
'ബീറ്റിൽസും" 'അബ്ബ"യും 'ബോണിയെമ്മും" മറ്റും സ്വാധീനിച്ച, അവയുടെ ആകർഷണവലയത്തിൽ വളർന്ന തലമുറയുടെ പ്രതിനിധികളാണെന്ന് അഭിമാനിക്കുന്നവർ ഏറെയാണ്. പക്ഷെ അവരിൽ മിക്കവരും അമ്പതോ, അറുപതോ, എഴുപതോ വയസ് പിന്നിട്ടവരാവും. ആ 'ബാൻഡു"കളുടെ സംഗീത പരിപാടികൾ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഗൃഹാതുരതയോടെ ഓർക്കുന്ന തലമുറക്കാരുടെ നാവിൽ ഇന്നും ആ വരികൾ ഉയരാറുണ്ട്: 'റാ റാ റാസ്പുട്ടിൻ...", 'ബൈ ദി റിവേഴ്സ് ഓഫ് ബാബിലോൺ...", 'ഓ ഡാഡി കൂൾ..." തുടങ്ങി ഹരംകൊള്ളിച്ച എത്രയെത്ര ഗാനങ്ങൾ!
സദസിനെ തീപിടിപ്പിച്ചിരുന്നു, ഈ ബാൻഡുകളുടെ സംഗീത വിരുന്ന്. പാശ്ചാത്യമായിരുന്നു അവയെല്ലാം. എന്നാൽ ഇന്ന് മലയാളികളായ ഒരു സംഘം ചെറുപ്പക്കാർ കേരളത്തിൽ അങ്ങോളമിങ്ങോളം ജനമനസുകളെ ഗാനങ്ങളിലൂടെ ഹരംപിടിപ്പിച്ചു കൊണ്ടിരിക്കുന്നു. അവരെ കേൾക്കാനും ഒപ്പം ഏറ്റുപാടാനും ആസ്വാദകർ ഒഴുകിയെത്തുന്നു. പാട്ടിന്റെ പാലാഴിതന്നെ തീർക്കുന്നു. എഴുതാതെ വയ്യ, അവരെക്കുറിച്ച്. റാപ്പോ റോക്കോ ഒന്നുമല്ല, അതിപുരാതനമായ ഭജനയാണ് അവരുടെ മാദ്ധ്യമം. അതും സാമ്പ്രദായിക രീതിയിൽ.
ഗണപതിയെയും ശിവനെയും അയ്യപ്പനെയും കൃഷ്ണനെയും ദേവിയേയുമൊക്കെ അവർ സ്തുതിച്ച് പാടുന്നു. പാട്ട് കേൾക്കാനും കൂടെ പാടാനുമായി കൂടുന്നവർ ഏറെയും യുവജനങ്ങൾ. അവരിലേറെയും സ്ത്രീകൾ. കേരളത്തിൽ ഹരമായി മാറിയിട്ടുണ്ട്, 'നന്ദഗോവിന്ദം" എന്ന പേരിൽ അറിയപ്പെടുന്ന ഈ ഭജന സംഘം. 'ജെൻസി"കളുടെ മനമാണ് ഇവർ കവരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തും ചങ്ങനാശ്ശേരിയിലും അമ്പലപ്പുഴയിലും കോഴിക്കോടും മറ്റും അഭൂതപൂർവമായ തിരക്കായിരുന്നു, ഭജന കേൾക്കാൻ.
ദൃശ്യമാദ്ധ്യമങ്ങളുടെ മാസ്മരികത മൂലം സ്റ്റേജ് പരിപാടികൾക്ക് ആളെ കിട്ടാത്ത സാഹചര്യമാണ് 'നന്ദഗോവിന്ദം" ഇപ്പോൾ മാറ്റിമറിച്ചിരിക്കുന്നത്. ജാഡകളില്ലാതെ, തികച്ചും ലളിതമാണ് അവരുടെ അവതരണം. എന്നിട്ടും എന്തുകൊണ്ട് ഇത്രയേറെ ജനങ്ങളെ ഇവർക്ക് ഭക്തിഗാനങ്ങൾ മാത്രം പാടി ആകർഷിക്കാനും അക്ഷരാർത്ഥത്തിൽ ഒരാഘോഷമാക്കി മാറ്റാനും സാധിക്കുന്നു എന്നത് അത്ഭുതം തന്നെയാണ്. വർഗ, വർണങ്ങൾക്ക് അതീതമാണ് ഈ ആൾക്കൂട്ടം. എന്നിട്ടും ഭജനാലാപനത്തോടും ആസ്വാദനത്തോടും വർദ്ധിച്ചു വരുന്ന പുത്തൻ ആഭിമുഖ്യത്തെ വർഗീയവൽക്കരിക്കാനും രാഷ്ട്രീയവൽക്കരിക്കാനും ചില ശ്രമങ്ങൾ നടക്കുന്നത് അത്യന്തം നിർഭാഗ്യകരം.
ഒരു പ്രസ്ഥാനത്തിന്റെ പിന്തുണയോ ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രേരണയോ വാസ്തവത്തിൽ ഇതിനു പിന്നിൽ ഇല്ല. ആളെ കൂട്ടാൻ ആസൂത്രിതമോ സംഘടിതമോ ആയ ശ്രമവുമില്ല. കച്ചവടശക്തികൾ സമസ്ത മേഖലകളും കയ്യടക്കിവച്ചിരിക്കുന്ന ഇക്കാലത്ത്, പ്രചാരണമോ പരസ്യങ്ങളോ കൂടാതെ, സ്വാഭാവികമായി ജനം ഒഴുകിയെത്തുകയാണ്. ഒരു പക്ഷെ, മദ്യവും മയക്കുമരുന്നും അപകടകരമായി സ്വാധീനിക്കുന്ന കാലത്ത് പുതിയ തലമുറ കുളിച്ച്, കുറിയിട്ട് കൂട്ടായി ഭജന പാടുന്നത് കാലത്തിന്റെ തന്നെ ഒരു കരവിരുതാവാം! സമാനമായ ഭക്തിയുടെ വേലിയേറ്റം ഇന്ത്യയുടെ ഇടവേളകളിൽ ഉണ്ടായിട്ടുണ്ട്. ആത്മീയതയിൽ ഊന്നിയുള്ളതും തികച്ചും ഭാരതീവുമാണ് ഈ പ്രതിഭാസം.
നാടിന്റെയും ജനതയുടെയും സ്വത്വത്തിന്റെ അനിവാര്യമായ, അപ്രതിരോധ്യമായ ആവിഷ്കാരമാണത്. സമർഥ രാമദാസിന്റെയും സന്ത് തുക്കാറാമിന്റെയും ചൈതന്യന്റെയും പുരന്ദരദാസിന്റെയും സൂർദാസിന്റെയും ആൾവാർമാരുടെയും ഒക്കെ നേതൃത്വത്തിൽ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും, കേരളത്തിൽ തുഞ്ചത്ത് എഴുത്തച്ഛന്റെയും മറ്റും നേതൃത്തിലും ആവിർഭവിച്ച ഭക്തി പ്രസ്ഥാനത്തിന്റെ, ആധുനിക ഭാരതത്തിലെ ആവർത്തനത്തിനാണ് ഇപ്പോൾ നാം സാക്ഷിയാവുന്നത്.
ഭക്തിയും ഭജനയും സമരായുധമായിട്ടുണ്ട് നമ്മുടെ നാട്ടിൽ. വിദേശത്തു നിന്നെത്തിയ ആക്രമണകാരികളെ ജനം നേരിട്ടത് ഭക്തിയിലൂടെയും ഭജനാലാപനത്തിലൂടെയും കൂടി ആയിരുന്നു. മഹാത്മാ ഗാന്ധി തന്റെ അഹിംസാധിഷ്ഠിത സമരത്തിനുള്ള മാദ്ധ്യമമായി ഭക്തിയെ ഫലപ്രദമായി വിനിയോഗിച്ചു. സ്വാതന്ത്ര്യസമരകാലത്തെ തന്റെ പ്രചാരണ യോഗങ്ങളെ അദ്ദേഹം പ്രാർത്ഥനാ യോഗങ്ങൾ എന്നു പോലും വിശേഷിപ്പിച്ചു, ഇന്ന്, ഇന്ത്യയിലും കേരളത്തിലും അധിനിവേശത്തിന് എതിരെയുള്ള ഒരു പുതിയ സമരമുഖം കൂടിയാവാം 'നന്ദഗോവിന്ദം' പോലുള്ള ഭജനക്കൂട്ടായ്മ. അനേകം ഭജനസംഘങ്ങൾ- മിക്കവയും 'ജെൻസി'കളുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത കാലത്ത് പൊട്ടിമുളച്ചിട്ടുണ്ട്. അവരുടെ പാട്ടുകളും അവ ഏറ്റുപാടുന്ന ജനങ്ങളും ഒക്കെക്കൂടി ഒരു ബഹുജന പ്രസ്ഥാനം തന്നെ രൂപം കൊള്ളുകയാണ് ഇന്ത്യയുടെ അമൃതകാലത്ത്.
സർവ്വത്ര നാമ സങ്കീർത്തനം
ഗോവിന്ദാ ഗോവിന്ദാ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |