കൊല്ലം: കൊവിഡ് കാലത്ത് ഓച്ചിറ ആലുംപീടികയിലെ ഓട്ടോ ടാക്സി കൂട്ടായ്മയിലെ 20 അംഗങ്ങൾക്ക് തോന്നിയ ഒരാശയം 937 ദിവസം പിന്നിടുമ്പോഴും, വിശന്നുവലഞ്ഞ് ഇവിടെ എത്തുന്നവർക്ക് ആശ്വാസമാകുന്നു. വിശക്കുന്നവർക്ക് സ്ഥിരമായി ഭക്ഷണം നൽകാൻ ലക്ഷ്യമിട്ടു തുടങ്ങിയ 'വിശപ്പുരഹിത ആലുംപീടിക'യാണ് കൈത്താങ്ങിന്റെ തിരിനാളമായി നിറഞ്ഞു നിൽക്കുന്നത്.
സൗജന്യ ഭക്ഷണ വിതരണത്തിന് ഭക്ഷണ അലമാര എന്ന തീരുമാനത്തിലേക്ക് എത്തിയതോടെയാണ് വിശപ്പുരഹിത ആലുംപീടിക എന്ന പേര് പദ്ധതിക്കായി നൽകിയത്. ഓട്ടോയും ടാക്സിയും ഓടിക്കിട്ടുന്ന പണത്തിൽ നിന്ന് മിച്ചം പിടിച്ചാണ് ആദ്യം അലമാരയിലേക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ എത്തിച്ചിരുന്നത്. പിന്നീട് നാട്ടുകാരും പദ്ധതിയുടെ ഭാഗമായി. പിറന്നാൾ, വിവാഹം, ചരമവാർഷികം തുടങ്ങി വിശേഷദിവസങ്ങളിൽലെല്ലാം മിക്കവരും അലമാരയിലേക്ക് ഭക്ഷണം നൽകാറുണ്ട്. ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും അത്താഴവും എല്ലാം പൊതിക്കെട്ടുകളായി എല്ലാ ദിവസവും അലമാരയിൽ ഉണ്ടാകും.
കൂടാതെ വെള്ളം, ബിസ്കറ്റ്, ബ്രെഡ്, പഴം അങ്ങനെ നീളുന്നു ഇനങ്ങൾ. ആർക്കുവേണമെങ്കിലും ഭക്ഷണം ഇവിടെനിന്ന് എടുക്കാം. രാവിലെ ആറിന് അലമാര തുറക്കും. അപ്പോൾ മുതൽ ഭക്ഷണപ്പൊതികൾ അലമാരയിൽ നിറയും. രാത്രി ഓട്ടോ സ്റ്റാൻഡ് വിട്ട് അവസാനത്തെ ആള് പോകുന്നത് വരെ അലമാര തുറന്നു കിടക്കും. ഒരു ദിവസം പോലും ഒഴിഞ്ഞുകിടക്കാറില്ല.
ദിവസവും നൂറിലേറെപ്പേർക്ക്
937 ദിവസങ്ങളായി ഭക്ഷണ അലമാരയിലൂടെ നൂറിലേറെപ്പേർക്കാണ് ദിവസം ഭക്ഷണം നൽകുന്നത്. ലോക്ക് ഡൗൺ കാലത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടന്നത്. ഒരു ലക്ഷത്തിലധികം രൂപ ക്ലാപ്പന പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങൾ വാങ്ങാനായി ഇവർ നൽകിയിരുന്നു. അന്ന് രോഗികളെ ആശുപത്രിയിൽ എത്തിച്ചിരുന്നതും അവർക്ക് മരുന്നുകൾ നൽകിയിരുന്നതും തികച്ചും സൗജന്യമായാണ്.
പണമില്ലാത്തതിന്റെ പേരിൽ ആരും പട്ടിണി കിടക്കരുത് എന്ന ചിന്തയാണ് ഭക്ഷണ അലമാരയിലേക്ക് നയിച്ചത്- അനിൽ, പ്രസിഡന്റ്, ഓട്ടോ ടാക്സി കൂട്ടായ്മ, ആലുംപീടിക.
വിശന്ന് വലഞ്ഞ് ആലുംപീടികയിലേക്ക് എത്തുന്നവർ വയറു നിറഞ്ഞ് മടങ്ങുന്നതു കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്. സുമനസുകളുടെ ഉൾപ്പെടെ സഹായത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.- സോനു മങ്കടത്തറയിൽ, സെക്രട്ടറി, ഓട്ടോ ടാക്സി കൂട്ടായ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |