
ന്യൂഡൽഹി: കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ഹെയ്‌ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള പുകപടലം ഇന്ത്യൻ ആകാശത്ത് നിന്ന് പൂർണമായി നീങ്ങിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെെനയുടെ ഭാഗത്തേക്കാണ് പുകപടലം നീങ്ങിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് പുകപടലം ഇന്ത്യയിലെത്തിയത്.
ഉത്തരേന്ത്യൻ ആകാശത്ത് വ്യാപിച്ച പുകപടലം കാരണം ഇരുപതിലേറെ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ഒട്ടേറെ വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വെെകുകയും ചെയ്തു. നിലവിൽ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് രൂപപ്പെട്ട ചാരവും പൊടിയും സൾഫർ ഡൈ ഓക്സൈഡും നിറഞ്ഞ മേഘങ്ങൾ വിമാനങ്ങൾക്ക് ഭീഷണിയാണ്. തുടർന്നാണ് സർവീസ് നിർത്തിയത്.
15,000- 45,000 അടിവരെ ഉയരത്തിൽ മണിക്കൂറിൽ 100- 120 കിലോമീറ്റർവരെ വേഗത്തിലാണ് ചാരം നിറഞ്ഞ മേഘങ്ങൾ സഞ്ചരിക്കുന്നത്. ഇവ യെമൻ, ഒമാൻ വഴി അറബിക്കടൽ കടന്ന് തിങ്കളാഴ്ച രാത്രിയോടെ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, പഞ്ചാബ് മേഖലകളിൽ വ്യാപിച്ചു. രാത്രിയോടെ വടക്കുകിഴക്കൻ ഇന്ത്യയ്ക്കു മുകളിലൂടെ ഹിമാലയം കടന്ന് ചൈനയുടെ ഭാഗത്തേക്ക് നീങ്ങി.
12,000 വർഷങ്ങൾക്കുശേഷം, ഞായറാഴ്ച രാവിലെയാണ് ഹെയ്‌ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ജനവാസമില്ലാത്ത പ്രദേശമായതിനാൽ ആളപായമില്ല. 1,617 അടിയാണ് ഹെയ്‌ലി ഗബ്ബിയുടെ ഉയരം. 14 കിലോമീറ്റർ ഉയരത്തിലേക്കാണ് ചാരവും പുകയും തെറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |