SignIn
Kerala Kaumudi Online
Thursday, 05 March 2026 9.20 AM IST

'പഞ്ചസാര' ഫാക്ടറി മലബാർ ഡിസ്റ്റിലറീസായ കഥ

Increase Font Size Decrease Font Size Print Page
ss

ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം മലബാർ ഡിസ്​റ്റിലറീസിലെ ഇന്ത്യൻ നിർമ്മിത വിദേശമദ്യ യൂണി​റ്റ് മേനോൻ പാറയിൽ പ്രവർത്തനം തുടങ്ങി. '' സർക്കാരിന്റെ ഡിസ്​റ്റിലറി എന്തേ തുറക്കാത്തത് എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ആറ് മാസത്തിനുള്ളിൽ മലബാർ ഡിസ്​റ്റിലറിയിൽ വിദേശമദ്യ ഉത്പാദനം ആരംഭിച്ചത്. എൽ.ഡി.എഫ് സർക്കാരിന്റെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിദേശമദ്യ യൂണി​റ്റിന്റെ പ്രവർത്തനം വേഗത്തിൽ തുടങ്ങിയത്. ചാരായ നിരോധനത്തെ തുടർന്ന് യു.ഡി.എഫ് സർക്കാർ പൂട്ടിയ ഷുഗർ ഫാക്ടറിയിൽ തന്നെ പുതിയ സംരംഭം ആരംഭിക്കുന്നത് പ്രദേശത്തിന്റെ വികസനത്തിന് ഊർജ്ജമാകും. കേരളത്തിൽ സ്പിരി​റ്റ് നിർമ്മാണമുണ്ടായാൽ സർക്കാരിന് കോടിക്കണക്കിന് രൂപ വരുമാനവും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലും ലഭ്യമാകുമെന്ന് എം.ബി.രാജേഷ് ഉത്ഘാടന വേളയിൽ വ്യക്തമാക്കിയിരുന്നു.

വിലകുറഞ്ഞ ബ്രാൻഡായ ജവാനുശേഷം സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന മദ്യമാണ് മിന്നൽ മാജിക്. മൂന്ന് ലൈൻ സ്വയം നിയന്ത്റിത ബോട്ടിലിംഗ് പ്ലാന്റ് സജ്ജമാകുന്നതോടെ ദിവസേന 13,500 കെയ്സ് വീതം (1,08,000 ലി​റ്റർ) മദ്യം വിപണിയിലിറക്കാനാകും.

അരലി​റ്ററിന്റെ ബോട്ടിലിലാണ് മദ്യം വിപണിയിലിറക്കുന്നത്. മദ്യ ഉത്പാദനത്തിനുള്ള എക്സ്ട്റാ ന്യൂട്റൽ ആൽക്കഹോൾ (ഇ.എൻ.എ), വെള്ളം, ബ്ലെൻഡിംഗ് എന്നിവയ്ക്കായുള്ള ടാങ്കുകൾ പ്ലാന്റിൽ സജ്ജീകരിച്ചിട്ടുണ്ട്. അര ലി​റ്റർ മിന്നൽ മാജികിന് 400 രൂപയാണ് വില. 117 ഏക്കറിലാണ് മലബാർ ഡിസ്​റ്റിലറി. മദ്യനിർമാണത്തിന് ഇവിടെനിന്നുള്ള മഴവെള്ളം മാത്രം മതിയാകും. ചാരായ നിരോധനത്തെ തുടർന്ന് യുഡിഎഫ് സർക്കാർ പൂട്ടിയ ചി​റ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്​റ്റിലറി എന്ന പേരിൽ വിദേശ മദ്യ ഉൽപ്പാദന യൂണി​റ്റായി തുറന്നത്.


 കെ - ഫെനി അടുത്ത മാസം വിപണിയിൽ

കേരളത്തിന്റെ കശുമാങ്ങ ഫെനി മാർച്ച് പകുതിയോടെ വിപണിയിലേക്ക്. പയ്യാവൂർ സഹകരണ ബാങ്കാണ് കാർഷിക മേഖലയ്ക്ക് വലിയ സാധ്യതകൾ തുറക്കുന്ന സംരംഭത്തിന് പിന്നിൽ. 28 ശതമാനം ആൽക്കഹോൾ അടങ്ങിയ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണി സാദ്ധ്യതകൾ കശുമാവ് കർഷകർക്ക് വലിയ സാമ്പത്തിക നേട്ടമെത്തിക്കും. 'കെ - ഫെനി' നിർമാണത്തിനുള്ള ലൈസൻസ് ബാങ്കിന് ലഭിച്ചു.

പയ്യാവൂർ ആനയടിയിൽ 15 വർഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്ത് ഫാക്ടറി നിർമാണം അന്തിമഘട്ടത്തിലാണ്. ഫെനി നിർമാണത്തിനുള്ള മൂന്ന് ബോയിലറുകളുടെ നിർമാണവും രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും. അരലി​റ്റർ, ഒരുലി​റ്റർ ബോട്ടിലുകളിൽ കേരള ബിവറേജസ് കോർപറേഷൻ ഔട്ട്‌ ലെ​റ്റുകളിലൂടെയാണ് ആദ്യഘട്ടത്തിൽ വിപണനം. ബാറുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിൽപനാനുമതി ലഭിച്ചിട്ടില്ല. കയ​റ്റുമതി അനുമതി ഉള്ളതിനാൽ കെ ഫെനിക്ക് ആഗോളവിപണിയിൽ വൻ സാധ്യതകളുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ ഗോവയിൽ വിദേശികൾ ഏ​റ്റവും കൂടുതൽ വാങ്ങുന്നത് ഫെനിയാണ്. ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ രാസവസ്തുക്കൾ ഇല്ലെന്നതും ഔഷധഗുണവുമാണ് ഫെനിയെ പ്രിയങ്കരമാക്കുന്നത്.

കശുവണ്ടിയിൽ നിന്നുള്ള ഗോവൻ ഫെനിയുടെ ഗുണനിലവാരമുള്ളതാവും കെ ഫെനി. പാഴാകുന്ന കശുമാങ്ങയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു കിലോ കശുവണ്ടി ശേഖരിക്കുമ്പോൾ 11.5 കിലോ കശുമാങ്ങ ലഭിക്കും. 22 കിലോ കശുമാങ്ങയിൽനിന്ന് രാസവസ്തുക്കളൊന്നും ചേർക്കാതെ ഒരു ലി​റ്റർ ഫെനി ഉൽപ്പാദിപ്പിക്കാം. എട്ട് രൂപ നിരക്കിലാണ് ബാങ്ക് കർഷകരിൽനിന്ന് കശുമാങ്ങ ശേഖരിക്കുക. ദിനംപ്രതി ആയിരം ലി​റ്റർ ഫെനിയാണ് ആദ്യഘട്ടത്തിൽ ഉൽപാദിപ്പിക്കുന്നത്.

 കിഴക്കൻ മേഖലയുടെ സ്വന്തം ബ്രാൻഡ്

1952ലാണ് ചിറ്റൂർ സഹകരണ പഞ്ചസാര ഫാക്ടറി അഥവാ ചിക്കോപ്സ് സ്ഥാപിക്കപ്പെട്ടത്. 1974ൽ പഞ്ചസാരയുടെ ഉപോത്പന്നമായ മൊളാസസിൽ നിന്ന് സ്പിരിറ്റ് ഉല്പാദിപ്പിക്കുന്ന ഡിസ്റ്റിലറിയും ഇവിടെ സ്ഥാപിച്ചു. 1996ലെ ചാരായ നിരോധനം മൂലം കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. 200ൽ പഞ്ചസാര ഉത്പാദനവും, 2001ൽ സ്പിരിറ്റ് നിർമ്മാണവും അവസാനിപ്പിച്ചു. തുടർന്ന് സർക്കാർ നടപ്പിലാക്കിയ പദ്ധതി പ്രകാരം 536 തൊഴിലാളികൾ പിരിഞ്ഞുപോയി. 2007ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ചിറ്റൂർ ഷുഗേഴ്സിനെ സർക്കാർ ഏറ്റെടുത്ത് പുനരുദ്ധരിക്കാനും, സ്ഥലവും കെട്ടിടവും ഉപയോഗിച്ച് വിദേശമദ്യ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും തീരുമാനിച്ചത്. ഇങ്ങനെ 2009 ൽ മലബാർ ഡിസ്റ്റിലറീസ് എന്ന സർക്കാർ സ്ഥാപനം ആരംഭിച്ചു.

സർക്കാർ മേഖലയിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ നിന്നും നിർമിക്കുന്ന ജവാന്റെ അതേ രീതിയിലുള്ള ഉൽപാദന പ്രക്രിയയിലൂടെയാണ് മലബാർ ഡിസ്റ്റിലറിയിൽ നിന്നും ബ്രാൻഡി ഉൽപാദിപ്പിക്കുന്നത്. ബിവറേജസ് കോർപ്പറേഷന്റെ മാനേജ്‌മെന്റിന് കീഴിലുള്ള മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിന്റെ മദ്യ നിർമ്മാണ യൂണിറ്റിന് ചെലവാകുന്ന മുഴുവൻ തുകയും ബെവ്‌കോയാണ് ഏറ്റെടുത്തിട്ടുള്ളത്. കൂടാതെ ചിക്കോപ്സിന്റെ മുഴുവൻ ബാധ്യതയും ബെവ്‌കോ ഏറ്റെടുത്തിട്ടുണ്ട്. പൂർണ്ണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ത്രീ ലൈൻ ശേഷിയുള്ള പ്ലാന്റിൽ പ്രാരംഭ ഘട്ടത്തിൽ ഒരു ലൈനിൽ നിന്നും 500 എം.എല്ലിന്റെ 3500 കെയ്സ് മദ്യം പ്രതിദിനം ഉൽപാദിപ്പിക്കാനാകും.

മലബാർ ഡിസ്റ്റിലറിയിൽ നേരിട്ടും അല്ലാതെയുമായി 250 ഓളം പേർക്ക് തൊഴിൽ ലഭിക്കും. ഇതിൽ 125 ഓളം കുടുംബശ്രീ പ്രവർത്തകർക്ക് ബോട്ട്ലിംഗ് യൂണിറ്റിലാകും ജോലി.

ലഭ്യമായ ബാക്കി സ്ഥലം ഉപയോഗിച്ച് ഭാവിയിൽ പഴവർഗങ്ങളിൽ നിന്നും മൂല്യവർധിത വസ്തുക്കൾ ഉത്പാദിപ്പിക്കാനും ബെവ്‌കോയ്ക്ക് പദ്ധതിയുണ്ട്. ചിക്കോപ്സിൽ നിലവിലുണ്ടായിരുന്ന 101 തൊഴിലാളികളെ അതെ സേവന വേതന വ്യവസ്ഥകളോടെ മലബാർ ഡിസ്റ്റിലറീസിൽ നിയമിച്ചു. കഴിഞ്ഞ ജൂലൈ 7ന് നിർമാണോദ്ഘടനം നിർവഹിച്ച പ്രവൃത്തികളാണ് ഇപ്പോൾ പൂർത്തിയായത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.