SignIn
Kerala Kaumudi Online
Saturday, 27 July 2024 8.17 PM IST

സ്ത്രീയല്ലേ ധനം...!

k

സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, 1961ൽ പാർലമെന്റ് പാസാക്കിയ ശക്തമായ നിയമമുള്ളപ്പോഴാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ദാരുണ മരണങ്ങൾ ആവർത്തിക്കപ്പെടുന്നത്. വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, സുചിത്ര... പേരുകൾ മാത്രമാണ് മാറുന്നത്. സ്ത്രീധന ആർത്തിയുടെ ഇരകളാണ് ഇവരെല്ലാം. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കൊള്ളപ്പലിശയ്ക്ക് കടമെടുത്തും മകൾക്ക് എടുത്താൽ പൊങ്ങാത്ത സ്ത്രീധനം കൊടുത്ത് കെട്ടിച്ചയച്ച് കടക്കെണിയിലായ കുടുംബങ്ങൾ ലക്ഷക്കണക്കിനുണ്ടാവും. കൊട്ടക്കണക്കിന് സ്ത്രീധനം കൊടുക്കാനില്ലാത്തതിനാൽ തന്റെ സ്നേഹം നിരാകരിക്കപ്പെട്ടതിനെത്തുടർന്ന് ജീവനൊടുക്കിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയായ ഡോ.ഷഹനയാണ് സ്ത്രീധന വിപത്തിന്റെ ഒടുവിലത്തെ ഇര.

ആറുവർഷത്തിനിടെ

ജീവനൊടുക്കിയത്

80 യുവതികൾ

ആറുവർഷത്തിനിടെ 80 യുവതികളാണ് സ്ത്രീധന പീഡനം സഹിക്കാതെ ജീവനൊടുക്കിയത്. 15വർഷത്തിനിടെ 247ജീവനുകൾ പൊലിഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തുന്ന കിരാത സംഭവങ്ങളും കേരളത്തിലുണ്ടാവുന്നു. സ്ത്രീധന നിരോധന നിയമം 1961മുതൽ നിലവിലുണ്ട്. വരന് സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ കുടുംബമഹിമ കാട്ടാൻ പെൺമക്കളുടെ മാതാപിതാക്കൾ മത്സരിച്ചതോടെ നിയമം കടലാസിൽ ഒതുങ്ങി. നൂറു പവനും മൂന്നരയേക്കർ ഭൂമിയും കാറും പത്തുലക്ഷം രൂപയും വീട്ടുചെലവിന് മാസംതോറും 8000 രൂപയും നൽകിയിട്ടും സ്വത്തുക്കൾ തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നത്. രണ്ടുലക്ഷം സ്ത്രീധനം വൈകിയതിനാണ് കൊല്ലത്ത് ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്. പഞ്ചസാരവെള്ളവും കുതിർത്ത അരിയും നൽകി മുറിയിൽ പൂട്ടിയിടപ്പെട്ട തുഷാര, മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയിരുന്നു. 20കിലോയായിരുന്നു ഭാരം.

സ്ത്രീധന പീഡനം ക്രിമിനൽ കുറ്റകൃത്യമാണ്. പരാതികിട്ടിയാൽ പ്രാഥമികപരിശോധനയ്ക്കുശേഷം ജാമ്യമില്ലാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണം. പൊന്നും പണവും നൽകുന്നത് മാത്രമല്ല, വിവാഹചെലവിന് നൽകുന്ന തുകപോലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്. മുസ്ലിം വിവാഹങ്ങളിലെ മഹർ സ്ത്രീധനപരിധിയിൽ വരില്ല. സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാവുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം നൽകണം. അല്ലാത്തവരുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നുണ്ട്. സ്ത്രീധന പീഡനം സഹിക്കാതെ വിവാഹബന്ധം വേർപെടുത്തുന്നതും ഉയരുകയാണ്. 28കുടുംബ കോടതികളിലായി ഒന്നേകാൽ ലക്ഷം കേസുകളാണുള്ളത്.

രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് പോലും രക്ഷയില്ലെന്നാണ് സ്ഥിതി. ഭരണകക്ഷിയിൽപെട്ട കൊല്ലത്തെ മുൻ എം.എൽ.എയുടെ മകൾക്കു പോലും സ്ത്രീധന പീഡനം നേരിടേണ്ടിവന്നു. കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവും ഭർത്തൃമാതാവും അടക്കമുള്ളവർ തന്നെ പീഡിപ്പിക്കുന്നതായി ആരോപിച്ച് ഇവർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. വിവാഹസമയത്ത് നൽകിയ 500 പവൻ വിറ്റുതുലയ്ക്കുകയും മൂന്നുകോടി രൂപ സ്ത്രീധനമായി വാങ്ങിയെടുക്കുകയും ചെയ്തിട്ടും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്നായിരുന്നു യുവതിയുടെ പരാതി.

പരാതിക്കാരിക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടായിട്ടും അന്വേഷണത്തിൽ പൊലീസ് ഉഴപ്പി. പിന്നീട് ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരനുമെതിരെ മാർച്ചിൽ കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഒടുവിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടുകയോ ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയോ വേണമെന്ന് അവർക്ക് ഹൈക്കോടതിയിൽ ഹർജി നൽകേണ്ടി വന്നു.

സ്വത്തുക്കൾ തട്ടിയെടുക്കാൻ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, സ്ത്രീധനപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്ക, തീകൊളുത്തി മരിച്ച വെങ്ങാനൂരിലെ അർച്ചന, ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ച ആലപ്പുഴയിലെ 19കാരി സുചിത്ര. സ്ത്രീധന ദുരാചരത്തിൽ പൊലിഞ്ഞുവീഴുന്നവരുടെ പട്ടിക നീളുകയാണ്. മകളുടെ സുരക്ഷിതമായ ഭാവിയെ ഓ‌ർത്ത് ആവശ്യപ്പെടുന്നത്ര സ്വർണവും പണവും വസ്തുവും ആഡംബര കാറും നൽകി കെട്ടിച്ചയച്ച നിരവധി പെൺകുട്ടികളാണ് അത്യാർത്തിക്കാരുടെ ദുരാഗ്രഹത്തിന് ഇരകളായി ജീവനൊടുക്കിയത്.

ബോധവത്കരണം അനിവാര്യം

സ്ത്രീധന നിരോധന നിയമത്തെക്കുറിച്ച് സ്ത്രീകൾക്ക് വ്യക്തമായ ധാരണയുണ്ടാക്കാൻ ബോധവത്കരണം അനിവാര്യമാണ്. സമൂഹത്തിന്റെ മനോഭാവം മാറ്റംവരുത്താനുള്ള ഇടപെടലുകളും നടത്തണം. ഓരോ വ്യക്തികളും സ്ത്രീധനത്തിനെതിരെ നിലപാടെടുക്കണം. മാതാപിതാക്കൾ മക്കളെ പണത്തോട് ആർത്തിയുള്ളവരാക്കി മാറ്രരുത്. സ്ത്രീകളെ വിവാഹം കഴിക്കുന്നത് അവരുടെ സ്വത്ത് കണ്ടിട്ടാവരുത്. അതിക്രമങ്ങളുണ്ടായാൽ ഉടൻ പൊലീസിൽ അറിയിക്കണം. സ്ത്രീധനത്തിനെതിരായി വനിതാകമ്മിഷനും ശക്തമായി ഇടപെടണം.

കേസുകൾ കൂടുതൽ

തിരുവനന്തപുരത്ത്

ഒരു പതിറ്റാണ്ടിനിടെ, കമ്മിഷനിൽ ഏറ്റവുമധികം സ്ത്രീധനപീഡനക്കേസുകളുണ്ടായത് തിരുവനന്തപുരത്താണ്. 11വർഷത്തിനിടെ 447കേസുകൾ. ഇതിൽ 330ഉം തീർപ്പാക്കി. ഗാർഹികപീഡനവും സ്ത്രീപീഡനവും കൂടുതലുള്ളതും ഇവിടെയാണ്. കാസർകോട്ടാണ് സ്ത്രീധനപീഡനം കുറവ്. സ്ത്രീപീഡനക്കേസുകൾ കുറവ് വയനാട്ടിലും- 11വർഷത്തിനിടെ 126കേസുകൾ മാത്രം. വനിതാകമ്മിഷനിൽ ലഭിച്ച പരാതികൾ തുലോം കുറവാണെന്ന് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2016മുതൽ 2020വരെ 15,143 സ്ത്രീധനപീഡനക്കേസുകളാണ് പൊലീസ് രജിസ്റ്റർചെയ്തത്. സ്ത്രീധനപീഡനം കാരണം 66മരണങ്ങളുമുണ്ടായി. മാതാപിതാക്കളുടെ സ്വത്തിൽ പെൺകുട്ടിക്കും തുല്യാവകാശമുണ്ടാകണം. നിർഭാഗ്യവശാൽ അത്തരമൊരു നിയമം രാജ്യത്തില്ല. മാതാപിതാക്കൾ ഇഷ്ടമുള്ളവർക്ക് സ്വത്ത് കൊടുക്കാമെന്ന നിലവിലെ സ്ഥിതി ഇല്ലാതായാലേ സ്ത്രീധനം ഇല്ലാതാക്കാനാവൂ എന്ന് നിയമവിദഗദ്ധർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.