SignIn
Kerala Kaumudi Online
Thursday, 09 May 2024 5.36 AM IST

സി.ബി.ഐയും തിരഞ്ഞു, എന്നിട്ടും ജസ്ന കാണാമറയത്ത് (OPINION)

jesna

എരുമേലിയ്ക്കടുത്ത് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി ജസ്ന മരിയം ജോസിനെ കാണാതായിട്ട് ഈ വർഷം മാർച്ച് 22ന് അഞ്ചു വർഷം തികയും. ജസ്ന എന്ന പേര് ലോകമെങ്ങുമുള്ള മലയാളികളുടെ മനസിലുണ്ട്. ദുരൂഹ സാഹചര്യത്തിൽ ഒരു വിദ്യാർത്ഥിനിയെ കാണാതായതിന് ശേഷമുള്ള പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സി.ബി.ഐയുടെയും അന്വേഷണമാണ് ജസ്ന വാർത്തകളിൽ നിറയാൻ കാരണം. ഒടുവിൽ കേസ് അന്വേഷിച്ച സി.ബി.ഐയും പറയുന്നു ജസ്നയെ കണ്ടെത്താനായിട്ടില്ലെന്ന്. പിന്നെയെവിടാണ് ഈ പെൺകുട്ടിയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ആവില്ലേ. ജസ്ന മരിച്ചതായി ഒരു അന്വേഷണ ഏജൻസിയും പറഞ്ഞിട്ടില്ല. മരിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞാൽ തെളിവുകൾ തരാൻ അവർക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ട് ജസ്നയെ കണ്ടെത്താനായിട്ടില്ല എന്നാണ് അന്വേഷണ ഏജൻസികൾ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
പുറമേ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത കുടുംബങ്ങളിൽ നിന്ന് ആളുകളെ കാണാതാകുന്ന സന്ദർഭങ്ങളിൽ പൊലീസിൽ പരാതി ലഭിക്കുമ്പോഴുള്ള ആദ്യ നിമിഷങ്ങൾ വിലപ്പെട്ടതാണെന്ന് സമർത്ഥരായ അന്വേഷണ ഉദ്യോഗസ്ഥർ പറയാറുണ്ട്. ജസ്നയുടെ കാര്യത്തിൽ അത്തരം ആദ്യ നിമിഷങ്ങളിൽ പൊലീസിനുണ്ടായ വീഴ്ച അന്വേഷണത്തെ ബാധിച്ചതായാണ് ഒടുവിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച സി.ബി.ഐയുടെ നിഗമനം. അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചു കൊണ്ട് സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സി.ബി.ഐയുടെ നിഗമനം ശരിയാകാമെന്നാണ് കേരളത്തിലെ പ്രമാദമായ മറ്റ് രണ്ട് മിസിംഗ് കേസുകളിൽ പൊലീസ് നടത്തിയ ഇടപെടൽ സൂചിപ്പിക്കുന്നത്. അതിലൊന്ന് ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുലിന്റെ കേസാണ്. രണ്ടായിരത്തിയഞ്ച് മേയ് പതിനെട്ടിന് പൂന്തോപ്പ് വാർഡിൽ നിന്ന് കാണാതാകുമ്പോൾ രാഹുലിന് അഞ്ച് വയസായിരുന്നു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ രാഹുലിനെ കാണാതാവുകയായിരുന്നുവെന്നാണ് കേസ്. കൂട്ടുകാരും നാട്ടുകാരുമെല്ലാം രാഹുലിനായി തിരച്ചിൽ നടത്തി. രാഹുലിന് ഇപ്പോൾ ഇരുപത്തിമൂന്ന് വയസുണ്ടാകും. രാഹുലിനെ കാണാതാകുന്ന സന്ദർഭങ്ങളിൽ സി.സി.ടി.വികളും റോഡ് ക്യാമറകളും പ്രചാരത്തിലായിരുന്നില്ല. പരാതി ലഭിച്ച പൊലീസ് ആദ്യ നാളുകളിൽ വലിയ അന്വേഷണമൊന്നും നടത്തിയതായി റിപ്പോർട്ടുകളില്ല. പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ കാര്യമായി ഒരു വിവരവും ലഭിച്ചില്ല. തുടക്കത്തിലെ ഈ പിഴവ് രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണത്തെ ബാധിച്ചതായാണ് അറിയുന്നത്. രാഹുലിന്റെ കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അതുകഴിഞ്ഞ് സി.ബി.ഐയും അന്വേഷിച്ചെങ്കിലും ആളിനെ കണ്ടെത്താനായില്ല.

പൊലീസിന്റെ വീഴ്ച

ജസ്നയെ കാണാതായ ശേഷം പിതാവ് ജയിംസ് ആദ്യം പരാതി നൽകാനെത്തിയത് എരുമേലി പൊലീസ് സ്റ്റേഷനിലാണ്. ജസ്നയുടെ വീട് വച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ പരാതി നൽകാൻ ഉപദേശിച്ചു വിട്ടു. തുടർന്ന് വച്ചൂച്ചിറയിൽ പരാതി നൽകിയെങ്കിലും എട്ടാം ദിവസമാണ് പൊലീസ് അന്വേഷണം തുടങ്ങിയതെന്ന് ജെയിംസ് പറഞ്ഞിട്ടുണ്ട്. സി.സി.ടി.വികളും മറ്റും പ്രചാരത്തിൽ വന്ന കാലത്ത് ജസ്നയെ കണ്ടൊത്താനുള്ള അന്വേഷണം തുടക്കത്തിലേ ആരംഭിച്ചിരുന്നെങ്കിൽ പൊലീസിന് പഴി കേൾക്കാതിരിക്കാമായിരുന്നു. അതേസമയം, കൊല്ലം ഓയൂരിൽ നിന്ന് കാണാതായ അബിഗേലിനു വേണ്ടിയുളള അന്വേഷണത്തിന് തുടക്കത്തിലേ ഉണർന്ന പൊലീസിന് അബിഗേലിനെ നേരിട്ട് കണ്ടെത്താനായില്ലെങ്കിലും പ്രതികൾ ജില്ല വിട്ടു പോകാതിരിക്കാനുള്ള വഴികളടക്കാൻ കഴിഞ്ഞത് നേട്ടമായി. ഗത്യന്തരമില്ലാതെ അബിഗേലിനെ കൊല്ലം ആശ്രാമം ബീച്ചിൽ പ്രതികൾക്ക് ഉപേക്ഷിക്കേണ്ടി വന്നു. അധികം വൈകാതെ പ്രതികളെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞത് പൊലീസിന് പ്രശംസ നേടിക്കൊടുത്തു.

കാണാതായെന്ന പരാതി ലഭിച്ചാൽ ഉടനടി അന്വേഷണം തുടങ്ങാത്തതിന്റെ അനന്തരഫലങ്ങളാണ് ആലപ്പുഴയിലെ രാഹുലിന്റെയും കൊല്ലമുളയിലെ ജസ്നയുടെയും കേസുകൾ. കാണാതായ ജസ്നയെക്കുറിച്ച് പ്രചരിക്കുന്ന ചില അഭ്യൂഹങ്ങൾക്ക് വിരാമമിടാൻ സി.ബി.ഐയ്ക്ക് കഴിഞ്ഞു. അൻപത്തിരണ്ട് പേജുകളുള്ള സി.ബി.ഐയുടെ അന്തിമ റിപ്പോർട്ടിൽ ജസ്നയ്ക്ക് ലൗ ജിഹാദ്, മത തീവ്രവാദ ബന്ധങ്ങളില്ളെന്ന കണ്ടെത്തലുകളാണുള്ളത്. ജസ്ന മരിച്ചതായും വിവരങ്ങളില്ല. മത വിഭാഗങ്ങളുടെ മത പരിവർത്തന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനിയിൽ ജസ്ന മതപരിവർത്തനം ചെയ്യപ്പെട്ടതായും അറിവില്ല. മലപ്പുറത്തെ സത്യസരണി, പൊന്നാനി, കോഴിക്കോട്ടെ ആര്യ സമാജം എന്നിവിടങ്ങളിലാണ് അന്വേഷിച്ചത്. ജസ്ന കൊല്ലപ്പെട്ടതായോ ആത്മഹത്യ ചെയ്തതായോ കണ്ടെത്തിയിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ അജ്ഞാത മൃതദേഹങ്ങളുമായി താരതമ്യം പഠനം നടത്തിയിരുന്നു. ജസ്ന കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തിട്ടില്ലെന്നും സി.ബി.ഐ അന്വേഷണത്തിൽ ബോധ്യമായി. അയൽ സംസ്ഥാനങ്ങളിലെയും ജസ്നയ്ക്കുവേണ്ടി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വേട്ടയാടപ്പെട്ട പിതാവ്

ജസ്നയുടെയും രാഹുലിന്റെയും തിരോധാനക്കേസുകൾ അന്വേഷണ സംസ്ഥാന സർക്കാരിനും ഏജൻസികൾക്കും മുന്നിൽ വലിയ പ്രഹേളികകയാണ്. സംസ്ഥാനത്തെ പൗരൻമാരെ കാണാതായെന്ന പരാതി ലഭിച്ചാൽ ഉടനടി തെരച്ചിൽ തുടങ്ങണമെന്നാണ് ജസ്ന, രാഹുൽ കേസുകൾ പഠിപ്പിക്കുന്ന ആദ്യ പാഠം. മകളുടെ തിരോധാനത്തെ തുടർന്ന് പിതാവ് ജയിംസിനും കുടുംബത്തിനും നേരെയുണ്ടായ ആരോപണങ്ങൾ ചെറുതല്ല. മകളെ പിതാവ് ഒളിപ്പിച്ചെന്നും ദൃശ്യം മോഡൽ കൊല നടത്തി വീടിനുള്ളിൽ കുഴിച്ചിട്ടെന്നും ആക്ഷേപങ്ങളുയർന്നു. ഇതെല്ലാം അന്വേഷണ ഏജൻസികൾക്ക് പരിശോധിക്കേണ്ടി വന്നു. കേസിൽ പൊലീസ് വരുത്തിയ കാലതാമസത്തിന് വേട്ടയാടപ്പെട്ടത് ജസ്നയുടെ പിതാവാണ്. ആരോപണ മുനകളിൽ നിന്ന് അദ്ദേഹം ഇനിയും മോചിതനായിട്ടില്ല. പൊലീസിലും ക്രൈംബ്രാഞ്ചിലും ആ പിതാവിന് വിശ്വാസം നഷ്ടപ്പെട്ടു. സി.ബി.ഐയുടെ അന്വേഷണം ശരിയായ ദിശയിലാണെന്നും അവർ കേസ് അവസാനിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും ജയിംസ് പറയുന്നു. ജസ്നയെ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ കേസ് പുനഃരാംഭിക്കുമെന്നാണ് സി.ബി.ഐ നൽകിയിരിക്കുന്ന ഉറപ്പ്. മകൾ വീട്ടിലേക്ക് തിരിച്ചുവരുമെന്ന പത്രീക്ഷയിലാണ് ജയിംസും കുടുംബവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JESNA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.