കോഴിക്കോട്: പോക്‌സോ കേസ് പ്രതിയായ നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്. ബന്ധുവീട്ടിൽവച്ച് നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടൻ ഒളിവിൽ പോവുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു.
ജയചന്ദ്രന്റെ താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇയാളുടെ മൊബൈൽ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിൽ കഴിയുന്നതെന്നത് സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. ജയചന്ദ്രനെതിരായ തുടർ നടപടികൾ വൈകുന്നു എന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നൽകുകയും ചെയ്തു.
കുട്ടിയുടെ മാതാവാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെ കഴിഞ്ഞ ജൂണിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുടുംബ പ്രശ്നങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതി ലഭിച്ചതിനുപിന്നാലെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നിർദേശ പ്രകാരമാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്‌സോ കോടതിയിൽ നടൻ ജാമ്യാപേക്ഷ നൽകി. എന്നാൽ ജൂലായ് 12ന് ഇത് തള്ളി. പിന്നീട് നടൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമർപ്പിച്ചു. ഈ ഹർജിയിൽ അടുത്തയാഴ്‌ചയാണ് വാദം കേൾക്കുന്നത്. ടെലിവിഷൻ അവതാരകനായി കരിയർ ആരംഭിച്ച കൂട്ടിക്കൽ ജയചന്ദ്രൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |