
ആധുനിക ചരിത്രത്തിലെ ഏറ്റവും സങ്കീർണവും ദൂരവ്യാപകവുമായ രക്ഷാദൗത്യങ്ങളാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ഇന്ത്യ നിർവഹിച്ചത്. ആഗോള സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്ന പശ്ചാത്തലത്തിൽ രാജ്യം ഇത്തരം രക്ഷാദൗത്യങ്ങൾ കൂടുതൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്.
ഏതു നിലയിൽ നോക്കിയാലും 21-ാം നൂറ്റാണ്ട് ' ദയാരഹിതമായ ഭിന്നതകളുടെയും വിള്ളലുകളുടെയും കാലമാണ്. ഒരു മുന്നറിയിപ്പുമില്ലാതെ യുദ്ധങ്ങൾ പൊട്ടി പുറപ്പെടുന്നു. സമുദ്രാതിർത്തികളിൽ സൈന്യങ്ങൾ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഭരണ അട്ടിമറികൾ രായ്ക്കു രാമാനം അതിർത്തികൾ മാറ്റി വരയ്ക്കുന്നു. കാലാവസ്ഥാ ദുരന്തങ്ങൾ ദശലക്ഷക്കണക്കിനാളുകളെ വഴിയാധാരമാക്കുന്നു. ഇത്തരമൊരു ലോകത്ത് ഒരു രാഷ്ട്രത്തിന്റെ യഥാർത്ഥ ഉരകല്ല് അതിന്റെ സൈനിക ശക്തിയോ സമ്പത്തിന്റെ ബലമോ മാത്രമല്ല, മറിച്ച് രാജ്യത്തെ ജനങ്ങൾ എവിടെയായിരുന്നാലും അവരെ സംരക്ഷിക്കാനുള്ള ധാർമ്മിക ബലമാണ്.
ഈ വിഷയത്തിൽ ഇന്ത്യ സാവകാശം ഏറെ അത്മവിശ്വാസത്തോടെ തുടർച്ചയായി ലോക ചാമ്പ്യൻ എന്ന നിലയിൽ മാറിയിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ രാജ്യം അതിസങ്കീർണമായ രക്ഷാദൗത്യങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. അത് യുദ്ധമുഖങ്ങളിൽ നിന്നു മാത്രമല്ല . ഭരണകൂടങ്ങൾ തകർന്നടിഞ്ഞയിടങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങൾ ആഞ്ഞടിച്ച പ്രദേശങ്ങളിൽ നിന്നും സംഘർഷഭരിതമായ സമുദ്രമേഖലകളിൽ നിന്നും നയതന്ത്ര ഇടപെടലുകൾ കൊട്ടിയടക്കപ്പെട്ട ഇടങ്ങളിൽ നിന്നുമൊക്കെയാണ് ഈ വക രക്ഷാദൗത്യങ്ങൾ ഫലപ്രദമായി നടത്തിയിട്ടുള്ളത്. ഈ കഠിനയത്നങ്ങൾക്കെല്ലാം വഴികാട്ടിയാകുന്ന തത്വം ഒന്നു മാത്രമാണ്. ഇന്ത്യൻ ജനതയെ രാജ്യം ഒരു കാരണവശാലും പിന്തള്ളുകയില്ല എന്നതാണ് ലളിതമായ ആ തത്വം. ജനങ്ങളോടുള്ള ഈ പ്രതിബദ്ധത കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആവർത്തിച്ചു തെളിയിച്ചിട്ടുള്ളതാണ്. സംഘർഷം നിറഞ്ഞുനിന്ന ഉക്രെയിൻ മുതൽ ഗാസവരെയുള്ള പ്രദേശങ്ങളിൽ നിന്നും സുഡാൻ മുതൽ ഇസ്രയേൽ വരെയുള്ള രാജ്യങ്ങളിൽ നിന്നും എന്തിനേറെ പറയുന്നു, ചരക്കുകപ്പലുകൾക്കു നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണവും മിസൈൽ ആക്രമണവും വ്യാപകമായ ചെങ്കടലിലെ സംഘർഷഭരിതമായ മേഖലയിൽ നിന്നു പോലും ഇന്ത്യയിലെ ജനങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും രാജ്യം മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു. പല രാഷ്ട്രങ്ങളും ശങ്കിച്ചു നിൽക്കുകയും പ്രതിസന്ധികൾ തരണം ചെയ്യാൻ പാടുപെടുകയും ചെയ്തപ്പോൾ ഇന്ത്യ നിശ്ചയദാർഢ്യത്തോടും കുറ്റമറ്റ മാനുഷിക സ്പർശത്തോടു കൂടി പരമാവധി വേഗത്തിലാണ് ഇത്തരം ദൗത്യങ്ങൾ നിർവഹിച്ചത്.
ഉത്തരവാദിത്വത്തിന്റെ പാരമ്പര്യം
ശക്തമായ 2024-25
സംഘർഷഭരിത മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിലുള്ള ഇന്ത്യയുടെ കുലമഹിമ ഏറെ പുകൾപ്പെറ്റതാണ്. ആഗോള സംഘർഷങ്ങളിൽപ്പെട്ട 1990 ലെ ഗൾഫ് യുദ്ധ മേഖലയിൽ നിന്ന് 1,10,000 പേരെ സുരക്ഷിതമായി ഒഴിപ്പിച്ച് രാജ്യമുണ്ടാക്കിയ അടിസ്ഥാന രേഖ ശ്രദ്ധേയമാണ്. അതിനു ശേഷം സമാനമായ ഒത്തിരി ഒഴിപ്പിക്കൽ നടപടികൾ ഇന്ത്യ ഫലപ്രദമായി നിർവഹിച്ചു. ലെബനൺ (2006), ലിബിയ (2011), ഇറാക്ക് (2014), യെമൻ (2015), നേപ്പാൾ ദൂകമ്പം (2015) എന്നിവ ഇതിനു തെളിവാണ്. എന്നാൽ, അടുത്തിടെ നടത്തിയ സമാനമായ ഒഴിപ്പിക്കലിന്റെ വ്യാപ്തിയും അതിലുപയോഗിച്ച സങ്കീർണ സാങ്കേതിക വൈദഗ്ധ്യവും ഇക്കാര്യത്തിൽ ഒരു പുതുയുഗപ്പിറവി തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
ഓപ്പറേഷൻ ഗംഗ (2022-23)
ഈ രക്ഷാദൗത്യത്തിൽ വിവിധ രാജ്യങ്ങളിലെ വ്യോമ ബോംബാക്രമണവും ഗതാഗത നിരോധനങ്ങളും തണുത്തു മരവിച്ച കാലാവസ്ഥയുമൊക്കെ അതിജീവിച്ചായിരുന്നു ഉക്രെയ്നിൽ നിന്ന് 20,000 ത്തിലേറെ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കൊണ്ടുവന്നത്.
ഓപ്പറേഷൻ ദേവി ശക്തി (2021)
സംഘർഷം മുറ്റി നിന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് സിക്കുകാരും ഹിന്ദുക്കളുമായ 800 ലേറെ ഇന്ത്യക്കാരെ തിരികെയെത്തിച്ചു.
ഓപ്പറേഷൻ കാവേരി(2023)
ജിദ്ദയിലെ തുറമുഖം പ്രയോജനപ്പെടുത്തിയും സൗദി അധികൃതരുമായി ഏകോപനം നടത്തിയും സുഡാനിൽ നിന്ന് നാവിക-വ്യോമ സേനകൾ സംയുക്തമായി 3, 800 ലേറെ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി.
ഓപ്പറേഷൻ അജയ് ( 2023-24)
ഇസ്രയേൽ -ഹമാസ് സംഘർഷങ്ങളിൽ അതിർത്തികൾ പോലും അടച്ചപ്പോഴും അങ്ങേയറ്റം മാനുഷികതയോടെ ഇസ്രയേലിൽ നിന്നും ഗാസയിൽ നിന്നും ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു.
ചെങ്കടൽ രക്ഷാദൗത്യം(2024)
ഹൂതി ആക്രമണത്തിൽ ഒറ്റപ്പെട്ടുപ്പോയ വ്യാപാരക്കപ്പലുകളിലെ നാവികരെയും ക്യാപ്റ്റനുൾപ്പെടെയുള്ളവരെയും ഡ്രോൺ മിസൈൽ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെടുത്തി.
ഇതെല്ലാം തെളിയിക്കുന്നത് സൈന്യ വിന്യാസം ഫലപ്രദമാക്കുന്നതിനൊപ്പം, ഇന്ത്യയുടെ നയതന്ത്ര ചാതുരി കൂടിയാണ്. വിശേഷിച്ച് സംഘർഷ സാഹചര്യങ്ങളിൽ യു.എ.ഇ,സൗദി അറേബ്യ പോലുള്ള ഗൾഫ് രാജ്യങ്ങളുമായി ഉടവുതട്ടാത്ത നയതന്ത്ര ഇടപെടൽ നടത്തുന്നതിനുള്ള രാജ്യത്തിന്റെ കഴിവും പ്രകടിപ്പിക്കുന്നതാണ്.
അനുകമ്പയുടെ ശക്തി
ഇതെല്ലാം കേവലം ഉദ്യോഗസ്ഥതലത്തിലുള്ള നേട്ടങ്ങൾ മാത്രമല്ല, മറിച്ച് ഇന്ത്യയിലെ ഓരോ പൗരനെയും സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്ന ദേശീയ വികാരത്തിന്റെകൂടി പ്രതിഫലനമാണ്. പല വികസിത രാജ്യങ്ങളും സമാന സംഘർഷ സാഹചര്യങ്ങളിൽ പകച്ചു നിൽക്കുകയും അവരുടെ പൗരന്മാരെ വഴിയിലുപേക്ഷിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യ ഇത്രയേറെ കാരുണ്യത്തോടെ സ്വന്തം ജനതയ്ക്ക് കാവലായത് എന്നോർക്കണം. ലോകത്തിന്റെ മുന്നിൽ ഇന്ത്യ ഉദിച്ചുയരുന്ന സാമ്പത്തിക ശക്തി മാത്രമല്ല, മാനുഷികതയ്ക്കും ജീവിത മൂല്യങ്ങൾക്കും വില കൽപ്പിക്കുന്ന രാജ്യമാണെന്ന കാഴ്ചപ്പാടും ശക്തിപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിലൂടെയാണ് ഇന്ത്യ ഇത്തരമൊരു മഹിമ കൈവരിച്ചത്.
വിദേശ മന്ത്രാലയത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ, സ്വതന്ത്രമായി പ്രവർത്തിക്കാൻ ശക്തിയുള്ള എംബസികൾ, നാവിക-വ്യോമ സേനകളുടെ വിന്യാസമാതൃക, സ്പെഷ്യൽ ഫ്ലൈറ്റുകൾ നടത്താൻ സന്നദ്ധമായ എയർ ഇന്ത്യയും മറ്റ് വിമാന സർവീസുകളും, സംസ്ഥാന സർക്കാരുകളുമായുള്ള കുറ്റമറ്റ ഏകോപനം, തിരികെയെത്തുന്നവർക്കു നൽകുന്ന ആരോഗ്യ- മാനസികാരോഗ്യ പിന്തുണ എന്നിവയെല്ലാമാണ് ഈ വിജയ മന്ത്രത്തിന്റെ രഹസ്യം.
കരുതലിന്റെയും
ആത്മവിശ്വാസത്തിന്റെയും റിപ്പബ്ലിക്
പലരാജ്യങ്ങളും അവരുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനെപ്പറ്റി സംസാരിക്കുമ്പോൾ ഇന്ത്യ പ്രവർത്തിച്ചു കാണിക്കുകയാണ്. ചെങ്കടലിൽ മിസൈൽ ആക്രമണത്തിൽപ്പെടുന്ന ഒരു നാവികനാകട്ടെ, ഖർക്കീവിൽ അകപ്പെട്ടു പോയ ഒരു വിദ്യാർത്ഥിയാകട്ടെ, ഗാസയിലെ ഒരു നേഴ്സാകട്ടെ, ജിദ്ദയിലെ ഒരു തൊഴിലാളിയാകട്ടെ, അല്ലെങ്കിൽ ഏതെങ്കിലും ആക്രമണത്തിൽപ്പെട്ടു പോകുന്ന ഒരു തീർത്ഥാടകനാകട്ടെ, ഇവർക്കെല്ലാം ആരും പറയാതെ തന്നെ ഒരുറപ്പുണ്ട് - രാജ്യം അവരുടെ രക്ഷയ്ക്കെത്തുമെന്ന്.
ഇതാണ് ഇന്ത്യയെ വേർതിരിച്ചു നിർത്തുന്നത്. ജി.ഡി.പി വളർച്ചയുടെയും ശൂന്യാകാശ പര്യവേക്ഷണങ്ങളുടേയും സൈനിക ആധുനികവൽക്കരണത്തിന്റെയും ശക്തിയിലുള്ള റിപ്പബ്ലിക് എന്നതുപോലെ തന്നെ, ഒരിന്ത്യക്കാരനെയും രാജ്യം ഉപേക്ഷിക്കില്ല എന്ന ഉറപ്പിന്റെ കൂടി റിപ്പബ്ലിക്കാണ് ഇന്ത്യ.
അതിർത്തികൾ അടയ്ക്കപ്പെടുകയും ദേശീയത ഉൾവലിയുകയും ലോകം ചിതറിത്തെറിക്കുകയും ചെയ്യുന്ന കാലത്ത് കാര്യണ്യത്തോടെയും അന്തസ്സോടെയും രാജ്യാഭിമാനത്തോടെയും ഇന്ത്യ നടപ്പാക്കുന്ന രക്ഷാദൗത്യങ്ങൾ വ്യത്യസ്തമായ കഥകൾ ലോകത്തിനു സമ്മാനിക്കുകയാണ്. ആയുധങ്ങൾ കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഇന്ത്യ ഈ കഥകൾ മെനയുന്നത്.
വൈദഗ്ധ്യം കൊണ്ടല്ല, അനുകമ്പ കൊണ്ടാണ്. അമിതമായ മോഹങ്ങൾ കൊണ്ടല്ല, വാക്കിന്റെ ഉറപ്പു കൊണ്ടാണ്. നിങ്ങൾ എവിടെയായാലും, എന്തു സംഘർഷങ്ങളിൽ പെട്ടു പോയാലും ഇന്ത്യ നിങ്ങളെ തിരികെ വീട്ടിലെത്തിക്കും. അരക്ഷിതത്വം നിറഞ്ഞുനിൽക്കുന്ന കാലത്ത് കേവലം നയത്തേക്കാൾ പ്രതിബദ്ധതയ്ക്കാണ് പ്രാധാന്യം. അത് രാജ്യത്തിന്റെ സ്വത്വമാണ്. ഇതാണ് രാഷ്ട്ര പൗരത്വം. ഇതത്രേ ഇന്ത്യയെ ഇന്ത്യയാക്കുന്നത്.
ബോക്സ്
'ഞങ്ങൾ സൈറൻ വിളികളും സ്ഫോടനങ്ങളും കേട്ടു. എന്നാൽ ഇന്ത്യൻ പതാക കണ്ടപ്പോൾ ഞങ്ങൾക്കുറപ്പായി ഞങ്ങൾ തിരികെ വീടുകളിലെത്തുമെന്ന്." ഇസ്രായേലിൽ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്ന ഒരാളുടെ ഈ വാക്കുകൾ തന്നെയാണ് ഇന്ത്യയുടെ രക്ഷാദൗത്യങ്ങൾക്കുള്ള ഏറ്റവും വലിയ സാക്ഷ്യപത്രം.
രാഷ്ട്രത്തെ നിർവചിക്കുന്ന ഉറപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |