SignIn
Kerala Kaumudi Online
Tuesday, 10 March 2026 12.38 AM IST

പി.എസ്.സി അംഗങ്ങളായി രാഷ്ട്രീയക്കാർ വേണമോ?

Increase Font Size Decrease Font Size Print Page
psc

ഗവർണറെക്കാൾ ശമ്പളം പറ്റുന്ന പബ്ലിക് സർവീസ് കമ്മിഷന്റെ അംഗങ്ങളായി സജീവ രാഷ്ട്രീയക്കാർ വേണമോയെന്നാണ് ചർച്ച ചെയ്യപ്പെടേണ്ട വിഷയം. ഉന്നത യോഗ്യതകളുള്ളവരെ മാത്രമേ സർവകലാശാലാ വൈസ്ചാൻസലർമാരാക്കൂ എന്ന നിലപാടെടുത്ത ഗവർണർ പി.എസ്.സി അംഗങ്ങളുടെ കാര്യത്തിലും സമാന നിലപാെടുക്കണമെന്ന ആവശ്യമുയരുന്നുണ്ട്. അത് പി എസ് സിയുടെ വിശ്വാസ്യതയും നിലവാരവും സംരക്ഷിക്കുവാൻ സഹായകമാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്.

ഭരണപക്ഷത്തെ ഘടകകക്ഷികളിലെ രണ്ട് രാഷ്ട്രീയ നേതാക്കളെ പി.എസ്.സി അംഗങ്ങളായി നിയമിക്കാൻ മന്ത്രിസഭാ യോഗം ശുപാർശ ചെയ്തത് അടുത്തിടെയാണ്. സി.പി.ഐയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ഒരു മുൻ മന്ത്രിയുടെ പി.എയുമായിരുന്നയാളിനെയും
കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറിയേയുമാണ് സർക്കാർ ശുപാർശ ചെയ്തത്. അക്കാഡമിക്, ഭരണ തലത്തിൽ മികവ് തെളിയിക്കാത്തവരെ അംഗങ്ങളാക്കുന്നത് പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുമെന്നാണ് വിലയിരുത്തൽ.

മൂന്നര ലക്ഷം രൂപ ഗവർണർ പ്രതിമാസ ശമ്പളമായി കൈപ്പറ്റുമ്പോൾ പി.എസ്.സി അംഗത്തിന്റെ ശമ്പളം 3.80 ലക്ഷം രൂപയാണ്. പുറമെ ടി എ - ഡി എയും ലഭിക്കും. വിവാദ പിഎച്ച്. ഡി. നേടിയവരും ഭരണകക്ഷി നേതാക്കളുടെ ജീവചരിത്രം രചിച്ചവരും യുവജന നേതാക്കളും സർക്കാരിൽ താഴ്ന്ന ഉദ്യോഗങ്ങൾ വഹിക്കുന്നവരും ഇതിനകം പി.എസ്.സി അംഗങ്ങളായി കടന്നു കൂടിയിട്ടുണ്ട്.

കെ.എ.എസ്, കോളേജ് അധ്യാപകർ, ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങിയ ഉന്നത തസ്തികളിലേയ്ക്ക് ഇൻറർവ്യൂ നടത്തി റാങ്ക് പട്ടിക നിശ്ചയിക്കുന്ന പി.എസ്.സി അംഗങ്ങൾ ഉന്നത വിദ്യാഭ്യാസം നേടിയവരും കാര്യപ്രാപ്തിയുള്ളവരുമായിരിക്കണം. പി.എസ്‌.സിയുടെ വിശ്വാസ്യതയും നിലവാരവും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഗവർണർ അംഗങ്ങളാക്കാൻ സർക്കാർ ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നവരുടെ അക്കാഡമിക് - ഭരണ നൈപുണ്യം പൂർണ്ണമായും ബോധ്യപ്പെടാതെ നിയമനങ്ങൾ അംഗീകരിക്കരുത്.

ഡിവൈഎഫ്ഐ എറണാകുളം ജില്ലാ നേതാവ് 30 വയസ്സുകാരിയെ കമ്മിഷൻ അംഗമാക്കിയിരുന്നു. നേതാവിന്റെ പി.എസ്‌.സി അംഗത്വ കാലാവധി കഴിയുന്ന 36-ാം വയസ്സു മുതൽ ജീവിതകാലം മുഴുവൻ 2 ലക്ഷത്തിൽ കുറയാത്ത പെൻഷനും അടിക്കടി വർദ്ധിപ്പിക്കുന്ന ഡിഎയും മെഡിക്കൽ ആനുകൂല്യങ്ങളും ഖജനാവിൽ നിന്ന് നൽകേണ്ടിവരും.

രാജ്യത്തെ ഏറ്റവും

വലിയ പി.എസ്.സി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പി.എസ്‌.സി അംഗങ്ങൾ ഉള്ളത് കേരളത്തിലാണ് - 21 പേർ. തമിഴ്നാട് (15), കർണാടക (9), തെലങ്കാന (7), ആന്ധ്ര (7), മഹാരാഷ്ട്ര (3), യു പി (9),ബീഹാർ (6) എന്നിങ്ങനെയാണ് അംഗസംഖ്യ. കേരളത്തിൽ 21 അംഗ പി എസ് സിക്ക് സമാന്തരമായി ദേവസ്വം ബോർഡ് റിക്രൂട്ട്മെൻറ് ബോർഡും ഇടതു സർക്കാർ പുതുതായി ആരംഭിച്ച പബ്ലിക് സെക്ടർ അണ്ടർടേക്കിംഗ് റിക്രൂട്ട്മെൻറ് ബോർഡും പ്രവർത്തിക്കുന്നുണ്ട്. പബ്ലിക് സെക്ടർ റിക്രൂട്ട്മെൻറ് ബോർഡിൽ അധ്യക്ഷനായി നിയമിതനായ മുൻ ചീഫ് സെക്രട്ടറിക്ക് പ്രതിമാസ പെൻഷന് പുറമേ അവസാനം വാങ്ങിയ നാല് ലക്ഷം രൂപ ശമ്പളമായും അനുവദിച്ചിട്ടുണ്ട്.

പി.എസ്.സി അംഗമായാൽ

ജീവിതം കോളടിച്ചു

പി.എസ്.സി അംഗങ്ങളുടെ ശമ്പളം 3.80 ലക്ഷം രൂപയാണ്. ചെയർമാന് നാല് ലക്ഷത്തിന് മുകളിലും. ടി എ - ഡി എകൾക്ക് പുറമെയാണ് ഈ ഭീമമായ ശമ്പളം. ഓരോ അംഗങ്ങൾക്കും പ്രതിവർഷം 46 ലക്ഷം രൂപയാണ് ശമ്പളയിനത്തിൽ ലഭിക്കുന്നത്. ആറ് വർഷമാണ് നിയമന കാലാവധി. പകുതി തുക ആയുഷ്ക്കാലം പെൻഷനായും ലഭിക്കും. എല്ലാ ചികിത്സാ ചിലവുകളും സൗജന്യവുമാണ്.

നിയമന ശുപാർശകൾ

വളരെ കുറവ്

2025ൽ 36,813 പേർക്കാണ് നിയമന ശുപാർശ നൽകിയത്. ഇതിൽ 30% ത്തോളം പേർ ഒന്നിലധികം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതിനാൽ അവർക്ക് പകരം നിയമിച്ചവരെ കൂടി ഉൾപ്പെടുത്തിയാണ് നിയമന ശുപാർശ കണക്കാക്കിയിരിക്കുന്നത്. ജോലിയിൽ പ്രവേശിക്കാത്തവരുടെ എണ്ണം ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന് പി എസ് സി അറിയിച്ചിട്ടുണ്ട്.

ഒരു കുറവുമില്ലാതെ

പിൻവാതിൽ നിയമനങ്ങൾ

പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുകയാണ്.

വിവിധ സർവകലാശാലകളിൽ പതിനായിരത്തോളം പേർ, എൻ എച്ച് എമ്മിൽ 10000ത്തോളം താൽക്കാലിക ജീവനക്കാർ, മുഴുവൻ പഞ്ചായത്തുകളിലും നിയമിച്ചിട്ടുള്ള ആയിരത്തോളം ഐ ടി ഉദ്യോഗസ്ഥർ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഒരു ലക്ഷം പേരെ സർക്കാർ പിൻവാതിലിലൂടെ നിയമിച്ചിരിക്കുകയാണ്. ഇതിൽ നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നടത്തിയിട്ടുള്ളത്.

(ലേഖകൻ സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ചെയർമാനാണ് )

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.