SignIn
Kerala Kaumudi Online
Wednesday, 08 May 2024 10.41 PM IST

അയോദ്ധ്യയുടെ പൂർവകാണ്ഡം

ayodhya

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രധാന സംഭവങ്ങളിലൊന്നായി അയോദ്ധ്യയിലെ രാം ലല്ലയുടെ
പ്രാണപ്രതിഷ്ഠയെ കാണുന്നവരിൽ ഒരാളാണ് ഞാനും. നിരവധി വർഗ്ഗീയകലാപങ്ങളെ
അതിജീവിച്ചാണ് ബാലരാമ ക്ഷേത്രം അയോദ്ധ്യയിൽ ഉയരുന്നത്. ഭരണപക്ഷവും
പ്രതിപക്ഷവും രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങുകൾ തങ്ങൾക്കനുകൂലമാക്കാനായി പരസ്പരം
മത്സരിക്കാൻ ഇത്തവണയും മറക്കുന്നില്ല.


1980-ലാണ് ഞാൻ ആദ്യമായി അയോദ്ധ്യയിൽ പോയത്. പിന്നീടു പോയത് 2018 -ലും . 1992-ൽ വീണ്ടും പോയെങ്കിലും വിവാദഭൂമിയിലേക്ക് പോകേണ്ടതില്ലെന്നു തീരുമാനിച്ചു. ജന്മസ്ഥാനവും ത്രേതാ കാ ടാക്കൂർ മന്ദിരവും സ്വർഗ്ഗദ്വാർ
മന്ദിറും ഹനുമാൻ ഗാർഹ് മന്ദിറുമാണ് അയോദ്ധ്യയിലെ പ്രധാന ക്ഷേത്രങ്ങൾ. ജന്മസ്ഥാൻ
മന്ദിറിന്റെ സ്ഥാനത്ത് 1992 വരെ ബാബറിന്റെ കാലത്ത് നിർമ്മിച്ച ഒരു പള്ളിയാണ് ഉണ്ടായിരുന്നത്. മിനാരങ്ങളില്ലാത്ത ഈ പള്ളിയാണ് അക്രമാസക്തരായ കർസേവകരിൽ ഒരുസംഘം 1992 ഡിസംബറിൽ തച്ചുതകർത്തത്.

1980-ൽ അയോദ്ധ്യയിൽ പോകുമ്പോൾ ജന്മസ്ഥാനത്തു കണ്ട മടുപ്പിക്കുന്ന കാഴ്ചകൾ ഇപ്പോഴും
കൺമുന്നിലുണ്ട്. അയോദ്ധ്യ കാണാനെത്തുന്ന തീർത്ഥാടകർക്ക് ജന്മസ്ഥാൻ മസ്ജിദിലേക്ക്
അന്ന് പ്രവേശനമില്ല. തോക്കുധാരികളായ റിസർവ് പോലീസുകാർ കാവൽ
നിന്നിരുന്നു. പള്ളിയോടു ചേർന്നുള്ള രാം ഛബൂത്രയിലാണ് തീർത്ഥാടകർ പ്രദക്ഷിണം നടത്തിയിരുന്നത്. അവർ പിന്നീട് ആരാധനയില്ലാത്ത ജന്മസ്ഥാൻ പള്ളിയിലേക്കു തിരിഞ്ഞുനിന്ന് തൊഴുകയോ നമസ്‌കരിക്കുകയോ ചെയ്യുമായിരുന്നു. ഭക്തിയും നിരാശയും അവരുടെ കണ്ണുകളിൽ കാണാനുണ്ടായിരുന്നു.

ഹനുമാൻഗഢിലെ പവനകുമാര ക്ഷേത്രത്തിലായിരുന്നു അന്നൊക്കെ കൂടുതൽ തിരക്ക്. ആലംഗീർ
മസ്ജിദിനോടു ചേർന്നാണ് ഈ ഹനുമാൻ ക്ഷേത്രം. ആദ്യം ജോൺപൂരും പിന്നീട്
ലഖ്‌നോയും ആസ്ഥാനമാക്കി, ഇന്നത്തെ ഉത്തർപ്രദേശ് ഭരിച്ചിരുന്ന മുഗള സാമന്തരായ ഔധിലെ
നവാബുമാരിൽ ഒരാളായ ഷൂജാ ഉദ്ദൗള ആണ് ഹനുമാൻ ഗാർഹിനുള്ള സ്ഥലം
ഹിന്ദുക്കൾക്ക് വിട്ടു നൽകിയത്.


വാത്മീകിയുടെ ആദർശകഥാപാത്രമായ ശ്രീരാമചന്ദ്രന്റെ അയോദ്ധ്യ ഇന്നത്തെ അയോദ്ധ്യയാകാൻ സാദ്ധ്യത കുറവാണെന്നു വിശ്വസിക്കുന്നവരിൽ ഒരാളായിരുന്നു മുമ്പ് ഞാനും. ഇന്നത്തെ അയോദ്ധ്യയുടെ പേര് ഉത്തരകുരു എന്നായിരുന്നുവെന്നും മറ്റുമുള്ള വാദങ്ങളും ശ്രദ്ധിച്ചിരുന്നു. ഗംഗാസമതലത്തിലേക്കുള്ള സൈന്ധവരുടെ കുടിയേറ്റത്തെ തുടർന്നല്ലേ സാകേതം രൂപംകൊണ്ടതെന്നും ആലോചിച്ചിരുന്നു. ബൗദ്ധ- ജൈന കൃതികളിലെ
സാകേതം,​ ബി.സി ആറാംനൂറ്റാണ്ടോടെ ഇന്നത്തെ അയോദ്ധ്യ ആകാനുള്ള സാദ്ധ്യതയിലേക്ക് ഒടുവിൽ എത്തിച്ചേരുകയായിരുന്നു. സ്‌കന്ദപുരാണത്തിലെ അയോദ്ധ്യ ഇപ്പോഴത്തെ അയോദ്ധ്യ തന്നെയെന്നും ഉറപ്പിച്ചു.


ചൈതന്യ മഹാപ്രഭുവിന്റെ ശിഷ്യനായ ജീവഗോസ്വാമിയുടെ (1523-1608) അയോദ്ധ്യാ
മാഹാത്മ്യമാണ് (1597) അയോദ്ധ്യയെ വിശദമായി വർണ്ണിക്കുന്ന മറ്റൊരു കൃതി.
അതാകട്ടെ മുഹമ്മദ് ബാബറിന്റെ സൈന്യം ജന്മസ്ഥാനത്തുണ്ടായിരുന്ന ബാലരാമക്ഷേത്രം
തകർത്തശേഷം ഉണ്ടായതാണ്. ഈസ്റ്റിന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥരും ജസ്യൂട്ട്

പുരോഹിതരും തുടർന്ന് സരയൂ തീരത്തെ അയോദ്ധ്യയുടെ സവിശേഷതകൾ അവരുടെ
റിപ്പോർട്ടുകളിൽ അവതരിപ്പിച്ചു. വില്യം ഫിഞ്ച്, ജോസഫ് ടൈഫൻതാലർ, റോബർട്ട്
മൗണ്ട്‌ഗോമറി തുടങ്ങിയവർ ജന്മസ്ഥാനത്തെ പള്ളിക്കു മുന്നിലെത്തി വണങ്ങുന്ന
തീർത്ഥാടകരെക്കുറിച്ച് എഴുതിയിട്ടുണ്ട്.

ജയ്പ്പൂരിലെ സവായി ജയ്സിംഗ് രാജാവ് (1700-1743) പള്ളി നിൽക്കുന്ന സ്ഥലം മുസ്ലീങ്ങളിൽ നിന്ന് വിലയ്ക്കു വാങ്ങാൻ ഒരു
വിഫലശ്രമം നടത്തി. സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദുക്കൾ നടത്തിയ കോടതി
വ്യവഹാരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അലക്സാണ്ടർ കണ്ണിങ്ഹാമിന്റെ 1862-63 ലെ
അപൂർണ്ണ ഉത്ഖനനം. ആന്റൺ ഫ്യൂറർ എന്ന ഏ.എസ്.ഐ ഉദ്യോഗസ്ഥനാണ് ഇവിടെ
വിശദമായ പര്യവേക്ഷണം ആദ്യമായി നടത്തിയത്. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ
നമുക്ക് ഔധിലെ ഡിസ്ട്രിക്റ്റ് ഗസറ്റിയറിലും (1877) വായിക്കാം

ഏ.ഡി 1889-ൽ 1528 ജന്മസ്ഥാൻ മസ്ജിത്തിൽ കൊത്തിയ പേർഷ്യൻ ലിഖിതത്തെ മുൻനിർത്തി,
മീർബാഖി സ്ഥാപിച്ചതാണ്. ഈ ആരാധനാലയമെന്ന് ഫ്യൂറർ നിരീക്ഷിച്ചു. ഇബ്രാഹിം ലോധിയെ പാനിപ്പട്ട് യുദ്ധത്തിൽ പരാജയപ്പെടുത്തി, ഇന്ത്യയിലേയ്ക്കു കടന്ന മുഹമ്മദ് ബാബറെ സന്തോഷിപ്പിക്കാനാണ് പള്ളിയുടെ നിർമ്മിതിയെന്നും ഫ്യൂറർ എഴുതി. പള്ളിയുടെ നിർമ്മാണകാലം ഏ.ഡി 1523 അല്ലെന്നും 1528 ആണെന്നും,​ മീർഖാനും മീർബാഖിയും ഒരാളാണെന്നും പേർഷ്യൻ ലിഖിതം പിന്നീട് വിശദമായി പഠിച്ച മൗലവി സുഹേബ് വിശദീകരിച്ചു. കോടതിയിൽ വ്യവഹാരങ്ങൾ തുടർന്നുകൊണ്ടിരുന്നപ്പോൾ പ്രശ്നം രമ്യമായി പരിഹരിക്കാൻ ഔധിലെ നവാബായ വാജിദ് അലി ഷായും സവായി ജയ്സിംഗിനെപ്പോലെ ആഗ്രഹിച്ചിരുന്നുവത്രേ. കഥക് നർത്തകൻ കൂടിയായിരുന്ന വാജിദ് അലി, ശ്രീകൃഷ്ണനായി
വേഷംകെട്ടി നൃത്തം ചെയ്യുന്ന കലാകാരൻ കൂടിയായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും നവാബിന്റെ കാലത്ത് ഒന്നിക്കുന്നതിലെ അപകടം മുൻകൂട്ടി കണ്ട ബ്രിട്ടീഷ് - ഇന്ത്യൻ സർക്കാർ, വാജിദ് അലിയെ അധികാരഭ്രഷ്ടനാക്കുകയും കൽക്കട്ടയിൽ കൊട്ടാരം തടവുകാരനാക്കുകയും ചെയ്തു.


ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും വ്യവഹാരങ്ങൾ നീളുന്നതിനിടയിൽ അസഹിഷ്ണുക്കളായ
ഹിന്ദുക്കൾ, അപ്പോഴേയ്ക്കും ആരാധന ഇല്ലാതായിക്കഴിഞ്ഞിരുന്ന ജന്മസ്ഥാൻ മസ്ജിദിൽ
രാംലല്ലയുടെ ഒരു ലോഹവിഗ്രഹം പുറത്തുനിന്ന് കൊണ്ടുവച്ചു. ഫൈസാബാദിലെ
ഡിസ്ട്രിക്ട് കമ്മീഷണറായിരുന്ന കെ.കെ.നായർ എന്ന മലയാളി ഐ.സി. എസ്
ഓഫീസറുടെ മൗനാനുവാദത്തോടെയായിരുന്നു അത്. തുടർന്ന് 144-ാം വകുപ്പു പ്രകാരമുള്ള
നിരോധനാജ്ഞ സർക്കാർ പുറപ്പെടുവിച്ചു. രാംലല്ല വിഗ്രഹം പള്ളയിൽനിന്ന് ഉടൻ
ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു അന്ത്യശാസനം നൽകി. അങ്ങനെ
ചെയ്താൽ അയോദ്ധ്യാവാസികളിൽ അതുണ്ടാക്കാവുന്ന വൈകാരിക പ്രക്ഷോഭങ്ങളെ
ഓർമ്മിപ്പിച്ചുകൊണ്ട് കെ.കെ.നായർ ജോലി രാജിവച്ചു.


അയോദ്ധ്യയിൽ ഒരു ഉത്ഖനനം നടത്താനും സത്യം പുറത്തുകൊണ്ടുവരാനും പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി തീരുമാനിച്ചു. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയിലെ ഏ.കെ.
നരേണിനെ അവർ ഇതിനു ചുമതലപ്പെടുത്തി. പള്ളിക്കു വെളിയിൽ നരേൺ
നടത്തിയ ഉത്ഖനന റിപ്പോർട്ട് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ 1969- 1970
- ൽ പ്രസിദ്ധീകരിച്ചു. റിപ്പോർട്ടിൽ തൃപ്തിയില്ലാതിരുന്ന ഇന്ദിരാഗാന്ധി,​ പള്ളി നിൽക്കുന്ന സ്ഥലത്ത് വീണ്ടും മറ്റൊരു ഉത്ഖനനം നടത്താൻ ഏ.എസ്.ഐ ഡയറക്ടർ ജനറൽ ബി.ബി. ലാലിനെ നിയോഗിച്ചു. പള്ളിക്കുള്ളിൽ യാതൊരു
ഉത്ഖനനവും പാടില്ലെന്ന് അത്തവണയും ഇന്ദിരാഗാന്ധി കർശനമായി
നിർദ്ദേശിച്ചു.

1976- 77ൽ രണ്ടാമത്തെ ഉത്ഖനന റിപ്പോർട്ട് സമർപ്പിക്കപ്പെട്ടെങ്കിലും അത് പ്രസിദ്ധീകരിക്കേണ്ടതില്ലെന്നായിരുന്നു
ഇന്ദിരാ ഗാന്ധിയുടെ നിലപാട്. മൂന്ന് കുംഭഗോപുരങ്ങളിൽ നടുവിലുള്ളതിന്റെ ചുവട്ടിലായിരുന്നു തകർക്കപ്പെട്ട ജന്മസ്ഥാൻ ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്ഥിതിചെയ്തിരുന്നതെന്ന ജനവിശ്വാസം വെളിപ്പെടുത്തിക്കൊണ്ട്,
അവിടെ കെട്ടിടം നിലനിർത്തി ഒരു ഉത്ഖനനം നടത്താൻ ബി.ബി. ലാൽ അനുവാദം ചോദിച്ചെങ്കിലും ഇന്ദിരാഗാന്ധി അനുകൂലിച്ചില്ല. സർവകലാശാലകളിലും ചരിത്രകാരന്മാരുടെ വാർഷിക കോൺഫറൻസുകളിലും നടത്തിയ പ്രസംഗങ്ങളിലൂടെയാണ് ബി.ബി. ലാൽ അയോദ്ധ്യാ ഉത്ഖനനങ്ങളിലെ
കണ്ടെത്തലുകൾ 1984 -നു ശേഷം വെളിപ്പെടുത്തിയത്.

പൂട്ടിക്കിടന്ന പള്ളിക്കുള്ളിൽ കാവൽക്കാരനായ പോലീസ് കോൺസ്റ്റബിളിന്റെ പ്രത്യേകാനുവാദത്തോടെ 1980-ൽ കയറാൻ സാധിച്ച എനിക്കു കാണാൻ കഴിഞ്ഞത്, ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിൽ കണ്ടുവരാറുള്ള ഷഡ്കോണുകളും ചതുരങ്ങളും ഇടകലരുന്ന കൽത്തൂണുകളോടുകൂടിയ ഉൾഭാഗമാണ്. ഫോട്ടോ എടുക്കാൻ
കഴിഞ്ഞെങ്കിലും പുറത്തുള്ള പൊലീസുകാരൻ, കവാടം കടക്കുംമുമ്പ് അതൊക്കെ നശിപ്പിച്ചു. പള്ളിയിലെ തൂണുകളിൽ കണ്ട പൂർണ്ണകുംഭ രൂപങ്ങളെക്കുറിച്ചും മകരവ്യാളത്തോടുകൂടിയ നീരോവിനെക്കുറിച്ചും
മുഖ്യ സ്തൂപികയ്ക്ക് ചുവട്ടിലുള്ള മൂടിക്കല്ലിനെക്കുറിച്ചും കെ.കെ. മുഹമ്മദിൽ നിന്നാണ് പിന്നീട് വിശദമായി അറിയുന്നത്. ബി.ബി. ലാലിന്റെ ഉത്ഖനന സംഘത്തിൽ കെ.കെ. മുഹമ്മദ് ആറുമാസം അംഗമായിരുന്നു.


അലഹാബാദ് ഹൈക്കോടതി നിർദ്ദേശപ്രകാരം 2003-ൽ പള്ളിപ്പറമ്പിൽ വീണ്ടും ഉത്ഖനനം നടത്തി. ഏ.എസ്.ഐ ഡയറക്ടർ ജനറൽ ബി.ആർ. മണിക്കായിരുന്നു ഇത്തവണ ചുമതല. തകർന്നുപോയ തൂണുകളുടെ ഇടയിൽനിന്നു കണ്ടെത്തിയ,​ ജയചന്ദ്ര രാജാവിന്റെ പിൻഗാമിയും ഗഡ്വാൾ രാജാവുമായ ഗോവിന്ദചന്ദ്രന്റെ ഇരുപതു വരിയുള്ള ലിഖിതത്തിൽ വ്യക്തമാക്കപ്പെട്ടിരുന്നത്, ​ബാലിയുടെയും രാവണന്റെും ശത്രുവായ വിഷ്ണുഹരിയുടെ ജന്മസ്ഥാനമായ സാകേത മണ്ഡലത്തിലെ അയോദ്ധ്യയിലെ ക്ഷേത്രമാണ് ഇവിടെയുണ്ടായിരുന്നതെന്നാണ്.

അധിനിവേശ ശക്തികൾ പലപ്പോഴായി തകർത്ത നിരവധി ദേവാലയങ്ങളുള്ള ഇന്ത്യയിൽ അയോദ്ധ്യയുടെ പുനർനിർമ്മാണം അപകടസൂചനയായി വിലയിരുത്തപ്പെട്ടത് നിർഭാഗ്യകരമാണ്. ബുദ്ധന്റെയും അശോകന്റെയും അക്ബറിന്റെയും കൃഷ്ണദേവരായരുടെയും മദ്ധ്യമമാർഗം പിന്തുടരാൻ ആഗ്രഹിക്കുന്നവർ, പുതിയ സംഭവവികാസങ്ങളെ പുതിയ അയോദ്ധ്യാ കാണ്ഡത്തിന്റെ ശുഭപര്യവസാനമായി കാണും. മതതീവ്രവാദികളുടെ പ്രലോഭനങ്ങളിൽ വീഴാതിരിക്കുവാൻ ന്യൂനപക്ഷത്തിലെ വിവേകശാലികളെങ്കിലും സന്നദ്ധരായിരുന്നെങ്കിൽ! ഭരണം എല്ലാക്കാലത്തും തങ്ങൾക്കു മാത്രമുള്ളതല്ലെന്ന തിരിച്ചറിവ് ഭൂരിപക്ഷ കക്ഷിയിലെ നേതൃത്വത്തിനും ഉണ്ടാകണം.

പിൻകുറിപ്പ്

96 ചതുരശ്രമൈൽ ചുറ്റളവുള്ള അയോദ്ധ്യയിൽ 63 വൈഷ്ണവ ക്ഷേത്രങ്ങളും 33 ശിവക്ഷേതങ്ങളും 36 മുസ്ലീംപള്ളികളും ഉള്ളതായാണ് ബ്രിട്ടീഷ് രേഖകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.