SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

പാട്ടില്ല, പാരഡിയില്ല; വേണ്ടത് രാജി മാത്രം!

Increase Font Size Decrease Font Size Print Page
s

ഗോളിയില്ലാത്ത ഗോൾ പോസ്റ്റ്! കളിക്കളത്തിലിറങ്ങിയ ആർക്കും ഗോളടിക്കാം. അതായിരുന്നു ഇന്നലെ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചാവേള. ഈ സൗകര്യമുപയോഗിച്ച് പ്രസംഗിക്കാൻ അവസരം കിട്ടിയ എല്ലാവരും ആഞ്ഞടിച്ചു. സഭാകവാടത്തിൽ സി.ആർ. മഹേഷും നജീബ് കാന്തപുരവും സത്യഗ്രഹമിരുന്നു കുഴയുമ്പോഴായിരുന്നു,​ അകത്ത് ഭരണപക്ഷത്തിന്റെ കാളിയമർദ്ദനം.

നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷമെത്തിയതിനാലാവണം ഭരണപക്ഷത്ത് നല്ല ഉഷാറായിരുന്നു. പയ്യന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ സി.പി.എമ്മുകാർ ആക്രമിച്ച സംഭവത്തിൽ സഭ നിറുത്തിവച്ചുള്ള ചർച്ച ആവശ്യപ്പെട്ട് ഉപക്ഷേപം കൊണ്ടുവന്നത് സജീവ് ജോസഫാണ്. കയ്യോടെ അതിന് സ്പീക്കർ അനുമതി നിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ, പെരുന്നാളിനു കണ്ട പരിചയം പോലും കാട്ടാതെ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു, 'പ്രതിപക്ഷത്തെ ഓർഡറിലാക്കിയില്ലെങ്കിൽ മൈക്ക് തരാൻ നിർവാഹമില്ലെ"ന്ന്. ചെയറിലിരുന്ന് അങ്ങനെ പറഞ്ഞത് ശരിയല്ലെന്ന് വി.ഡി. സതീശൻ പരിഭവവും പറഞ്ഞു. പതിവുപോലെ പ്ളക്കാർഡുകളും പിടിച്ച് സ്പീക്കറുടെ ഡയസിനു മുന്നിൽ പ്രതിഷേധ വഴിപാട് നടത്തി പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ചു.

ചർച്ച തുടങ്ങിവച്ചത് കെ.ടി. ജലീലാണ്. കഴിഞ്ഞ പത്തു വർഷം കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണെന്നാണ് ജലീൽ വിശേഷിപ്പിച്ചത്. മറുവശത്ത് പി.കെ. ബഷീറിന്റെയും എൻ. ഷംസുദ്ദീന്റെയുമൊക്കെ തിരുമുഖം കാണാത്തതിനാലോ എന്തോ, ജലീലിന്റെ പ്രസംഗത്തിന് പതിവ് താളം കിട്ടിയില്ല. തൊട്ടു പിന്നാലെ വന്ന ഇ. ചന്ദ്രശേഖരനും അത്ര ഊർജ്ജം പോരെന്നു തോന്നി. വിസ്താരഭയത്താൽ വികസന പ്രവർത്തന പട്ടിക നീട്ടുന്നില്ലെന്ന ആമുഖത്തോടെ തുടങ്ങിയ എൻ.കെ. അക്ബർ മടുപ്പിച്ചില്ല. പക്ഷെ കെ. ശാന്തകുമാരി തകർപ്പൻ ഫോമിലായിരുന്നു. 'പാട്ടില്ല, പാരഡിയില്ല, ചർച്ചയുമില്ല; ഇപ്പോൾ മന്ത്രിയുടെ രാജി മതി..." പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് അവർ വിശദീകരിച്ചത്.

ക്രമസമാധാന പാലനം കൃത്യമായി നടക്കുന്നുവെന്നതിലും അവർക്ക് തെല്ലുമില്ല സംശയം. പാലക്കാട് എം.എൽ.എ അഴിയെണ്ണുന്നത് പൊലീസിന്റെ ശരിയായ ഇടപെടൽ കാരണമാണെന്നും അവർ പറഞ്ഞുവച്ചു. ലിംഗസമത്വ സമവാക്യമാണ് പിണറായിക്കാലത്തിന്റെ സവിശേഷത എന്നും ശാന്തകുമാരി സഭയെ ഓർമ്മിപ്പിച്ചു.

കേരളത്തിന്റെ യാഥാർത്ഥ്യവും നാളെയുടെ പ്രതീക്ഷയുമാണ് ഇടതു സർക്കാരിന്റെ വികസന ദർശനമെന്ന് പി.പി. ചിത്തരഞ്ജൻ പറഞ്ഞപ്പോൾ, 'സന്ദേശം" സിനിമയിലെ പഴയ 'അന്തർധാര" പ്രയോഗം പലരുടെയും ഓർമ്മയിലെത്തി.

സോണിയാ ഗാന്ധിയെ ഉണ്ണിക്കൃഷ്ണൻ പോറ്റി ബ്രേസ്‌ലറ്റ് അണിയിക്കുന്നതും,​ ചുറ്റും കോൺഗ്രസ് നേതാക്കൾ നിൽക്കുന്നതുമായ ചിത്രം ഉയർത്തിക്കാട്ടിയാണ് ചിത്തൻ പ്രസംഗം തുടങ്ങിയത്. ഇല്ലാക്കഥകളുണ്ടാക്കി പ്രതിപക്ഷം ഇടതുനേതാക്കളെ തേജോവധം ചെയ്യുന്നതിലെ സങ്കടവും എല്ലാ വികാരവായ്പോടെയും ചിത്തൻ സഭയിൽ പ്രകടമാക്കി.

TAGS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY