിയ ഭൂമിയിൽ ഭൂരിഭാഗവും. ഭൂമി ഏറ്റെടുക്കലിൽ ടി.ഡി.പി സർക്കാർ വൻ അഴിമതി നടത്തിയെന്നാണ് ജഗന്റെ വാദം. ഏറ്റെടുത്ത സ്ഥലം കർഷകർക്ക് വിട്ടുനൽകാമെന്നാണ് അദ്ദേഹം കർഷകരോട് ഇപ്പോൾ പറയുന്നത്. എന്നാൽ, അധികാരത്തിലെത്തിയാൽ അമരാവതിയിലെ നിർമാണപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കി തലസ്ഥാന നഗരിയാക്കുമെന്ന് ചന്ദ്രബാബു നായിഡുവും ഉറപ്പുനൽകുന്നു. ആരെ വിശ്വസിക്കുമെന്ന് അയില്ലെന്ന് കർഷക സമര നേതാവായ ഭാനു പ്രകാശ് പറഞ്ഞു.

നായിഡുവും ജഗനും തമ്മിലുള്ള വൈരമാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണമെന്ന് കർഷകർ പറയുന്നു. കർഷകരുടെ 34,000 ഏക്കർ സ്ഥലത്തിനു പുറമേ തലസ്ഥാന നഗരം സൃഷ്ടിക്കാനായി 15,000 ഏക്കർ സർക്കാർ ഭൂമിയും വിട്ടുനൽകാൻ തീരുമാനിച്ചിരുന്നു. 2016-ൽ 33,476 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. കെട്ടിടനിർമാണം 2021ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. ഇതുവരെ 10,000 കോടി രൂപ ചെലവഴിച്ചതായി ആന്ധ്ര തലസ്ഥാന വികസന അതോറിട്ടി അധികൃതർ പറഞ്ഞു.

സർക്കാർ വാഗ്ദാനത്തിൽ വിശ്വസിച്ച് അമരാവതിയിലെത്തിയ സ്വകാര്യ സർവകലാശാലകളും ദുരിതത്തിലായി. യാത്രാ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ ദുരിതത്തിലാണ്. ഇവിടെ പഠിക്കുന്നവരിൽ മലയാളികളുമുണ്ട്. 2019-ൽ അധികാരത്തിലെത്തിയ ഉടൻ ജഗൻ മോഹൻ റെഡ്ഡി പ്രജാവേദികെ എന്ന പേരിൽ 8.9 കോടി ചെലവാക്കി നിർമിച്ച കൺവെൻഷൻ ഹാൾ നദീതട സംരക്ഷണ നിയമം ലഭിച്ചതിന്റെ പേരിൽ തകർക്കുകയാണ് ചെയ്തത്. തുടർന്ന് എല്ലാ നിർമാണ പ്രവൃത്തികളും നിറുത്തിവച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANDRA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.