
വിവാദങ്ങളും വിമർശനങ്ങളും രാഷ്ട്രീയ യുദ്ധവും തുടരുമ്പോഴും സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. ഇനി ഡിജിറ്റൽ സർവകലാശാലാ വി.സിയായി ഡോ. സജി ഗോപിനാഥിന്റെ സ്ഥാനാരോഹണം. നിലവിൽ കോഴിക്കോട് കുന്ദമംഗലം ഐ.ഐ.എമ്മിൽ പ്രൊഫസറായ സജി ഗോപിനാഥ് അവിടെനിന്ന് റിലീവ് ചെയ്ത് അടുത്താഴ്ച തിരുവനന്തപുരത്തെത്തി ചുമതലയേൽക്കും.
'വിവാദങ്ങളും ആക്ഷേപങ്ങളും രാഷ്ട്രീയപ്പോരുകളെല്ലാം മാദ്ധ്യമങ്ങൾ നടത്തുന്നതാണ്. അത് തുടരട്ടെ. പക്ഷെ ഉന്നത വിദ്യാഭ്യാസരംഗത്ത് രാജ്യത്തിന് മാതൃകയാകും വിധം ഡിജിറ്റൽ സർവകലാശാലയെ മാറ്റുകയാണ് ഇനിയുള്ള എന്റെ കർത്തവ്യം. കേരളം അംഗീകരിച്ച യോഗ്യതയുള്ളവരുടെ ക്രെഡിബിലിറ്റിയെ അപമാനിക്കരുതെന്നു മാത്രമാണ് എനിക്കെതിരെ നീങ്ങുന്നവരോട് അഭ്യർത്ഥന. ഒരു സ്ഥാനവും ചോദിച്ചു വാങ്ങിയിട്ടില്ല. എനിക്കു വേണ്ടി നിലകൊണ്ട മുഖ്യമന്ത്രിയോട് നന്ദിയുണ്ട്..." സജി ഗോപിനാഥ് 'കേരള കൗമുദി"യുമായി സംസാരിക്കുന്നു.
? വിവാദങ്ങളെ കാണുന്നത്...
ഞാൻ ഒരുകാലത്തും വിവാദങ്ങളുടെ ഭാഗമായിരുന്നില്ല. എനിക്കെതിരെ വന്ന വിവാദങ്ങളോടും നിങ്ങൾ ഉയർത്തുന്ന വിമർശനങ്ങളോടും പ്രതികരിക്കാനില്ല. പിന്നെ എന്നെ വി.സി ആക്കുന്നതിലുള്ള എതിർപ്പ്. അതിൽ ആകെയുള്ള സങ്കടം, എനിക്കെതിരെ നടത്തുന്ന ആരോപണങ്ങൾ എന്നെ ശുപാർശ ചെയ്ത കമ്മിറ്റിയുടെ വിശ്വാസ്യതയെക്കൂടി ചോദ്യം ചെയ്യുന്നതല്ലേ എന്നതാണ്. എന്റെ മുന്നിൽ കേരളത്തിന്റെ ഭാവി തലമുറ മാത്രമാണ്. പറ്റാവുന്നത്ര കാര്യം ചെറിയ കാലയളവിൽ ചെയ്യണം. രാഷ്ട്രീയവും അതിനൊപ്പമുള്ള പോരുകളും സ്വാഭാവികം. അതിനപ്പുറം, നാളത്തേക്ക് നല്ലൊരു തലമുറയെ വാർത്തെടുക്കണം.
? മുഖ്യമന്ത്രി താങ്കൾക്കായി നിലകൊണ്ടു...
മുഖ്യമന്ത്രിയുമായി എനിക്ക് അത്രമേൽ അടുപ്പമൊന്നുമില്ല. എനിക്കുവേണ്ടി ഒരു അപേക്ഷയും ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ വച്ചിട്ടില്ല. ശരിയായ ഒരു തീരുമാനം വേണമെന്ന് അദ്ദേഹം കരുതിയെങ്കിൽ ആ തീരുമാനത്തോട് അങ്ങേയറ്റം ബഹുമാനം തോന്നുന്നു; ഒപ്പം എന്നെ നിർദ്ദേശിച്ച കമ്മിറ്റിയോടും. ഐ.ഐ.ടി ഡയറക്ടർമാരും അനുഭവ സമ്പന്നരായ പ്രൊഫസർമാരും അടങ്ങിയ ഒരു കമ്മിറ്റിയാണ് ഈ യൂണിവേഴ്‌സിറ്റിയിലേക്ക് നിയമനം നടത്തുന്നത്. ഇവരുടെയെല്ലാം ഉദ്ദേശ്യശുദ്ധിയെയാണ് വിവാദങ്ങൾ ചോദ്യം ചെയ്യുന്നത്. കമ്മിറ്റിക്കു മുന്നിൽ വന്ന നൂറിൽപരം അപേക്ഷകളിൽ നിന്നാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. അതിൽ നിന്ന് അഭിമുഖം നടത്തിയാണ് ഒരാളെ തിരഞ്ഞെടുക്കുന്നത്. ഇങ്ങനെയൊരു സംവിധാനത്തിൽ വിവാദം അനാവശ്യമാണ്.
? പുതിയ വി.സിയുടെ ഉത്തരവാദിത്വം.
സാധാരണ സർവകലാശാല പോലെയല്ല ഡിജിറ്റൽ സർവകലാശാല. പഠിപ്പിക്കലും പരീക്ഷ നടത്തലും മാത്രമല്ല ഉത്തരവാദിത്വം. കേരളത്തിൽ കൂടുതലും ഇന്ന് അഫിലിയേറ്റിംഗ് സർവകലാശാലകളാണ്. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകൾ മാത്രം നടത്തുന്ന സർവകലാശാലയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി. അതിനൊപ്പം തന്നെ റിസർച്ചിനും പ്രോഡക്ട് ഡെവലപ്‌മെന്റിനും എന്റർപ്രണർഷിപ്പിനും പ്രാധാന്യം നൽകണം. പുതിയൊരു ലോകത്തിന്റെ ആശയമാണ് മന്നോട്ടുവയ്ക്കുന്നത്.
അതിന്റെ ഭാഗമായി സർവകലാശാലയുടെ പ്രവർത്തനത്തിനു വേണ്ട വരുമാനത്തിന്റെ 70 ശതമാനം സ്വയം കണ്ടെത്തുകയാണ്. ഗ്രാന്റുകളോ മറ്റ് സർക്കാർ ഫണ്ടുകളോ മാറ്റിനിർത്തി റിസർച്ച് ഡെവലപ്‌മെന്റ് പ്രോജക്ടുകൾ സ്വയം ഏറ്റെടുത്താണ് സർവകലാശാല വരുമാനം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ മാസവേതനം സർക്കാരിൽ നിന്നു പറ്റാതെ സർവകലാശാല സ്വയം കണ്ടെത്തുകയാണ്. സോഫ്റ്റ്‌വെയർ മേഖലയിൽ യുണീക് ആയ ഒരുപാട് പ്രോജക്ടുകൾ ഇതിനകം തന്നെ സർവകലാശാല ചെയ്തു കഴിഞ്ഞിരിക്കുന്നു.
? നാക് അക്രഡിറ്റേഷൻ...
അതാണ് പ്രധാന ലക്ഷ്യം. സർവകലാശാല സ്ഥാപിച്ച് അഞ്ചുവർഷം എന്നതാണ് മാനദണ്ഡം. നാക് അക്രഡിറ്റിറ്റേഷൻ കിട്ടിയാലേ വെർച്വൽ കോഴ്‌സുകൾ തുടങ്ങാനാവൂ. അക്രഡിറ്റേഷൻ കിട്ടിക്കഴിഞ്ഞാൽ സർവകലാശാലയ്ക്ക് വരുമാനം വർദ്ധിപ്പിക്കാനാവും. ആദ്യഘട്ടത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകൾ മാത്രമാണ് നടത്തുന്നത്. പുതിയ കാലത്തിന് അനുസരിച്ചുള്ള രീതിയിലാണ് കോഴ്‌സുകളുടെ സംവിധാനം. ഇ- ഗവേണൻസ് മേഖലയിലെ പുതിയ കോഴ്‌സുകൾക്ക് പ്രാധാന്യം നൽകും. പഠന പ്രക്രിയകളിൽ കാതലായ മാറ്റം വേണം.
? എന്താണ് വേറിട്ട നടപ്പ്.
അങ്ങനെ എനിക്കു മാത്രമായി ഒരു വേറിട്ട നടത്തമില്ല. കുട്ടികളും അദ്ധ്യാപകരും സർക്കാരുമെല്ലാം ഒപ്പമുള്ളപ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. വിദ്യാർത്ഥികൾ തന്നെ ഒരോന്നും തൊട്ടറിഞ്ഞു പഠിക്കുന്ന ശൈലിയാണ് വിഭാവനം ചെയ്യുന്നത്. അക്ഷരാർത്ഥത്തിൽ, ഒരുപാട് തൊഴിൽദാതാക്കളെ ഉത്പാദിപ്പിക്കുന്ന ഒരു മെഷീൻ എന്ന നിലയിലാണ് ഡിജിറ്റൽ സർവകാലാശാല ഇന്ന് പ്രവർത്തിച്ചു പോരുന്നത്. ദേശീയ നിലവാരത്തിൽ ശ്രദ്ധയാകർഷിച്ച ഒരുപാട് ദൗത്യങ്ങൾ യൂണിവേഴ്‌സിറ്റിക്ക് സ്വയം ഏറ്റെടുത്ത് നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |